അവധിക്കാലത്തെ പ്രതികാരം – കഥ

അവധിക്കാലത്തെ പ്രതികാരം - കഥ 1
ഈ കഥയ്ക്ക് രാഷ്ട്രപതി സ്ഥാനാര്‍ഥിയായ റാം നാഥ് കോവിന്ദിന്‍റെ യഥാര്‍ത്ഥ ജീവിതവുമായി ഒരു ബന്ധവുമില്ല. കുറച്ചു സത്യവും അതിലേറെ ഭാവനയും നിറഞ്ഞ ഒരു സാങ്കല്‍പ്പിക കഥ മാത്രമാണ് വേനല്‍ക്കാലത്തെ പ്രതികാരം.

എല്ലാം കഴിഞ്ഞ് പതിവ് ചപ്പാത്തിയും ദാലും കഴിക്കുമ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് വിളി വന്നത്. കേട്ടപ്പാടെ തൊട്ടടുത്ത ബിമാനത്തില്‍ കയറി തലസ്ഥാനത്തിറങ്ങി നേരെ തീന്മൂര്‍ത്തി മാര്‍ഗ്ഗിലേക്ക് വച്ചു പിടിച്ചു. അന്ന് അദ്ദേഹത്തിന് പട്നയില്‍ പിടിപ്പത് ജോലിയുണ്ടായിരുന്നു. നിയമ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ടാണ് റാം നാഥ് കോവിന്ദ് ആ ദിവസം തുടങ്ങിയത്. മടങ്ങിയെത്തു മ്പോഴേക്കും അടിയന്തിര പ്രാധാന്യമുള്ള ചില ഫയലുകളുമായി ചീഫ് സെക്രട്ടറി കാത്തു നില്‍ക്കുന്നത് കണ്ടു. അതില്‍ തുല്യം ചാര്‍ത്തിയ ഗവര്‍ണ്ണര്‍ തുടര്‍ന്ന് വൈകിട്ടോടെ പ്രതിപക്ഷത്തെയും സര്‍ക്കാര്‍ തലത്തിലെയും മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച ഉന്നത വ്യക്തികളുമായി കൂടിക്കാഴ്ചയും നടത്തി. 

താങ്കളുടെ വരവോടെ പലരുടെയും കാര്യം ഗോവിന്ദയായി…….പുതിയ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു : സ്ഥാനാര്‍ഥിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒന്നാമനാകാനുള്ള കോവിന്ദിന്‍റെ പടയോട്ടത്തിന് അങ്ങനെ അവിടെ തുടക്കമിട്ടു. 

സംഗതി മോദിജിയുടെ പൂഴിക്കടകനാണെന്ന് മനസിലായെങ്കിലും ബീഹാര്‍ ഗവര്‍ണ്ണറുടെ മനസ് പെട്ടെന്ന് കുറച്ചു കാലം പിന്നിലേക്ക് സഞ്ചരിച്ചു. 

മഷോബ്രയിലെ വാതിലുകള്‍ തനിക്ക് മുന്നില്‍ കൊട്ടിയടച്ച ദിവസം. 

ക്ഷമിക്കണം, സര്‍. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള മുന്‍‌കൂര്‍ അനുമതിയില്ലാതെ ആര്‍ക്കും അകത്തു കയറാന്‍ സാധിക്കില്ല. അതിപ്പോള്‍ പ്രധാനമന്ത്രിയായാലും. : പ്രസിഡന്‍റിന്‍റെ ഷിംലയിലെ അവധിക്കാല വസതിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേസരി നാഥ് ത്രിപാഠി ഒരു മയവുമില്ലാതെ പറഞ്ഞു. ഷിംലയില്‍ നിന്ന് ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ മഷോബ്രയായി. അവിടെയാണ് വേനല്‍ക്കാലത്ത് രാഷ്ട്രപതിയും കുടുംബവും താമസിക്കുന്നത്. ആ സമയത്ത് രാഷ്ട്രപതി ഭവന്‍റെ പ്രവര്‍ത്തനം തൊട്ടടുത്തുള്ള കൊച്ചു ഗ്രാമമായ ചറബ്രയിലേക്കും മാറ്റും. 

ഷിംലയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയ ഗവര്‍ണ്ണര്‍ രാഷ്ട്രപതി നിവാസ് കാണാനുള്ള ആഗ്രഹത്തോടെ ആരുമറിയാതെ എത്തിയപ്പോഴാണ് നിയമം വഴിമുടക്കിയത്. പോലിസുകാരന്‍റെ പേരോ രൂപമോ ഓര്‍മയില്ലെങ്കിലും ആ കൊമ്പന്‍ മീശ ഇന്നും കോവിന്ദിന്‍റെ മനസിലുണ്ട്. അതിന് ഒരു ഏഴര ചന്തമുണ്ടെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുമുണ്ട്. അയാള്‍ക്ക് അമ്പതിന് മുകളില്‍ പ്രായം വരും. സംസാര ഭാഷ വച്ച് നോക്കുമ്പോള്‍ വടക്ക് കിഴക്ക് എവിടെയോ ആണ് സ്വദേശം.

ആഴ്ചകള്‍ക്കപ്പുറമുള്ള ഒരു സായാഹ്നത്തില്‍ മഷോബ്രയിലെ കൂറ്റന്‍ ഗേയ്റ്റ് പുതിയ ആതിഥേയന് മുന്നില്‍ മലര്‍ക്കേ തുറന്നു. വാതില്‍ക്കല്‍ സ്വീകരിച്ച ഉദ്യോഗസ്ഥവൃന്ദത്തിനിടയില്‍ കോവിന്ദ് ആ പഴയ കൊമ്പന്‍ മീശക്കാരനെയാണ് പ്രധാനമായും തിരഞ്ഞത്. ആ മുഖമൊന്നു കാണാന്‍ പക്ഷേ അദ്ദേഹത്തിന് അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടി വന്നു. 

ക്ഷമിക്കണം സര്‍. ഞാന്‍ ഒരാഴ്ച ലീവിലായിരുന്നു. ഇപ്പോഴാ തിരിച്ചെത്തിയത് : രാവിലെ ഡ്രോയിംഗ് റൂമില്‍ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന രാഷ്ട്രപതിയെ മുഖം കാണിച്ചുകൊണ്ട് ത്രിപാഠി പറഞ്ഞു. പത്രം താഴെ വച്ച് കോവിന്ദ് ആ മുഖത്തേയ്ക്ക് നോക്കി. ആ മീശ ഇപ്പോഴും അതുപോലുണ്ട്. പക്ഷേ ആ മനുഷ്യന്‍ ക്ഷീണിച്ചിരിക്കുകയാണെന്നും എന്തൊക്കെയോ പ്രയാസങ്ങള്‍ അയാളെ അലട്ടുന്നുണ്ടെന്നും കോവിന്ദിന്‍റെ മനസ് പറഞ്ഞു. അദ്ദേഹം സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ ത്രിപാഠിയുടെ മുഖം കുനിഞ്ഞു. 

സര്‍, അന്ന് ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. : അയാള്‍ കുറ്റബോധത്തോടെ പറഞ്ഞു. 

ഒന്നുമില്ല, ത്രിപാഠി. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. പ്രധാനമന്ത്രിയായാലും അനുവാദമില്ലാതെ വന്നാല്‍ ഗേയ്റ്റ് തുറക്കരുത്. അതാണ്‌ നിങ്ങളുടെ ജോലി. പക്ഷേ ഞാന്‍ ഇപ്പോള്‍ രാഷ്ട്രപതിയാണ്. : റാം നാഥ് കോവിന്ദ് എഴുന്നേറ്റ് അടുത്തുവന്ന് അയാളുടെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. ആ മുഖത്ത് വിരിഞ്ഞ ചിരി കണ്ടപ്പോള്‍ ത്രിപാഠിക്ക് ആശ്വാസം തോന്നി. 

ത്രിപാഠി ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ?

ഇല്ല സര്‍. സാബ് കാണണമെന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ നേരെ ഇങ്ങോട്ട് വരുകയായിരുന്നു. : ത്രിപാഠി ഭവ്യതയോടെ പറഞ്ഞു. 

ദെന്‍, ഗോ, ഹാവ് ബ്രേക്ക് ഫാസ്റ്റ് ആന്‍ഡ്‌ സ്റ്റാര്‍ട്ട്‌ യുവര്‍ ഡ്യൂട്ടി. : പ്രസിഡന്‍റ് അയാളെ യാത്രയാക്കി. 

പടികളിറങ്ങി പുറത്തെ തണുപ്പിലേക്ക് ഊളിയിടുമ്പോള്‍ കേസരി നാഥ് ത്രിപാഠിയുടെ മനസ്‌ കാര്‍മേഘം ഒഴിഞ്ഞ തെളിഞ്ഞ മാനം പോലെയായി. നെഞ്ച് വിരിച്ച് റൂമിന് നേരെ നടക്കുമ്പോഴും അയാളുടെ കൊമ്പന്‍ മീശ എന്തിനോ വേണ്ടി തുടിച്ചു കൊണ്ടിരുന്നു. അല്ല തണുപ്പ് നേരിടാനാവാതെ വിറച്ചു കൊണ്ടിരുന്നു. 

The End

Leave a Comment

Your email address will not be published. Required fields are marked *