പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍

malayalam-movie-sequels

സിനിമകള്‍ വിജയിച്ചാല്‍ അതിന്‍റെ പിന്തുടര്‍ച്ച വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം അതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഹോളിവുഡില്‍ ഗോഡ്ഫാദര്‍ മുതല്‍ മാട്രിക്സും ട്വൈലൈറ്റും ഹാരി പോട്ടറും വരെ ആ പട്ടിക നീളുമ്പോള്‍ ഹിന്ദിയില്‍ ഗോല്‍മാലിലും ഹൌസ് ഫുള്ളിലും സര്‍ക്കാരിലും വരെ അത്തരം പിന്തുടര്‍ച്ച സിനിമകള്‍ നാം കണ്ടു. അങ്ങനെ ജനമനസ്സ് പിടിച്ചടക്കിയ സിനിമകളുടെ തുടര്‍ച്ച എടുക്കുമ്പോള്‍ രണ്ട് ഗുണങ്ങളുണ്ട്. ആദ്യ ഭാഗം കണ്ട പ്രേക്ഷകര്‍ ഇതും കാണുമെന്ന് പ്രതീക്ഷിക്കാം. പ്രസ്തുത കഥാപാത്രങ്ങളെ ജനങ്ങള്‍ക്ക് പുതുതായി പരിചയപ്പെടുത്തുകയും വേണ്ട. പ്രമോഷന്‍ ചെലവ് അത്രയും ലാഭം.

റാംജിറാവുവും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും വരുമ്പോള്‍ അവര്‍ ഏത്തരക്കാരാണെന്നും എന്തൊക്കെ ചെയ്യുമെന്നും പ്രേക്ഷകര്‍ക്ക് ഒരു മുന്‍വിധിയുണ്ട്. എന്നാല്‍ അവര്‍ക്കു പകരം പുതുതായി മൂന്നു നാടകക്കാരെ അവതരിപ്പിച്ചാല്‍ അതാവില്ല സ്ഥിതി. അവരുടെ മാനറിസങ്ങളും സ്വഭാവ സവിശേഷതകളും ജനങ്ങള്‍ക്ക് ആദ്യം മുതലേ പരിചയപ്പെടുത്തേണ്ടി വരും.

ആവനാഴിയില്‍ കണ്ട ബല്‍റാം എന്ന പോലീസുകാരനെ പിന്നീട് ഇന്‍സ്പെക്ടര്‍ ബല്‍റാമിലും ബല്‍റാം V/S താരാദാസിലും നാം കണ്ടു. ടി. ദാമോദരന്‍ രചന നിര്‍വഹിച്ച മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്തത് ഐവി ശശിയാണ്. അതിരാത്രം എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച താരാദാസിനെ കൂടി ഉള്‍പ്പെടുത്തിയാണ് അവസാന ഭാഗം എടുത്തത്. ആദ്യ രണ്ടു ഭാഗങ്ങള്‍ വിജയിച്ചെങ്കിലും അവസാന ഭാഗം അമ്പേ പരാജയമായി മാറി.

എണ്‍പതുകളില്‍ മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു നാടോടിക്കാറ്റ്. സിഐഡി ദാസന്‍റെയും വിജയന്‍റെയും മണ്ടത്തരങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് പ്രേക്ഷക മനസ്സില്‍ പതിപ്പിച്ചത് തന്നെ പ്രസ്തുത ചിത്രമാണെന്ന് പറയാം. സിദ്ധിക്ക് ലാല്‍മാരുടെ ആശയത്തിന് ശ്രീനിവാസനാണ് തിരക്കഥയൊരുക്കിയത്. സിനിമ വന്‍ വിജയമായതോടെ അധികം താമസിയാതെ രണ്ടാം ഭാഗവുമെത്തി- പട്ടണ പ്രവേശം. ആദ്യ ഭാഗം തമിഴ്നാട്ടിലെ കേസന്വേഷണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടാം ചിത്രം കേരളത്തില്‍ നടന്ന ഒരു സംഭവവുമായി ചുറ്റിപ്പറ്റി നടന്ന ഒരു അന്വേഷണത്തിന്‍റെ കഥയാണ് പറഞ്ഞത്.

Aadu-2-Malayalam-Movie

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ ഭാഗങ്ങൾ  വിജയിച്ചെങ്കിലും പ്രിയദര്‍ശന്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ അവസാന ഭാഗം അക്കരെയക്കരെയക്കരെ തിയറ്ററില്‍ ചലനവുമുണ്ടാക്കിയില്ല. ദാസന്‍റെയും വിജയന്‍റെയും സാന്നിധ്യം ഈ മൂന്നു ചിത്രങ്ങളില്‍ മാത്രമായി ഒതുങ്ങിയെങ്കിലും മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ചു ചെയ്ത അനവധി ചിത്രങ്ങളില്‍ ഈ വേഷങ്ങളോട് സാമ്യമുള്ള കഥാപാത്രങ്ങളെ നാം പിന്നേയും കണ്ടു.

എണ്‍പതുകളുടെ അവസാനമാണ് സേതുരാമയ്യര്‍ കേസന്വേഷണവുമായി കേരളക്കരയിലെത്തിയത്. പിന്നീട് ജാഗ്രതയിലും വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ സിബിഐയിലും സി ബി ഐ 5 ലും വരെ ആ ഉദ്യോഗസ്ഥന്‍റെ വിവിധ കേസന്വേഷണങ്ങള്‍ നമ്മള്‍ കണ്ടു.

മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം വന്നത് സിബിഐ 5ലൂടെയാണ്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായെത്തിയ കീര്‍ത്തി ചക്രയാണ് മലയാളത്തിലെ സിനിമ പരമ്പരകളില്‍ മുന്നില്‍ നില്‍ക്കുന്നത്. ചിത്രത്തിന്‍റെ നാലു ഭാഗങ്ങള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യ ഭാഗം വന്‍ വിജയമായെങ്കിലും പിന്നീട് വന്ന കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 എന്നിവ പരാജയപ്പെടുകയാണ് ഉണ്ടായത്.

എണ്‍പത്തൊമ്പതു മുതല്‍ മലയാളികളെ ചിരിപ്പിക്കുന്ന സിദ്ദിക്ക് ലാല്‍മാരുടെ ആദ്യ ചിത്രമായിരുന്നു റാംജിറാവു സ്പീക്കിങ്. ചിത്രം വിജയമായെങ്കിലും റാംജിറാവുവിനും കൂട്ടുകാര്‍ക്കും പുനരവതരിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1995ലാണ് മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മറ്റു ചിത്രങ്ങളെ പോലെ ഇക്കുറിയും സിദ്ധിക്കും ലാലും ചേര്‍ന്ന് തിരക്കഥയൊരുക്കിയെങ്കിലും നിര്‍മ്മാതാവായ മാണി സി കാപ്പനാണ് സിനിമ സംവിധാനം ചെയ്തത്.

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന പേരില്‍ 2014ല്‍ അവരെ വെള്ളിത്തിരയില്‍ മൂന്നാമതും അവതരിപ്പിച്ചെങ്കിലും ജനം കൈവിട്ടു. മമ്മി സെഞ്ചുറിയാണ് മൂന്നാം ഭാഗത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ആദ്യ ഭാഗങ്ങളുടെ രസച്ചരടുകള്‍ അമ്പേ കൈമോശം വന്ന സിനിമ എട്ടു നിലയില്‍ പൊട്ടി.

സിദ്ദിക്ക് ലാല്‍ ടീമിന്‍റെ രണ്ടാം ചിത്രമായ ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങള്‍ക്കും ഇതേ പോലെ രണ്ടുവട്ടം പിന്തുടര്‍ച്ചകളുണ്ടായി. കോളനിയിലെ ആസ്ഥാന വായിനോക്കികളായ മഹാദേവന്‍റെയും ഗോവിന്ദന്‍ കുട്ടിയുടെയും അപ്പുക്കുട്ടന്‍റെയും തോമസുകുട്ടിയുടെയും കുടുംബസ്ഥരിലേക്കുള്ള വളര്‍ച്ചയാണ് പിന്നീട് വന്ന ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്നി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നത്. ജീവിത പ്രാരാബ്ധങ്ങളും പുതിയ ചുറ്റുപാടുകളും വന്നെങ്കിലും നാല്‍വര്‍ സംഘം ഒട്ടും മാറിയിട്ടില്ലെന്ന് ആ സിനിമകള്‍ വിളിച്ചു പറഞ്ഞു. സിദ്ദിക്ക് ലാല്‍മാരിലെ ലാലാണ് ഈ രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിര്‍വഹിച്ചത്.

പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍ 1

സുരേഷ്ഗോപിയെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ കമ്മീഷനറിലെ ഭരത് ചന്ദ്രനും ഇതേപോലെ രണ്ടു വട്ടം കൂടി സ്ക്രീനില്‍ വരേണ്ടി വന്നെങ്കിലും ദി കിംഗിലെ ജോസഫ് അലക്സ് കൂടി കൂട്ടുവന്ന അവസാന ഭാഗം ബോക്സ് ഓഫീസില്‍ നിലം പൊത്തി. ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഭരത് ചന്ദ്രന്‍ ഇപ്പോള്‍ നാലാമതൊരു അങ്കത്തിനൊരുങ്ങുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ലിബര്‍ട്ടി ബഷീര്‍ നിര്‍മിക്കുന്ന സിനിമ അടുത്ത വര്‍ഷം ആദ്യം തുടങ്ങും എന്നാണു അറിയുന്നത്.

നരസിംഹത്തിലെ ഇന്ദുചൂഡനെയും ദി കിംഗിലെ ജോസഫ് അലക്സിനെയും ഒന്നിപ്പിക്കാന്‍ സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കരും ശ്രമിച്ചെങ്കിലും മമ്മൂട്ടി താല്പര്യം കാണിക്കാത്തത് കൊണ്ട് പ്രോജക്റ്റ് മുടങ്ങിക്കിടക്കുകയാണ്. ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി തിരിച്ചു വരവ് നടത്തുന്ന ലേലം 2വിന് തിരക്കഥയിലെ പ്രശ്നങ്ങളാണ് വിനയായത്. രണ്ടാം പകുതിയിൽ കഥ മുന്നോട്ടു പോകാത്തതു  കൊണ്ട് ചിത്രം മാറ്റി വയ്ക്കുകയായിരുന്നു.

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനും സമാനമായ അവസ്ഥയാണ് ഉണ്ടായത്.  സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആട് 2വിനു ശേഷം കുഞ്ഞച്ചൻ്റെ രണ്ടാം ഭാഗം ഒരുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഫ്രൈഡേ ഫിലിംസാണ് നിർമാണം ഏറ്റെടുത്തത്. പക്ഷെ കഥ ശരിയാകാത്തത് കൊണ്ട് പ്രോജക്റ്റ് പിന്നീട് ഉപേക്ഷിച്ചു.

ന്യൂഡല്‍ഹി, സിഐഡി മൂസ, നാടോടിക്കാറ്റ്, റണ്‍വേ, ഹലോ, മായാവി, ബിഗ്ബി  എന്നി ചിത്രങ്ങളുടെ തുടര്‍ച്ചകളെ കുറിച്ചുള്ള വാര്‍ത്തകളും ഏറെ നാളുകളായി സിനിമാ വൃത്തങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കിരീടത്തിലെ സേതുമാധവനും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിയും ആഗസ്ത് ഒന്നിലെ പെരുമാളും മണിച്ചിത്രത്താഴിലെ സണ്ണിയുമെല്ലാം തിരിച്ചുവരവില്‍ പരാജയം രുചിച്ചറിഞ്ഞവരാണ്. ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനേ രണ്ടു വട്ടവും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ കിലുക്കത്തിന്‍റെ തുടര്‍ച്ച എന്ന പേരിലിറങ്ങിയ പ്രഹസനം ജനം നിഷ്കരുണം തള്ളികളഞ്ഞു.

ദൃശ്യത്തിന്റെ മൂന്നാം ഭാഗമായ ദൃശ്യം 3, ലൂസിഫറിന്റെ മൂന്നാം ഭാഗമായ എമ്പുരാൻ, ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം, മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രമായ റാമിന്റെ രണ്ട് ഭാഗങ്ങൾ എന്നിങ്ങനെ പിന്തുടർച്ചയുള്ള വിവിധ സിനിമകളാണ് അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുറത്തിറങ്ങാൻ പോകുന്നത്.

പിന്തുടര്‍ച്ച വന്ന ചില മലയാള സിനിമകള്‍ 

  1. ചെമ്മീന്‍ (1965) –  തിരകള്‍ക്കപ്പുറം (1998)
  2. അശ്വമേധം (1967) – ശരശയ്യ (1971)
  3. സിഐഡി നസീര്‍ (1971) – ടാക്സികാര്‍ (1972), പ്രേതങ്ങളുടെ താഴ്വാരം (1973)
  4. അതിരാത്രം (1984) –  ബല്‍റാം vs താരാദാസ് (2006)
  5. ആവനാഴി (1986) – ഇന്‍സ്പെക്ടര്‍ ബല്‍റാം (1992), ബല്‍റാം vs താരാദാസ് (2006)
  6. ഇരുപതാം നൂറ്റാണ്ട് (1987) – സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് (2009)
  7. നാടോടിക്കാറ്റ് (1987) – പട്ടണപ്രവേശം (1988), അക്കരെ അക്കരെ അക്കരെ (1990)
  8. ഒരു സിബിഐ ഡയറിക്കുറിപ്പ്‌ (1988)- ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സിബിഐ (2005), സിബി ഐ 5 ദി ബ്രെയിൻ (2022)
  9. ആഗസ്റ്റ്‌ 1 (1988) – ആഗസ്റ്റ്‌ 15 (2011)
  10. റാംജിറാവു സ്പീക്കിംഗ് (1989) – മാന്നാര്‍ മത്തായി സ്പീക്കിംഗ് (1995), മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 (2014)
  11. കിരീടം (1989) – ചെങ്കോല്‍ (1993)
  12. സാമ്രാജ്യം (1990) – സണ്‍ ഓഫ് അലക്സാണ്ടര്‍ (2014)
  13. ഇന്‍ ഹരിഹര്‍ നഗര്‍ (1990) – ടു ഹരിഹര്‍ നഗര്‍ (2009), ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ (2010)
  14. മിമിക്സ് പരേഡ് (1991)- കാസര്‍ഗോഡ്‌ കാദര്‍ഭായ് (1992), എഗൈന്‍ കാസര്‍ഗോഡ്‌ കാദര്‍ഭായ് (2010)
  15. കിലുക്കം (1991) – കിലുക്കം കിലുക്കം (2006)
  16. ദേവാസുരം (1993) – രാവണപ്രഭു (2001)
  17. ഉപ്പുക്കണ്ടം ബ്രദേഴ്സ് (1993) – ഉപ്പുക്കണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍ (2011)
  18. മണിച്ചിത്രത്താഴ് (1993) – ഗീതാഞ്ജലി (2013)
  19. കമ്മിഷണര്‍ (1994) – ഭരത് ചന്ദ്രന്‍ ഐ പിഎസ് (2005), ദി കിംഗ് ആന്‍ഡ്‌ കമ്മിഷണര്‍ (2012)
  20. ദി കിംഗ് (1995) – ദി കിംഗ് ആന്‍ഡ്‌ കമ്മിഷണര്‍ (2012)
  21. ജൂനിയര്‍ മാന്‍ഡ്രേക്ക് (1997) – സീനിയര്‍ മാന്‍ഡ്രേക്ക് (2010)
  22. കീര്‍ത്തി ചക്ര (2006) – കുരുക്ഷേത്ര (2008), കാണ്ഡഹാര്‍ (2010), 1971 (2017)
  23. ഹണി ബീ (2013) – ഹണി ബീ 2 (2017)
  24. ആട് (2015 ) – ആട് 2  (2017)
  25. പുണ്യാളൻ അഗർബത്തിസ്  (2013 ) – പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് (2017)
  26. പ്രേതം (2016) – പ്രേതം 2 (2018)
  27. പോക്കിരിരാജ (2010) – മധുരരാജ (2019)
  28. ദൃശ്യം (2013) – ദൃശ്യം 2 (2021)
  29. ലൂസിഫർ (2019) – എമ്പുരാൻ (2024)

[The article is originally published on May 15, 2017, and modified recently]

Cover Image credit: Nana Weekly 

Leave a Comment

Your email address will not be published. Required fields are marked *