ചില തുണ്ട് കഥകള്‍- ഭാഗം എട്ട്

ചില തുണ്ട് കഥകള്‍- ഭാഗം എട്ട് 1

വെടിക്കെട്ട്

പാപ്പനംകോട് ലക്ഷ്മണനും അയാളുടെ ആനയും ഒരുകാലത്ത് കേരളത്തിലെ പൂരപ്പറമ്പുകളിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു.

ലക്ഷ്മണന്‍ പതിനായിരങ്ങളുടെ കണ്ണിനും കാതിനും വിരുന്നായി മാറിയ എണ്ണിയാലൊടുങ്ങാത്ത വെടിക്കെട്ടുകളുടെ ആശാന്‍. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശങ്ങളിലെ ആഘോഷരാവുകളില്‍ തരാതരം പോലെ ഓടിനടന്ന അയാള്‍ അവിടങ്ങളിലെ ഭക്ത മനസുകളില്‍ കരിമരുന്ന് കൊണ്ട് വസന്തം വിരിയിച്ചു.

അയാളുടെ ഇരട്ടചങ്കെന്നു മാലോകര്‍ പാടിപ്പുകഴ്ത്തിയ സുലോചനന്‍ എന്ന ആനയാണെങ്കില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ ദൈവിക രൂപങ്ങളെ ഉത്സവത്തിനും അല്ലാതെയും എഴുന്നള്ളിച്ച് ജനലക്ഷങ്ങളെ ആനന്ദത്തില്‍ ആറാടിക്കുകയും ചെയ്തു.

ലക്ഷ്മണന് ആനയെന്നു വച്ചാല്‍ ജീവനായിരുന്നു. സുലോചനനു തിരിച്ചും. പരസ്പരം കാണാതെ അവര്‍ ആഹാരം പോലും കഴിച്ചിരുന്നില്ല എന്നു പറഞ്ഞാല്‍ അതിശയോക്തി കാണേണ്ടതില്ല. ക്രോണിക് ബാച്ചിലേഴ്സ് ആയതു കൊണ്ടാണ് ഇരുവര്‍ക്കും ഈ മനപൊരുത്തമെന്നു അസൂയാലുക്കള്‍ കളിയാക്കുന്നത് അവര്‍ കേട്ടില്ലെന്നു നടിച്ചു.

കാലക്രമേണ ലക്ഷ്മണന്‍ മത്സരക്കമ്പത്തിലേക്ക് തിരിഞ്ഞു. അക്കൊല്ലം പഴയ ഒരു ശിഷ്യനുമായി ചേര്‍ന്ന് നടത്തിയ കമ്പം അയാളുടെ ശനിദശക്കു തുടക്കം കുറിക്കുകയും ചെയ്തു.

എഴുപതോളം പേരാണ് വെടിക്കെട്ടപകടത്തില്‍ മരിച്ചത്. പരിസരത്ത് തളച്ചിരുന്ന സുലോചനന്‍ സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ വിരണ്ടോടുക കൂടി ചെയ്തതത് ഇരട്ടി പ്രഹരമായി. ഏഴെട്ട് പേര്‍ അങ്ങനെയും ജീവന്‍ വെടിഞ്ഞു.

ഉത്സവത്തിന്‌ വെടിക്കെട്ട് വേണോ ആന വേണോ എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ അന്തരിക്ഷത്തില്‍ ചൂട് പിടിക്കുമ്പോള്‍ നമ്മുടെ കഥാപാത്രങ്ങള്‍ ഇതൊന്നുമറിയാതെ വിശ്രമത്തിലാണ്. സര്‍ക്കാരും കോടതിയും ഇടപെട്ടതോടെ ലക്ഷ്മണന്‍ പൂജപ്പുരയിലേക്ക് താമസം മാറ്റി.

സുലോചനനാണെങ്കില്‍ കോന്നിയിലെ ആന വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് ചേക്കേറുകയും ചെയ്തു. തങ്ങളുടെ സന്തത സഹചാരിയെ കുറിച്ചോര്‍ത്ത് ഇരുവരും ഇടയ്ക്കിടെ വിലപിക്കാറുണ്ട്.

അനുഭവം കൊണ്ടു പഠിച്ച ലക്ഷ്മണന്‍ ഉത്സവത്തിന്‌ വെടിക്കെട്ടോ ആനയോ വേണ്ടെന്ന് ഇടയ്ക്കിടെ പറയും.

The End  


ജലം

അവര്‍ ആദ്യം കണ്ണില്‍ കണ്ട മരങ്ങളൊക്കെ വെട്ടി നശിപ്പിച്ചു.

എതിര്‍ത്തവരോടൊക്കെ അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു.

നിങ്ങള്‍ക്ക് വികസനം വേണ്ടേ ? ഇവിടെ റോഡും ഫാക്ടറികളും വരണ്ടേ ?

അതോടെ പ്രതിഷേധക്കാര്‍ പത്തി മടക്കി. പിന്നെയും സംശയിച്ചു നിന്നവരെ വികസന വിരോധികള്‍ എന്നു പറഞ്ഞ് ഒറ്റപ്പെടുത്തി.

തടസങ്ങളൊക്കെ മാറി എന്നോര്‍ത്ത് ആശ്വസിച്ചിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ വരള്‍ച്ചയെത്തിയത്. ഭൂമി വരണ്ടു. വിളകളെല്ലാം കരിഞ്ഞുണങ്ങി. ഒരു തുള്ളി ദാഹജലം കിട്ടാതെ മനുഷ്യര്‍ മാത്രമല്ല സകല ജീവജാലങ്ങളും ചത്തു വീഴാന്‍ തുടങ്ങി. അതോടെ ഭരണകൂടം ഉണര്‍ന്നു.

വെള്ളമൂറ്റുന്ന ഫാക്ടറികളൊക്കെ അടച്ചു പൂട്ടാന്‍ ഉത്തരവായി. ട്രെയിനുകളിലും ജലമെത്തിച്ചു തുടങ്ങി. അപ്പോഴും ക്രിക്കറ്റ് പിച്ചുകള്‍ക്കും ഹെലിപ്പാടുകള്‍ക്കും വേണ്ടി വെള്ളമൊഴുക്കാന്‍ അവര്‍ മറന്നില്ല.

ഇന്നലെ പ്രകൃതിയെ നശിപ്പിച്ചവര്‍ ഇന്ന് ജലത്തിന് വേണ്ടി യുദ്ധം ചെയ്യുന്നു.

The End

Read  ഇന്‍ഷുറന്‍സ്


സിനിമ

സിനിമ സംവിധായകനാകുക എന്നത് ആ ചെറുപ്പക്കാരന്‍റെ ജീവിതാഭിലാഷമായിരുന്നു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ അയാള്‍ ഒരു നല്ല കഥയുമായി പലരെയും സമീപിച്ചു.

സൂപ്പര്‍താരം അയാളെ ആട്ടിയോടിച്ചു.

മള്‍ട്ടി താരം കളിയാക്കി വിട്ടു.

യുവതാരം കാണാന്‍ പോലും കൂട്ടാക്കിയില്ല.

മറ്റു താരങ്ങള്‍ അയാളെ അവഗണിക്കുകയോ പറഞ്ഞു പറ്റിക്കുകയോ ചെയ്തു.

ചെറുപ്പക്കാരന്‍ നിരാശനായി. സ്വപ്നം കണ്ടതെല്ലാം വെറുതെയാകുമോ എന്നയാള്‍ ഭയപ്പെട്ടു. ആ സമയത്താണ് തെക്ക് തെക്കു ദേശത്തുള്ള ഒരു നടന്‍ അയാളില്‍ വിശ്വാസം പ്രകടിപ്പിച്ചെത്തിയത്. നിര്‍മാതാവും മുന്നിട്ടിറങ്ങിയതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പടം തീര്‍ന്നു.

ഏറെ പുതുമകളുമായെത്തിയ ചിത്രം ഉത്സവകാലത്ത് കൂടെയിറങ്ങിയ മറ്റു സിനിമകളെ നിഷ്പ്രഭമാക്കി വന്‍ ഹിറ്റായി മാറി. അതോടെ ചെറുപ്പക്കാരന് ശുക്രനുദിച്ചു.

ചോദിക്കുന്ന അത്ര ഡേറ്റ്‌ തരാമെന്ന വാഗ്ദാനവുമായി സൂപ്പര്‍താരമാണ് ആദ്യം വിളിച്ചത്. തൊട്ടു പിന്നാലെ മള്‍ട്ടി താരത്തിന്‍റെയും യുവതാരങ്ങളുടെയും വിളിയെത്തി. അന്യഭാഷാ താരങ്ങളും അയാള്‍ക്ക് നേരെ കൈ നീട്ടി.

അതാണ്‌ സിനിമ. ജയിച്ചു നില്‍ക്കുന്നവരെ വാരി പുണരുകയും തോല്‍ക്കുന്നവരെ നിഷ്ക്കരുണം തള്ളിക്കളയുകയും ചെയ്യുന്ന മായിക ലോകം.

The End  


കളരി

എതിരാളികള്‍ കോണ്‍ഗ്രസ്സുകാരാണെങ്കില്‍ നിങ്ങള്‍ അവരെ അഴിമതിക്കാരെന്നും കമ്മ്യുണിസ്ടാണെങ്കില്‍ അക്രമികളെന്നും ബിജെപിയാണെങ്കില്‍ വര്‍ഗീയവാദികളെന്നും വിളിക്കണം : തന്‍റെ രാഷ്ട്രീയ കളരിയിലെ പതിവ് തിരഞ്ഞെടുപ്പ് കാല കോച്ചിങ്ങ് ക്ലാസില്‍ വച്ച് ആശാന്‍ ശിഷ്യഗണങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പെന്ന അങ്കത്തട്ടില്‍ വിവിധ ചേരികള്‍ക്ക് വേണ്ടി പട പൊരുതാന്‍ നിയോഗിക്കപ്പെട്ട അഭിനവ യൂത്തന്മാര്‍ അഥവാ ചേകവന്മാര്‍ ഒരേ മനസ്സോടെ ഗുരുമുഖത്ത് നിന്നു വീഴുന്ന മൊഴിമുത്തുകള്‍ക്കായി കാതോര്‍ത്തു.

അപ്പോള്‍ നാളെ അവര്‍ നമ്മുടെ കൂടെ വന്നാലോ ? : കള്ളമോ പൊളിവചനമോ ഇല്ലാത്ത മാവേലിയുടെ കാലത്തു നിന്നു വന്ന കുഞ്ഞാപ്പു അറിയാതെ ചോദിച്ചു പോയി.

അവര്‍ വളരെ നല്ലവരാണെന്നും ലവന്മാരുടെ കയ്യിലിരുപ്പ് സഹിക്കാന്‍ പറ്റാതെ ഇറങ്ങി പോന്നതാണെന്നും പറയണം. അക്കൂട്ടത്തില്‍ ആരെങ്കിലും കാഞ്ഞു പോയാലും അതുപോലെ പറയാം. ആ പാര്‍ട്ടിയില്‍ കൊള്ളാവുന്ന ഒരാളെ ഉണ്ടായിരുന്നുള്ളൂവെന്നും അത് ലവനായിരുന്നുവെന്നും പറയണം. ഏത് ? ഇതൊക്കെയാണ് നമ്മുടെ ഭാരതനാട്ടില്‍ കാലങ്ങളായി പുലര്‍ത്തി വരുന്ന രാഷ്ട്രീയ  ആചാരങ്ങള്‍………… : ആശാന്‍ എല്ലാം അറിയാവുന്ന രാഷ്ട്രീയ തന്ത്രജ്ഞനെ പോലെ തന്‍റെ നീണ്ട താടി തടവിക്കൊണ്ട് സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞു.

ആശാനേ, സത്യത്തില്‍ നമ്മള്‍ പറയുന്നത് പോലെ അവര്‍ അഴിമതിക്കാരും അക്രമികളുമൊക്കെയാണോ ? : സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്തു നിന്ന് വന്ന പുതിയ ശിഷ്യന്‍റെ ചോദ്യം ആശാന് നന്നേ രസിച്ചു.

യെവിടെ ? എല്ലാവരും കണക്കാ. പിന്നെ വോട്ടര്‍മാര്‍ എന്നുപറയുന്ന ഈ വിഡ്ഢി കൂശ്മാണ്ടങ്ങളെ പറ്റിക്കാന്‍ നമുക്ക് ഇതുപോലെ എന്തെങ്കിലുമൊക്കെ  പറഞ്ഞല്ലേ പറ്റൂ. : ക്ലാസ് അവസാനിപ്പിച്ച് ആശാന്‍ എഴുന്നേറ്റു. പിന്നാലെ ശിഷ്യഗണങ്ങളും.

എങ്കില്‍ ശരി. ഇനി അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് കാണാം : ആശാന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ച ഭൂതഗണങ്ങള്‍ ജനത്തെ തമ്മിലടിപ്പിക്കാനായി വാക്കുകളില്‍ ആരോപണ ശരങ്ങളും നിറച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു.

The End


ദിവ്യന്‍

രാത്രിയുടെ ഇരുണ്ട യാമത്തിലാണ് അയാള്‍ ഭഗവാനെ കാണാനെത്തിയത്. ആ സമയത്ത് പരിസരത്ത് ആരുമില്ലായിരുന്നു.

ചുവരില്‍ അള്ളിപ്പിടിച്ച് ഓടിളക്കി അകത്തു കടന്ന ഭാര്‍ഗ്ഗവന് പലപ്പോഴും ചന്ദ്രന്‍ വഴികാട്ടിയായി. ചന്ദ്രന്‍ തന്നേ പോലെയുള്ള കള്ളന്മാരുടെ കണ്‍ കണ്ട ദൈവമാണെന്ന് ഭാര്‍ഗ്ഗവന്‍ പറയുന്നത് വെറുതെയല്ല.

ശ്രീകോവിലിന്‍റെ പൂട്ട്‌ പൊളിക്കാന്‍ കുറച്ചു ബദ്ധപ്പെടേണ്ടി വന്നു. എങ്കിലും ഭഗവാന് വേണ്ടി എത്ര കഷ്ടപ്പെടാനും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല.

ഇടുങ്ങിയ ശ്രീകോവിലില്‍ ഒരു എസി പോലുമില്ലാതെ വീര്‍പ്പ് മുട്ടുന്ന ഭഗവാനെ കണ്ടപ്പോള്‍ ഭാര്‍ഗ്ഗവന് സത്യത്തില്‍ സങ്കടം വന്നു. തന്‍റെ ഇഷ്ടദൈവം വിദേശത്തെ ശീതികരിച്ച മ്യൂസിയത്തിലിരുന്ന് വിരാജിക്കുന്ന രംഗം മുന്നില്‍ തെളിഞ്ഞപ്പോള്‍ അയാള്‍ പിന്നെയൊന്നും ആലോചിച്ചില്ല.

ബാഹുബലിയെ മനസ്സില്‍ ധ്യാനിച്ച് കയ്യിലിരുന്ന കമ്പിപ്പാര പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ രാവേറെ ശ്രമിച്ചിട്ടും പഞ്ചലോഹം ലവലേശം വഴങ്ങാതായതോടെ ഭാര്‍ഗ്ഗവന്‍ ആയുധം വച്ച് കീഴടങ്ങി.

നിരാശനായി മടങ്ങുന്ന ഭക്തനെ കണ്ടപ്പോള്‍ സാക്ഷാല്‍ ഭഗവാന്‍റെ മനസ്സലിഞ്ഞു. അതോടെ അദ്ദേഹം ശ്രീകോവില്‍ വിട്ട് ഭക്തന്‍റെ കൂടെ ഇറങ്ങിപ്പോയി. അങ്ങനെ ഭാര്‍ഗ്ഗവന്‍ ദിവ്യനായി. ഹൈടെക്ക് ആശ്രമം കെട്ടി പാര്‍പ്പ്‌ തുടങ്ങിയ അയാള്‍ ഇപ്പോള്‍ ടോക്കണ്‍ വച്ച് ഭക്തര്‍ക്ക് ദര്‍ശനവും സന്മാര്‍ഗ്ഗോപദേശവും നല്കാറുണ്ട്.

The End  


Image credit

Pitigilani (Fireworks)

James Guentner (Cinema)

 

Leave a Comment

Your email address will not be published. Required fields are marked *