അജ്ഞാതന്‍ – കഥ

lim-cheol-hee-08

painting by Lim Cheol Hee

ഉറക്കത്തില്‍ ആരോ തട്ടിവിളിച്ചപ്പോള്‍ ദിലീപന്‍ ചാടിയെണീറ്റു. രാത്രി അസമയത്ത് കട്ടിലിനരികില്‍ നില്‍ക്കുന്ന അജ്ഞാതനായ ആളെ കണ്ട് അയാള്‍ നടുങ്ങി.

ആരാണ് ? : വിറച്ചുകൊണ്ട് അയാള്‍ ചോദിച്ചു. അസമയത്ത് വീട്ടില്‍ അതിക്രമിച്ചുവന്ന അപരിചിതനെ അയാള്‍ തുറിച്ചു നോക്കി.

നിഷ്കളങ്കമായ മുഖഭാവം. കുറ്റിത്താടി. നാല്‍പ്പതിന് മുകളില്‍ പ്രായം. ക്ഷീണിച്ച കണ്ണുകളും അഴിഞ്ഞുലഞ്ഞ വേഷവും. കയ്യില്‍ ഒരു വാച്ച് പോലുമില്ല. ആകപ്പാടെ ഒരു അലസ ഭാവം. ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്‍ ദിലീപന്‍റെ മനസ് പറഞ്ഞു.

മോഷണമായിരിക്കും ആഗതന്‍റെ ഉദ്ദേശമെന്ന് ദിലീപന്‍ കണക്കു കൂട്ടി.അതല്ലാതെ വേറെയാരും പാതിരാത്രി ഇങ്ങനെ കേറി വരില്ലല്ലോ. പക്ഷേ അയാള്‍ അകത്തു കടന്നത് എങ്ങനെയാണെന്ന് ഓര്‍ത്ത് ദിലീപന്‍ അത്ഭുതപ്പെട്ടു.

പ്രദേശത്ത് അടുത്തിടെ ചില സംഘര്‍ഷങ്ങള്‍ നടന്നത് കൊണ്ട് പുറത്ത് റോഡില്‍ പോലീസ് കാവലുണ്ട്. പോരാത്തതിന് നല്ല വെളിച്ചവും. അവര്‍ കാണാതെ അകത്തു കടക്കുക എളുപ്പമല്ല. ഇനി അഥവാ മതില്‍ക്കെട്ടിനകത്ത് കേറിയാല്‍ തന്നെ അടുത്തിടെ വാങ്ങിയ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട റോക്കി എന്ന പുതിയ കാവല്‍ക്കാരന്‍ കൂട്ടിനകത്തുണ്ട്. ഒരു ചെറിയ നിഴല്‍ കണ്ടാല്‍ പോലും കുരച്ച് ആളെ കൂട്ടുന്ന സ്വഭാവക്കാരനാണ്. പക്ഷേ അങ്ങനെ യാതൊരു ശബ്ദവും കേട്ടില്ല.

പേടിക്കണ്ട, ഞാന്‍ കള്ളനോ കൊലപാതകിയോ ഒന്നുമല്ല : ശാന്തമായ സ്വരത്തില്‍ പറഞ്ഞുകൊണ്ട് താടിക്കാരന്‍ അടുത്തുണ്ടായിരുന്ന കസേര വലിച്ചിട്ട് അതില്‍ ഇരുന്നു.

പിന്നെ ? : ഭയം വിട്ടുമാറാത്ത കണ്ണുകളോടെ ദിലീപന്‍ എഴുന്നേറ്റിരുന്നു. അയാള്‍ക്കെന്തോ ആഗതന്‍റെ വാക്കുകളില്‍ അത്ര വിശ്വാസം തോന്നിയില്ല.

ഞാന്‍ ഒരു കാര്യം അറിയാന്‍ വന്നതാണ്. അതറിഞ്ഞാല്‍ ഉടനെ ഞാന്‍ പൊയ്ക്കോളാം……………..: ചിരപരിചിതനെ പോലെ ദിലീപന്‍റെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

ഒന്നും മനസിലാകാതെ ദിലീപന്‍ അയാളെ തന്നെ നോക്കിയിരുന്നു.

എതിരാളിയുടെ പകപ്പ് മനസിലാക്കികൊണ്ട് അജ്ഞാതന്‍ കസേരയില്‍ മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് ചോദിച്ചു :

നീ എന്നെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ ? എവിടെയെങ്കിലും വച്ച് കണ്ട് പരിചയമുണ്ടോ ?

അത്…………………: ആ മുഖം എവിടെയോ കണ്ടു മറന്നത് പോലെ ദിലീപന്‍ ഓര്‍മകളില്‍ പരതി. അവസാനം ഒരെത്തും പിടിയും കിട്ടാതെ പരാജയഭാവത്തില്‍ താടിക്കാരനെ നോക്കി. അതുകണ്ട് അജ്ഞാതന്‍ വിജയീഭാവത്തില്‍ ഒന്നു ചിരിച്ചു, എന്നിട്ട് പറഞ്ഞു :

എങ്കില്‍ ഞാന്‍ തന്നെ പറയാം. കഴിഞ്ഞ ദിവസം നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ നീ ബോംബെറിഞ്ഞു കൊന്ന അനേകം പേരില്‍ ഒരാളാണ് ഞാന്‍. പേര് ബഷീര്‍. : പേടിച്ചു വിറച്ച ദിലീപന്‍റെ തൊണ്ടയില്‍ നിന്ന്‍ ഒരാര്‍ത്തനാദം പുറത്തെയ്ക്കൊഴുകി. പക്ഷേ അത് ആ മുറിക്കുള്ളില്‍ തന്നെ വട്ടമിട്ട് പറന്നു.

ഞാന്‍ നിനക്ക് എന്തെങ്കിലും ഉപദ്രവം ചെയ്തിട്ടുണ്ടോ ? : തന്‍റെ കുറ്റിത്താടി തടവിക്കൊണ്ട് ബഷീര്‍ ചോദിച്ചു.

ഇല്ല : ദിലീപന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

നിന്‍റെ വീട് ആക്രമിക്കുകയോ ഭാര്യയെ അപമാനിക്കുകയോ ചെയ്തിട്ടുണ്ടോ ? : അജ്ഞാതന്‍റെ ഉറച്ച സ്വരത്തിന് എതിരാളി നിഷേധഭാവത്തില്‍ തലയാട്ടി.

പിന്നെ എന്തിനാണ് നീ എനിക്കു നേരെ ബോംബെറിഞ്ഞത് ? എന്തിനാണ് എന്‍റെയും കുടുംബത്തിന്‍റെയും സ്വപ്നങ്ങള്‍ തകര്‍ത്തത് ? : കൊല്ലപ്പെട്ടവന്‍റെ ചോദ്യം കൊലയാളിയുടെ മനസിലേക്ക് തുളച്ചു കയറി.

അത് എന്‍റെ മതം അല്ല പാര്‍ട്ടി പറഞ്ഞിട്ട്………….. : ദിലീപന്‍റെ വാക്കുകള്‍ കുഴഞ്ഞു. ഫാനിന്‍റെ കാറ്റിലും അയാള്‍ വിയര്‍ത്തു കുളിച്ചു.

ഈ പാര്‍ട്ടിയാണോ നിനക്ക് ജീവന്‍ തന്നത് ? : ബഷീര്‍ കസേരയില്‍ നിന്ന്‍ എഴുന്നേറ്റു. പോക്കറ്റിലുണ്ടായിരുന്ന പാക്കറ്റ് തുറന്ന്‍ ഒരു സിഗരറ്റെടുത്ത് അയാള്‍ ചുണ്ടില്‍ വച്ച് കത്തിച്ചു.

Read  സൌപര്‍ണ്ണികയുടെ മരണം 

നിനക്കറിയാമോ ഇതല്ലാതെ വേറെയൊരു ദുശ്ശീലവും എനിക്കുണ്ടായിരുന്നില്ല. സന്തുഷ്ടമായ കൊച്ചു കുടുംബം. നഴ്സറി ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍. ഭാര്യ. പ്രായമായ അച്ഛനമ്മമാരുടെ ഏക ആശ്രയമായിരുന്നു ഞാന്‍…………… പ്രശ്നം നടന്ന ആ നശിച്ച സ്ഥലത്ത് ഞാന്‍ സാധാരണ പോകാത്തതാണ്. ഇത് അച്ഛന്‍റെ ഹാര്‍ട്ട് ഓപ്പറേഷന് വേണ്ടി കുറച്ചു കാശ് ആവശ്യമായി വന്നു. അതിന് ഒരാളുടെ കയ്യില്‍ നിന്ന്‍ വാങ്ങാന്‍ വന്നതാണ്. പക്ഷേ നീ……….. നിങ്ങളെ പോലുള്ള സാമദ്രോഹികളോട് എന്തു ദ്രോഹമാടാ ഞാന്‍ ചെയ്തത് ? ഒരു ഇന്ത്യക്കാരനായി പിറന്നതോ ? അതോ ഈ നാടിനെ സ്നേഹിച്ചതോ ? നിനക്കൊരു കാര്യമറിയാമോ, മൂന്നു നേരവും നിസ്ക്കരിക്കുന്ന നല്ല തന്തയ്ക്കു പിറന്ന ഇസ്ലാമാ ഈ ബഷീര്‍. ഇന്നുവരെ ഞാന്‍ ആരുടേയും ഒന്നും പിടിച്ചു പറിച്ചിട്ടില്ല. ഒരു പെണ്ണിനെയും പിഴപ്പിച്ചിട്ടില്ല. ആ എന്നെയാ നീയൊക്കെ കൂടി…………

എല്ലാം അറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടിയാ എന്‍റെ അച്ഛന്‍ മരിച്ചത്. ഇനി എന്‍റെ കുഞ്ഞുങ്ങള്‍………………….. സാരമില്ല, എന്‍റെ കേട്ട്യോള്‍ക്ക് തരക്കേടില്ലാത്ത സൌന്ദര്യമുണ്ട്. അതുകൊണ്ട് അവള്‍ എങ്ങനെയും അവരെ വളര്‍ത്തിക്കൊള്ളും.

നിന്‍റെ ഭാര്യക്കെങ്കിലും ഈ ഗതി വരാതിരിക്കട്ടെ, : നിറഞ്ഞ കണ്ണുകളും വിറച്ച കാല്‍വെയ്പ്പുകളുമായി ബഷീര്‍ പുറത്തേക്ക് നടന്നു.

ദിലീപന് അടക്കാനാവാത്ത കുറ്റബോധം തോന്നി.

മതത്തിന്‍റെയും പാര്‍ട്ടിയുടെയും പേരില്‍ നടന്ന കലാപങ്ങളില്‍ കൊല്ലപ്പെട്ട അനേകം പേരുടെ കൂട്ട നിലവിളികള്‍ അയാളുടെ കാതുകളില്‍ മുഴങ്ങി. അക്കൂട്ടത്തില്‍ തന്‍റെ ഭാര്യയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും കൂടി മുഖങ്ങള്‍ കണ്ടപ്പോള്‍ തുടര്‍ന്നുള്ള രാത്രികളില്‍ അയാളുടെ ഉറക്കം നഷ്ടപ്പെട്ടു.

ആഴ്ചകള്‍ക്കു ശേഷം പകരത്തിനു പകരം നടന്ന മറ്റൊരു സംഘര്‍ഷത്തില്‍ അയാള്‍ക്ക് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. അന്ന് മുതല്‍ തന്‍റെ കൊലയാളിയെ തേടി അയാളും അജ്ഞാതനായി അലയാന്‍ തുടങ്ങി.

The End

Leave a Comment

Your email address will not be published. Required fields are marked *