കുറ്റവും ശിക്ഷയും- കഥ

കുറ്റവും ശിക്ഷയും- കഥ 1

” നിന്‍റെ പേരെന്താണ് ? ” :

കമ്പ്യൂട്ടറിന്‍റെ മോണിറ്ററില്‍ നിന്ന് മുഖമുയര്‍ത്തുക പോലും ചെയ്യാതെ ചിത്രന്‍ ചോദിച്ചു.

” അനൂപ്‌  ” : കട്ടിമീശയുള്ള ഏകദേശം ഇരുപതുവയസ്സ് തോന്നിക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ പറഞ്ഞു.

” വയസ്സ്?” : 

” ഇരുപത്തൊന്ന് ” : മറുപടി കേട്ടപ്പോള്‍ ചിത്രന്‍ ആഗതനെയൊന്ന് നോക്കിയിട്ട് വീണ്ടും കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു.

” വിലാസം ? ” :

അനൂപ്‌ വിലാസം പറഞ്ഞു. ചിത്രന്‍ അനൂപ്‌ പറഞ്ഞ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോള്‍ അനൂപിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം തെളിഞ്ഞു വന്നു. പരലോകമാണെങ്കിലും ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ആണ് അവിടെ ഉപയോഗിക്കുന്നതെന്ന്‍ അനൂപിന് തോന്നി. കാലപുരിയിലെ കാഴ്ചകളും അന്തരീക്ഷവും പലപ്പോഴും അവനെ കണ്ടു മറന്ന ഏതോ പുരാണ സിനിമയെ ഓര്‍മിപ്പിച്ചു. പക്ഷേ ഏറെ തിരഞ്ഞെങ്കിലും നിത്യ സാന്നിദ്ധ്യമെന്ന് കരുതിയ പുക മാത്രം എവിടേയും കണ്ടില്ല. ഒരു പക്ഷേ പുക ശ്വസിക്കുന്നത് കാന്‍സറിന് കാരണമാകും എന്ന അറിവ് വന്നതു കൊണ്ടാവാം അത് ഒഴിവാക്കിയതെന്ന് അനൂപിന് തോന്നി.

ചിത്രന്‍ മുന്നിലുള്ള ബസ്സറില്‍ വിരലമര്‍ത്തിയപ്പോള്‍ ആജാന ബാഹുക്കളായ രണ്ടു പേര്‍ കയ്യില്‍ വാരിക്കുന്തവുമായി അവിടെ പ്രത്യക്ഷപ്പെട്ടു. അവരുടെ വേഷം മാത്രം കേട്ടു ശീലിച്ചതില്‍ നിന്ന്‍ കുറച്ചു മാറിയിട്ടുണ്ടെന്ന് അനൂപിന് തോന്നി. കാലത്തിനൊത്തുള്ള മാറ്റങ്ങള്‍ കാലപുരിക്കും ബാധകമാണല്ലോ എന്നാണ് അപ്പോള്‍ അവന് തോന്നിയത്.

” നരകത്തില്‍ പോകുന്നതിനു മുമ്പായി നിനക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ? ” : ചിത്ര ഗുപ്തന്‍ തിരിഞ്ഞ് അനൂപിനോട് ചോദിച്ചു. അവനൊന്നു നടുങ്ങി. നരകം എന്നു കേട്ടപ്പോള്‍ മുത്തശ്ശിക്കഥകളില്‍ പറഞ്ഞു കേട്ട തിളച്ച എണ്ണയില്‍ മുക്കുന്നതും വിഷ പാമ്പുകളുടെ കൂടെ കൂട്ടില്‍ അടക്കുന്നതുമായ പീഡനങ്ങളാണ് അവന്‍റെ ഓര്‍മയില്‍ വന്നത്. നരകത്തില്‍ അയക്കാന്‍ മാത്രം താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് അവന്‍ ഒരു നിമിഷം ആലോചിച്ചു.

” നരകത്തിലോ………..? പക്ഷെ ഞാന്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്……………..”:  ഭയന്നു പോയ അനൂപ്‌ അത്രയും പറഞ്ഞു. ചിത്രന്‍ ചോദ്യ രൂപേണ അവനെ നോക്കി.

ചിത്രഗുപ്തന്‍റെ കട്ടി മീശയും ചോരക്കണ്ണുകളും കണ്ടപ്പോള്‍ പേടി തോന്നിയെങ്കിലും ഇയാളെ ആരാണ് കാലപുരിയുടെ കാവലാളായി നിയോഗിച്ചതെന്നാണ് അനൂപ് അപ്പോള്‍ ആലോചിച്ചത്. പക്ഷേ ഇത് നാടകമല്ലെന്നും കഴിഞ്ഞു പോയ ജീവിതമാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ അവന്‍റെ പേടി കൂടി.

” ഞാന്‍ റോഡ്‌ അപകടത്തില്‍ പെട്ട ഒരാളെ സമയത്ത് ഹോസ്പിറ്റലില്‍ എത്തിച്ചു അയാളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.” : അനൂപ് പറഞ്ഞു. അതു കേട്ട് ചിത്ര ഗുപ്തന്‍ ഒന്നു ചിരിച്ചു.

” അയാള്‍ നിന്‍റെ അച്ഛന്‍റെ സ്നേഹിതനായിരുന്നില്ലേ ? അത് നിന്‍റെ കടമയായിരുന്നു……………” : ചിത്രന്‍ നിസാര ഭാവത്തില്‍ പറഞ്ഞു. ഭടന്മാര്‍ എല്ലാം കേട്ടു കൊണ്ട് അനങ്ങാതെ നില്‍ക്കുന്നത് അയാള്‍ ഇടക്ക് കണ്ടു. അയാള്‍ വീണ്ടും അനൂപിന്‍റെ മുഖത്തേക്ക് നോക്കി. അവന്‍ വീണ്ടും എന്തോ പറയാന്‍ തുടങ്ങുകയാണെന്ന് ചിത്രഗുപ്തന് മനസിലായി.

” ഒരു സ്കൂള്‍ കുട്ടിയെ കുറെ പേര്‍ ചേര്‍ന്നു തട്ടിക്കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അവരെ തടഞ്ഞ് ആ കുട്ടിയെ രക്ഷിച്ച് തിരിച്ച് വീട്ടിലെത്തിച്ചിട്ടുണ്ട്. ” : അനൂപ്‌ ആവേശത്തോടെ പറഞ്ഞു. പറഞ്ഞു തീരും മുമ്പേ ചിത്ര ഗുപ്തന്‍ പൊട്ടിച്ചിരിച്ചു.

” ഹ ഹ……….. കൊള്ളാം………… അതിനു പകരമായി നീ ആ കുഞ്ഞിന്‍റെ പിതാവില്‍ നിന്ന് സമ്മാനവും സ്വീകരിച്ചില്ലേ ? അതോടെ അതിന്‍റെ മഹത്വം നഷ്ടപെട്ടു………… വേറെ ?……………..” : ചിത്ര ഗുപ്തന്‍ തന്‍റെ കൊമ്പന്‍ മീശ തടവിക്കൊണ്ട് ചോദിച്ചു. ഇതു പോലുള്ള എത്രയെത്ര പുണ്യ പ്രവൃത്തികളെ കുറിച്ച് താന്‍ കേട്ടിരിക്കുന്നു എന്ന മട്ടില്‍ അയാള്‍ ആ ചെറുപ്പക്കാരനെ ഒന്നു ഇരുത്തി നോക്കി.

ദ്വാരപാലകരുടെ പരുക്കന്‍ മുഖത്തേക്ക് നോക്കിയപ്പോള്‍ തന്നെ അനൂപിനു പതര്‍ച്ച തോന്നി. പണ്ട് കണ്ടു മറന്ന ഏതോ ആക്ഷന്‍ സിനിമയിലെ അധോലോക ഗുണ്ടകളുടെ മുഖമാണ് അവന് അപ്പോള്‍ ഓര്‍മ്മ വന്നത്. ഏതു ക്രൂരകൃത്യം ചെയ്യാനും മടിക്കാത്തവരാണ് അവരെന്ന് അവനു തോന്നി.

” ഞാന്‍ ജീവന് തുല്യം സ്നേഹിച്ച രഞ്ജിനിക്ക് കുറേകൂടി നല്ല ജീവിതം കിട്ടും എന്നറിഞ്ഞപ്പോള്‍ വേദനയോടെയാണെങ്കിലും ഞാന്‍ പിന്മാറി. ” : അനൂപ്‌ പറഞ്ഞവസാനിപ്പിച്ചു. അയാളുടെ വാക്കുകള്‍ കേട്ടതും ചിത്ര ഗുപ്തന്‍ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു.

” നീ ആരോടാണ് ഈ കള്ളം പറയുന്നത് ? നിനക്ക് സ്വന്തമായി വരുമാനമില്ലാത്തത് കൊണ്ട് ആ കുട്ടിയുടെ പിതാവല്ലേ നിന്നെ വേണ്ടെന്നു വെച്ചത് ? പിതാവിനെ ധിക്കരിച്ച് അവള്‍ നിന്‍റെ കൂടെ വരാന്‍ തയാറായതുമില്ല. ഒന്നും ഞാന്‍ അറിഞ്ഞില്ലെന്ന് വിചാരിച്ചോ നീ ? ” : ദേഷ്യം കൊണ്ടു വിറച്ച് അയാളുടെ കണ്ണുകള്‍ കൂടുതല്‍ ചുവക്കുന്നത് കണ്ടപ്പോള്‍ അനൂപ് ഞെട്ടി വിറച്ച് പുറകോട്ടു മാറി.

ഇനി യാതൊരു പ്രതീക്ഷയ്ക്കും വകയില്ലെന്ന് അവന് തോന്നി. ഭടന്മാര്‍ തന്നെ കൊണ്ടു പോകാന്‍ അക്ഷമരാകുന്നത് അവന്‍ കണ്ടു. തന്‍റെ ഭാവി എന്തായിരിക്കുമെന്ന് ഓര്‍ത്തപ്പോള്‍ അനൂപിന് ആശങ്ക തോന്നി.

അനൂപിന്‍റെ മൌനം ഗൂഢമായി ആസ്വദിച്ചുകൊണ്ട് ചിത്രന്‍ വീണ്ടും തന്‍റെ കറങ്ങുംക്കസേരയില്‍ ഇരുന്നു. അവനെ ശരിക്കൊന്ന് വിചാരണ ചെയ്യാന്‍ തന്നെ അയാളുറച്ചു. അവനെ അങ്ങനെ വെറുതെ വിടാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. 

തുടര്‍ന്നു വായിക്കുക   

Leave a Comment

Your email address will not be published. Required fields are marked *