അമ്മയുടെ വിലാപം

malayalam story blog

നടിയും പള്‍സറും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ഒരുവന്‍.

താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് രണ്ടാമന്‍.

അനാവശ്യം പറഞ്ഞാല്‍ വിവരമറിയുമെന്ന് നടി.

ചുരുക്കത്തില്‍ കൊച്ചിയിലെ മീറ്റിംഗ് ഹാള്‍ വാദപ്രതിവാദങ്ങളില്‍ മുങ്ങി. അഥവാ വടക്കന്‍ പാട്ട് കഥകളിലെ പാണന്‍മാരെ പോലെ പപ്പരാസികള്‍ അങ്ങനെ പാടി നടന്നു. അന്തപ്പുരത്തില്‍ എന്തൊക്കെ നടന്നുവെന്ന് സത്യത്തില്‍ ആര്‍ക്കറിയാം ? അന്തപ്പുര രഹസ്യം അങ്ങാടിപ്പാട്ടാകുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. 

എല്ലാം കണ്ടും കേട്ടും അമ്മ പൊട്ടിക്കരയുകയും ചെയ്തത്രേ. അല്ലെങ്കിലും സര്‍വ്വം സഹയായി എല്ലാം സഹിക്കാനാണല്ലോ അമ്മമ്മാരുടെ വിധി. 

പള്‍സറിന് പിന്നില്‍ താനല്ലെന്നും ബജാജാണെന്നും നടന്‍ ആണയിട്ടു പറഞ്ഞു. അത് ദൂരദര്‍ശന്‍ തുടങ്ങിയ കാലം തൊട്ടേ മാലോകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ.

നടിയെ നുണച്ചിയെന്ന് ഹാസ്യ നടന്‍ വിളിച്ചതിനെ കുറിച്ചാണ് മറ്റ് ചിലര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. താന്‍ അങ്ങനെ വിളിച്ചിട്ടില്ലെന്നും തനിക്കും അമ്മ പെങ്ങള്മാര്‍ ഉണ്ടെന്നുമൊക്കെ പറഞ്ഞ് ദേശിയ അവാര്‍ഡ് ജേതാവ് കൂടിയായ നടന്‍ വലിയ വായില്‍ നിലവിളിച്ചപ്പോള്‍ സ്ത്രീ ജനങ്ങള്‍ക്ക് കണ്ണീര്‍ അടക്കാനായില്ല. അത് മുന്‍കൂട്ടി കണ്ട ത്രികാല ജ്ഞാനിയായ മെഗാ സ്റ്റാര്‍ എല്ലാവര്‍ക്കും തന്‍റെ വകയായി ഓരോ തൂവാല സപ്പ്ളൈ ചെയ്തപ്പോഴാണ് രംഗം ശാന്തമായത്.

 മുഖ്യമന്ത്രി പോലും തള്ളിക്കളഞ്ഞ ഗൂഡാലോചന ചിലര്‍ എന്തിനാണ് പൊക്കിക്കൊണ്ടു നടക്കുന്നതെന്നായി അപ്പോള്‍ ഒരു കൂട്ടര്‍. എല്ലാവരും സഖാക്കളല്ലെന്നും കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരുമൊക്കെ കൂട്ടത്തിലുണ്ടെന്നും സിനിമകളിലെ പോലെ ഡല്‍ഹിയില്‍ നിന്ന് വിമാനമിറങ്ങി വന്ന ആക്ഷന്‍ ഹീറോ തിരിച്ചടിച്ചു. 

സത്യം തെളിയിക്കാനായി നടിമാര്‍ സിനിമ പിടിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെ കുറിച്ചാണ് അമ്മയുടെ നായര്‍ക്ക് അറിയാനുണ്ടായിരുന്നത്. ചിലപ്പോള്‍ അത് വേണ്ടി വരുമെന്ന് പറഞ്ഞ ലേഡി സൂപ്പര്‍സ്റ്റാര്‍ പക്ഷേ ഒന്നും വിട്ടു പറഞ്ഞില്ല. നായകനായി മലയാളക്കരയെ കുറിച്ച് ഒരെട്ടും പൊട്ടുമറിയാത്ത ഏതെങ്കിലും ബംഗാളിയെ ഇറക്കേണ്ടി വരുമോ എന്ന വേവലാതി ആ മുഖത്തുണ്ടായിരുന്നു. ഇനി അഥവാ ഇറക്കിയാലും തള്ളക്കോഴി ഉടനെ അതിനെ റാഞ്ചിക്കൊണ്ടു പോയി സ്വന്തം ചിറകിനിടയില്‍ ഒളിപ്പിക്കും. അതാണല്ലോ ചരിത്രം. അങ്ങനെ വിനയനെ പോലുള്ളവര്‍ കുടിച്ച വെള്ളത്തിന്‌ കയ്യും കണക്കുമില്ല. പാവം ഇപ്പൊ ഏതെങ്കിലും ജുറാസിക്ക് പാര്‍ക്കോ കിംഗ്‌ കോംഗോ റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു, അതുകൊണ്ട് കുറച്ചു നാളായി അനക്കമൊന്നുമില്ല. മിണ്ടാപ്രാണികള്‍ക്ക് അമ്മയില്‍ മെമ്പര്‍ഷിപ്പ് കൊടുക്കില്ല എന്നറിഞ്ഞതോടെയാണ്‌ അദ്ദേഹം ആ വഴിക്ക് തിരിഞ്ഞത്. 

സന്ധ്യാ സമയം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്നും അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നുമാണ് ഒരു മുതിര്‍ന്ന അംഗം പറഞ്ഞത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ അങ്ങനെയാണത്രേ. സംസാരം കേട്ടപ്പോള്‍ പഴയ ഡല്‍ഹി മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന് തോന്നി. അവര്‍ രാജ്ഭവനിലേക്ക് താമസം മാറ്റിയപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കലഹിച്ച ന്യൂ ജനറേഷന്‍ നടി എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു. 

ഇരു ചേരികളിലായി വാചക കസര്‍ത്ത് അരങ്ങു തകര്‍ത്തപ്പോള്‍ ഒരുവേള തങ്ങള്‍ നിയമസഭയിലാണെന്ന് ചില അംഗങ്ങള്‍ക്ക് തോന്നിപ്പോയി. 

എവിടെ ജയരാജന്‍? എവിടെ തിരുവഞ്ചൂര്‍? എവിടെ രാജേട്ടന്‍? 

മലയാള ഭാഷയും വികട സരസ്വതിയും നാണിച്ചു നിന്നപ്പോള്‍ അതൊന്നുമറിയാതെ ഒരാള്‍ മാത്രം കാര്യമായി എന്തോ കുത്തിക്കുറിക്കുകയായിരുന്നു. 

അല്ല ചേട്ടാ, താങ്കള്‍ ഇവിടത്തെ സൂപ്പര്‍ സ്റ്റാറല്ലേ? മുന്നൂറു കിലോയുള്ള വരയന്‍ പുലിയെ ചങ്കുറപ്പോടെ നേരിട്ടവനല്ലേ? എന്നിട്ടെന്താ ഒന്നും പറയാത്തത്?

: ആരോ ചോദിച്ചു.

ഞാന്‍ അതേക്കുറിച്ചാണ് എഴുതുന്നത്. വരയന്‍ പുലികള്‍ നിരുപദ്രവകാരികള്‍. അതാണ്‌ എന്‍റെ പുതിയ ബ്ലോഗ്‌ പോസ്റ്റിന്‍റെ ടൈറ്റില്‍ : ഒരു നിമിഷം കടലാസില്‍ നിന്ന് മുഖമുയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 

ആ പോസ്റ്റിനായി അതോടെ മലയാളികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍ തുടങ്ങി. 

The End

Read സൂപ്പര്‍സ്റ്റാര്‍ – കഥ