നീലാംബരിയായി, ശിവകാമിയായി

ramya krishnan

ബാഹുബലി കണ്ടവരാരും രാജമാത ശിവകാമി ദേവിയെ മറക്കില്ല. സിനിമയുടെ ഇരു ഭാഗങ്ങളിലുമായി ഏതാനും രംഗങ്ങളില്‍ മാത്രമാണ് അവര്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായകനായ പ്രഭാസിനൊപ്പമോ അല്ലെങ്കില്‍ അതിലേറെയോ പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം. ഗാംഭിര്യം നിറഞ്ഞ അഭിനയ ശൈലി കൊണ്ടും തന്‍റെ തനതായ സൌന്ദര്യം കൊണ്ടും കരിയറില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന വേഷം അവര്‍ അത്യുജ്ജ്വലമാക്കി. 

എല്ലാ അര്‍ത്ഥത്തിലും മാതൃകാരത്നമാണ് ശിവകാമി ദേവി. പുത്ര സ്നേഹമുള്ളപ്പോള്‍ പോലും ഒരു ഭരണാധികാരി എന്ന നിലയിലുള്ള തന്‍റെ കടമയോ ധാര്‍മിക മൂല്യങ്ങളോ അവര്‍ വിട്ടുകളയുന്നില്ല. പിറക്കും മുന്‍പേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഭര്‍തൃ സഹോദരപുത്രനായ അമരേന്ദ്ര ബാഹുബലിക്ക് സിംഹാസനത്തിന് തുല്യ അവകാശം കല്‍പ്പിച്ചു കൊടുക്കാന്‍ ശിവകാമി തയ്യാറാകുന്നത് അതുകൊണ്ടാണ്. അതിന്‍റെ പേരില്‍ ഭര്‍ത്താവ് ബിജ്ജലദേവനില്‍ നിന്നും കൊട്ടാരത്തിന്‍റെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന അപസ്വരങ്ങള്‍ അവര്‍ വകവയ്ക്കുന്നുമില്ല.

അധികാരത്തിനും  ധനത്തിനും വേണ്ടി ചോരപ്പുഴകള്‍ ഏറെ ഒഴുകിയിട്ടുള്ള രാജ ഭരണ ചരിത്രത്തില്‍ ശിവകാമി ദേവി സൃഷ്ടിച്ചത് വേറിട്ടൊരു മാതൃകയാണെന്ന് നിസ്സംശയം പറയാം. 

Read മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി

നിര്‍ഭാഗ്യവശാല്‍ സ്വന്തം പാളയത്തിലെ പടയാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ അവര്‍ക്ക് ഏറെ വിഘാതം സൃഷ്ടിക്കുന്നത്. ഭര്‍ത്താവിനു പുറമേ അച്ഛന്‍റെ സ്വഭാവവും രീതികളും കണ്ടു വളര്‍ന്ന മകന്‍ ഭല്ലാലദേവനും രാജമാതയ്ക്ക് ഏറെ തലവേദനയുണ്ടാക്കുന്നുണ്ട്. ഏത് വിധത്തിലും അച്ഛന് നഷ്ടപ്പെട്ട അധികാരം തിരികെ പിടിക്കാനാണ് അയാളുടെ ശ്രമം.

നല്ലവനായ ബാഹുബലിയെയും ദുരാഗ്രഹിയായ ഭര്‍ത്താവിനെയും ധാര്‍ഷ്ട്യക്കാരനായ മകനെയും എന്നല്ല മഹിഷ്മതി എന്ന ദേശത്തെ മുഴുവന്‍ രണ്ടര പതിറ്റാണ്ടോളം വരച്ച വരയില്‍ നിര്‍ത്തിയ ശിവകാമിയുടെ വേഷം രമ്യ കൃഷ്ണന്‍റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്. അവര്‍ക്കല്ലാതെ മറ്റാര്‍ക്കും അത്ര തന്മയത്വത്തോടെ ആ വേഷം ചെയ്യാനാവില്ലെന്ന് സിനിമ കണ്ടവര്‍ക്കെല്ലാം മനസിലാകും.

പക്ഷേ സംവിധായകന്‍ രാജമൌലി ശിവകാമിയായി മനസ്സില്‍ കണ്ടത് മറ്റൊരു നടിയെ ആയിരുന്നു എന്നതാണ് കൌതുകകരം. ബോളിവുഡ് നടി ശ്രീദേവിയെ കഥയുമായി അദ്ദേഹം സമിപിച്ചെങ്കിലും അവര്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചതോടെയാണ് സംവിധായകന്‍ മനസില്ലാ മനസ്സോടെ രമ്യയെ തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് പക്ഷേ ചരിത്രമായി. 

പുരുഷ സൌന്ദര്യത്തിന്‍റെ എല്ലാ അഴകളവുകളുമുള്ള ബാഹുബലിയെയും ഭല്ലാലദേവനെയും ഭരിക്കുന്ന വ്യക്തി അതിനൊത്ത കഴിവുള്ളയാളാകണമല്ലോ. പൌരുഷം നിറഞ്ഞ ശബ്ദവും ആജ്ഞാ ശക്തിയുമുള്ള ശിവകാമിക്ക് മറ്റൊരു മുഖം കല്‍പ്പിക്കുക പ്രയാസമാണ്. ഇതിന് മുമ്പും രമ്യ കൃഷ്ണന്‍ എന്ന അഭിനേത്രി സമാനമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

സൂപ്പര്‍താരം രജനികാന്തിന്‍റെ പടയപ്പയില്‍ നായകനൊപ്പമോ അല്ലെങ്കില്‍ അതിനു മുകളിലോ നില്‍ക്കുന്ന പ്രകടനമാണ് അവര്‍ കാഴ്ച വച്ചത്. രജനിയുടെ സിനിമയില്‍ അത് അത്യപൂര്‍വ്വമാണെന്നല്ല, ആദ്യമായിട്ടാണെന്ന് തന്നെ പറയാം.

നായകന്‍റെ പിന്നാലെ മരം ചുറ്റി നടക്കാനാണ് തമിഴകത്തെ മിക്ക സൂപ്പര്‍താര നായികമാരുടെയും വിധി. രജനികാന്തിന്‍റെ സിനിമകളാണ് അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അതില്‍ തെറ്റ് പറയാനും പറ്റില്ല. കാരണം സിനിമ എങ്ങനെ കച്ചവടം ചെയ്യാം എന്ന് ഇന്ത്യന്‍ സിനിമയെ പഠിപ്പിച്ച നടനാണ്‌ അദ്ദേഹം. രജനിയുടെ പേരിലാണ് ലോകമെങ്ങും സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത് തന്നെ. അദ്ദേഹത്തിന്‍റെ സ്റ്റൈല്‍, ആക്ഷന്‍, പഞ്ച് ഡയലോഗ്, ഡാന്‍സ് എന്നിവയൊക്കെയാണ് ആ സിനിമകളുടെ ഹൈലൈറ്റ്.

രജനിയുടെ പതിവ് സിനിമകളില്‍ നിന്ന് വേറിട്ടൊരു രീതിയാണ് കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത പടയപ്പയില്‍ കണ്ടത്. സൂപ്പര്‍സ്റ്റാര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ മസാല ചേരുവകളും അടങ്ങിയ സിനിമയായിരുന്നു അതെങ്കിലും പ്രതിനായികയായ നീലാംബരി ഏറെ പ്രശംസ പിടിച്ചു പറ്റി. രജനിയുടെ വില്ലന്മാരെ ശത്രുതാ മനോഭാവത്തോടെ കാണുന്ന കടുത്ത ആരാധകര്‍ പോലും വാക്കുകള്‍ കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും നായകന് തുല്യം നിന്ന നീലാംബരിയെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

എണ്‍പതുകളുടെ അവസാനം പുറത്തിറങ്ങിയ മാപ്പിളൈ എന്ന ചിത്രത്തില്‍ രജനിയുടെ മരുമകന്‍ വേഷത്തോട് നിരന്തരം പോരടിക്കുന്ന അമ്മായിയമ്മയെ ശ്രീവിദ്യ അനശ്വരമാക്കിയിട്ടുണ്ട്. പക്ഷേ നടന്‍റെ സൂപ്പര്‍താര പരിവേഷം അതിനു ശേഷം ഏറെ മാറിപ്പോയി. ശ്രീവിദ്യയുടെ കഥാപാത്രം അവസാനം നായകന് അടിയറവ് പറയുന്നുണ്ടെങ്കിലും നീലാംബരി അങ്ങനെയല്ല.

ആദ്യം പ്രണയിതാവും പിന്നീട് നിതാന്ത ശത്രുവുമായ പടയപ്പയുടെ മുന്നില്‍ തോല്‍വി സമ്മതിക്കാതെ അവര്‍ സ്വയം മരണം വരിക്കുകയാണ്. ഒരു നടി എന്നത് നായകനെ പ്രണയിച്ച് നടക്കാനുള്ള കേവലം കച്ചവടച്ചരക്കല്ലെന്നും മറിച്ച് ഓരോ അണുവിലും അയാള്‍ക്ക് തുല്യം നില്‍ക്കുന്ന ശക്തിയാണെന്നുമാണ് നീലാംബരിയും ശിവകാമിയുമൊക്കെ നമ്മോട് വിളിച്ചു പറയുന്നത്. 

The End

Leave a Comment

Your email address will not be published. Required fields are marked *