കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍ 1

അജിത്തിന്‍റെയും മൃദുലയുടെയും വിവാഹം ആലോചിച്ചുറപ്പിച്ചത് ഇരുവരുടെയും വീട്ടുകാരാണ്. അജിത്ത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മൃദുല ഡിഗ്രി എഴുതി നില്‍ക്കുന്ന സമയത്താണ് അജിത്ത് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

വിവാഹശേഷം ജോലിക്കു പോകണമെന്ന് മൃദുലയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അജിത്തിന്‍റെ എതിര്‍പ്പ് അതിനു തടസമായി. ഭാര്യ ജോലിക്കു പോകുന്നതില്‍ താല്പര്യമില്ലാത്ത യാഥാസ്ഥിതിക ചിന്താഗതിക്കാരനായിരുന്നു അയാള്‍. പക്ഷേ മൃദുലയെ അയാള്‍ ജീവന് തുല്യം സ്നേഹിച്ചു. അവള്‍ക്കും തിരിച്ച് അങ്ങനെ തന്നെയായിരുന്നു.

കിടപ്പറയിലെ നിമിഷങ്ങള്‍ അവര്‍ ആനന്ദകരമാക്കി. താന്‍ ആഗ്രഹിച്ച ജീവിത പങ്കാളിയെ തന്നെയാണ് കിട്ടിയതെന്ന് അജിത്തിനും തോന്നി. എന്നാല്‍ അധികം വൈകാതെ എല്ലാം തകിടം മറിഞ്ഞു. അതുവരെ എല്ലാ കാര്യങ്ങള്‍ക്കും ഉല്‍സാഹം കാണിച്ചിരുന്ന മൃദുല പതുക്കെ പതുക്കെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് രാത്രികളില്‍ അയാളില്‍ നിന്ന്‍ ഒഴിഞ്ഞു മാറാന്‍ തുടങ്ങി. ആദ്യമൊക്കെ നിസാരം എന്നു തോന്നി അവഗണിച്ചെങ്കിലും എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് താമസിയാതെ തന്നെ അയാള്‍ക്ക് മനസിലായി.

ആഴ്ചകള്‍ക്ക് അപ്പുറമുള്ള ഒരു മദ്ധ്യാഹ്നത്തില്‍ മാനസികവും ശാരീരികവുമായി അകന്നു തുടങ്ങിയ ഭാര്യയെയും കൊണ്ട് ആ ചെറുപ്പക്കാരന്‍ മുന്നിലെത്തിയപ്പോള്‍ ഡോക്ടര്‍ ഹരി പോത്തന് അവര്‍ക്കിടയിലെ യഥാര്‍ത്ഥ പ്രശ്നം എന്തെന്നറിയാന്‍ കുറച്ചു പാടുപെടേണ്ടി വന്നു.രണ്ടാം വട്ട കൂടിക്കാഴ്ചയിലാണ് മൃദുല തുറന്നു സംസാരിക്കാന്‍ തയ്യാറായത്.അതോടെ അജിത്തിന്‍റെ കിടപ്പറയിലെ പെരുമാറ്റത്തിലാണ് കുഴപ്പമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അജിത്ത് തന്‍റെ താല്പര്യങ്ങള്‍ മനസിലാക്കാത്തതും ചില സിനിമകളിലെ പോലെ അഭിനയിക്കാന്‍ പ്രേരിപ്പിച്ചതുമാണ് മൃദുലയെ അയാളില്‍ നിന്നകറ്റിയത്. പലപ്പോഴും ബലപ്രയോഗത്തിന് മുതിര്‍ന്നത് അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി.

കിടപ്പറയില്‍ പല ഭര്‍ത്താക്കന്‍മാര്‍ക്കും സംഭവിക്കുന്ന തെറ്റ് തന്നെയാണ് അജിത്തിനും സംഭവിച്ചത്. സ്ത്രീകള്‍ ബലപ്രയോഗം ആസ്വദിക്കുന്നവരാണെന്നും അതാണ് പുരുഷത്വത്തിന്‍റെ ലക്ഷണമെന്നും അയാള്‍ വിശ്വസിച്ചു. വിവാഹത്തിന് മുമ്പ് സുഹൃത് സദസില്‍ നിന്ന്‍ ലഭിച്ച ചില അറിവുകളും പുസ്തകങ്ങളും ആ വിശ്വാസം അയാളില്‍ ഊട്ടിയുറപ്പിച്ചു.

കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍ 2

കിടപ്പറയില്‍ ഭാര്യയോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷന്‍മാര്‍ക്ക് പല തെറ്റിദ്ധാരണകളുമുണ്ട്.

1. എനിക്കെല്ലാം അറിയാം

രതിയെ കുറിച്ച് തനിക്കെല്ലാം അറിയാം എന്നാണ് എല്ലാ പുരുഷന്മാരുടെയും ധാരണ. നിറം പിടിപ്പിച്ച കഥകളിലും വീഡിയോകളിലും നിന്ന്‍ ലഭിക്കുന്ന അറിവുകളാണ് പലപ്പോഴും അയാളുടെ അത്തരം ചിന്തകള്‍ക്ക് ആധാരം. എന്നാല്‍ അതെല്ലാം ചില വ്യക്തികളുടെ ഭാവനകള്‍ മാത്രമാണെന്ന് അയാള്‍ ഓര്‍ക്കാറില്ല. അതുകൊണ്ടു തന്നെ അവയ്ക്കൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു സ്ഥാനവുമില്ല.

2. എല്ലാ സ്ത്രീകളും ഒരുപോലെയാണ്

സ്ത്രീകളുടെയെല്ലാം വികാരങ്ങള്‍ ഒരുപോലെയാണെന്നും രതി മൂര്‍ച്ച സംഭവിക്കുന്നത് ഒരേ വിധത്തിലാണെന്നും അയാള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഓരോ സ്ത്രീക്കും അവരുടേതായ സെന്‍സേഷണല്‍ പോയിന്‍റുകള്‍ ഉണ്ട്. പിന്‍ കഴുത്തില്‍ ചുംബിക്കുന്നത് ചിലരില്‍ വികാരമുണ്ടാക്കുമെങ്കില്‍ കൈകള്‍ മൃദുവായി മസാജ് ചെയ്യുന്നത് വഴിയാകും മറ്റ് ചില സ്ത്രീകള്‍ രതിമൂര്‍ച്ചയിലെത്തുക. ഒരാള്‍ക്ക് ഇഷ്ടമാകുന്ന കാര്യം രണ്ടാമത്തെ ആള്‍ക്ക് ഒരുപക്ഷേ അരോചകമായി തോന്നും. കാമുകിയുടെ താല്‍പര്യങ്ങള്‍ മനസില്‍ വച്ചുകൊണ്ട് ഭാര്യയെ സമീപിക്കുന്നത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുന്നത്.

3. എനിക്ക് ദൌര്‍ബല്യങ്ങളൊന്നുമില്ല

കോടികള്‍ മുടക്കിയെടുക്കുന്ന സിനിമകള്‍ പോലും ക്ലൈമാക്സ് മോശമായതിന്‍റെ പേരില്‍ പരാജയപ്പെടാറുണ്ട്. എന്നാല്‍ കിടപ്പറയില്‍ ക്ലൈമാക്സ് ഉദ്ദേശിച്ച പോലെ വന്നില്ലെങ്കില്‍ പലപ്പോഴും ഭാര്യയായിരിക്കും പഴി കേള്‍ക്കുന്നത്. ഒന്നും എന്‍റെ കുഴപ്പമല്ല, എല്ലാം നിന്‍റേതാണ് എന്ന മട്ടിലുള്ള അയാളുടെ വാക്കുകള്‍ അവളെ മാനസികമായി തളര്‍ത്തും. കുറ്റം ആരുടേതായാലും പ്രായോഗികതയില്‍ ഊന്നിയുള്ള സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്.

4. ഭാവനകള്‍ അവഗണിക്കുക

പുരുഷന്മാരേ പോലെ തന്നെ സ്ത്രീകള്‍ക്കും രതി സങ്കല്‍പ്പങ്ങളുണ്ട്. അത് ഭര്‍ത്താവ് സാധ്യമാക്കുമെന്ന് സ്വാഭാവികമായും അവള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പല ഭര്‍ത്താക്കന്മാരും തന്‍റെ ജീവിത പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ മെനക്കെടാറില്ല. പകരം തന്‍റെ രതി കല്‍പനകള്‍ പരീക്ഷിച്ചു നോക്കാനുള്ള ഒരു ഉപകരണം മാത്രമായി അവളെ കാണുന്നു.

5. ആവേശം അത്ര നന്നല്ല

പുരുഷന്‍ ഷങ്കര്‍ പടം പോലെ ആവേശത്തോടെ നേരിട്ട് കാര്യങ്ങളിലേക്ക് കടക്കുമ്പോള്‍ സ്ത്രീകള്‍ അടൂരിന്‍റെ സിനിമകള്‍ പോലെ എല്ലാം സാവധാനത്തില്‍ മതിയെന്ന്‍ ആശിക്കുന്നു. ആദ്യം കൊച്ചു വര്‍ത്തമാനങ്ങളും കളിചിരികളും പറഞ്ഞ്, തലോടലിനും ചെറു ചുംബനങ്ങള്‍ക്കും ശേഷം മതി ബാക്കിയെല്ലാം എന്നാണ് അവരുടെ മനസിലിരുപ്പ്. എന്നാല്‍ അത്രയൊന്നും ക്ഷമയില്ലാത്ത പുരുഷന്‍ സമയമൊട്ടും പാഴാക്കാതെ രതിയിലേക്ക് നേരിട്ട് കടക്കുന്നു. അത് കാണുമ്പോള്‍ എല്ലാം എത്രയും വേഗം തീര്‍ത്ത് അയാള്‍ക്ക് വേറെ എവിടെയോ പോകാനുണ്ടെന്നാവും അവള്‍ക്ക് തോന്നുക.

6. ഭര്‍ത്താവ് ഭര്‍ത്താവല്ല

എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കഴിവുള്ള നേതൃ പാടവമുള്ള ഭര്‍ത്താവിനെയാണ് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. അയാളെ നല്ല ഒരു സംരക്ഷകനായും കാമുകനായും നേതാവായും അവര്‍ കാണുന്നു. നേതാവ് എന്നത് കൊണ്ട് അടിച്ചമര്‍ത്തലോ ബലപ്രയോഗമോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ അയാളെ ഏത് ഭാര്യയും അനുസരിക്കും. അവളുടെ കുറ്റങ്ങളും കുറവുകളും തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനും ആശ്വസിപ്പിക്കാനും കൂടി അയാള്‍ തയ്യാറാവണം.

7. അവള്‍ ഒരു സിനിമാ നടിയല്ല

ചില ചിത്രങ്ങളിലെ നടിമാരെ പോലെ അഭിനയിക്കാന്‍ ഭാര്യയോട് പല ഭര്‍ത്താക്കന്മാരും ആവശ്യപ്പെടാറുണ്ട്. അത്തരം ആവശ്യങ്ങള്‍ സ്വന്തം വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് പോലെയാകും അവള്‍ക്ക് തോന്നുക. സിനിമയില്‍ ഒരുവട്ടം അഭിനയിച്ച രംഗങ്ങള്‍ അതുപോലെ തന്നെ വീണ്ടും അഭിനയിച്ച് കാണിക്കാന്‍ വിഖ്യാത നടീനടന്‍മാര്‍ക്ക് പോലും കഴിയാറില്ല.അപ്പോള്‍ കേവലം സാധാരണക്കാരി മാത്രമായ അവള്‍ക്ക് അതെങ്ങനെ കഴിയും ?

8. സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുക

ഭാര്യയുടെ പിണക്കം മാറ്റാന്‍ പുറത്ത് ഡിന്നറിന് കൊണ്ടു പോകുന്നതും വില കൂടിയ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നതും ഭര്‍ത്താക്കന്മാരുടെ പതിവാണ്. അത്തരം കാര്യങ്ങള്‍ അവള്‍ക്ക് ഇഷ്ടമാകുമെങ്കിലും അവസാനം എല്ലാത്തിനും പകരമായി സെക്സ് ആവശ്യപ്പെടുന്നത് അവമതിയുണ്ടാക്കും. സെക്സിന് പകരം പണം നല്‍കുന്ന മനസ്ഥിതിക്കാരനാണ് തന്‍റെ ഭര്‍ത്താവ് എന്നായിരിക്കും അവള്‍ക്ക് തോന്നുക. അത് അയാളുടെ ആത്മവിശ്വാസക്കുറവായും കഴിവില്ലായ്മയായും അവള്‍ വ്യാഖ്യാനിക്കും.

9. നിശബ്ദനായിരിക്കുക

കിടപ്പറയില്‍ നിശബ്ദനായിരിക്കുന്ന ഭര്‍ത്താവിനെ സ്ത്രീകള്‍ പൊതുവേ ഇഷ്ടപ്പെടില്ല. അവരെ സംബന്ധിച്ച് ഇടയ്ക്ക് കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുന്നതും മൂളുന്നതുമൊക്കെ രതിയുടെ ഭാഗമാണ്. അങ്ങനെയല്ലാത്ത ഭര്‍ത്താവ് വെറുതെ കടമ മാത്രം ചെയ്യുകയാണ് എന്നായിരിക്കും അവള്‍ക്ക് തോന്നുക.

10. മറ്റ് ശരീര ഭാഗങ്ങള്‍ അവഗണിക്കുക

തന്‍റെ കൈകാലുകളിലും ചെവിയിലും പിന്‍കഴുത്തിലും വരെ ഭര്‍ത്താവിന്‍റെ കൈ എത്തണമെന്ന് അവള്‍ ആശിക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ അത്തരം നിസാര കാര്യങ്ങള്‍ അവഗണിക്കാറാണ് പതിവ്. അത് സ്വാഭാവികമായും അവളില്‍ നീരസമുണ്ടാക്കും.

The End

Leave a Comment

Your email address will not be published. Required fields are marked *