കേജ്രിവാളിനും സംഘത്തിനും ഇത് തിരിച്ചടിയുടെ നാളുകളാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ഉള്‍പ്പോരും അന്ത:ഛിദ്രവും മൂര്‍ഛിച്ചത് സംഘടനയ്ക്ക് വിനയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി കൂടിയായിരുന്ന ഷാസിയ ഇല്‍മി, എയര്‍ ഡെക്കാന്‍ മേധാവിയായിരുന്ന ക്യാപ്റ്റന്‍ ഗോപിനാഥ് എന്നിവര്‍ നേതൃനിരയോടുള്ള അഭിപ്രായ വ്യത്യാസം മൂലം പുറത്തുപോയത് ആം ആദ്മിയുടെ വരാനിരിക്കുന്ന മോശം നാളുകളുടെ സൂചനയാണ്. നേതൃത്വത്തിന് വ്യക്തമായ നയപരിപാടിയില്ലെന്നും ഒരു പ്രത്യേക കോക്കസാണ് കേജ്രിവാളിനെ നിയന്ത്രിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഷാസിയ ആപ്പിനോട് വിട പറഞ്ഞത്. അടുത്ത കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ഗോപിനാഥ് കാര്യ ഗൌരവമില്ലാതെ നാടകം കളിക്കുന്ന നേതാക്കളോട് യോജിക്കാനാവില്ലെന്ന് രാജിക്കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ആം ആദ്മി രാഷ്ട്രീയത്തിന്റെ അലയൊലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടമായി. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത കോര്‍പ്പറേറ്റുകള്‍ പോലും തല്‍സ്ഥാനം രാജിവച്ച് അരാഷ്ട്രീയവാദികള്‍ എന്നു വിളിക്കപ്പെട്ട കേജ്രിവാള് സംഘത്തിനൊപ്പം ചേര്‍ന്നു. ആപ്പിള്‍, ഇന്‍ഫോസിസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ സംഘടനയിലേക്ക് ഒഴുകി. ഗാന്ധിജിയുടെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും കുടുംബ പരമ്പരകള്‍ വരെ സംഘടനയില്‍ അംഗത്വമെടുത്തു. റിലയന്‍സ് ഉള്‍പ്പടെയുള്ള വമ്പന്മാര്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടി ജനങ്ങളുടെ കയ്യടി കിട്ടുന്നിടത്തെല്ലാം ചെന്നെത്തി. ഡല്‍ഹിയില്‍ അധികാരത്തിലെത്താനായി വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തിയ പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങളാണ് ഒടുവില്‍ പക്ഷേ അവരെ കുഴിയില്‍ ചാടിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാര്‍ട്ടി പരമാവധി ശ്രമിച്ചെങ്കിലും വില പോയില്ല. കോണ്‍ഗ്രസ് പിന്തുണക്കാമെന്ന് അറിയിച്ചതോടെ ഗത്യന്തരമില്ലാതെ അരവിന്ദ് കേജ്രിവാളിന് സര്‍ക്കാരുണ്ടാക്കേണ്ടി വന്നു. ഓരോ കുടുംബത്തിനും പ്രതിദിനം 60 ലിറ്റര്‍ സൌജന്യ ജലം, വൈദ്യുതി ചാര്‍ജ് കുറയ്ക്കല്‍ എന്നിവയായിരുന്നു നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ ആം ആദ്മി നല്കിയ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസ് ഭരണകാലത്തെ വിലകയറ്റവും കെടുകാര്യസ്ഥതയും മൂലം പൊറുതി മുട്ടിയ ജനങ്ങള്‍ അവ ഇരു കയ്യും നീട്ടി സ്വീകരിച്ചു, കടുത്ത ആപ്പ് അനുഭാവികള്‍ പോലും പ്രതീക്ഷിക്കാത്ത സീറ്റുകള്‍ അവര്‍ക്ക് നല്കി. ഭരണത്തിലെത്തിയ പാര്‍ട്ടി വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കിയെങ്കിലും സൌജന്യ ജല വിതരണം അംഗീകൃത കോളനികള്‍ക്ക് മാത്രമായി ചുരുക്കി. ആദ്യ മൂന്നു മാസത്തേക്കുള്ള തുക മാത്രം പദ്ധതിക്കായി വകയിരുത്തിയതോടെ സര്‍ക്കാര്‍ അതിനപ്പുറത്തേക്ക് നീളില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചു.
പ്രവചനം തെറ്റിയില്ല. ഭരിക്കുന്നതിന് പകരം രാജി വയ്ക്കാനുള്ള വഴികളാണ് പിന്നെ പാര്‍ട്ടി തേടിയത്. 49 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു കാരണം വീണുകിട്ടി. ജന്‍ ലോക്പാല്‍. അതില്‍ തൂങ്ങി കേജ്രിവാള് രാജിവച്ചു. രണ്ടു ദിവസം കൂടി കാത്തിരുന്നുവെങ്കില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കും എന്ന് വ്യക്തമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസും ബിജെപിയും ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല. പക്ഷേ സൌജന്യ ജലവും വൈദ്യുതിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പാപഭാരം കേന്ദ്ര സര്‍ക്കാരിന് മേല്‍ ചാരി ബുദ്ധിപൂര്‍വം അധികാരമൊഴിഞ്ഞു. ആദര്‍ശധീരത എന്ന പേരില്‍ തുടക്കത്തില്‍ ജനം കൂടെ നിന്നെങ്കിലും തീരുമാനത്തിലെ പൊള്ളത്തരം തിരിച്ചറിഞ്ഞതോടെ വലിയൊരു വിഭാഗം പാര്‍ട്ടിയില്‍ നിന്നകന്നു.
ലളിതജീവിതത്തിന്റെ പേരില്‍ ജനങ്ങളെ കയ്യിലെടുത്ത അരവിന്ദ് കേജ്രിവാള് അധികാരമേറ്റതിന് ശേഷം ആളാകെ മാറിയെന്ന് അദ്ദേഹത്തിന്റെ ഗുരു കൂടിയായ അണ്ണാ ഹസാരെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷവും സാധാരണക്കാരോടൊപ്പം യാത്ര ചെയ്ത കേജ്രിവാള് പക്ഷേ രാജിവച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടില്ല. വീട് ഒഴിയണമെന്ന് കേന്ദ്രം ഇടക്ക് ആവശ്യപ്പെട്ടെങ്കിലും മകള്‍ക്ക് പരീക്ഷയാണെന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം സമയം നീട്ടിചോദിച്ചു. വാക്കും പ്രവൃത്തിയും വേറെയായപ്പോഴാണ് പതിവ് രാഷ്ട്രീയക്കാരെ മാറ്റി ജനം ആം ആദ്മികളെ പരീക്ഷിച്ചത്. പക്ഷേ അതേ വഴിയില്‍ കൂടിയാണ് ഇപ്പോള്‍ കേജ്രിവാളിന്റെയും സഞ്ചാരം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയതോടെ നീക്കം ഉപേക്ഷിച്ചു. സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തി നില്ക്കുമ്പോള് ജനത്തെ എങ്ങനെ കയ്യിലെടുക്കാം എന്നാണ് ആപ്പ് ആലോചിക്കുന്നത്. കാര്യങ്ങള്‍ പഴയത് പോലെ എളുപ്പമല്ല. അഴിമതിയുടെയും ദുര്‍ഭരണത്തിന്റെയും പേരില്‍ ഷീല ദീക്ഷിത്തായിരുന്നു അന്ന് പ്രതിസ്ഥാനത്തെങ്കില്‍ ഇക്കുറി കേജ്രിവാള് തന്നെയാണ് ഒരു വിഭാഗം ജനങ്ങള്‍ക്ക് മുന്നില്‍ വില്ലനാകുന്നത്. കയ്യില്‍ കിട്ടിയ അധികാരം ഉത്തരവാദിത്വമില്ലാതെ വലിച്ചെറിഞ്ഞെന്ന ഇമേജ് അദ്ദേഹത്തിന് ദോഷം ചെയ്യും. കേന്ദ്രത്തില്‍ വന്‍വിജയം നേടിയ ബിജെപിക്ക് സ്വാഭാവികമായും സംസ്ഥാനത്ത് മുന്‍തൂക്കമുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള ഏഴു സീറ്റുകളും അവരാണ് നേടിയത്. എല്ലാ സീറ്റുകളിലും ആം ആദ്മി രണ്ടാം സ്ഥാനം നേടിയപ്പോള്‍ കോണ്‍ഗ്രസ് ആദ്യമായി മൂന്നാം സ്ഥാനത്തായി. ഈ സ്ഥിതി വിശേഷമാണ് ആപ്പിന് അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. പക്ഷേ കേന്ദ്രവുമായി യോജിച്ച് പോകുന്ന ഒരു സര്‍ക്കാര്‍ വേണമെന്ന് ജനം ശഠിച്ചാല്‍ പാര്‍ട്ടി കളത്തിന് പുറത്താകും.
കേജ്രിവാള് ജാമ്യമെടുക്കാതെ കോടതിയില്‍ നടത്തിയ നാടകം വേണ്ടത്ര ഫലം ചെയ്തില്ലെങ്കിലും അദ്ദേഹത്തെ നിസാരമായി എഴുതിത്തള്ളാനാവില്ല എന്ന് ബിജെപിക്കും കോണ്‍ഗ്രസിനും നല്ലതുപോലെ അറിയാം. ആദ്യമായി ലോക്സഭയിലേക്ക് മല്‍സരിച്ച ആം ആദ്മി 11,325,635 വോട്ടുകളാണ് വിവിധ മണ്ഡലങ്ങളില്‍ നിന്ന് നേടിയത്. പതിനെട്ട് സീറ്റ് നേടിയ ശിവസേനയ്ക്ക് ഇത് 10,262,982ഉം കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തമുണ്ടായിരുന്ന എന്‍സിപിയ്ക്ക് 8,635,554ഉം 20 സീറ്റുകള്‍ നേടിയ ബിജെഡിയ്ക്ക് ഇത് 9,491,497ഉം ആണെന്നോര്‍ക്കുക. ജയിച്ചില്ലെങ്കിലും ആപ്പ് പല മണ്ഡലങ്ങളിലും നിര്‍ണ്ണായക ശക്തിയായി, പല വമ്പന്മാരുടെയും തോല്‍വികള്‍ക്ക് കാരണക്കാരുമായി.
രാജ്യത്തെ നിഷ്പക്ഷമതികളായ ജനങ്ങള്‍ക്ക് ഇന്നും ആം ആദ്മി രാഷ്ട്രീയത്തില്‍ പ്രതീക്ഷയുണ്ട്. ഓരോ വിഷയങ്ങളെയും പ്രായോഗികതയിലും ധാര്‍മികതയിലും ഊന്നിയ വ്യക്തമായ നയ പരിപാടികളോടെ സമീപിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം വില കുറഞ്ഞ പൊറാട്ട് നാടകങ്ങള്‍ അവസാനിപ്പിക്കാനും പാര്‍ട്ടി തയ്യാറാകണം. കയ്യടി കിട്ടാന്‍ വേണ്ടി കോടതി നടപടികളെ അപഹാസ്യമാക്കുന്നത് രാജ്യത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇറങ്ങിപുറപ്പെട്ട ആള്‍ക്ക് അത്ര നന്നല്ല. കാര്യ ഗൌരവമുള്ള വിഷയങ്ങളെ സമചിത്തതയോടെ സമീപിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം ഷീല ദീക്ഷിത് സര്‍ക്കാരിനെ തൂത്തെറിഞ്ഞ ചൂല് വിപ്ലവം ആം ആദ്മികളെയും കട പുഴക്കും.
The End
[My article originally published in British Pathram on 26.05.2014]