മഅദനിയുടെ തടവറയും തീവ്രവാദത്തിന്‍റെ കാണാപ്പുറങ്ങളും

മഅദനിയുടെ തടവറയും തീവ്രവാദത്തിന്‍റെ കാണാപ്പുറങ്ങളും 1

 

ഒടുവില്‍ ഹൈക്കോടതിയും മഅദനിയെ കൈവിട്ടു. ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന അദ്ദേഹം തന്‍റെ മോശം ആരോഗ്യസ്ഥിതി കാണിച്ച് ജാമ്യാപേക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതിയെ സമീപിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. മഅദനി മോശം അവസ്ഥയിലാണെങ്കിലും അത് തുടര്‍ ചികില്‍സക്ക് അദ്ദേഹം തയ്യാറാകാത്തതുകൊണ്ടാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതിനിടയില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ മഅദനിയുടെ തടവ് ജീവിതം രണ്ടു വര്‍ഷം പിന്നിട്ടു. 2011 ആഗസ്റ്റ് മാസത്തിലാണ് കര്‍ണ്ണാടക പോലീസ് കൊല്ലം അന്‍വാശേരിയില്‍ നിന്ന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഒരാള്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്കാര്യത്തില്‍ സ്വതന്ത്രഇന്ത്യയിലെ ഏത് വലിയവനും ചെറിയവനും ഒരുപോലെയാണ്. പക്ഷേ നീതിയും നിയമവും അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും ആളുകളെ വിചാരണ പോലുമില്ലാതെ തടവറയില്‍ തളച്ചിടുന്നതും അംഗീകരിക്കാനാവില്ല. അജ്മല്‍ കസബിനെയും തടിയന്‍റവിട നസീറിനെയും പോലുള്ള കൊടും കുറ്റവാളികളെ തല്‍ക്കാലം നമുക്ക് മറക്കാം. മഅദനിയും കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. പക്ഷേ നേരത്തെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ഒമ്പത് വര്‍ഷം ജയിലില്‍ കിടക്കുകയും അവസാനം തെളിവില്ല എന്നു പറഞ്ഞ് കോടതി വെറുതെ വിടുകയും ചെയ്ത ആളാണ് അദ്ദേഹം. മനസ്സാ വാചാ അറിയാത്ത കാര്യത്തിന് (അങ്ങനെയാണെങ്കില്‍) ഒരു പതിറ്റാണ്ടോ അല്ലെങ്കില്‍ അതിലധികമോ ജയില്‍വാസം അനുഭവിക്കുകയും അതിനുശേഷം നിരപരാധിയെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ എത്ര ദു:ഖകരമാണ്.

അയല്‍സംസ്ഥാനങ്ങള്‍ക്ക് അബ്ദുള്‍ നാസര്‍ മഅദനി ഒരു തീവ്രവാദിയോ കൊടും കുറ്റവാളിയോ ഒക്കെയാണെങ്കിലും കേരളത്തിലെ നേതാക്കള്‍ക്ക് അദ്ദേഹം ഒരു വോട്ട് ബാങ്കാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും അതു കഴിയുമ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്നത് എത്രയോ വട്ടം നമ്മള്‍ കണ്ടതാണ്. തങ്ങളുടെ സംഘടനാ സംവിധാനത്തെക്കാള്‍ മഅദനിയുടെ കൊച്ചു പാര്‍ട്ടിക്കാണ് മലബാറില്‍ ശക്തിയെന്ന് സിപിഎം പോലും ഇടക്ക് വിശ്വസിച്ചു. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വേളയില്‍ ആ വിശ്വാസം തകര്‍ന്നെങ്കിലും ഇടത് വലത് മുന്നണികള്‍ ഇനിയും മഅദനിയെ തീര്‍ത്തും കൈവിട്ടിട്ടില്ല. പക്ഷേ അവരുടെ പരിധിക്കും അപ്പുറത്താണ് തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും കാര്യങ്ങള്‍. അവിടെ നിവേദനം കൊടുക്കാനും മന്ത്രിമാരുടെ മുന്നില്‍ സങ്കടം പറയാനുമല്ലാതെ നമ്മുടെ ഭരണാധികാരികള്‍ക്ക് ഉത്തരവിറക്കാനോ അല്ലെങ്കില്‍ എജിയെ വെച്ച് പ്രതിയുടെ വീരകഥകള്‍ കോടതിയില്‍ വര്‍ണ്ണിക്കാനോ സാധിക്കില്ല.

ഭൂതകാലത്ത് അബ്ദുള്‍ നാസര്‍ മഅദനി സല്‍ഗുണ സമ്പന്നനൊന്നുമായിരുന്നില്ല എന്നത് സത്യമാണ്. അദ്ദേഹം സ്ഥാപിച്ച ഐഎസ്എസ് (ഇസ്ലാമിക് സേവ സംഗ്) വഴിയാണ് തടിയന്‍റവിട നസീര്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. പിന്നീട് പലവട്ടം ഇരുവരും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ടെലഫോണ്‍ രേഖകള്‍ അടിസ്ഥാനമാക്കി അവര്‍ വാദിച്ചു. ഇതെല്ലാം സത്യമാണെങ്കില്‍ ഇക്കാര്യത്തില്‍ കേരള പോലീസ് കുറ്റകരമായ അലംഭാവമാണ് കാട്ടിയത് എന്നതു പറയാതെ വയ്യ. ഭരണാധികാരികളുടെ രാഷ്ട്രീയം നോക്കി കാവിയെന്നും പച്ചയെന്നും വേര്‍തിരിച്ച് കാണേണ്ട ഒന്നല്ല രാജ്യ സുരക്ഷ.

മഅദനിയുടെ തടവറയും തീവ്രവാദത്തിന്‍റെ കാണാപ്പുറങ്ങളും 2

 

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണ്ണാടക പോലീസ് മഅദനിക്കെതിരെ നിരത്തിയത് വ്യാജമൊഴികളാണെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തി പിന്നീട് സ്ഥാപിച്ചെങ്കിലും പ്രതികള്‍ക്ക് വേണ്ടി വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്ന കൂട്ടം ചുമത്തി അവര്‍ക്കെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. എറണാകുളത്ത് മഅദനി താമസിച്ചിരുന്ന വാടക ഉടമസ്ഥനായ ജോസ് വര്‍ഗ്ഗീസ് ആയിരുന്നു പോലീസ് അദ്ദേഹത്തിനെതിരെ നിരത്തിയ ഒരു പ്രധാന സാക്ഷി. മഅദനിയും ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ ടി നാസറും കൂടിക്കാഴ്ച്ച നടത്തിയതിന് തോമസ് സാക്ഷിയാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ എറണാകുളത്തെ തന്‍റെ വീട്ടിലെത്തിയ കര്‍ണ്ണാടക പോലീസ് സ്ഥലം പരിശോധിക്കുകയും കന്നഡയിലെഴുതിയ ചില കടലാസുകളില്‍ ഒപ്പിടീപ്പിക്കുകയുമായിരുന്നു എന്നാണ് തോമസ് പിന്നീട് പറഞ്ഞത്. തങ്ങള്‍ വരുകയും സ്ഥലം പരിശോധിക്കുകയും ചെയ്തതിന്‍റെ സാക്ഷ്യപത്രമാണ് അതെന്നാണ് പോലീസ് അന്ന്‍ അദ്ദേഹത്തോട് പറഞ്ഞത്. തന്നെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖ ചമച്ചതിന്‍റെ പേരില്‍ കര്‍ണ്ണാടക പോലീസിനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ പരാതി നല്‍കിയിരിക്കുകയാണ് തോമസ് ഇപ്പോള്‍. മറ്റൊരു പ്രോസിക്യൂഷന്‍ സാക്ഷിയായ എംഎം മജീദ് (പിഡിപി യുടെ പഴയ കാല പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം) സമാനമായ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. ക്യാന്‍സര്‍ രോഗിയായിരുന്ന അദ്ദേഹം മരണക്കിടക്കയില്‍ വെച്ചാണ് മഅദനിയുടെ തീവ്രവാദബന്ധം സാധൂകരിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നും തങ്ങള്‍ അത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

തടവറയില്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ നില തീര്‍ത്തും പരിതാപകരമായ നിലയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു കണ്ണിന്‍റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട അദ്ദേഹത്തിന് ആളുകളെ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്ന് അടുത്ത കാലത്ത് അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചവര്‍ വെളിപ്പെടുത്തിയിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന തോതിലുള്ള പ്രമേഹം, കൃത്രിമ കാല്‍ മൂലമുള്ള പ്രശ്നങ്ങള്‍ എന്നിവ ഇതിന് പുറമേയാണ്. വ്യത്യസ്ഥമായ പത്തിലേറെ അസുഖങ്ങള്‍ മഅദനിക്കുണ്ടെന്ന് ഇന്നലെ പ്രോസിക്യൂഷനും സമ്മതിച്ചിരുന്നു. എന്നാല്‍ അവയ്ക്ക് വിവിധ ആശുപത്രികളില്‍ ചികില്‍സക്ക് പോകുന്നതിനു പകരം സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ തന്നെ കൊണ്ടുപോകണം എന്ന്‍ അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നത് കൊണ്ടാണ് ചികില്‍സ മുടങ്ങുന്നത് എന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

സത്യമെന്തായാലും നീതി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയാണ് സൂചിപ്പിക്കുന്നത്. ക്രിമിനല്‍ കേസുകള്‍, തീവ്രവാദ ബന്ധമുള്ള കേസുകളാണെങ്കില്‍ പ്രത്യേകിച്ചും, അതിവേഗ കോടതികള്‍ വഴി തീര്‍ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അധികം കാത്തിരിപ്പ് നല്‍കാതെ ഒരാള്‍ക്ക് നീതിയും ആശ്വാസവും നല്‍കുന്നതാണ് നീതിന്യായ വ്യവസ്ഥയുടെ വിജയം. അതുവരെ ചങ്ങലപ്പൂട്ടുകളാല്‍ ബന്ധിക്കപ്പെട്ട് തടവറയില്‍ അനന്തമായി കിടക്കുന്നത് ആ നാട്ടിലെ നീതിയും നിയമവും കൂടിയാണ്.

  1. പ്രതിയെങ്കില്‍, തെളിവുണ്ടെങ്കില്‍, എത്രയും പെട്ടെന്നു തൂക്കിലേറ്റുക… അല്ലാതെ വീണ്ടും ഒരു പത്തുവര്‍ഷം കൂടി വെളിച്ചം കാണിക്കാതെ ഇരുട്ടിലടച്ചു, ഒടുക്കം നിരപരാധിയെന്ന് പറഞ്ഞു ഒരിക്കല്‍ കൂടി വെറുതെ വിടാന്‍ മഅദനി ഒരു പക്ഷേ ജീവനോടെ ഉണ്ടാവില്ല, ഒപ്പം നീതിപീഠത്തിനെ പൊതുജന വിശ്വാസ്യതയും ….

    1. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി ജഫീര്‍ തുടര്‍ന്നും ഇത്തരം വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു

  2. പ്രതിയെങ്കില്‍, തെളിവുണ്ടെങ്കില്‍, എത്രയും പെട്ടെന്നു തൂക്കിലേറ്റുക… അല്ലാതെ വീണ്ടും ഒരു പത്തുവര്‍ഷം കൂടി വെളിച്ചം കാണിക്കാതെ ഇരുട്ടിലടച്ചു, ഒടുക്കം നിരപരാധിയെന്ന് പറഞ്ഞു ഒരിക്കല്‍ കൂടി വെറുതെ വിടാന്‍ മഅദനി ഒരു പക്ഷേ ജീവനോടെ ഉണ്ടാവില്ല, ഒപ്പം നീതിപീഠത്തിനെ പൊതുജന വിശ്വാസ്യതയും ….

    1. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി ജഫീര്‍ തുടര്‍ന്നും ഇത്തരം വിലയിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *