ആറു പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അനുഗ്രഹീത നടി സുകുമാരി വിട വാങ്ങി. ചെന്നൈ ബസന്ത് നഗര്‍ വൈദ്യുത ശ്മശാനത്തില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് സംസ്കാരം നടന്നത്. സംസ്കാര ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ഫെബ്രുവരി 27നു വീട്ടിലെ പ്രാര്‍ഥനാ മുറിയില്‍ നിലവിളക്ക് തെളിയിക്കുമ്പോഴാണ് തീ പടര്‍ന്ന് പിടിച്ച് സുകുമാരിയമ്മക്ക് ദേഹമാസകലം പൊള്ളലേറ്റത്. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രത്യേക ശസ്ത്രക്രിയക്കിടയിലാണ് ഹൃദയാ ഘാതത്തെ തുടര്‍ന്നു അവര്‍ മരിച്ചത്.
പൂജപ്പുര ബാങ്കില്‍ മാനേജരായിരുന്ന മാധവന്‍നായരുടേയും സത്യഭാമയുടേയും മകളായി 1940 ഒക്ടോബര്‍ ആറിന് നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ എട്ടാം വയസിലാണ് സുകുമാരി അരങ്ങേറ്റം കുറിക്കുന്നത്. തസ്ക്കരവീരന്‍ എന്ന മലയാള ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്. പുറത്തിറങ്ങാനുള്ള ഇമ്മാനുവലും 3 ജി യും ഉള്‍പ്പടെ, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ത്തിലധികം ചിത്രങ്ങളില്‍ സുകുമാരി അഭിനയിച്ചു.
ഏത് വേഷവും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുക എന്നത് അവരുടെ പ്രത്യേകതയായിരുന്നു. 1974 ,1979, 1983, 1985 ലും സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചത് സുകുമാരിക്കാണ്. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991) മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന് അവാര്‍ഡ് (1971, 1974) പ്രചോദനം അവാര്‍ഡ് (1997) മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 2003 ല്‍ രാജ്യം പത്മശ്രീ നല്കി സുകുമാരിയെ ആദരിച്ചു.
ഷൂട്ടിങ്ങിനായി എവിടെ പോയാലും അവിടത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഹോട്ടല്‍ മുറികളില്‍ മുടങ്ങാതെ നിലവിളക്ക് തെളിയിക്കുന്നതും അവരുടെ പ്രത്യേകതയായിരുന്നു. വിളക്ക് തെളിയിക്കുന്നത് സുകുമാരിക്ക് ഒരു തപസ്യ പോലെയായിരുന്നു. നെയ്യ്, വെളിച്ചെണ്ണ, ആവണക്കെണ്ണ,നല്ലെണ്ണ,പുന്നയെണ്ണ എന്നിങ്ങനെ അഞ്ചു തരം എണ്ണകള്‍ ചേര്‍ന്ന കൂട്ടുപയോഗിച്ചാണ് അവര്‍ പതിവായി വിളക്ക് തെളിയിച്ചിരുന്നത്. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. പക്ഷേ വിധിയുടെ നിയോഗം പോലെ , അവസാനം അതേ പൂജാ വിളക്ക് മൂലം അവര്‍ ആശുപത്രി കിടക്കയിലുമായി.
ഒരു വിധത്തില്‍ പറഞ്ഞാല്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കേരള സര്‍ക്കാരും മരിച്ചതിന് ശേഷം തമിഴ്നാട് സര്‍ക്കാരും സുകുമാരിയമ്മയെ അവഗണിച്ചു എന്നു പറയുന്നതാവും ശരി. ഒരു മാസത്തോളം അവര്‍ ആശുപത്രിയില്‍ കിടന്നിട്ടും കേരള സര്‍ക്കാരിന്റെ ഭാഗമായ ആരും അവരെ കാണാനോ സഹായിക്കാനോ എത്തിയില്ല. അവര്‍ മരിച്ചതിന് ശേഷമാണ് സിനിമയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സുകുമാരിക്ക് സഹായ ദാനമായി കേരള സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നല്കാന് തീരുമാനിച്ച കാര്യം പറയുന്നത്. പക്ഷേ സംഭവം അറിഞ്ഞപ്പോള്‍ തന്നെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പതിവുകള്‍ തെറ്റിച്ച് നേരിട്ട് ആശുപത്രിയില്‍ എത്തുകയും ഏതാണ്ട് അര മണിക്കൂറോളം സുകുമാരിയമ്മയോടൊപ്പം ചെലവഴിക്കുകയും ചെയ്തു. ആരുടേയും മുന്നില്‍ തല കുനിക്കാത്ത ജയലളിത തൊഴുകയ്യോടെ സുകുമാരിയുടെ ജീവന് രക്ഷിക്കണമെന്ന് ഡോക്ട്ടര്മാരോട് അപേക്ഷിച്ചത് വാര്‍ത്തയായിരുന്നു. ചികില്‍സാ സഹായമായി അഞ്ചു ലക്ഷം രൂപ അവര്‍ അനുവദിക്കുകയും ചെയ്തു .
ലോകമെങ്ങുമുള്ള അസംഖ്യം സിനിമാ പ്രേമികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി ഇന്നലെയാണ് സുകുമാരിയമ്മ ഈ ലോകത്തോട് വിട പറഞ്ഞത്. അവസാന നിമിഷം വരെ , അവരുടെ ദീര്‍ഘ കാല സുഹൃത്ത് കൂടിയായ ജയലളിത വരുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് സംസ്കാര ചടങ്ങ് നീട്ടി ക്കൊണ്ടു പോയെങ്കിലും നിയമസഭയിലെ തിരക്കുകള്‍ മൂലം അവര്‍ക്ക് എത്താനായില്ല. തുടര്‍ന്നാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സംസ്കാര ചടങ്ങുകള്‍ നടന്നത്.
തമിഴിലും ഒരു പാട് നല്ല നല്ല വേഷങ്ങള്‍ ചെയ്ത സുകുമാരിയമ്മക്ക് പക്ഷേ തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികള്‍ ഒന്നും നല്‍കിയില്ല. മലയാള സിനിമ പ്രേമികളുടെ മനസില്‍ സൂര്യ തേജസ്സോടെ നില്ക്കുന്ന ആ അമ്മയുടെ സംസ്കാരം ഇവിടെ നടത്തിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതിലും നല്ല വിടവാങ്ങല്‍ നല്കാന് സാധിക്കുമായിരുന്നു. പക്ഷേ നല്ല കലാകാരന്മാരുടെ സ്ഥാനം സര്‍ക്കാരുകള്‍ നല്കുന്ന ബഹുമതിയില്‍ അല്ലല്ലോ. അത് ആസ്വാദകരുടെ മനസ്സിലാണ്. സുകുമാരിയമ്മയുടെ നന്മ നിറഞ്ഞ മുഖവും നല്ല നല്ല വേഷങ്ങളും എക്കാലവും സിനിമാ പ്രേമികളുടെ മനസ്സില്‍ ഉണ്ടാവുക തന്നെ ചെയ്യും, കാലമെത്ര കഴിഞ്ഞാലും……. യാതൊരു പോറലുമേല്‍ക്കാതെ………………….