ഒരു ഓണ്‍ലൈന്‍ സംഗമവും പോലീസ് പെട്രോളിങ്ങും

ഒരു ഓണ്‍ലൈന്‍ സംഗമവും പോലീസ് പെട്രോളിങ്ങും 1

          അന്നൊരു ഞായറാഴ്ചയായിരുന്നു. ആ ദിവസമാണ് മലയാളത്തിലെ ഫെയ്സ്ബുക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന സുഹൃത്ത്.കോമിന്‍റെ മഹാ സംഗമം മലപ്പുറം കോട്ടക്കല്‍ വെച്ചു നടന്നത്. അന്നു വരെ നേരില്‍ കാണാത്തവരും കണ്ടവരുമായ, ലോകത്തിന്‍റെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്ന ഒരു പാട് മലയാളി സുഹൃത്തുക്കള്‍ നേരില്‍ കാണുന്ന പരിപാടിയാണ് സംഗമം എന്നത് കൊണ്ടുദേശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാനും ആ സൈറ്റിലെ ഒരു മുന്‍ നിര അംഗമാണ്. പോരാത്തതിന് ഞാന്‍ എഴുതി സുഹൃത്ത്.കോം നിര്‍മിക്കുന്ന ഒരു ഹ്രസ്വ ചിത്രത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്ന സമയവും.

   പരിപാടികള്‍ കഴിഞ്ഞപ്പോള്‍ അതിന്‍റെ കണ്‍വീനറായ സൈഫുക്ക എന്നോടു ചോദിച്ചു: മനോജിന് ഇന്നു തന്നെ പോകണമെന്നുണ്ടോ ? ഇവിടെ റൂമുണ്ട്. വേണമെങ്കില്‍ ഇന്നു റെസ്റ്റ് എടുത്തിട്ട് നാളെ പോകാം.

വേണ്ട, സൈഫുക്ക…….. എനിക്ക് നാളെ രാവിലെ വേറൊരു പ്രോഗ്രാം ഉണ്ട്. അതുകൊണ്ട് ഇന്നു പോയേ പറ്റൂ………. : ഞാന്‍ പറഞ്ഞു. പറഞ്ഞത് സത്യവുമായിരുന്നു. രാവിലെ എനിക്ക് കോയമ്പത്തൂര്‍ പോകണം. അവിടെ അത്യാവശ്യമായി ഒരാളെ കാണാനുണ്ട്.    

    എല്ലാം കഴിഞ്ഞപ്പോള്‍ മനസ്സില്ലാമനസോടെയാണ് ഞാന്‍ കോട്ടക്കല്‍ വിട്ടത്. നെറ്റിലെ ഏതോ ഒരു പ്രൊഫൈല്‍ ചിത്രത്തിന് പുറകില്‍ അതുവരെ ഒളിച്ചിരുന്ന സുഹൃത്തുക്കള്‍ ഓരോരുത്തരായി കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ട ദിവസം. അങ്ങനെയൊരു സുവര്‍ണ്ണ നിമിഷം സാധാരണ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കു പരിചിതമല്ല. ആദ്യമായി കാണുന്നതിന്‍റെ അകല്‍ച്ച ആര്‍ക്കുമില്ല.വളരെ നാളത്തെ   പരിചയമുള്ളത് പോലുള്ള പെരുമാറ്റം. ഞാനാണ് പിന്നേയും അകലം പാലിച്ച് ചമ്മലോടെ   നിശബ്ദനായി ഇരുന്നത്. അത് എന്‍റെ സുഹൃത്തും അഡ്മിന്‍ ടീം അംഗവുമായ ചാത്തന്‍ ഇടക്ക് പറയുകയും ചെയ്തു. എം.ടി സാറിനെയും ശ്രീനിയേട്ടനെയുംഎന്നെയും പോലുള്ള മഹാന്മാര്‍ പണ്ടേ അങ്ങനെയാണല്ലോ എന്ന്‍ ഞാന്‍ അപ്പോള്‍ തമാശയായി പറഞ്ഞു.

   എല്ലാവരും പോയിക്കഴിഞ്ഞു രാത്രി എന്നെയും മറ്റൊരു അംഗമായ വിഷ്ണു ഗുരുജിയെയും സൈഫുക്കയും സുഹൃത്ത് യൂണിറ്റ് ലീഡറായ പ്രസാദ് മാഷും ചേര്‍ന്ന് സൈഫുക്കയുടെ കാറില്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ടു വിട്ടു. അവിടെ നിന്ന് പാലക്കാടേക്ക് ബസ് കിട്ടും.

   കുറെ കഴിഞ്ഞപ്പോഴാണ് ഒരു കെ.എസ്ആര്‍.ടി.സി ബസ് ഞങ്ങള്‍ക്ക് കിട്ടിയത്. ഒലവക്കോട് ഞാന്‍ ബസ്സിറങ്ങുമ്പോള്‍ പതിനൊന്നര കഴിഞ്ഞിരുന്നു. ആ സമയത്ത് എന്‍റെ ഭാഗത്തേക്ക് ബസ് സര്‍വീസ് ഇല്ലാത്തത് കൊണ്ട് ഞാന്‍ ഓട്ടോ വിളിച്ചു. ആറ് കിലോമീറ്ററുണ്ട്. ഓട്ടോ ദേശീയ പാതയില്‍ നിന്നു തിരിഞ്ഞ് എന്‍റെ വീടുള്‍പ്പെടുന്ന കോളനിയിലേക്കുള്ള ദൂരം പകുതി പിന്നിട്ടപ്പോഴേക്കും എതിരെ വന്ന പോലീസ് പട്രോളിങ്ങിന്‍റെ ജീപ്പ് ഞങ്ങളെ തടഞ്ഞു. മുന്‍ വശത്തെ ഇടതു സീറ്റില്‍ നിന്നിറങ്ങിയ വെളുത്തു ആരോഗ്യവാനായ മനുഷ്യന്‍ ഞങ്ങളുടെ അടുത്തേക്കു വന്നു. എസ്.ഐ യാണ്.

Also Read  സ്കൂള്‍ ഡയറി

   എങ്ങോട്ടാണ് ? : ചോരക്കണ്ണുകളുള്ള അയാള്‍ ഡ്രൈവറോട് ചോദിച്ചു. ഡ്രൈവറുടെ മറുപടി കേട്ടതിന് ശേഷം അയാള്‍ എന്‍റെ നേരെ തിരിഞ്ഞു. എന്‍റെ വീട് എവിടെയാണെന്നാണ് അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ മറുപടി പറഞ്ഞു.

അവിടെ കോര്‍പ്പറേഷന്‍ കൌണ്‍സിലറുടെ വീടുണ്ടല്ലോ. അതിന്‍റെ ? : എസ്.ഐ വീണ്ടും ചോദിച്ചു. സത്യത്തില്‍ ഞാന്‍ ആ സ്ഥലത്ത് താമസം തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹം ചോദിച്ച കൌണ്‍സിലറുടെ വീട് എനിക്കറിയില്ല. ഞാനത് പറഞ്ഞപ്പോള്‍ അയാള്‍ സംശയത്തോടെ എന്നെ നോക്കി.

    നിങ്ങള്‍ എന്താ ചെയ്യുന്നത് ? : അസമയത്തുള്ള യാത്രയായത് കൊണ്ടാണ് അദ്ദേഹം അങ്ങനെയൊക്കെ ചോദിക്കുന്നതെന്ന്‍ എനിക്കു മനസിലായി.

    ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല : മടിച്ചു മടിച്ച് ഞാന്‍ പറഞ്ഞു. അസമയത്തുള്ള യാത്ര. പ്രത്യേകിച്ച് ജോലിയില്ല. എസ്.ഐയുടെ സംശയം ഇരട്ടിച്ചു. ഓട്ടോയില്‍ നിന്നു പുറത്തേക്കിറങ്ങാന്‍ അയാള്‍ എന്നോട് ആംഗ്യം കാണിച്ചു.

  ഞാന്‍ പുറത്തിറങ്ങി അയാളുടെ അടുത്തേക്കു ചെന്നു. അതിനിടയിലാണ് എന്‍റെ ഷര്‍ട്ടില്‍ പിന്‍ ചെയ്തു വെച്ച സുഹൃത്ത് സംഗമത്തിന്‍റെ ബാഡ്ജ് എസ്.ഐ കണ്ടത്. അതില്‍ പിടിച്ച് അയാള്‍ വായിച്ചു നോക്കി.

   ഞങ്ങളുടെ ഒരു മീറ്റിങ് ഉണ്ടായിരുന്നു, മലപ്പുറത്ത്. അതുകഴിഞ്ഞ് വരുന്ന വഴിയാണ്…………. : ഞാന്‍ ഇടക്ക് പറഞ്ഞു. ഉം……….. : എസ്.ഐ ഒന്ന്‍ അമര്‍ത്തി മൂളി. എങ്കിലും അയാളുടെ സംശയം തീര്‍ത്തും   മാറിയിട്ടില്ലെന്ന് എനിക്കു തോന്നി.  

  ഫ്രണ്ട്സ് എല്ലാം ഒരുമിച്ചു കൂടുന്ന ഒരു പരിപാടിയാണ്. എല്ലാം കഴിഞ്ഞപ്പോള്‍ ലേറ്റായി…………. : ഞാന്‍ വീണ്ടും ഭവ്യതയോടെ പറഞ്ഞു. പെട്ടെന്ന് ഓര്‍മ വന്നതുപോലെ ഞാന്‍ ബാഗ് തുറന്നു.  

  ഇത് ഇന്ന്‍ എനിക്കു കിട്ടിയതാണ്…………. : ബാഗില്‍ നിന്ന് ഒരു ട്രോഫി പുറത്തെടുത്ത് അദേഹത്തെ കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. ആ വര്‍ഷത്തെ സുഹൃത്തിലെ മികച്ച പുതുമുഖ ചര്‍ച്ചാ അവതാരകനുള്ള അവാര്‍ഡ് എനിക്കായിരുന്നു. അവാര്‍ഡ് ദാനവും സംഗമത്തിന്‍റെ ഭാഗമായാണ് നടന്നത്.

     ട്രോഫിയിലേക്ക് ഒന്നു പാളി നോക്കിയ എസ്.ഐ എല്ലാം മനസിലായ ഭാവത്തില്‍ തലയാട്ടി. അതിനിടയില്‍ ദൂരെ നിന്ന് ഒരു ടൂ വീലര്‍ വരുന്നത് അദ്ദേഹം കണ്ടു. എന്നോട് പോകാന്‍ ആംഗ്യം കാണിച്ച് അയാള്‍ ബൈക്കുകാരന് നേരെ തിരിഞ്ഞു. ഞാന്‍ വേഗം ഓട്ടോയില്‍ കയറി. പോലീസ് ജീപ്പ് മറികടന്ന്‍ ഡ്രൈവര്‍ ഓട്ടോ മുന്നോട്ടു പായിച്ചു. വീട്ടിലേക്ക് പോകുന്ന വഴിയില്‍ എതിര്‍വശത്തുള്ള പള്ളിയിലേക്ക് അറിയാതെ നോക്കിയപ്പോള്‍ അവിടത്തെ പാല്‍ വെളിച്ചത്തില്‍ എനിക്കു നേരെ കൈ വീശി നില്‍ക്കുന്ന യേശു ക്രിസ്തുവിനെ ഞാന്‍ കണ്ടു. അദ്ദേഹം എന്നെ തന്നെയാണ് നോക്കുന്നതെന്ന് എനിക്കു തോന്നി…………

Leave a Comment

Your email address will not be published. Required fields are marked *