നഗീന്‍ തടാകത്തിലെ താമരപ്പൂക്കള്‍

best Malayalam blogs

ശ്രീനഗറിലെ സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയുടെ മുന്നില്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ അങ്ങകലെ മഞ്ഞു പുതച്ചു നില്‍ക്കുന്ന ഹിമാലയ സാനുക്കളാണ് ആനന്ദിന്‍റെ കണ്ണുകളില്‍ ആദ്യം തന്നെ പെട്ടത്. അതിനു ചുറ്റും മേഘക്കൂട്ടങ്ങള്‍ മല്‍സരിച്ച് താഴെക്കിറങ്ങാന്‍ വെമ്പി നില്‍ക്കുന്നത് കണ്ടപ്പോള്‍ അവയെല്ലാം കയ്യെത്തും ദൂരത്താണെന്ന് തോന്നിപ്പോയി.

ഓവര്‍ക്കോട്ട് രണ്ടെണ്ണം ഇട്ടിട്ടും അയാള്‍ വിറക്കുന്നുണ്ടായിരുന്നു. ഇതിന് മുമ്പ് രണ്ടു പ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്ര തണുപ്പുണ്ടായിരുന്നില്ലെന്ന് ആനന്ദിന് തോന്നി.

ഡിസംബര്‍ മാസത്തില്‍ ശ്രീനഗര്‍ ഇങ്ങനെയാണ് സര്‍…………… കൊല്ലുന്ന തണുപ്പായിരിക്കും. പക്ഷേ ടൂറിസ്റ്റുകള്‍ക്ക് നല്ല സീസണ്‍ ആണ്…………….

അയാളുടെ പകപ്പ് കണ്ട്, കാറില്‍ നിന്ന് ബാഗും എടുത്ത് പുറത്തേക്കിറങ്ങുന്നതിനിടയില്‍ ധരം ചൌധരി പറഞ്ഞു. അത് മനസിലാക്കിയ മട്ടില്‍ ആനന്ദ് തലയാട്ടി. എയര്‍പോര്‍ട്ടില്‍ നിന്ന് കാറില്‍ കയറിയത് മുതല്‍ ഇത്രയും ദൂരം വഴിയില്‍ പലയിടത്തും മഞ്ഞു വീണു കൊണ്ടിരുന്ന കാര്യം അയാളോര്‍ത്തു. അപ്പോഴും ചാറ്റല്‍ മഴ പോലെ മഞ്ഞു കണങ്ങള്‍ അയാളുടെ മേലും ചുറ്റുപാടും വീണു കൊണ്ടിരുന്നു.

ബി.ബി.സി യുടെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ആണ് ആനന്ദ് വര്‍മ്മ. നാല്‍പതിനടുത്ത് പ്രായം. ലോക പ്രശസ്ത മനശാസ്ത്രഞനും തന്‍റെ അര്‍ദ്ധ സഹോദരനുമായിരുന്ന നരേഷ് അഗര്‍വാളിനെ കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യാനാണ് അയാള്‍ ശ്രീനഗറില്‍ എത്തിയത്. അവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്‍റെ ഭാഗമായ മാനസികാരോഗ്യ ആശുപത്രിയില്‍ ചീഫ് സൈക്ക്യാട്രിസ്റ്റായി ജോലി ചെയ്യുകയായിരുന്ന അദേഹത്തെയും ഷെര്‍-ഇ-കാശ്മീര്‍ കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫെസറായിരുന്ന ഭാര്യ ഇന്ദിര അഗര്‍വാളിനെയും രക്ത രൂക്ഷിതമായിരുന്ന തൊണ്ണൂറുകളില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു.

ഇത് കാശ്മീരിലേക്കുള്ള തന്‍റെ മൂന്നാമത്തെ വരവാണല്ലോ എന്ന് അകത്തെ മുറിയില്‍ ആശുപത്രി ഡയറക്ടറെ കാത്തിരിക്കുന്നതിനിടയില്‍ ആനന്ദ് ഓര്‍ത്തു. വരുമ്പോഴെല്ലാം ധരം ചൌധരി എന്ന ആ ചെറുപ്പക്കാരന്‍ കൂടെയുണ്ട്. പണ്ട് ആസാമില്‍ ജോലി ചെയ്തപ്പോള്‍ തുടങ്ങിയ അടുപ്പമാണ്. പിന്നീട് എപ്പോഴോ ആണ് ചൌധരി അവിടത്തെ പണി വിട്ട് തിരിച്ച് സ്വദേശമായ കാശ്മീരില്‍ വന്ന്‍ സെറ്റില്‍ ആയി എന്നറിഞ്ഞത്. അതോരര്‍ഥത്തില്‍ ഇപ്പോള്‍ സഹായമായി. അല്ലായിരുന്നെങ്കില്‍ താന്‍ പരിചയമില്ലാത്ത ഈ നാട്ടില്‍ വലയുമായിരുന്നല്ലോ എന്ന്‍ ആനന്ദിന് തോന്നി.

സാബ് നേ ആപ്കോ അന്തര്‍ ബുലായാ : സുമുഖയായ ഒരു പെണ്‍കുട്ടി വന്നു പറഞ്ഞപ്പോള്‍ ആനന്ദ് തന്‍റെ ബാഗും തോളില്‍ തൂക്കി അവളുടെ പുറകെ നടന്നു. ഡയറക്ടറുടെ ബോര്‍ഡ് തൂക്കിയ മുറിയുടെ വാതില്‍ തുറന്ന്‍ അവള്‍ അകത്തേക്ക് പോയി. പുറകെ ആനന്ദും.

സീറ്റിലുണ്ടായിരുന്ന അറുപതിനടുത്ത് പ്രായം തോന്നിക്കുന്ന തടിച്ച മനുഷ്യന്‍ എഴുന്നേറ്റ് അയാള്‍ക്ക് കൈ കൊടുത്തു.

ആനന്ദ്. സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്, ബി.ബി.സി : ആനന്ദ് ഒരിക്കല്‍ കൂടി പരിചയപ്പെടുത്തി. അയാളെ ആനയിച്ചു കൊണ്ടു വന്ന പെണ്‍കുട്ടി പുറത്തേക്ക് പോയി.

ബൈട്ടിയെ……………… :
തലയാട്ടി കൊണ്ട് ഡയറക്ടര്‍ ഇക്ബാല്‍ ദുറാനി ഇരിക്കാനായി മുന്നിലെ ഒഴിഞ്ഞ കസേര ചൂണ്ടിക്കാണിച്ചു. കസേര പുറകോട്ടു വലിച്ച് ആനന്ദ് ഇരുന്നു. ബാഗ് തോളില്‍ നിന്നൂരി അയാള്‍ കയ്യില്‍ മടിയില്‍ വെച്ചു.

താങ്കളെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. താങ്കളുടെ മൂന്നാമത്തെ വരവാണ് ഇത്. അല്ലേ ? : സീറ്റില്‍ ചാരിയിരുന്നു കൊണ്ട് ഇക്ബാല്‍ ദുറാനി ഹിന്ദിയില്‍ ചോദിച്ചു.

അതേ : ആനന്ദ് സമ്മതിച്ചു.

പുറത്ത് നല്ല തണുപ്പാണ്. ഓരോ കോഫി പറയട്ടെ ? : ദുറാനിയുടെ ചോദ്യത്തിന് അയാള്‍ തലയാട്ടി. തണുപ്പ് കാരണം ആനന്ദ് കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു. അത് കണ്ടത് കൊണ്ടും കൂടിയാണ് അയാള്‍ അങ്ങനെ ചോദിച്ചതെന്ന് ആനന്ദിന് മനസ്സിലായി. ചൂട് കാപ്പി കുടിച്ചാല്‍ ഒരാശ്വാസമാകുമല്ലോ എന്നാണ് അയാള്‍ അപ്പോള്‍ ആലോചിച്ചത്.

ദോ ഗരം കോഫി ലായിയെ : ഫോണെടുത്ത് ദുറാനി പറഞ്ഞു. എന്നിട്ട് അയാള്‍ ആനന്ദിന് നേരെ തിരിഞ്ഞു.

ഞാന്‍ കഴിഞ്ഞ പ്രാവശ്യം ചോദിക്കണമെന്ന് വിചാരിച്ചതാണ്. കൊല്ലപ്പെട്ട ഡോക്ടര്‍ നരേഷ് അഗര്‍വാള്‍ താങ്കളുടെ ബ്രദര്‍ ആണെന്നു പറഞ്ഞു. പക്ഷേ മിസ്റ്റര്‍ ആനന്ദിന്‍റെ പേരിന്‍റെ കൂടെയുള്ള വര്‍മ്മ ഒരു സൌത്ത് ഇന്ത്യന്‍ നെയിം അല്ലേ ? അതെന്താ അങ്ങനെ ? : ഡോക്ടര്‍ ദുറാനി ചോദിച്ചു.

ഹീ വാസ് മൈ സ്റ്റെപ്പ് ബ്രദര്‍……………… : ആനന്ദ് നിസ്സംഗതയോടെ പറഞ്ഞു. : അമ്മ ഒന്ന്‍, അച്ഛന്‍ രണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചു കഴിഞ്ഞപ്പോള്‍ അമ്മ കെട്ടിയത് ഡല്‍ഹി ഹോം മിനിസ്ട്രിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരു ഹരിഹര വര്‍മയെയാണ്. അതായത് എന്‍റെ ഫാദര്‍. അതിനു മുമ്പു തന്നെ എന്‍റെ സ്റ്റെപ്പ് ബ്രദറും ഭാര്യയും ഇവിടെ ശ്രീനഗറില്‍ ജോലി കിട്ടി സെറ്റില്‍ ചെയ്തിരുന്നു. അച്ഛന്‍മ്മാര്‍ രണ്ടാണെങ്കിലും ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നെ പഠിപ്പിച്ചതെല്ലാം എന്‍റെ ബ്രദര്‍ ആണ്. ഞങ്ങള്‍ തമ്മില്‍ നല്ല ഫ്രണ്ട്സ് ആയിരുന്നു………………….

ജ്യേഷ്ഠന്‍റെ ഓര്‍മകളില്‍ മുങ്ങി ആനന്ദിന് വാക്കുകള്‍ കിട്ടുന്നില്ലെന്ന് ഡോക്ടര്‍ക്ക് തോന്നി. അതിനിടയില്‍ ഒരു ജീവനക്കാരന്‍ വന്ന് ഓരോ കപ്പ് കാപ്പി രണ്ടു പേരുടെയും മുന്നില്‍ വെച്ചു. ഡോക്ടര്‍ വിഷയം മാറ്റാന്‍ ശ്രമിക്കുമ്പോഴേക്കും ആനന്ദ് ബാക്കി പൂരിപ്പിച്ചു…………………

അദേഹത്തിന് പക്ഷേ കുട്ടികളില്ലായിരുന്നു. അതു കൊണ്ട് ഒരു കുട്ടിയെ ദത്തെടുക്കാന്‍ ആലോചിക്കുമ്പോഴാണ്, അന്‍ഫോര്‍ച്ചുനേറ്റ്ലി…………………………

ബാക്കി ഡോക്ടര്‍ക്ക് അറിയാമല്ലോ എന്ന മട്ടില്‍ ആനന്ദ് അയാളെ നോക്കി.

യെസ്, ഐ നോ………….. ആ കുട്ടി ഇപ്പൊഴും ഇവിടെയുണ്ട്. മിസ്സ് അഹ്സ മുഹമ്മദ് : ഡോക്ടര്‍ ദുറാനി തന്‍റെ മുന്നില്‍ തുറന്നു വെച്ച ഫയലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ആനന്ദ് പതുക്കെ കാപ്പി കുടിക്കാന്‍ തുടങ്ങി.

അറിയാം…………… കഴിഞ്ഞ രണ്ടു പ്രാവശ്യവും ഞാന്‍ ആ കുട്ടിയെ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പോസിറ്റീവ് ആയ റെസ്പോണ്‍സൊന്നും ഇല്ലായിരുന്നു. : അയാള്‍ വിഷമത്തോടെ പറഞ്ഞു.

ഇപ്പോള്‍ കുറേയൊക്കെ മാറിയീട്ടുണ്ട്. ഞങ്ങള്‍ പുതിയ രീതിയിലുള്ള ചില ട്രീറ്റ്മെന്‍റൊക്കെ ചെയ്യുന്നുണ്ട്. ഇപ്പോള്‍ നല്ല റെസ്പോണ്‍സ് ആണ് കാണിക്കുന്നത്. പുതിയ മ്യൂസിക് തെറാപ്പിയുടെ ഫലമായിട്ടാണൊ എന്നറിയില്ല, ഇപ്പോള്‍ പഴയ പോലെ ചിത്രങ്ങളൊക്കെ വരക്കാന്‍ തുടങ്ങിയിട്ടുണ്ട്.വേണമെങ്കില്‍ ഒന്നു കണ്ടു നോക്കൂ……………. അപ്പോഴേക്കും സെക്രട്ടറിയോട് പറഞ്ഞ് ഞാന്‍ നിങ്ങള്‍ പറഞ്ഞ പേപ്പേഴ്സോക്കെ ശരിയാക്കി വെക്കാം : ദുറാനി ചിരിച്ചു കൊണ്ട് പറഞ്ഞു.

മുടിയെല്ലാം നരച്ചെങ്കിലും ഡോക്ടറുടെ മുഖത്ത് ഒരു പ്രത്യേക ഐശ്വര്യമുണ്ടെന്ന് ആനന്ദിന് തോന്നി. കഴിഞ്ഞ പ്രാവശ്യം കണ്ടതിനെക്കാള്‍ കുടവയര്‍ കുറച്ചു കൂടിയിട്ടുണ്ടെന്ന് മാത്രം. അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ ആനന്ദിന് വളരെയധികം സന്തോഷം തോന്നി.

പ്ലീസ് കം : ഡോക്ടര്‍ ദുറാനി ഫോണെടുത്ത് ആരോടൊ പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍, നേരത്തെ കണ്ട പെണ്‍കുട്ടി വാതില്‍ തുറന്ന്‍ അകത്തേക്ക് വന്നു.

ഇയാളെ ബി ബ്ലോക്കിലെ വാര്‍ഡന്‍ നദീം റസ്ദാന്‍റെ അടുത്തെത്തിക്കണം. ഞാന്‍ വിളിച്ചു പറഞ്ഞോളാം : ഡോക്ടര്‍ ദുറാനി അവളോട് പറഞ്ഞു.

എഴുന്നേറ്റ് ഡോക്ടര്‍ക്ക് കൈ കൊടുത്ത് ആനന്ദ് പെണ്‍ കുട്ടിയുടെ പുറകെ നടന്നു.

ബി ബ്ലോക്കിലേക്ക് നടക്കുമ്പോള്‍ ആനന്ദ് ആലോചിച്ചത് അഹ്സ മുഹമ്മദ് എന്ന ആ കശ്മീരി പെണ്‍കുട്ടിയെ കുറിച്ചാണ്.

best Malayalam blogs
ചെനാബ് നദിക്കരയില്‍ നിന്നു കുറച്ചു മാറി ഗോതമ്പ് പാടങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു ആര്‍സു. അവിടത്തെ ഒരു സാധാരണ കര്‍ഷകനായിരുന്ന ഇസ്രാ മുഹമ്മദിന്‍റെ ഇളയ മകള്‍.

അമ്മ വളരെ നേരത്തെ മരിച്ച അവളെ അച്ഛനും മൂത്ത സഹോദരിമാരായ നജ്മയും ആയിഷയും ഒരു കുറവും അറിയിക്കാതെയാണ് വളര്‍ത്തിയത്. അവള്‍ ഒരു കൊച്ചു കവയിത്രിയും ചിത്രകാരിയും കൂടിയായിരുന്നതിനാല്‍ എല്ലാവരുടെയും സ്നേഹവും വാല്‍സല്യവും യഥേഷ്ടം കിട്ടി.

ആര്‍സൂ എന്നാല്‍ ഹിന്ദിയില്‍ കണ്ണുനീര്‍ എന്നാണ് അര്‍ത്ഥം. ജീവിതം മുഴുവന്‍ കണ്ണുനീര്‍ കുടിക്കാനാണ് തന്‍റെ വിധിയെന്ന് അഹ്സ പതിയെയാണ് അറിഞ്ഞത്.

അന്ന് അവള്‍ക്ക് എട്ടു വയസായിരുന്നു പ്രായം. ആ സമയത്ത് കാശ്മീരില്‍ തീവ്രവാദം അതി ശക്തമായിരുന്നു. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ പലതരത്തിലുള്ള മത നിയമങ്ങളും കാശ്മീരില്‍ നടപ്പാക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോടും പതിനാറ് കഴിഞ്ഞ പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറക്കുന്ന ബൂര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാതെ പുറത്ത് പോകുന്നതിനോടും അവര്‍ക്ക് എതിര്‍പ്പായിരുന്നു. കാശ്മീരിന്‍റെ സ്വാതന്ത്രവും മത നിയമങ്ങളുടെ നടപ്പാക്കലും ലക്ഷ്യമിട്ട് അവര്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ആക്രമങ്ങള്‍ അഴിച്ചുവിട്ടു.

പതിവു പോലെ വീട്ടുസാധനങ്ങളും കരിമഷിയുമൊക്കെ വാങ്ങാന്‍ ആഴ്ചചന്തക്ക് പോകുകയായിരുന്നു അഹ്സയും കുടുംബവും. തിരക്കേറിയ മാര്‍ക്കെറ്റ് റോഡിന്‍റെ ഒരു വശത്തെത്തിയപ്പോഴാണ് മുന്നില്‍ ആരോഗ്യ ദൃഡഗാത്രരായ രണ്ടു പേര്‍ മോട്ടോര്‍ ബൈക്കില്‍ പ്രത്യക്ഷപ്പെട്ടത്. ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ അവര്‍ ഉറുദുവില്‍ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് നജ്മയെയും ആയിഷയെയും ആക്രമിച്ചു. തടയാന്‍ ശ്രമിച്ച മുഹമ്മദിനെ അവര്‍ ചവിട്ടി വീഴ്ത്തി. മറ്റുള്ളവര്‍ക്ക് കാര്യം മനസിലാകുന്നതിന് മുമ്പേ കൈത്തൊക്കെടുത്ത് അവര്‍ നജ്മക്കും ആയിഷക്കും നേരെ നിറയൊഴിച്ചു. ആക്രമണത്തില്‍ ഭയന്നു പോയ അഹ്സ അടുത്തുള്ള കടയുടെ മറവില്‍ ഒളിച്ചെങ്കിലും ചേച്ചിമ്മാര്‍ വെടിയേറ്റു പിടയുന്നത് കണ്ടപ്പോള്‍ നിസഹായയായി തളര്‍ന്നു വീണു.

നജ്മയും ആയിഷയും സംഭവസ്ഥലത്തു വെച്ചും അതിനു ശേഷം ക്രൂരമായ മര്‍ദനമേറ്റ മുഹമ്മദ് മൂന്നാം നാള്‍ ആശുപത്രിയില്‍ വെച്ചും മരണമടഞ്ഞു. താരതമ്യേന ശാന്തമായിരുന്ന ആ പ്രദേശം പെട്ടെന്നുള്ള ആക്രമണത്തില്‍ പകച്ചു നില്‍ക്കുന്നതിനിടയില്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അക്രമികള്‍ രക്ഷപെട്ടു. ബൂര്‍ഖ ധരിക്കാതെ പെണ്‍കുട്ടികള്‍ പൊതു സ്ഥലത്ത് വന്നതാണ് അക്രമത്തിനു കാരണം എന്ന് അപ്പോഴാണ് എല്ലാവര്‍ക്കും മനസിലായത്.

തങ്ങളുടെ സാന്നിധ്യവും ശക്തിയും അറിയിക്കാന്‍ തീവ്രവാദികള്‍ കണ്ടെത്തിയ മാര്‍ഗം പക്ഷേ അഹ്സയുടെ ജീവിതത്തിന്‍റെ സന്തോഷവും നിറവും കെടുത്താന്‍ കാരണമായി. നേരില്‍ കണ്ട ചോരയുടെ ചുവപ്പ് മനസ്സിന്‍റെ താളം തെറ്റിച്ച അവളെ, ഉറ്റവരെല്ലാം ഒരുമിച്ച് നഷ്ടപ്പെട്ടത്, ആദ്യം അനന്ത്നാഗിലെ ഒരു സാധാരണ ആശുപത്രിയിലും പിന്നീട് മാനസികാരോഗ്യത്തിനുള്ള കാശ്മീരിലെ ഏക ആശുപത്രിയായ ജി.എം.സിയിലും എത്തിച്ചു.

ചെറിയ റോഡ് മുറിച്ചു കടന്ന്, മറുവശത്തുള്ള കെട്ടിടത്തിലെ വാര്‍ഡന്‍റെ മുറിയുടെ മുന്നിലെത്തിയപ്പോഴേക്കും അമ്പതിനടുത്ത് പ്രായം തോന്നിക്കുന്ന, കണ്ണട വെച്ച ഒരാള്‍ എതിരെ വരുന്നത് കണ്ടു. നദീം റസ്ദാന്‍. ഒറ്റ നോട്ടത്തില്‍ തന്നെ ആനന്ദിന് ആളെ മനസ്സിലായി. കഴിഞ്ഞ രണ്ടു പ്രാവശ്യം വന്നപ്പോഴും ഇയാള്‍ തന്നെയായിരുന്നല്ലോ വാര്‍ഡന്‍ എന്നയാള്‍ ഓര്‍ത്തു. പക്ഷേ നദീമിന്‍റെ വലിഞ്ഞു കെട്ടിയ മുഖത്ത് അങ്ങനെയൊരു പരിചയഭാവം കണ്ടില്ല. അയാളുടെയടുത്ത് പതുക്കെ എന്തോ പറഞ്ഞ് പെണ്‍കുട്ടി തിരിച്ചു പോയി.

ആയിയെ : അയാള്‍ ആനന്ദിനെ വിളിച്ചു കൊണ്ട് അടുത്തുള്ള ഇടനാഴിയിലേക്ക് തിരിഞ്ഞു. ഇരു വശത്തുമായി പല തരക്കാരായ ആളുകളെ അടച്ച സെല്ലുകള്‍ ആനന്ദ് കണ്ടു.

ഇപ്പോള്‍ അഹ്സക്കെങ്ങനെയുണ്ട് ? : മുന്നേ നടക്കുന്ന നദീമിനോട് ആനന്ദ് ഹിന്ദിയില്‍ ചോദിച്ചു.

വലിയ വ്യത്യാസമൊന്നുമില്ല. പിന്നെ പഴയത്ര പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ല. അന്ന് താങ്കള്‍ വന്നപ്പോള്‍ അടുത്തെക്കൊന്നും പോകാന്‍ സമ്മതിച്ചില്ലായിരുന്നല്ലോ. എല്ലാവരും തീവ്രവാദികള്‍ ആണെന്നായിരുന്നു അവളുടെ ഭാവം. പക്ഷേ, കുറ്റം പറയാന്‍ പറ്റില്ല. പിഞ്ചു പ്രായത്തില്‍ തന്നെ അഞ്ച് കൊലപാതകങ്ങളല്ലെ നേരില്‍ കണ്ടത്. ആരായാലും അങ്ങനെയായി പോകും…………….. ഓ……. ഐ ആം സോറി. അതില്‍ രണ്ടു പേര്‍ താങ്കളുടെ ബ്രദറും വൈഫുമായിരുന്നു , അല്ലേ ? : നദീം ചോദിച്ചു. പരിചയ ഭാവം കാണിച്ചില്ലെങ്കിലും ഇയാള്‍ക്ക് തന്നെ അറിയാമെന്ന് ആനന്ദിന് മനസിലായി.

അവര്‍ ഒരു ഇടനാഴി കഴിഞ്ഞ് അടുത്തതിലേക്ക് ഇടത്തോട്ടു തിരിഞ്ഞു.

എപ്പോഴാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത് ? : നദീം ഇടക്ക് ഇടത്തേക്ക് മുഖം വെട്ടിച്ച് ചോദിച്ചു. ബി.ബി.സിക്കു വേണ്ടി ചെയ്യുന്ന ഡോക്യുമെന്‍ററിയുടെ കാര്യമാണ് അയാള്‍ ചോദിക്കുന്നതെന്ന് ആനന്ദിന് മനസ്സിലായി.

മിക്കവാറും അടുത്തയാഴ്ച. ഏറിയാല്‍ രണ്ടു ദിവസം, ഇവിടെ അത്രയും മതി. പെര്‍മിഷനൊക്കെ വാങ്ങിച്ചിട്ടുണ്ട് : തോളില്‍ നിന്ന് താഴേക്ക് ഊര്‍ന്നു വീഴാന്‍ തുടങ്ങിയ ബാഗ് നേരെയാക്കി കൊണ്ട് ആനന്ദ് പറഞ്ഞു.

ചോദിക്കുന്നത് കൊണ്ട് വേറൊന്നും തോന്നരുത്. താങ്കളുടെ ബ്രദര്‍ ഡോക്ടര്‍ നരേഷ് അഗര്‍വാള്‍ മരിച്ചിട്ട് ഇരുപത് വര്‍ഷമെങ്കിലും ആയിട്ടുണ്ട്. ഇപ്പോ എന്താണ് ഇങ്ങനെയൊരു ഡോക്യുമെന്‍ററി ? അതും ബി.ബി.സിയില്‍…………………? : ആനന്ദിന്‍റെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ട് നദീം റസ്ദാന്‍ ചോദിച്ചു. ഇടനാഴി ഒരിയ്ക്കലും അവസാനിക്കുന്നില്ലല്ലോ എന്ന്‍ ആനന്ദിന് ഇടക്ക് തോന്നി.

മാനസികാരോഗ്യവും ജീവിത യാഥാര്‍ഥ്യങ്ങളും എന്ന വിഷയത്തില്‍ അദ്ദേഹം എഴുതിയ ഒരു തീസീസ് അടുത്ത കാലത്താണ് പഴയ ചില ബുക്ക്സിന്‍റെ കൂടെനിന്നും എനിക്കു കിട്ടിയത്. അത് ഞാന്‍ എന്‍റെ ന്യൂയോര്‍ക്കിലുള്ള ചില സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തപ്പോള്‍ അവരാണ് എന്നോട് പറഞ്ഞത് ഇത് അടുത്തിടെ ടോക്കിയോയില്‍ വെച്ച് നടന്ന ലോക ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഡോക്ടര്‍ സ്റ്റീഫന്‍ ബെര്‍ണാര്‍ഡ് അവതരിപ്പിച്ച തീസീസുമായി സാമ്യമുണ്ടെന്ന്. അതായത് എന്‍റെ ചേട്ടന്‍ വളരെ നേരത്തെ കണ്ടു പിടിച്ച കാര്യമാണ് ഇപ്പോള്‍ ഒരു പുതിയ കാര്യമായി ഡോക്ടര്‍ ബെര്‍ണാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. അതാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഡോക്യുമെന്‍ററി എടുക്കാന്‍ കാരണം. ഞാന്‍ വിശ്വസിക്കുന്നു, ചേട്ടന്‍റെ പഠനത്തിന്‍റെ അടിസ്ഥാനം മാനസിക നില തെറ്റിയ, പിന്നീട് അദ്ദേഹം ദത്തെടുക്കാന്‍ ശ്രമിച്ച ഈ പെണ്‍കുട്ടിയാണെന്ന്, അഹ്സാ മുഹമ്മദ്…………………. : ആനന്ദ് പറഞ്ഞതു കേട്ട് നദീം റസ്ദാന്‍ തലയാട്ടി.

അപ്പോഴേക്കും ഒരു സെല്ലിന്‍റെ മുന്നിലെത്തിയ അയാള്‍ നിന്നു. കയ്യിലെ താക്കോലെടുത്ത് സെല്ലിന്‍റെ പൂട്ട് തുറന്നു. വാതില്‍ തുറന്ന്‍ അയാള്‍ അകത്തേക്ക് കയറി. ആനന്ദ് പുറകെയും. വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് മുപ്പത്തിനടുത്ത് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി പേടിച്ചരണ്ട് ഒരു മൂലയ്ക്ക് പതുങ്ങുന്നതും തന്‍റെ മുഖം കാലുകള്‍ക്കിടയില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതും ആനന്ദ് കണ്ടു.

ജ്യേഷ്ഠന്‍റെ സ്വകാര്യ ശേഖരത്തില്‍ നിന്നു കിട്ടിയ ഫോട്ടോയില്‍ കണ്ട പത്തു വയസ്സുകാരി ഇവള്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക് പ്രയാസം തോന്നി.

ആകസ്മികമായ ദുരന്തത്തിന്‍റെ നടുക്കത്തില്‍ മാനസിക നില തെറ്റിയ എട്ടു വയസുകാരി അന്ന് എത്തിപ്പെട്ടത് ഇതേ സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടര്‍ നരേഷ് അഗര്‍വാളിന്‍റെ അടുത്താണ്. അവളുടെ അവസ്ഥയറിഞ്ഞ അദേഹത്തിന് പ്രത്യേക വാല്‍സല്യവും അനുകമ്പയും തോന്നി. പക്ഷേ അഹ്സയുടെ മനസ്സിനേറ്റ മുറിവ് അത്യന്തം മാരകമായിരുന്നു. വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത അദ്ദേഹവും ഭാര്യ ഇന്ദിരയും അവളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ കൊടുത്തു. അവരുടെ സ്നേഹപൂര്‍വമായ ശുശ്രൂഷയുടെ ഫലമായി അഹ്സ പതുക്കെ പതുക്കെ നിറങ്ങളുടെയും കവിതകളുടെയും ലോകത്തേക്ക് മടങ്ങി വന്നു. നഷ്ടപ്പെട്ടു പോയ തന്‍റെ ഉറ്റവരെ തിരിച്ചു കിട്ടിയെന്ന് അവള്‍ക്കും തോന്നി തുടങ്ങി.

അഹ്സയെ ദത്തെടുക്കാന്‍ രണ്ടു പേരും തീരുമാനിച്ചു. അവളെ വിട്ടു പിരിയാന്‍ തങ്ങള്‍ക്കും തങ്ങളില്ലാതെ ജീവിക്കാന്‍ അവള്‍ക്കും കഴിയില്ലെന്ന് അവര്‍ക്കുറപ്പായിരുന്നു. പക്ഷേ അപ്പോഴും ചോരക്കൊതിയുടെ പുതിയ രൂപത്തിലെത്തിയ വിധി ഒരിക്കല്‍ കൂടി എല്ലാം തട്ടിത്തെറിപ്പിച്ചു. അവരുടെ സ്വപ്നങ്ങള്‍, ജീവിതം……….. എല്ലാം.

അഹ്സയെ ദത്തെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂവരും കാറില്‍ മടങ്ങി വരുന്ന വഴി, ഒരു സംഘം തീവ്രവാദികള്‍ വഴി തടഞ്ഞു. എന്നിട്ട് മുസ്ലീം പെണ്‍കുട്ടിയെ മത പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് അവര്‍ ഡോക്ടറുടെയും ഭാര്യയുടെയും തല വെട്ടി മാറ്റി. ഭയന്ന് നിലവിളിച്ച അഹ്സയുടെ കണ്ണുനീര്‍ അവരുടെ മനസ്സലിയിപ്പിച്ചതെയില്ല. മെന്‍റല്‍ ഹോസ്പിറ്റലിന്‍റെ ഇരുണ്ട ഇടനാഴികളും ഒരിക്കല്‍ ഉപേക്ഷിച്ചു പോയ മുറികളും അവളുടെ മുന്നില്‍ വീണ്ടും തുറന്നു……………………

Read ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് (കഥ)

അഹ്സാ മുഹമ്മദ്………… യെ മേം ഹും നദീം ഭയ്യ………….. :
നദീം റസ്ദാന്‍റെ ശബ്ദം ആനന്ദിനെ ഓര്‍മകളില്‍ നിന്നുണര്‍ത്തി. അയാളുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ കാലുകള്‍ക്കുളില്‍ പൂഴ്ത്തി വെച്ച മുഖം പതുക്കെ ഉയര്‍ത്തി ചിരിച്ചു. നദീം അവളുടെ അടുത്തേക്ക് നടന്നു.

ഉഠിയേ……….. ദേഖിയേ യേ കോന്‍ ആയാ തുമേ ദേഖ്നെ കേലിയേ……….. : അയാള്‍ പറഞ്ഞപ്പോള്‍ അഹ്സ പതുക്കെ മുഖം തിരിച്ച് ആനന്ദിനെ നോക്കി. ചെറിയ ഒരു പരിചയ ഭാവം തോന്നിയ അവളുടെ മുഖം ചെറുതായി വിടര്‍ന്നു. എങ്കിലും അവളുടെ ഭയം തീര്‍ത്തും വിട്ടു മാറിയിട്ടില്ലെന്ന് ആനന്ദിന് തോന്നി.

കഴിഞ്ഞ പ്രാവശ്യത്തെ പോലെയല്ല, ഇപ്പോള്‍ ഇവള്‍ കുറച്ചു മാറിയിട്ടില്ലെ ? : നദീം ആനന്ദിനോട് ചോദിച്ചു. അത് ശരി വെയ്ക്കുന്ന ഭാവത്തില്‍ ആനന്ദ് തലയാട്ടി.

ഇതെല്ലാം ഇവള്‍ വരച്ച ചിത്രങ്ങളാണ് : ചുറ്റും ചിതറിക്കിടന്ന വെള്ളക്കടലാസിലെ ചിത്രങ്ങള്‍ കാട്ടി നദീം വീണ്ടും പറഞ്ഞു. പലതരത്തിലുള്ള ചിത്രങ്ങള്‍. പ്രകൃതിയുടെയും എന്തെന്ന് തിരിച്ചറിയാനാവാത്തതുമായ ചിത്രങ്ങള്‍. പഴയ ഓര്‍മകള്‍ തീര്‍ത്തു അവളെ വിട്ടു പോയിട്ടില്ലെന്ന് ഗ്രാമ കാഴ്ചകളുടെ ഒരു ചിത്രം എടുത്തു നോക്കുമ്പോള്‍ ആനന്ദിന് തോന്നി. ചുറ്റും കിടന്ന ചിത്രങ്ങളുടെ ഇടയില്‍ കൂര്‍ത്ത മുഖമുള്ള പഷ്ത്തൂണ്‍ വംശജന്‍ എന്നു തോന്നിപ്പിക്കുന്ന നേര്‍ത്ത താടിയുള്ള ഒരാളുടെ മുഖം കണ്ട് ആനന്ദ് അതെടുത്ത് നോക്കി. നദീമും ആ ചിത്രം അപ്പോഴാണ് ശ്രദ്ധിച്ചത്.

യേ കോന്‍ ഹേ ബേട്ടീ………….. : ആനന്ദിന്‍റെ കയ്യിലുള്ള ചിത്രം കാണിച്ചു കൊണ്ട് നദീം തിരിഞ്ഞു, അവരെ തന്നെ നോക്കിയിരിക്കുകയായിരുന്ന അഹ്സയോട് ചോദിച്ചു. അതു കണ്ടതും അവള്‍ ഭയന്നു വിറച്ച് എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഒരു മൂലക്കൊതുങ്ങി. തന്‍റെ മുഖം കാലുകള്‍ക്കിടയില്‍ പൂഴ്ത്താന്‍ അപ്പോഴും അവള്‍ ശ്രമിച്ചു കൊണ്ടിരുന്നു.

ആ ചിത്രത്തില്‍ എന്തോ കാര്യമുണ്ടെന്ന് ആനന്ദിന് തോന്നി. അവളെയും ചിത്രത്തെയും പകപ്പോടെ മാറി മാറി നോക്കിയ നദീമിന് ഒന്നും മനസിലായില്ല. പക്ഷേ കുറെ നേരത്തേക്കെങ്കിലും അവള്‍ സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരില്ലെന്ന് ഇരുവര്‍ക്കും തോന്നി. അതുകൊണ്ട് അവളെ ശല്യപ്പെടുത്തണ്ട എന്നു വിചാരിച്ച് ആനന്ദും പുറകെ നദീമും പുറത്തേക്ക് നടന്നു. അപ്പോഴും ആനന്ദ് ആ അപരിചിതന്‍റെ ചിത്രം കയ്യില്‍ ചുരുട്ടി മുറുകെ പിടിച്ചിരുന്നു.

അഹ്സയുടെ അവസ്ഥ കണ്ടപ്പോള്‍ ആനന്ദിന് വിഷമം തോന്നി. അവള്‍ കണ്ട കാഴ്ചകളുടെ ഭീകരത ഓര്‍ത്തപ്പോള്‍ അയാളുടെ മനസൊന്ന് ഉലഞ്ഞു. ഒരിക്കല്‍ തന്‍റെ ജ്യേഷ്ഠന്‍ ദത്തെടുക്കാന്‍ ആഗ്രഹിച്ച
കുട്ടിയാണ്. നിയമം അനുവദിക്കുകയാണെങ്കില്‍ അവളെ ജ്യേഷ്ഠന്‍റെ മകളായി തന്നെ കൂടെ കൂട്ടണമെന്ന് ആനന്ദ് മനസില്‍ കരുതി. പക്ഷേ നമ്മുടെ നിയമത്തിലെ നൂലാമാലകള്‍ അത് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു.

സെക്രട്ടറിയുടെ മുറിയിലേക്ക് തിരിയാനുള്ള വരാന്ത എത്തിയപ്പോള്‍ ആനന്ദ് തിരിഞ്ഞു നദീമിന് കൈ കൊടുത്തു.

താങ്ക് യൂ മിസ്റ്റര്‍ നദീം. എനിക്ക് സെക്രട്ടറിയുടെ അടുത്ത് നിന്ന് കുറച്ചു പേപ്പേഴ്സ് കളക്ട് ചെയ്യാനുണ്ട്………………. : ആനന്ദ് പറഞ്ഞു.

ആയ്ക്കോട്ടെ. ആള്‍ ദ ബെസ്റ്റ്…………………… : നദീം റസ്ദാന്‍ ചിരിച്ചുകൊണ്ട് അയാളെ യാത്രയാക്കി.

ആനന്ദ് നടന്നു നീങ്ങി. എതിരെ ആരോഗ്യ ദൃഡഗാത്രനായ കമ്പിളിക്കുപ്പായം പുതച്ച ഒരാള്‍ നടന്നു വരുന്നത് കണ്ടെങ്കിലും ആനന്ദ് ശ്രദ്ധിച്ചില്ല. ആനന്ദ് കടന്നു പോയതിന് ശേഷമാണ് അയാള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കിയത്. താന്‍ എവിടെയോ കണ്ടു മറന്ന മുഖമാണ് ആനന്ദിന്‍റേതെന്ന് അയാള്‍ക്ക് തോന്നി. പക്ഷേ അതെവിടെയാണെന്ന് അയാള്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അപ്പോഴും നദീം റസ്ദാന്‍ പഴയ സ്ഥാനത്ത് തന്നെ നില്‍ക്കുന്നത് കണ്ടു.

ആരാണാ ചെറുപ്പക്കാരന്‍ ? : അയാള്‍ നദീമിനോട് ചോദിച്ചു.

അസീം ഭായ്, അത് മിസ്റ്റര്‍ ആനന്ദ് വര്‍മ്മ. ബി.ബിസി ഇന്‍ഡ്യയുടെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ആണ്…………………. : നദീം പരിചയഭാവത്തില്‍ തന്നെ പറഞ്ഞു.

ബി.ബി.സി ? : അസീം ഭട്ട് ആനന്ദ് പോയ വഴി നോക്കി സ്വയം ചോദിച്ചു. അയാളുടെ കണ്ണുകളില്‍ അവിശ്വസനീയത നിറഞ്ഞു നിന്നു.

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!