സല്ദാഗറില് നിന്നും വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ജഹാംഗീര്‍ ഖാസിയുടെ ഹസ്രത്ത്ബാലിലെ ഫാം ഹൌസ് ലക്ഷ്യമാക്കി ധരം ചൌധരി അതി വേഗത്തില്‍ തന്റെ അംബാസഡര്‍ കാര്‍ പായിച്ചു കൊണ്ടിരുന്നു. പുറകിലത്തെ സീറ്റില്‍ ചാരി കിടക്കുമ്പോള്‍ ആനന്ദ് തന്റെ സാരഥിയെക്കുറിച്ചാണ് ആലോചിച്ചത്. അയാള്‍ക്ക് പ്രായം മുപ്പതിനു മേലുണ്ടെങ്കിലും കണ്ടാല്‍ ഒരു കോളേജ് വിദ്യാര്‍ഥിയുടെ മട്ടാണ്. വിശ്വസ്തനാണ്. സ്വഭാവത്തില്‍ നല്ല പക്വതയുമുണ്ട്. അസമില്‍ ജോലി ചെയ്യുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്
തുടങ്ങിയ ബന്ധമാണ്. ഒരു പാടു കാലങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം കാണുമ്പോള്‍ ധരം തിരിച്ചറിയുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷേ അയാള്‍ ഞെട്ടിച്ചു കളഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടു പിരിഞ്ഞത് പോലെയായിരുന്നു ധരമിന്റെ പെരുമാറ്റം. പിന്നെയാണ് അയാള്‍ സ്വന്തമായി ശ്രീനഗറില്‍ നാലോ അഞ്ചോ വാഹനങ്ങളുമായി ടാക്സി സര്‍വീസ് നടത്തുന്നതും അതോടൊപ്പം സഹോദരനുമായി ചേര്‍ന്ന് ദാല്‍ തടാകത്തില്‍ ഹൌസ് ബോട്ടിങ് നടത്തുന്നതും അറിഞ്ഞത്. ഏതായാലും പോകുന്നതിനു മുമ്പായി ഒരിക്കല്‍ ദാല്‍ തടാകത്തില്‍ ഒരു ദിവസം ചെലവഴിക്കണമെന്ന് ആനന്ദിന് തോന്നി.
ധരം ചൌധരി തിരക്കേറിയ റോഡിലൂടെ ഒരു മോട്ടോര്‍ വാഹന അഭ്യാസിയെ പോലെ അതി വേഗം തന്റെ വാഹനം പായിച്ചു കൊണ്ടിരുന്നു. അവസാനം ഒരു ട്രാഫിക് സിഗ്നല്‍ പോയിന്റില്‍ കാര്‍ നിന്നപ്പോള്‍ ആനന്ദ് പുറത്തേക്ക് നോക്കി. മേജര്‍ ജനറലിന്റെ ഫാം ഹൌസ് എത്താറായെന്ന് അയാള്‍ക്ക് മനസിലായി.
ആളുകള്‍ റോഡ് ക്രോസ് ചെയ്യുകയാണ്. ആനന്ദ് സീറ്റില്‍ ചാരിയിരുന്നു. ഒരു ആജാന ബാഹുവായ മനുഷ്യന് തന്റെ കാറിന് മുന്നില്‍ ഒരു നിമിഷം നിന്ന് എന്തോ വായിലേക്കിട്ട് വളരെ ലാഘവത്തോടെ റോഡ് കടന്ന് ഇടത്തേക്ക് പോകുന്നത് അയാള്‍ കണ്ടു. ഒരു നിമിഷം ആനന്ദിന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയി. എവിടെയോ കണ്ട മുഖം.
അതെ. അഹ്സ മുഹമ്മദ് വരച്ച ചിത്രത്തിലെ കൂര്‍ത്ത മുഖമുള്ള താടിക്കാരന്………….. കാലം വരുത്തിയ ചില മാറ്റങ്ങള്‍ ആ മുഖത്തുണ്ട്.
ആനന്ദ് സ്തബ്ധനായി അയാളെ വീണ്ടും വീണ്ടും നോക്കി. ആ മനുഷ്യന് ഇതൊന്നുമറിയാതെ റോഡ് മുറിച്ചു കടന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറയുന്നത് കണ്ടു. അപ്പോഴേക്കും സിഗ്നല്‍ മാറി ധരം ചൌധരി കാര്‍ മുന്നോട്ടെടുത്തു. നടുക്കം മാറിയ ആനന്ദ് പെട്ടെന്ന് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയിറങ്ങി. ചലിച്ചു തുടങ്ങിയ വാഹനങ്ങള്‍ക്കിടയിലൂടെ അയാള്‍ ആജാന ബാഹുവായ ആ മനുഷ്യന് പോയ ദിക്ക് ലക്ഷ്യമാക്കി ഓടി.
അത് തിരക്കേറിയ മാര്ക്കെറ്റാണെന്ന് ആനന്ദിന് മനസിലായി. പലതരത്തിലുള്ള ആളുകള്‍ വന്നും പോയുമിരിക്കുന്നു. കാശ്മീരി വസ്ത്രങ്ങളുടെയും പരവതാനികളുടെയും ചെറുതും വലുതുമായ കടകള്‍. സ്ത്രീകളും പ്രായമായവരും വരെ വില പേശി വസ്ത്രങ്ങള്‍ വാങ്ങുന്ന തിരക്കിലാണ്.
ആ താടിക്കാരനെ ഈ തിരക്കിനിടയില്‍ കണ്ടെത്തുക ശ്രമകരമാണെന്ന് ആനന്ദിന് തോന്നി. അകത്തേക്ക് പോകും തോറും പലതായി തിരിയുന്ന വഴികള്‍. എല്ലായിടത്തും കാശ്മീരി വസ്ത്രങ്ങളുടെയും കരകൌശല വസ്തുക്കളുടെയും കടകളാണ്. കുറെ കഴിഞ്ഞപ്പോള്‍ ഇനി എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ ആനന്ദ് ഒരു നിമിഷം നിന്ന് നാലു പാടും നോക്കി. ചില കടക്കാര് തന്നെ ശ്രദ്ധിക്കുന്നത് അയാള്‍ കണ്ടു. പെട്ടെന്ന് തിരിഞ്ഞപ്പോള്‍ തൊട്ടുപിന്നില്‍ അയാള്‍………… പഷ്ത്തൂണ്‍ വംശജന്.
രൂക്ഷമായി നോക്കി കൊണ്ട് അയാള്‍ ആനന്ദിന്റെ അടുത്തേക്ക് വന്നു.
തുമേ ക്യാ ചാഹിയെ ? : അയാള്‍ പരുക്കന്‍ സ്വരത്തില്‍ ചോദിച്ചു.
കുറെ നേരമായി അയാളോ അല്ലെങ്കില്‍ അയാളുടെ ആളുകളോ തന്നെ വീക്ഷിക്കുകയായിരുന്നു എന്ന് ആനന്ദിന് മനസിലായി. ചുറ്റുമുള്ള കടക്കാര് എന്തിനും തയാറായി തന്നെ തന്നെ തുറിച്ചു നോക്കുന്നത് അയാള്‍ കണ്ടു. അറിയാതെ വലതു വശത്തെ കടയിലേക്ക് പാളി നോക്കിയപ്പോള്‍ അവിടെ പരവതാനികള്‍ കൂട്ടിയിട്ട വലിയ ഡസ്ക്കിനു കീഴെ നീളമേറിയ ഒരു പെട്ടിക്ക് മുകളില്‍ എ കെ 56 പോലുള്ള തോക്കുകള്‍ കൂട്ടിയിട്ടിരുക്കുന്നത് ആനന്ദ് കണ്ടു. ഒരു വട്ടം നോക്കി, രണ്ടാമതും അയാള്‍ നോക്കിയപ്പോള്‍ ഒരാള്‍ വന്ന് കര്ട്ടന് വലിച്ചിട്ട് ആ കാഴ്ച മറച്ചു.
ആജാന ബാഹുവായ മനുഷ്യന് വീണ്ടും രണ്ടു ചുവടു മുന്നോട്ട് വച്ചു. ആനന്ദ് അറിയാതെ രണ്ടു ചുവട് പുറകോട്ടും വെച്ചു.
അരേ, മേനെ പൂച്ഛാ തുമേ ക്യാ ചാഹിയെ ? ബോല്‍ ? : അയാളുടെ ഭാവം മാറുന്നത് ആനന്ദ് കണ്ടു.
ഐ ആം ആനന്ദ് വര്‍മ്മ. ബി.ബി.സി ഇന്‍ഡ്യ : ആനന്ദ് തന്റെ ഐ ഡി കാര്‍ഡെടുത്ത് അയാളെ കാണിച്ചു. അത് കണ്ട് അയാള്‍ സംശയത്തോടെ ആനന്ദിന്റെ മുഖത്തേക്ക് നോക്കി.
ഐ വുഡ് ലൈക് ടോ സ്പീക്ക് വിത്ത് യൂ………….. : ആനന്ദ് അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അയാളുടെ കൂട്ടാളികള്‍ അപ്പോഴും തന്നെ തന്നേ ശ്രദ്ധിച്ചു കൊണ്ട് നില്‍ക്കുന്നത് ആനന്ദ് കണ്ടു. അവരോഴിച്ച് സാധാരണക്കാരായ ആരും തന്നെ ആ പരിസരത്തെങ്ങുമില്ലെന്ന് അയാള്‍ക്ക് മനസിലായി.
ഓണ്‍ വാട്ട് ? : കണ്ണുകള്‍ ചെറുതാക്കി കൊണ്ട് സംശയത്തോടെ ആ താടിക്കാരന് വീണ്ടും ചോദിച്ചു.
മിലിട്ടന്‍സി……………
ഹോട്ടല്‍ മുംതാസിന്റെ മുകള്‍ നിലയിലെ ഓപ്പണ്‍ റെസ്റ്റോറന്റില്‍ തനിച്ചിരുന്ന് കഹ്വ കുടിക്കുകയായിരുന്ന നദീം റസ്ദാന്റെ അടുത്ത് വളരെ വേഗത്തില്‍ നടന്നു വന്ന അസീം ഭട്ട് പറഞ്ഞു.
നദീം ഭായ്, നിങ്ങളുടെ ആനന്ദ് വര്‍മ്മ ഫെയ്ക്ക് ആണെന്ന് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലെ ?
കപ്പില്‍ നിന്ന് മുഖമുയര്‍ത്തി നദീം അടുത്തെത്തിയ അയാളെ നോക്കി.
അയാള്‍ ആരാണെന്നതിന്റെ യഥാര്‍ത്ഥ വിവരം ഇന്നെനിക്കു കിട്ടി. അതും ഹെഡ്ക്വാര്ടെഴ്സില് നിന്നു തന്നെ………………. : അസീം പതുക്കെ അയാളോട് പറഞ്ഞു. എന്നിട്ട് എതിര്‍വശത്തുള്ള കസേരയില്‍ ഇരുന്നു. അസീം മുമ്പ് ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സില്‍ ജോലി ചെയ്ത ആളാണല്ലോ എന്ന് നദീം പെട്ടെന്നോര്‍ത്തു. ഇപ്പോള്‍ അയാള്‍ ജമ്മു കാശ്മീര്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലാണ്.
അപ്പോള്‍ ആരാണയാള്‍ ? : ആകാംക്ഷ അടക്കാനാവാതെ നദീം ചോദിച്ചു.
ഹീ വാസ് എ ക്യാപ്റ്റന്‍ ഇന്‍ ഇന്‍ഡ്യന്‍ ആര്‍മി. പാരച്യൂട്ട് റെജിമെന്റില്‍…………… : അസീം പതുക്കെ പറഞ്ഞു. അതിനിടക്ക് വെയിറ്റര്‍ വന്നപ്പോള്‍ അയാള്‍ ഉറുദുവില്‍ എന്തോ ഓര്‍ഡര്‍ ചെയ്തു.
അസമില്‍ വെച്ചു നടന്ന ഒരു മിലിട്ടറി ഓപ്പറേഷനില്‍ കയ്യില്‍ കിട്ടിയ ഒരു ഉല്‍ഫ തീവ്രവാദിയെ ഇവനും കൂടെയുണ്ടായിരുന്ന ഒരു ഹേമന്ത് ഗോസ്വാമിയും ചേര്‍ന്ന് ഫെയിക്ക് എന്കൌണ്ടറില് കൊന്നു. അന്ന് കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്ത് പുറത്താക്കിയതാ രണ്ടിനെയും. പിന്നീട് ആറു വര്‍ഷം സില്‍ച്ചാറിലെ സെന്‍ട്രല്‍ ജയിലിലായിരുന്നു. അതിനിടയില്‍ കൂടെയുണ്ടായിരുന്നവന് ആത്മഹത്യ ചെയ്തു……………… : അസീം പറഞ്ഞത്
നദീം റസ്ദാന് നടുക്കത്തോടെയാണ് കേട്ടു കൊണ്ടിരുന്നത്. അതിനിടയില്‍ വെയിറ്റര്‍ ഒരു കപ്പ് ചൂട് കഹ്വ കൊണ്ടു വെച്ചപ്പോള്‍ അസീം അത് ഒന്നു കൂടി തന്റെ അടുത്തേക്ക് നീക്കി വെച്ചു.
എന്നിട്ട് അയാള്‍ ഇപ്പൊഴും സര്‍വീസിലുണ്ടോ ? : ചായ കുടിക്കാന്‍ മറന്ന് അസീമിനെ തന്നെ നോക്കിക്കൊണ്ട് നദീം ചോദിച്ചു.
ഇല്ല. ഇന്ത്യന്‍ ആര്‍മി റൂളനുസരിച്ച് മൂന്നു മാസത്തില്‍ കൂടുതല്‍ തടവ് ശിക്ഷ കിട്ടുന്നവരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടും. പിന്നെ പെന്ഷന് പോലും കിട്ടില്ല : നദീമിന്റെ മുഖത്തെ പരിഭ്രമം ഗൂഢമായി ആസ്വദിച്ചു കൊണ്ട് അസീം ഭട്ട് കഹ്വ കുടിക്കാന്‍ തുടങ്ങി.
ഏതാനും നിമിഷം അവരുടെ ഇടയില്‍ നിശബ്ദത വ്യാപിച്ചു. അപ്പോഴും നദീമിന്റെ പരിഭ്രമം മാറിയിട്ടില്ലെന്ന് അസീമിന് മനസിലായി.
അയാള്‍ ബി.ബി.സി. യിലാണെന്ന് പറഞ്ഞത് ശരിയാണോ ?
: ഒടുവിലെപ്പോഴോ നദീം റസ്ദാന് ചോദിച്ചു.
അതെനിക്കറിയില്ല. പക്ഷേ സൂക്ഷിക്കണം. നമ്മള് ഈ കണ്ടതൊന്നുമല്ല അയാള്‍………… വേറെന്തോ ഒരു ഉദ്ദേശം അയാളുടെ ഈ വരവിന് പുറകിലുണ്ട്. : അസീം ഭട്ട് തറപ്പിച്ചു പറഞ്ഞു.
നല്ല തണുത്ത കാറ്റ് വീശുന്നതും ചുറ്റുമുള്ള റോഡും പരിസരവും വിജനമാകുന്നതും നദീം കണ്ടു. ഇടക്ക് വന്ന ഫോണ്‍ കാളില്‍ അസീം മുഴുകിയെങ്കിലും, നദീം റസ്ദാന് ചൂട് കഹ്വ ഊതിക്കുടിക്കുന്നതിനിടയിലും എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു.
Read വന്മതിലിന്റെ നാട്ടില്‍ (കഥ)
ദാല്‍ തടാകത്തിലൂടെ ഒഴുകി നീങ്ങുന്ന ഹൌസ് ബോട്ടിനുള്ളിലെ പരുപരുത്ത സോഫയില്‍ ഇരുന്ന സഫാന്‍ അഹമ്മദ് ജലാലി എന്ന ആജാനബാഹുവായ മനുഷ്യന് എതിര്‍വശത്ത് ഒരു കൊച്ചു മേശക്കപ്പുറം ഒരാള്‍ക്കു മാത്രമിരിക്കാവുന്ന പൊക്കമുള്ള കസേരയില്‍, ഇരു വശത്തും കൈകള്‍ വിരിച്ചിരിക്കുന്ന ആനന്ദിനെ നോക്കി.
സഫാന്റെ സന്തത സഹചാരിയായ നല്ല ഉയരവും പരുക്കന്‍ മുഖവുമുള്ള ഗുല്‍സാര്‍ ആനന്ദിനെ തന്നെ നോക്കി വാതില്ക്കല് നിന്നു.
ആ പെണ്ണ് എന്നെ വരച്ചതിന് ഞാന്‍ എന്തു വേണം ? : സഫാന്‍ പരിഹാസത്തോടെ ചിരിച്ചു കൊണ്ട് ചോദിച്ചു. അത് കേട്ട് ഗുല്‍സാറും ചിരിച്ചു.
അതു കണ്ട് ആ ചിരിയില്‍ പങ്കു ചേര്‍ന്നു കൊണ്ട് ആനന്ദ് എഴുന്നേറ്റ് കയ്യില്‍ ചുരുട്ടി പിടിച്ച ചിത്രം അടുത്തുള്ള ഷെല്‍ഫില്‍ വെച്ചു കൊണ്ട് പറഞ്ഞു :
എന്റെ ചോദ്യം ജനുവിന് ആണ്, മിസ്റ്റര്‍. ജലാലി. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി നടന്ന സംഭവങ്ങളൊന്നും അഹ്സാ മുഹമ്മദിന് ഓര്‍മയില്ല. അപ്പോള്‍ അതിനു മുമ്പാണ് അവള് നിങ്ങളെ കണ്ടത്. ചിത്രത്തിലുള്ളതും നിങ്ങളുടെ പഴയ മുഖമാണ്. അവള് നിങ്ങളെ വല്ലാതെ ഭയപ്പെടുന്നു. അതിനുള്ള കാരണമാണ് എനിക്കറിയേണ്ടത്……………. : ആനന്ദ് ജലാലിയുടെ
അടുത്തുള്ള കസേരയില്‍ ഇരുന്നു.
ഹൌസ് ബോട്ട് അപ്പോഴും തടാകത്തിലൂടെ ഒഴുകിക്കൊണ്ടിരുന്നു. മുറിക്കുള്ളില്‍ ആയതുകൊണ്ട് പുറത്തെ കാഴചകളൊന്നും വ്യക്തമായില്ല.
അത് ഞാന്‍ എങ്ങനെ പറയാനാണ് ? അത് അവളോട് തന്നെ ചോദിക്കണം………….. : ചുണ്ട് ചിരി കോട്ടിക്കൊണ്ട് ജലാലി പറഞ്ഞു. അയാള്‍ ഒരര്‍ഥത്തിലും അടുക്കുന്ന മട്ടില്ലെന്ന് ആനന്ദിന് തോന്നി. അതു കൊണ്ട് കുറച്ചു വഴി മാറ്റി പിടിക്കാന്‍ അയാള്‍ തീരുമാനിച്ചു.
ഇരുപതു വര്‍ഷം മുമ്പ് എന്തായിരുന്നു നിങ്ങള്‍ ചെയ്തു കൊണ്ടിരുന്നത് ? : ആനന്ദ് തികഞ്ഞ മാധ്യമ പ്രവര്‍ത്തകന്റെ ഭാവത്തില്‍ ചോദിച്ചു.
ബിസിനസ്സ്………………….. കാശ്മീരി ഹാന്‍ഡി ക്രാഫ്റ്റ്സിന്റെ എക്സ്പോര്‍ട്ടിങ് : അയാള്‍ വളരെ ഉദാസീനതയോടെ പറഞ്ഞു.
വേറെ ? : അയാളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ആനന്ദ് വീണ്ടും ചോദിച്ചു.
വേറെന്താ ? വേറൊന്നുമില്ല………………… : അങ്ങനെ പറഞ്ഞു കൊണ്ട് ജലാലി സോഫയുടെ പിന്നില്‍ ബോട്ടിന്റെ ചുവരില്‍ ഒന്നു ചാരിയിരുന്നു.
അപ്പോള്‍ ഇതെന്താണ് ? : ആനന്ദ് ഒരു കെട്ട് പഴയ ഇംഗ്ലീഷ് പത്രങ്ങള്‍ അയാളുടെ മുന്നിലുള്ള മേശയില്‍ ഇട്ടു കൊണ്ട് ചോദിച്ചു. കാശ്മീരില്‍ തൊണ്ണൂറുകളില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ വാര്‍ത്തകളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുടെ ചിത്രങ്ങളുമാണ് അതില്‍ ഉണ്ടായിരുന്നത്. അക്കൂട്ടത്തില്‍ ജലാലിയുടെ ചിത്രവും ഉണ്ടായിരുന്നു.
അത് കണ്ട് ഒന്നു ഞെട്ടിയ ജലാലി സംശയത്തോടെ ആനന്ദിനെ നോക്കി. അതുവരെ നിസംഗ ഭാവത്തില്‍ നിന്ന ഗുല്‍സാറിന്റെ മുഖത്തും ഗൌരവം നിറയുന്നത് ആനന്ദ് കണ്ടു. മുന്നിലിരിക്കുന്നത് നിസാരക്കാരനല്ലെന്ന് അവര്‍ക്ക് മനസിലായി.
നീ ആരാണ് ? : ഇരിപ്പിടത്തില്‍ മുന്നോട്ട് ചാഞ്ഞിരുന്ന് സഫാന്‍ അഹമ്മദ് ജലാലി ചോദിച്ചു.
ഞാന്‍ നേരത്തെ പറഞ്ഞല്ലോ…………… : വളരെ ലാഘവത്തോടെ ആനന്ദ് മറുപടി നല്കി. ബോട്ട് വളരെ താളത്തിലാണ് പോകുന്നതെന്ന് അയാള്‍ക്ക് തോന്നി. ധരം ചൌധരി സ്റ്റിയറിങ് കൊണ്ട് കവിതയെഴുതുകയാണോ എന്നയാള്‍ വെറുതെ സംശയിച്ചു.
എല്ലാം അവസാനിപ്പിച്ച് ഞാനും കൂടെയുള്ളവരും കീഴടങ്ങിയപ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് മാപ്പ് നല്കി. പിന്നെ കുറേ നാള് ജയിലിലും കിടന്നു…………… : ജലാലി കുറ്റ സമ്മതം നടത്തുന്ന മട്ടില്‍ പറഞ്ഞു.
അന്ന് ചേട്ടനും ഭാര്യയും കൊല്ലപ്പെട്ടപ്പോള്‍ വന്ന റിപ്പോര്‍ട്ടുകളില്‍ ജലാലിയുടെ പേര് പരാമര്‍ശിച്ചിരുന്നത് ആനന്ദ് വര്‍മ്മ ഓര്‍ത്തു. പക്ഷേ അയാളുടെ തുടക്ക കാലമായത് കൊണ്ട് ആ സമയത്ത് ഫോട്ടോയൊന്നും വന്നില്ല. ഇപ്പോള്‍ അയാളുടെ മുന്നിലിട്ട പത്രങ്ങളെല്ലാം തലേന്ന് അഹ്സ വരച്ച ചിത്രം കണ്ടതിനു ശേഷം കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ വിവിധ ലൈബ്രറികളില്‍ നിന്ന് ആനന്ദ് സംഘടിപ്പിച്ചതാണ്.
എന്നു വെച്ച് ചെയ്തു കൂട്ടിയ പാപങ്ങളുടെ കറ മാറുമോ, മിസ്റ്റര്‍ ജലാലി ? : ചൂണ്ടു വിരല്‍ തന്റെ കണ്ണിനടുത്ത് വെച്ച് ആനന്ദ് വര്‍മ്മ ചോദിച്ചു. ആ ചോദ്യം അയാളെ ക്രുദ്ധനാക്കി.
നിങ്ങള്‍ ഓരോന്ന് കയ്യടക്കി വെയ്ക്കുമ്പോള്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യണം ? : ദേഷ്യം പൂണ്ട സഫാന്‍ അഹമ്മദ് ജലാലി ആക്രോശിച്ചു. അയാളുടെ ഭാവ മാറ്റം കണ്ടെങ്കിലും ആനന്ദിന് യാതൊരു കുലുക്കവുമുണ്ടായില്ല.
ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമായിരുന്നോ ? അപ്പോള്‍ നിങ്ങള്‍ ചോദിച്ചു വാങ്ങിച്ചതാണ് ഇതൊക്കെ……………. : ജലാലി വീണ്ടും പുറകോട്ടു ചാരിയിരുന്ന് കൈ രണ്ടും വിരിച്ചു വെച്ചു.
എന്നിട്ട് മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്ര ബോസിനെയുമൊക്കെ സ്വാതന്ത്ര സമര സേനാനികളെന്ന് വിളിക്കുന്ന നിങ്ങള്‍ ഞങ്ങളുടെ ആള്‍ക്കാരെ തീവ്രവാദികള്‍ എന്നു വിളിക്കുന്നു. എത്ര പേരെ തൂക്കിലേറ്റിയാലും ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് ഞങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കേണ്ടി വരും. അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും. എത്ര ചോരപ്പുഴ ഒഴുക്കിയിട്ടാണെങ്കിലും, എത്ര നിരപരാധികളെ കൊന്നൊടുക്കിയിട്ടാണെങ്കിലും നിങ്ങളെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും. : അയാള്‍ വന്ന്യമായ ആവേശത്തോടെ പറഞ്ഞു. ദേഷ്യം കൊണ്ട് അയാളുടെ മുഖം ചുവന്നു തുടുക്കുകയും കണ്ണുകള്‍ കൂടുതല്‍ ചെറുതാവുകയും ചെയ്തു. എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് സഫാന്‍ അഹമ്മദ് ജലാലിയെന്ന് അയാളുടെ പെരുമാറ്റത്തില്‍ നിന്ന് വീണ്ടും വീണ്ടും വ്യക്തമായി.
വെല്‍……….. സ്വപ്നം കാണുവാന്‍ എല്ലാവര്ക്കും അവകാശമുണ്ട്, മിസ്റ്റര്‍ ജലാലി. പ്രത്യേകിച്ച് അമ്മയുടെ മുലപ്പാലിന് പോലും വില പറയുന്ന ചിലരുടെ സഹായം അതിര്‍ത്തിക്കപ്പുറത്ത് നിന്നു നിങ്ങള്‍ക്ക് കിട്ടുമ്പോള്‍……………. : മുന്നോട്ട് ചാഞ്ഞ് അയാളുടെ മുഖത്തേക്ക് നോക്കി ആനന്ദ് പറഞ്ഞു.
ഹേയ്………………. : ഗുല്‍സാര്‍ ആക്രോശിച്ച് കൊണ്ട് ആനന്ദിന് നേരെ വന്നപ്പോള്‍ ജലാലി കൈ ഉയര്‍ത്തി അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു:
ബസ്സ്……………………………………..
എന്നിട്ട് ആനന്ദിന്റെ മുഖത്തേക്ക് നോക്കി. അയാള്‍ വെറുമൊരു ചാനല്‍ പ്രവര്ത്തകന് തന്നെയാണോ എന്ന് അഹമ്മദ് ജലാലിക്ക് അപ്പോള്‍ സംശയം തോന്നി.
എന്താ നിന്റെ ഉദ്ദേശം ? എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നത് ? : എഴുന്നേറ്റ് എതിര്‍വശത്ത് വന്നു നിന്ന ആനന്ദിനെ നോക്കി അയാള്‍ ചോദിച്ചു. ബോട്ട് എവിടെ എത്തിയെന്ന് പോലും അയാള്‍ക്ക് മനസിലായില്ല. മുറിയിലെ ജനാലകളെല്ലാം അടച്ച് കര്ട്ടന് കൂടി ഇട്ടിരുന്നു.
ചുമ്മാ, നിങ്ങളെ ഒന്നു കാണാന്‍……….. വീര യോദ്ധാവല്ലേ………. കൂടെ ഈ പൈനാപ്പിള്‍ മോറനെയും……………. : ആദ്യം അഹമ്മദ് ജലാലിയെയും പിന്നീട് ഗുല്‍സാറിനെയും നോക്കിക്കൊണ്ട് ആനന്ദ് പറഞ്ഞു.
അരേ സാലാ ഹിന്ദുസ്ഥാനി………… മേം തുമേ ദിഖാവൂങ്കാ ഹം കോന്‍ ഹേ………….. :
ഗുല്‍സാര്‍ ആക്രോശിച്ചു കൊണ്ട് ആനന്ദിന് നേരെ നിറയൊഴിക്കാനായി അരയില്‍ നിന്ന് തോക്കെടുക്കുന്നത് കണ്ടെങ്കിലും ജലാലി ഇക്കുറി തടഞ്ഞില്ല. പക്ഷേ അയാള്‍ രണ്ടു ചുവട് മുന്നോട്ടു വെയ്ക്കുന്നതിന് മുമ്പേ എന്തോ കൂര്‍ത്ത ആയുധം പിന്നില്‍ നിന്ന് അയാളുടെ വയറ്റില്‍ തുളച്ചു കയറി. കൈത്തോക്ക് അയാളുടെ കയ്യില്‍ നിന്ന് താഴെ വീണു. ഞരക്കത്തോടെ അയാളും ഞെട്ടി വിറച്ച അഹമ്മദ് ജലാലിയും ഒരേ സമയം പുറത്തേക്ക് നോക്കി.
ഗുല്‍സാറിനെ കൂര്‍ത്ത കമ്പി കൊണ്ട് കുത്തിയതിന് ശേഷം നില്ക്കുന്ന ധരം ചൌധരിയെയാണ് അവിടെ അവര്‍ കണ്ടത്. ഗുല്‍സാര്‍ താഴെ വീണു.
പിടയുന്ന ഗുല്സാറിനേ കണ്ട് ജലാലി ചാടിയെഴുന്നേല്ക്കാന് തുനിഞ്ഞെങ്കിലും ആനന്ദിന്റെ കയ്യില്‍ നിന്ന് നെഞ്ചിലേക്ക് നീണ്ട ഏതോ ആയുധം അയാളെ തടഞ്ഞു. അയാള്‍ തല കുനിച്ച് അതെന്താണെന്ന് നോക്കി.
ബെരെട്ട 9000 എസ് !! ഇറ്റാലിയന്‍ ഗണ്‍ !!!
ആയുധങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ജലാലി ഒറ്റനോട്ടത്തില്‍ തന്നെ കടലുകള്‍ കടന്നെത്തിയ ആയുധം തിരിച്ചറിഞ്ഞു.
സ്തബ്ധനായി മുഖം ഉയര്‍ത്തി ആനന്ദിനെ നോക്കിയ ജലാലി സോഫയില്‍ തന്നെ ഇരുന്നു. തോക്കുമായി നില്ക്കുന്ന ആനന്ദിന് യാതൊരു ഭാവമാറ്റവും ഇല്ലെന്നത് ജലാലിയെ അത്ഭുതപ്പെടുത്തി. എങ്കിലും അയാളുടെ ഇളം ചാരനിറമുള്ള കണ്ണുകളില്‍ ഒരു കടല്‍ തന്നെ ഇരമ്പുന്നുണ്ടെന്ന് സഫാന്‍ അഹമ്മദ് ജലാലിക്ക് തോന്നി. പക്ഷേ അപ്പോഴും എന്താണ് അയാളുടെ ഉദേശമെന്ന് ജലാലിക്ക് മനസിലായില്ല.
ഇതാണ് നിങ്ങള്‍ കാലങ്ങളായി ചെയ്യുന്നത്………… പിന്നില്‍ നിന്നുള്ള കുത്ത്. ഒളിപ്പോര്……………. : ആനന്ദ് താഴെ കിടന്ന ഗുല്‍സാറിനെ ഒന്നു പാളി നോക്കിക്കൊണ്ട് അഹമ്മദ് ജലാലിയോട് പറഞ്ഞു. അപ്പോഴേക്കും അയാളുടെ ചലനം നിലച്ചിരുന്നു. ജലാലിയുടെ കണ്ണുകളില്‍ ഇതാദ്യമായി ഭയം നിറയുന്നത് ആനന്ദ് കണ്ടു.
മുന്നില്‍ നില്‍ക്കുന്നത് ഒരു ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന് ആണെന്നാണ് ജലാലിക്ക് അപ്പോള്‍ തോന്നിയത്. ആനന്ദ് ആര്‍മി യൂണിഫോമിലാണ് നില്‍ക്കുന്നതെന്നും ഒരു നിമിഷം അയാള്‍ക്ക് തോന്നി.
ഞാന്‍ ആനന്ദ് വര്‍മ്മ, എക്സ് ക്യാപ്റ്റന്‍ ഇന്‍ഡ്യന്‍ ആര്‍മി. തൊണ്ണൂറുകളില്‍ നീ കൊലപ്പെടുത്തിയ നൂറു കണക്കിന് ആള്‍ക്കാരില്‍ ഒരാള്‍, ഡോക്ടര്‍ നരേഷ് അഗര്‍വാളിന്റെ സഹോദരന്. നീ ചെയ്തു കൂട്ടിയ, ഇപ്പൊഴും ചെയ്തു കൊണ്ടിരിക്കുന്ന പാപങ്ങളുടെ ശിക്ഷയായി നിന്നെ എത്തിക്കേണ്ടിടത്ത് ഞാന്‍ എത്തിക്കുന്നു. ഇന്ഷാ അള്ളാ…………. : ആനന്ദിന്റെ വിരല്‍ ട്രിഗ്ഗറില്‍ അമര്‍ന്നു. രണ്ടു വട്ടം. സൈലന്‍സര്‍ ഉള്ളതിനാല്‍ ശബ്ദം പുറത്തേക്കു വന്നില്ല. കണ്ണുകള്‍ മിഴിച്ചു കൊണ്ട് സഫാന്‍ അഹമ്മദ് ജലാലി കസേരയില്‍ നിന്ന് താഴേക്കു വീണു.
ധരം ചൌധരി എല്ലാം ശ്രദ്ധിച്ചു കൊണ്ട് വാതില്ക്കല് തന്നെ നിന്നു. ആനന്ദ് ചുവരിലെ ഒരു ബോക്സിന്റെ വാതില്‍ തുറന്ന് സ്റ്റിയറിങ് പോലെ തോന്നിക്കുന്ന ലിവര്‍ തിരിച്ചപ്പോള്‍ മുറിയിലെ ഒരു വശത്തെ അടിത്തട്ട് ഇളകി മാറി. അടിയില്‍ തണുത്തുറഞ്ഞ ദാല്‍ തടാകം ദൃശ്യമായി. അയാളും ചൌധരിയും ചേര്‍ന്ന് രണ്ടു ശരീരങ്ങളും തടാകത്തില്‍ തള്ളിയിട്ടു. തണുത്തുറഞ്ഞ ആ ജലത്തില്‍ എക്കാലവും അവര്‍ സുരക്ഷിതമായിരിക്കുമെന്ന് ആനന്ദിന് തോന്നി. ചൌധരി വീണ്ടും ലിവര്‍ തിരിച്ചപ്പോള്‍ അടിത്തട്ട് പഴയ പടിയായി.
ചൌധരിയെ അടുത്തിരുത്തി, ദാല്‍ തടാകത്തിലൂടെ തിരികെ സ്വയം ബോട്ട് ഓടിക്കുമ്പോള്‍ പ്രായമായവരും മദ്ധ്യ വയസ്ക്കരുമൊക്കെയായ കച്ചവടക്കാര്‍ നഗീന് തടാകത്തിലൂടെ വള്ളത്തില്‍ സഞ്ചരിച്ച് പാചകത്തിനുള്ള താമരത്തണ്ടുകള് ശേഖരിക്കുന്നത് ആനന്ദ് കണ്ടു. താമര പൂവുകള്‍ക്ക് പതിവില്ലാത്ത ഭംഗിയാണല്ലോ അന്ന് എന്നയാള്‍ക്ക് തോന്നി.
The End
ithinte baaki evide?
next pagil undallo.
https://writtenbymanoj.com/best-malayalam-blogs/2/