ആഘോഷമാകുന്ന സെലബ്രിറ്റി വിവാഹങ്ങള്‍

ആഘോഷമാകുന്ന സെലബ്രിറ്റി വിവാഹങ്ങള്‍ 1

വിവാഹം എന്നത് ഭാരതീയര്‍ക്ക് ഒരു ആഘോഷമാണ്. അത് സെലബ്രിറ്റികളുടേത് കൂടിയാകുമ്പോള്‍ പറയാനുമില്ല. വാര്‍ത്തകള്‍ക്കും ആഘോഷങ്ങള്‍ക്കും വീര്യം കൂടും. ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹ വാര്‍ത്തയാണ് അഭിനവ ഇലക്ട്രോണിക് മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഫാന്‍സും ഇപ്പോള്‍ ആഘോഷിക്കുന്നത്. അതിനിടയില്‍ കെജ്രിവാളിനെയും സുനന്ദ പുഷ്കറിനെയുമെല്ലാം പലരും മറന്നു എന്നു തന്നെ പറയാം. വാര്‍ത്ത പുറത്തു വന്ന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചില വിരുതന്മാര്‍ ഫഹദിന്‍റെയും നസ്രിയയുടെയും തൊണ്ണൂറുകളിലെ ചിത്രങ്ങള്‍ ചേര്‍ത്ത് സ്ക്രാപ് വരെ തയാറാക്കി. നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ക്ക് വ്യത്യസ്തങ്ങളായ സ്ക്രാപ്പുകള്‍ ഉണ്ടാക്കി ഷെയര്‍ ചെയ്യുന്നത് അല്ലെങ്കില്‍ തന്നെ ഇന്നത്തെ കാലത്തിന്‍റെ പ്രത്യേകതയാണ്.

പണ്ടും സിനിമാ താരങ്ങളുടെ വിവാഹ വാര്‍ത്തകള്‍ മലയാളി ആഘോഷമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ഒന്നാം നിരയില്‍ തിളങ്ങുമ്പോഴാണ് മോഹന്‍ ലാല്‍ പ്രശസ്ത തമിഴ് നിര്‍മ്മാതാവ് കെ ബാലാജിയുടെ മകളായ സുചിത്രയെ വിവാഹം കഴിച്ചത്. 1988 ഏപ്രില്‍ 28നു നടന്ന ആ വിവാഹം ഒരു വലിയ വിഭാഗം ആഘോഷമാക്കിയപ്പോള്‍ നടനെ ഹൃദയത്തില്‍ സൂക്ഷിച്ച മറ്റ് കുറെ പേരുടെ ചങ്ക് തകര്‍ന്നു. എന്നാല്‍ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിവാഹിതനാകാനുള്ള ഭാഗ്യം നടന്‍ മമ്മൂട്ടിക്കുണ്ടായില്ല. 1979ല്‍ സിനിമയില്‍ വന്നെങ്കിലും അധികം ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പ് തന്നെ സുല്‍ഫത്തുമായുള്ള വിവാഹം നടന്നു.

സുരേഷ് ഗോപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരു വടക്കന്‍ വീരഗാഥ പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സമയത്താണ് വിവാഹിതനായതെങ്കിലും പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം നായക വേഷങ്ങളിലേക്കും സൂപ്പര്‍ താര പദവിയിലേക്കും ഉയര്‍ന്നത്.എന്നാല്‍ ജയറാം-പാര്‍വതിമാരുടെ പ്രണയവും വിവാഹവും ആദ്യം മുതലേ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയില്‍ തിളങ്ങുന്ന സമയത്ത് 1992ലാണ് ഇരുവരും വിവാഹിതരാകുന്നത്. ജയറാം കൈ പിടിച്ച് സിനിമയില്‍ കൊണ്ടുവന്ന ദിലീപിന്‍റെ അവസ്ഥയും അതു തന്നെ. ജനപ്രിയ വിജയങ്ങളുമായി മുന്‍ നിരയിലേക്ക് വരുന്ന സമയത്ത് 1998 ഒക്ടോബര്‍ 20നു ദിലീപും മഞ്ജു വാര്യരും ആലുവ ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയില്‍ വച്ച് ഒന്നായി.

ആഘോഷമാകുന്ന സെലബ്രിറ്റി വിവാഹങ്ങള്‍ 2

സിനിമയില്‍ മങ്ങിയ കാലമായിരുന്നെങ്കിലും 2005 ഏപ്രില്‍ 2നു നടന്ന കുഞ്ചാക്കോ ബോബന്‍-പ്രിയ വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയസൂര്യയുടെ സ്ഥിതിയും ഏതാണ്ട് അതുപോലെ തന്നെയായിരുന്നു. മിമിക്രിയിലൂടെ അരങ്ങേറി ടിവി അവതാരക വേഷത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച ജയസൂര്യ അയല്‍ക്കാരി കൂടിയായ സരിതയെ വിവാഹം കഴിക്കുന്നത് 2004 ജനുവരി 31നാണ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ബിബിസി റിപ്പോര്‍ട്ടര്‍ കൂടിയായിരുന്ന സുഹൃത്ത് സുപ്രിയ മേനോനെ വിവാഹം ചെയ്ത പൃഥ്വിരാജാണ് ഇക്കാര്യത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ച താരം. 2011 ഏപ്രില്‍ 25നായിരുന്നു അത്.

മനോജ് കെ ജയന്‍-ഉര്‍വശിയുടെയും മുകേഷ്-സരിതയുടെയും കാവ്യയുടെയും മംമ്തയുടെയും വിവാഹങ്ങള്‍ കൂടി സെലബ്രിറ്റികളുടെ ഗണത്തില്‍ പെടുത്താമെങ്കിലും അതൊന്നും ഏറെ നാള്‍ നീണ്ടു നിന്നില്ല. ആഷിക് അബു-റീമ കല്ലിങ്കല്‍ വിവാഹ കാര്യത്തിലെ ന്യൂ ജനറേഷന്‍ വഴി എല്ലാവര്‍ക്കും മാതൃക കാട്ടി.നായിക പദവിയില്‍ തിളങ്ങുമ്പോള്‍ നടന്ന നവ്യാ നായരുടെയും ഗോപികയുടെയും ദിവ്യ ഉണ്ണിയുടെയും വിവാഹങ്ങള്‍ കൂടി പോയ ദശകത്തില്‍ നമ്മള്‍ കണ്ടു.

വിവാഹം കഴിക്കുന്നതിലല്ല മറിച്ച് അത് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിലാണ് ചിലര്‍ പരാജയമായത്. ആഘോഷമാക്കുവാന്‍ എല്ലാവരും കൂടെയുണ്ടാകുമെങ്കിലും പ്രശ്നങ്ങള്‍ സ്വയം നേരിടണമെന്ന് ഒരു സിനിമാ പാട്ട് തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളെ നേരിടണ്ട എന്നു വിചാരിച്ചാണോ സല്‍മാന്‍ ഖാനേയും അനൂപ് മേനോനെയും പോലുള്ളവര്‍ ഇപ്പൊഴും ബാച്ചലര്‍ ആയി തുടരുന്നത് എന്നു വ്യക്തമല്ല. പരസ്പര സ്നേഹവും വിശ്വാസവും ഉണ്ടെങ്കില്‍ ഏത് പ്രശ്നവും ഒരു പരിധി വരെ പരിഹരിക്കാം എന്ന ആപ്ത വാക്യം ഇത്തരം സാഹചര്യങ്ങളില്‍ എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Skyrocket Your Website Speed with 

HostArmada!

Now with 75% Discount!