സ്വതന്ത്ര സുന്ദര ഭാരതത്തിലെ പ്രജകള്‍ പാലിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട നിയമങ്ങള്‍ നിര്‍മിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന പരിപാവനമായ ഇടമാണ് രാജ്യത്തെ നിയമ നിര്‍മ്മാണ സഭകള്‍. രാഷ്ട്ര സേവനം ജീവിത ലക്ഷ്യമാക്കിയ ആളുകളെയാണ് നമ്മുടെ ഭരണഘടനാ ശില്പികള് അവിടെ പ്രതീക്ഷിച്ചിരുന്നതെങ്കിലും കഴിഞ്ഞ ചില പതിറ്റാണ്ടുകളായി സംഭവിക്കുന്നത് മറിച്ചാണ്. സാധാരണ പോക്കറ്റടിക്കാര്‍ മുതല്‍ കൊടും കുറ്റവാളികള്‍ വരെ രാഷ്ട്രീയത്തിന്റെ മുഖം മൂടിയണിഞ്ഞു എംപി മാരുടെയും എംഎല്‍എമാരുടെയും വിശേഷാധികാരത്തിന് പിന്നില്‍ ഒളിക്കുമ്പോള്‍ ലോക രാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ നിയമവ്യവസ്ഥ അപഹാസ്യമാകുന്നു.
ഇപ്പോഴത്തെ ലോകസഭയിലെ 30% അംഗങ്ങള്‍ക്കെതിരെ അതായത് 162 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. അതില്‍ 76 പേര്‍ക്കെതിരെയുള്ളത് കൂടുതല്‍ ഗൌരവകരമായ കേസുകളാണ്. ഒരു സര്‍ക്കാരിനെ നിലനിര്‍ത്താനും മറിച്ചിടാനും ഇത്രയും പേര് ധാരാളമാണ്. രാജ്യത്തെ പെരുകുന്ന അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും കണക്കെടുക്കുന്നവര്‍ ബ്യൂറോകസിയുടെ തലപ്പത്തെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന ഇത്തരം ക്രിമിനലുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണു ദു:ഖകരം.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ നിയമ വ്യവസ്ഥിതിയില്‍ നിന്നു രക്ഷപെടാന്‍ ചില പ്രത്യേക അവകാശങ്ങള്‍ പണ്ടുമുതലെ പതിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ അവര്‍ സ്വയം പതിച്ചെടുക്കുകയോ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള സമയങ്ങളില്‍ കുറ്റാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ പോലും കയ്യും കെട്ടി നോക്കി നില്‍ക്കേണ്ടി വരും. അല്ലാത്തവര്‍ക്ക് രാജു നാരായണ സ്വാമിയുടെ ഗതിയായിരിക്കും വരിക. അടുത്ത കാലത്ത് സ്ത്രീപീഡന കേസില്‍പെട്ട തെഹല്‍ക മാനേജിങ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കുറച്ചു ദിവസം ഒളിവില്‍ കഴിഞ്ഞത് ഒരു കേന്ദ്ര മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
നിലവിലുള്ള രാജ്യസഭ എംപിമാരില്‍ 17%പേര്‍ക്കെതിരെയും 31% എംഎല്‍എമാര്‍ക്കെതിരെയും (എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും) ക്രിമിനല്‍ കേസുകളുണ്ട്. രാജ്യത്തെ അഴിമതിമുക്തമാക്കുമെന്ന് മുന്‍നിര നേതാക്കള്‍ ഘോര ഘോരം പ്രസംഗിക്കുമെങ്കിലും ഇത്തരം ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പലര്‍ക്കും മടിയാണ്. ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കാനുള്ള ഇവരുടെ കഴിവ് തന്നെ കാരണം. മുന്‍ അധോലോക നായകന് അരുണ്‍ ഗാവ്ലി മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നോക്കിയതുമൊക്കെ ആളുകളെ പേടിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാനുള്ള സവിശേഷമായ ആ കഴിവിന്റെ പേരിലാണ്.
ജാതി വോട്ട് ബാങ്കാണ് ഇത്തരം കുറ്റവാളികളായ നേതാക്കളെ വളര്‍ത്തുന്ന മറ്റൊരു പ്രധാന ഘടകം. കേരളത്തിന് പുറത്ത് മിക്ക സ്ഥലങ്ങളിലും സ്ഥാനാര്‍ഥിയുടെ ജാതി നോക്കിയാണ് നിരക്ഷരകുക്ഷികളായ പ്രജകള്‍ വോട്ട് ചെയ്യുന്നത്. അതുകൊണ്ട് എന്തു കൊടിയ അഴിമതി ചെയ്താലും യെദിയൂരപ്പയെയും ലാലു പ്രസാദിനെയും പോലുള്ളവര്‍ നിയമനിര്‍മ്മാണ സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കൊണ്ടേയിരിക്കും. ഏത് മുന്നണിയുടെ കൂടെ കൂടിയാലും അധികാരം മാത്രം ലക്ഷ്യമിടുന്ന അതിന്റെ നേതാക്കള്‍ അവരെ പൂവിട്ട് പൂജിക്കുകയും ചെയ്യും.
എല്ലാ ജന്മദിനങ്ങള്ക്കും അണികളില്‍ നിന്ന് നെക്ക്ലസുകളും ആയിരത്തിന്റെ നോട്ട് മാലകളും (നിര്‍ബന്ധപൂര്‍വം) വാങ്ങിക്കുന്നത് ശീലമാക്കിയ മായവതിയാണ് ഉത്തര്‍പ്രദേശിലെ ജനപ്രിയ താരം. അവരെ കൂടെ നിര്‍ത്താന്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മോഡിയും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വ്രതമെടുത്തു നില്ക്കുന്ന രാഹുലും തമ്മില്‍ കടുത്ത മല്‍സരമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അവരെ പ്രധാനമന്ത്രിയാക്കാന്‍ തയ്യാറാണെന്ന് പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചതും മറക്കാറായിട്ടില്ല. ചുരുക്കത്തില്‍ അടുത്ത സര്‍ക്കാര്‍ ആര് രൂപീകരിച്ചാലും മായവതിയെ പോലുള്ളവരുടെ ഇംഗിതങ്ങള്‍ നടക്കുമെന്നുറപ്പ്. അഴിമതിയും ഗുണ്ടായിസവും ശീലമാക്കിയ മുലായം സിങ്ങിന്റെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. ഒരുകാലത്ത് രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നോര്‍ക്കുമ്പോഴാണ് നമ്മുടെ ഭരണ വ്യവസ്ഥ എത്ര മാത്രം അപകടത്തിലാണ് എന്നു വ്യക്തമാകുന്നത്.
സുരേഷ് ഗോപി ഒരു സിനിമയില്‍ പറഞ്ഞത് പോലെ നമ്മുടെ രാജ്യം ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനെയും അഴിമതി നടത്തിയതിന്റെ പേരില്‍ ശിക്ഷിച്ചിട്ടില്ല എന്നതാണു സത്യം. തടവറകള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെക്കാള്‍ സുഖ സൌകര്യങ്ങളുള്ള സ്വീറ്റുകളാകുമ്പോള് ലാലുവും സുഖ്റാമും രാജയും മുതല്‍ നമ്മുടെ സ്വന്തം പിള്ള വരെ അനുഭവിച്ചത് യഥാര്‍ത്ഥത്തില്‍ ജയില്‍ ശിക്ഷ തന്നെയാണോ എന്ന സംശയം ഉയരുന്നത് സ്വാഭാവികം. അഴിമതിയും കോടികളുടെ കോഴകളും സര്‍ക്കാര്‍ പദ്ധതികളിലെ അവിഹിത ഇടപാടുകളും ഇല്ലാതാക്കാന്‍ കച്ച കെട്ടിയിറങ്ങുന്നതിന് മുമ്പ് ബ്യൂറോകസിയുടെ മേച്ചില്പുറങ്ങളില് നിന്ന് ഇത്തരം നികൃഷ്ട ജീവികളെ ഒഴിവാക്കുവാനാണ് നമ്മുടെ ആദരണീയരായ നേതാക്കള്‍ ശ്രമിക്കേണ്ടത്.