കോള കുടിക്കൂ, അസുഖങ്ങളെ ക്ഷണിച്ചു വരുത്തൂ

കോള കുടിക്കൂ, അസുഖങ്ങളെ ക്ഷണിച്ചു വരുത്തൂ 1

     പല നിറങ്ങളിലും രുചികളിലുമുള്ള ശീതള പാനീയങ്ങള്‍ മിക്കവര്‍ക്കും, പ്രത്യേകിച്ച് യുവതലമുറയ്ക്ക്, ഒരു ഹരമാണ്. വീട്ടില്‍ അത് സ്ഥിരമായി വാങ്ങിവെയ്ക്കുന്നവരും യാത്രകളില്‍ കോള പാനീയങ്ങളെ മാത്രം ആശ്രയിക്കുന്നവരും ഒട്ടും കുറവല്ല. കുടിവെള്ളം കൊണ്ടുനടക്കണ്ട, ദാഹിക്കുമ്പോള്‍ അടുത്തുള്ള കൂള്‍ബാറില്‍ നിന്ന്‍ ഇഷ്ടമുള്ള ബ്രാന്‍റ് വാങ്ങികുടിക്കാം. ഇതൊക്കെയാണ് പലരെയും ഇത്തരം റെഡിമെയ്ഡ് പാനീയങ്ങളിലേക്ക് അടുപ്പിക്കുന്നത്. പക്ഷേ ഇവ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല.

കോള പാനീയങ്ങള്‍ പതിവായി കുടിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനും അസ്ഥികളുടെ തേയ്മാനത്തിനും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. പല്ലുകളുടെ ആരോഗ്യത്തിനും അവ ദോഷം ചെയ്യും. ശീതള പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമല്‍ ഇല്ലാതാക്കും. ബാറ്ററി വെള്ളവും കോളകളും പല്ലുകള്‍ക്ക് ഒരുപോലെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു കോള പ്രേമി പ്രമേഹ രോഗിയാകാന്‍ വേറൊരു കാരണം വേണ്ട. ഓരോ ഔണ്‍സ് കോളയിലും 8 ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് 6 ടീസ്പൂണും പുരുഷന്‍മാര്‍ക്ക് 9 ടീസ്പൂണും ഷുഗറാണ് ഒരു ദിവസം പരമാവധി ആവശ്യമുള്ളത് എന്നറിയുമ്പോഴാണ് അവ നമ്മുടെ ആരോഗ്യത്തിന് എന്തുമാത്രം ദോഷമാണ് ഉണ്ടാക്കുന്നത് എന്നു മനസിലാവുന്നത്.

കോള കുടിക്കൂ, അസുഖങ്ങളെ ക്ഷണിച്ചു വരുത്തൂ 2

 

റെഡിമെയ്ഡ് പാനീയങ്ങളുടെ പതിവ് ഉപയോഗം വഴി കിഡ്നിയില്‍ കല്ല് രൂപപ്പെടാനും വയര്‍ സ്തംഭിക്കാനും സാധ്യതയുണ്ട്. വലിയ അളവില്‍ കഫീന്‍ അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങള്‍ ബ്ലഡ് പ്രഷര്‍ കൂടാന്‍ കാരണമാകും. കോളകള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന ദോഷവശങ്ങള്‍ ഇതിന് പുറമേയാണ്.

കൃത്രിമ പാനീയങ്ങളും കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങളും ഹൃദ്രോഗത്തിനും ആസ്തമയ്ക്കും വഴിതെളിക്കും. അടുത്ത കാലത്തായി കുട്ടികളില്‍ കണ്ടു വരുന്ന അമിത വണ്ണത്തിനും ടൈപ്പ് 2 ഡയബറ്റിസിനും കാരണം വേറൊന്നല്ല. ചുരുക്കത്തില്‍ വിവിധ തരം രോഗങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിനെയാണ് കോള എന്ന പേരില്‍ നമ്മള്‍ വില കൊടുത്ത് വാങ്ങിക്കുന്നത്. 

Leave a Comment

Your email address will not be published.