കമാലുദീന് എന്ന പേര് ഒരു അശരിരി പോലെ അന്തരിക്ഷത്തില്‍ ഇടയ്ക്കിടെ മുഴങ്ങാന്‍ തുടങ്ങിയപ്പോഴാണ് അതിന്റെ സ്വത്വം തേടിപ്പോകണമെന്ന് സത്യാന്വേഷിക്ക് തോന്നിയത്.
ക്ഷമിക്കണം, സത്യാന്വേഷി എന്നത് ഒരു പേരാണ്. സമൂഹത്തില്‍ നടക്കുന്ന ഏത് കാര്യത്തെയും സംശയ ദൃഷ്ടിയോടെ മാത്രം നോക്കുകയും അതിന്റെ പിന്നാമ്പുറ രഹസ്യം തേടി ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്ന പഴയ ഒരു അന്വേഷകാത്മക പത്രപ്രവര്ത്തകന്. കാവി നിറത്തിലുള്ള ജുബ്ബയാണ് സ്ഥിരം വേഷം. നര കയറിയ, വെട്ടിയൊതുക്കാത്ത താടിയുമുണ്ട്. അമ്പതിനടുത്ത് പ്രായം. തിരുവനന്തപുരമാണ് സ്വദേശമെങ്കിലും കേരളത്തിലെവിടെയും അയാളെ കാണാം. കുമ്പിടിയാണെന്ന് തെറ്റിദ്ധരിക്കണ്ട കേട്ടോ. ഓരോരോ സംഭവങ്ങളുടെ നിജസ്ഥിതി തേടി കാസര്‍ഗോഡ് വരെയുള്ള ഏത് സ്ഥലത്തും അയാള്‍ എത്തും എന്നാണ് ഉദ്ദേശിച്ചത്. അതിന് സമയവും കാലവുമൊന്നുമില്ല.
ആദ്യം കേട്ടപ്പോള്‍ മുതല്‍ കമാലുദീന് എന്ന പേര് അയാള്‍ക്ക് അപരിചിതമായാണ് തോന്നിയത്. ഏതോ പുതിയ സിനിമാക്കാരനായിരിക്കും എന്നോര്‍ത്ത് സത്യാന്വേഷി ആദ്യം സമാധാനിച്ചു. പക്ഷെ അത് മലയാളത്തിലെ പ്രശസ്തനായ സംവിധായകനാണെന്നും മുപ്പത് വര്‍ഷത്തിലേറെയായി മുഖ്യധാരയില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണെന്നുമൊക്കെ കേട്ടപ്പോള്‍ കൌതുകം തോന്നി. പുതിയ പേര് പരമ്പരാഗത മാധ്യമങ്ങളില്‍ കൂടിയും മുഖപുസ്തകത്തില്‍ കൂടിയും വായിച്ചും കേട്ടും തഴമ്പിച്ചപ്പോഴാണ് സത്യാന്വേഷി പതിവ് പോലെ തന്റെ തോള് സഞ്ചിയും തൂക്കി ഇറങ്ങിത്തിരിച്ചത്.
കമാലുദീനാണോ അതോ കമലാണോ സത്യം എന്ന് കണ്ടെത്തണം. ഇത് ഡ്യൂപ്ലിക്കേറ്റുകളുടെ കാലമാണ്. മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ വ്യക്തിത്വത്തെ കണ്ടെത്തുന്നത് ശ്രമകരമാണ്.
Also Read മോഹന്‍ലാലും ആറു സ്ത്രീകളും
കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകത്തെ ഊടുവഴികളില്‍ കൂടി സംവിധായകന്റെ കുടുംബ വീട് തേടി നടക്കുമ്പോഴാണ് ചേരമാന്‍ പെരുമാളിന്റെ പിന്തലമുറയില് പെട്ടത് എന്നവകാശപ്പെട്ട ഒരു രൂപം അയാളുടെ കൂടെ കൂടിയത്. സത്യാന്വേഷി കാര്യം പറഞ്ഞപ്പോള്‍ പുറകില്‍ അയാള്‍ ചിരിക്കുന്ന ശബ്ദം കേട്ടു. ഇരുവശത്തും പഴയ മതില്‍ക്കെട്ടുകളും വേലിപടര്പ്പുകളും അതിര് വയ്ക്കുന്ന വഴിയില്‍ കൂടി കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാനുള്ള വീതിയേയുള്ളൂ. എതിരെ ആരെങ്കിലും വന്നാല്‍ ഒതുങ്ങി കൊടുക്കണം. അതുകൊണ്ട് സ്വല്പ്പം പിന്നിലായാണ് അപരിചിതന്റെ നടപ്പ്.
ഇത് രണ്ടുമല്ല. ഓന് കമ്മ്യുണിസ്റ്റാ. അല്ലാതെ വേറെയാരെങ്കിലും ഈ പണി ചെയ്യുമോ ? : ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ടുകാരനെ ഓര്‍മിപ്പിച്ച സഹയാത്രികന് ചോദിച്ചു. അന്വേഷകന് ചോദ്യ രൂപത്തില്‍ മുഖം തിരിച്ചപ്പോള്‍ അയാള്‍ തുടര്‍ന്നു.
നിങ്ങള്‍ ഗദ്ദാമ എന്ന സിനിമ കണ്ടിട്ടുണ്ടോ ? ഇയാള്‍ സംവിധാനം ചെയ്ത……….
ഉവ്വ് : സത്യാന്വേഷി തലയാട്ടി.
നിങ്ങള്‍ വര്‍ഗ്ഗീയത പറഞ്ഞത് കൊണ്ട് ഞാനും പറയാം. അതിലെ നായിക ഒരു ഹിന്ദുവാ. ഓള് ഗള്‍ഫില്‍ പോയി കഷ്ടപ്പെടുന്നതിന്റെ കഥയാ അത്. ഈ ഗള്‍ഫ് എന്ന് പറയുന്നത് ഒരു മുസ്ലിം രാജ്യമല്ലേ ? സമുദായ സ്നേഹമുള്ള ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യാമോ ? അവിടെയുള്ള നമ്മുടെ സഹോദരങ്ങളായ ഷെയ്ക്കുമാര്ക്ക് അത് കണ്ടിട്ട് എന്തു മാത്രം വിഷമമായിട്ടുണ്ടാകും ? പോട്ടെ, ഈ നായികയെ കൂടി മുസ്ലിമാക്കിയിരുന്നെങ്കില് ഇയാള്ക്കെന്തായിരുന്നു കുഴപ്പം ? ഇത് ഒരുമാതിരി മറ്റ് സമുദായക്കാര്‍ക്കിടയില്‍ നമ്മെ കരി വാരിതേക്കുന്നത് പോലെയായി. ആ സമയത്തൊന്നും ഈ കമാലുദീന് എന്ന വിളി കണ്ടില്ലല്ലോ ? അതോ, അതാണ് അയാളുടെ ശരിക്കുള്ള പേരെന്നത് ഇവന്മാര്ക്ക് അടുത്തിടെ പൊട്ടി വീണ അറിവാണോ ? : അയാളുടെ സംസാര രീതിയും കീറിപ്പറിഞ്ഞ വേഷവും കണ്ടപ്പോള്‍ ഏതെങ്കിലും മാനസിക രോഗിയായിരിക്കുമോ എന്ന് ഒരുവേള അന്വേഷകന് സംശയിച്ചു. കുളിച്ചിട്ട് ദിവസങ്ങളായെന്നു കണ്ടാല്‍ തന്നെ അറിയാം.
ഗള്‍ഫിലെ ജീവിത സാഹചര്യങ്ങളല്ലേ ആ സിനിമയില്‍ കാണിച്ചത് ? അതെങ്ങനെയാ ഇസ്ലാമിനെതിരാകുന്നത് ? : സത്യാന്വേഷി മറുചോദ്യം ചോദിച്ചു.
അത് നിങ്ങള്‍ക്ക് അറിയാത്തത് കൊണ്ടാണ്. പെരുമഴക്കാലത്തില്‍ എന്താ നമ്മള് കണ്ടത് ? ഭര്‍ത്താവിനെ കൊലമരത്തില്‍ നിന്ന് രക്ഷിക്കാന്‍ മുസ്ലിം പെണ്‍കുട്ടിയെ കൊണ്ട് ഇയാള്‍ ഒരു ബ്രാഹ്മണ സ്ത്രീയുടെ കാലു പിടിപ്പിച്ചില്ലേ ? അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് അയാള്‍ ഒരു കമ്മ്യുണിസ്റ്റാണെന്ന്. ഇതൊന്നും പോരാഞ്ഞ് സവര്‍ണ്ണ ഹൈന്ദവതയെ പ്രതികവല്ക്കരിക്കുന്ന എത്രയെത്ര സിനിമകളാണ് ഇയാള്‍ ചെയ്തിരിക്കുന്നത് ? രാപ്പകല്‍, മേഘമല്‍ഹാര്‍, മഴയെത്തും മുന്‍പേ, ഈ പുഴയും കടന്ന്, ചമ്പക്കുളം തച്ചന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. പിന്നെയുമുണ്ട് ഒരുപാട്. അങ്ങനെ കുറേയുണ്ട്. എന്നിട്ട് ഞങ്ങള്‍ക്ക് വേണ്ടി ചെയ്തതോ, ആരും കാണാതെ പോയആര്ക്കും വേണ്ടാത്ത ഒരു ഗസലും. അതില്‍ പോലും ഞങ്ങളെ ശരിക്ക് വാരിയിട്ടുണ്ട് നിങ്ങളുടെ ഈ കമാലുദീന്……………. : കാര്യങ്ങള്‍ സാമുദായികമായാണ് അവലോകനം ചെയ്തതെങ്കിലും ഇയാള്‍ ഒരു കടുത്ത സിനിമാ പ്രേമിയാണെന്ന് സത്യാന്വേഷിക്ക് തോന്നി.
അപ്പോള്‍ അയാള്‍ ശരിക്ക് കമാലുദീനല്ല, കമലാണെന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത് ? : വീട്ടു സാധനങ്ങളുമായി എതിരെ വന്ന സ്ത്രീക്ക് വേണ്ടി വഴിയൊഴിഞ്ഞു കൊടുത്തതിനു ശേഷം പുറകോട്ട് തിരിഞ്ഞ് അയാള്‍ ചോദിച്ചു.
അതൊന്നും എനിക്കറിയില്ല ? പക്ഷെ ഒരാള്‍ എതിര് പറഞ്ഞാലുടനെ പാക്കിസ്ഥാനില്‍ പോകാന്‍ പറയുന്നത് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയല്ലേ ? : അജ്ഞാതന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. സത്യാന്വേഷിയും പതുക്കെ ആ ചിരിയില്‍ പങ്കു ചേര്‍ന്നു.
നിങ്ങള്‍ സത്യത്തില്‍ ചേരമാന്‍ പെരുമാളിന്റെ വംശത്തില്‍ പെട്ട ആള് തന്നെയാണോ ? നിങ്ങളുടെ ഈ പ്രകൃതം കണ്ടത് കൊണ്ട് ചോദിച്ചതാ : കാട് പിടിച്ച ഒരു ഭാഗത്തെത്തിയപ്പോള്‍ അടുത്തു കണ്ട മരത്തണലിലേക്ക് മാറി നിന്ന് കൊണ്ട് അന്വേഷി ചോദിച്ചു.
നമ്മളൊക്കെ എവിടെ നിന്ന് വരുന്നുവെന്ന് ആര്‍ക്കെങ്കിലും നിശ്ചയമുണ്ടോ ? ഇടയ്ക്ക് ആരാണ്ടോ പറഞ്ഞത് പോലെ, ആസ്പത്രിയില്‍ പ്രസവമെടുക്കുന്ന നഴ്സിന്റെ കയ്യിലാ നമ്മള് ഓരോരുത്തരുടെയും ജാതകം. അവരുടെ കൈയൊന്നു പിഴച്ചാല്‍ നമ്മുടെ ജാതിയും മതവുമെല്ലാം മാറും. അതൊന്നും അറിയാത്തവരാ സമുദായത്തിന്റെ പേരും പറഞ്ഞ് ഓരോരോ പ്രശ്നങ്ങളുണ്ടാക്കുന്നത്.
എന്നാല്‍ ഞാന്‍ പോട്ടെ : സമ്മതത്തിനു കാത്ത് നില്‍ക്കാതെ അപരിചിതന് കാട്ടിലൂടെയുള്ള ചെറിയ നടപ്പാതയില്‍ കയറി.
നിങ്ങളുടെ പേര് ? : സഞ്ചാരിയുടെ ചോദ്യം കേട്ടപ്പോള്‍ അയാള്‍ തിരിഞ്ഞു നിന്നു.
ഒരു പേരിലൊക്കെ എന്തിരിക്കുന്നു ? ഇനി നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ജിന്നെന്ന് വിളിച്ചോളൂ. ഇക്കാലത്ത് മനുഷ്യനെക്കാള്‍ ഭേദം ജിന്നാ. : അത്രയും പറഞ്ഞ് അടുത്തു കണ്ട വള്ളി പടര്പ്പുകള് വകഞ്ഞു മാറ്റി അയാള്‍ നടന്നു നീങ്ങി.
ജിന്നല്ല, ഇതാണ് മനുഷ്യനെന്ന് വിളിച്ചു പറയണമെന്ന് സത്യാന്വേഷിക്ക് തോന്നി. അപ്പോഴേക്കും അയാള്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു.
സത്യാന്വേഷി നടക്കാന്‍ ഭാവിക്കുമ്പോഴേക്കും ഒരു മധ്യവയസ്ക്കന് അതിലേ വന്നു. ഒരു ജാതീയ സംഘടനയുടെ പ്രകടനം കഴിഞ്ഞുള്ള വരവാണെന്ന് അയാളുടെ പോക്കറ്റില്‍ കുത്തിയ ബാഡ്ജ് സൂചിപ്പിച്ചു.
ആരാ ? ഇവിടെയൊന്നും ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ ? : അയാള്‍ ചോദിച്ചു.
കുറച്ചു ദൂരെ നിന്നാണ്. ഇവിടെയടുത്ത് ഒരാളെ കാണാന്‍ വന്നതാ : അന്വേഷി മൊഴിഞ്ഞു.
ശരി. പക്ഷെ കൂടുതല്‍ നേരം ഇവിടെ നിക്കണ്ട. ഈ സ്ഥലം അത്ര ശരിയല്ല. ജിന്നും പിശാചുമൊക്കെയുണ്ടാകും : അയാള്‍ കാട് പിടിച്ചു കിടക്കുന്ന പരിസരത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
സത്യാന്വേഷി നിസാരഭാവത്തില്‍ ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു.
തുടങ്ങും മുന്‍പേ എല്ലാം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും സത്യം കണ്ടെത്തിയ സംതൃപ്തിയോടെ മടക്കയാത്രക്കുള്ള ബസ്സില്‍ കയറുമ്പോള്‍ സത്യാന്വേഷി നമ്മുടെ വിചിത്രങ്ങളായ പുതിയ ചില ആചാരങ്ങളെ കുറിച്ചാണ് ആലോചിച്ചത്.
എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാല്‍,
കമല്‍ കമാലുദീനായി മാറുന്നു.
അതുപോലെ നാളെ മമ്മൂട്ടി മുഹമ്മദ് കുട്ടിയായും മാറും.
പക്ഷെ എന്തൊക്കെ പറഞ്ഞാലും
എംടി എംടിയായും മോഹന്‍ലാല്‍ മോഹന്‍ലാലായും തന്നെ നില്ക്കുന്നു.
അതുപോലെ നാളെ ദിലീപ് എന്തൊക്കെ പറഞ്ഞാലും ഗോപാലകൃഷ്ണന് പോലുമാകാതെ ദിലീപായി തന്നെയും നില്ക്കും.
സമുദായത്തിന്റെ പേരില്‍ ഒരാളെ അളക്കുന്ന എത്ര മനോഹരമായ ആചാരങ്ങള്‍ !
ടിക്കറ്റിനായി കണ്ടക്ടര്‍ അടുത്തു വന്നപ്പോള്‍ രണ്ടായിരത്തിന്റെ നോട്ട് നീട്ടി സത്യാന്വേഷി അറിയാതെ പറഞ്ഞു പോയി-
പാക്കിസ്ഥാനിലേക്ക് ഒരു ടിക്കറ്റ്.
The End