പാക്കിസ്ഥാനിലെ പുതിയ ദ്വീപിന്റെ ചിത്രങ്ങള്‍ നാസ ഔദ്യോഗികമായി പുറത്തു വിട്ടു. രാജ്യത്തെ ബലൂജിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ 24നാണ് വന്‍ ഭൂമികുലുക്കത്തിന്റെ ഫലമായി തീരത്ത് നിന്ന് ഒരു കിലോ മീറ്റര്‍ അകലെയായി പുതിയ ദ്വീപ് പ്രത്യക്ഷപ്പെട്ടത്.
കടല്‍ നിരപ്പില്‍ നിന്ന് 20 അടി ഉയരത്തിലുള്ള ദ്വീപിന് ഏകദേശം നൂറടി വീതിയുണ്ട്. ഭൌമാന്തര്‍ ഭാഗത്ത് നിന്നുള്ള ശക്തമായ മര്‍ദ്ദത്തിന്റെ ഫലമായി പുറത്തേയ്ക്ക് തള്ളിയ ചെളിയും പാറക്കഷണങ്ങളും മണ്ണും മാത്രമാണ് “ഭൂകമ്പ ദ്വീപ്” എന്നറിയപ്പെടുന്ന പ്രദേശത്തുള്ളതെന്ന് ശാസ്ത്രഞ്ജര്‍ വിശദീകരിച്ചെങ്കിലും പുതിയ പ്രതിഭാസം കാണാന്‍ മേഖലയില്‍ വന്‍ ജനപ്രവാഹമാണ്.
തെക്കന്‍ പാക്കിസ്ഥാനിലെ ഗദര്‍ മേഖലയില്‍ ഭൂകമ്പത്തിന്റെ ഫലമായി പുതിയ ദ്വീപ് രൂപപ്പെടുന്നത് ഇതാദ്യമല്ല. മുമ്പ് 1945ലും 1999ലും 2010ലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 1945 ല്‍ 8.1 പ്രഹര ശേഷിയുണ്ടായിരുന്ന ഭൂകമ്പത്തിന്റെ ഫലമായി ചെളികള്‍ നിറഞ്ഞ അഗ്നി പര്‍വ്വതമാണ് അവിടെ രൂപപ്പെട്ടത്. മുന്‍ കാലങ്ങളില്‍ സംഭവിച്ചത് പോലെ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ഭൂപ്രദേശവും കടലിലേക്ക് ഉള്‍വലിയുമെന്ന് ഗവേഷകര്‍ പറയുന്നു.
സെപ്റ്റംബര്‍ 24 നു നടന്ന 7.7 മാഗ്നിറ്റ്യൂഡ് തീവ്രതയുള്ള ഭൂകമ്പത്തില്‍ അഞ്ഞൂറില്‍ പരമാളുകള്‍ മരിക്കുകയും 40,000 വീടുകള്‍ തകരുകയും ചെയ്തു. ഏകദേശം ഒരു ലക്ഷത്തില്‍ പരം ആളുകളെയാണ് ദുരന്തം ബാധിച്ചത്.