സോഷ്യല്‍ മീഡിയകളിലെ തിരഞ്ഞെടുപ്പ് തമാശകള്‍

സോഷ്യല്‍ മീഡിയകളിലെ തിരഞ്ഞെടുപ്പ് തമാശകള്‍ 1

 

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്ന രാഷ്ട്രീയ തമാശകള്‍ക്ക് ഒരു പഞ്ഞവുമില്ല. നരേന്ദ്ര മോദി നേതൃത്വം നല്‍കിയ എന്‍ഡിഎ വന്‍വിജയം നേടിയത് കൊണ്ട് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടും മന്‍മോഹന്‍ സിങ്ങിനെയും രാഹുല്‍ ഗാന്ധിയെയുമൊക്കെ വിമര്‍ശിച്ചുകൊണ്ടുമുള്ള കഥകളാണ് പല വിരുതന്മാരും പടച്ചു വിടുന്നത്. പ്രകാശ് കാരാട്ടിനെയും മായാവതിയെയും കരുണാനിധിയെയും എന്തിന് ബറാക് ഒബാമയെപോലും ചിലര്‍ തങ്ങളുടെ ഭാവനകളില്‍ കഥാപാത്രങ്ങളാക്കുന്നുണ്ട്. മോദീ ആരാധകര്‍ അദ്ദേഹത്തെ അമാനുഷികനായി ചിത്രീകരിക്കുന്നതിനൊപ്പം രാഹുലിനെ ഛോട്ടാ ഭീം സ്ഥിരമായി കാണുന്ന കൊച്ചു കുട്ടിയായി വിശേഷിപ്പിക്കുന്നു.

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസിന് ഇത് മധുവിധുകാലമാണെന്നാണ് ബിജെപിക്കാര്‍ നവയുഗ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തൊണ്ണൂറിനടുത്ത് പ്രായമുള്ള എന്‍ഡി തിവാരി ആദ്യം വിവാഹിതനായി, അറുപതിന് മേല്‍ പ്രായമുള്ള ദിഗ്വിജയ് സിങ് അധികം താമസിയാതെ വിവാഹം കഴിക്കും. അടുത്ത ഊഴം രാഹുലിന്‍റെതാണെന്ന് അവര്‍ പറയുന്നു. ഏകപക്ഷീയമായ ജയങ്ങള്‍ നേടുന്ന കാര്യത്തില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീം ഇതുവരെ ആസ്ത്രേലിയ ആയിരുന്നു. പതിനാറാം ലോക്സഭയിലേക്ക് നേടിയ മികച്ച വിജയത്തിലൂടെ ബിജെപി അവരെ മറികടന്ന് ഒന്നാമതെത്തിയെന്നും ചിലര്‍ ഹാസ്യരൂപേണ എഴുതി.

കേന്ദ്രത്തില്‍ തീര്‍ത്തും നിറം മങ്ങിപ്പോയ കോണ്‍ഗ്രസിന്‍റെ അനുഭാവികള്‍ തങ്ങളുടെ ഭാവനാ വിലാസങ്ങളില്‍ കൂടുതലും കേരളത്തിലും ബംഗാളിലുമായി ഒതുക്കി. പ്രകാശ് കാരാട്ടും പിണറായി വിജയനുമൊക്കെ സിപിഎം നേതൃനിരയില്‍ എത്തുമ്പോള്‍ 42 എംപിമാരാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ഓരോ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് 2014ല്‍ അത് 9 അംഗങ്ങളായി ചുരുങ്ങിയെന്ന് ചിലര്‍ കളിയാക്കി. മറുപടിയായി ജനങ്ങളുടെ അപ്രീതിക്ക് പാത്രമായ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ ചില നടപടികളെയും രാഹുലിന്‍റെ ചില പ്രസ്താവനകളെയുമാണ് എല്‍ഡിഎഫ് കൂട്ടു പിടിച്ചത്. ചാലക്കുടിതൃശൂര്‍ സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കവും ചാലക്കുടിയിലെ ഇന്നസെന്‍റിന്‍റെ ജയവും കണ്ണൂരിലെ കെസുധാകരന്‍റെ തോല്‍വിയുമെല്ലാം അവര്‍ ശരിക്ക് ആഘോഷിച്ചു. കാന്‍സറിനെ തോല്‍പ്പിച്ച ഇന്നസെന്‍റ് കോണ്‍ഗ്രസിനെയും തോല്‍പ്പിച്ചു എന്ന മട്ടില്‍ നടന്‍റെ പടം വച്ച് പ്രചരിപ്പിച്ച സ്ക്രാപ്പ് ഫേസ്ബുക്കില്‍ ഏറെ ഹിറ്റായി.

തിരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ പല പാര്‍ട്ടികളെക്കുറിച്ചും ഇത്തരത്തില്‍ തമാശ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പാര്‍ലമെന്‍റിലേക്ക് ജയിച്ച ബിഎസ്പി എംപിമാര്‍ക്ക് വേണ്ടി അത്താഴ വിരുന്നൊരുക്കി ഏകയായി ഇരിക്കുന്ന മായാവതിയുടെ ചിത്രം ഇന്‍റര്‍നെറ്റില്‍ തരംഗമായി. ബിഎസ്പിയില്‍ നിന്ന്‍ ഒരാള്‍ പോലും ഇക്കുറി ജയിച്ചില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ രാജ്യസഭയിലേക്ക് ചുവടു മാറിയ ശരദ് പവാര്‍ തന്‍റെ തീരുമാനം ശരിയായെന്ന് സഹപ്രവര്‍ത്തകരോട് പറയുന്ന ചിത്രം ഓണ്‍ ലൈനിലെ വായനക്കാരെ ഏറെ ചിരിപ്പിച്ചു.

ഇന്‍റര്‍നെറ്റിലൂടെ പ്രചരിച്ച മറ്റ് പ്രമുഖ തമാശകള്‍ :

 • തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ നരേന്ദ്ര മോദി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിളിച്ചു.

മോദി : നിതീഷ്, തിരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് എത്ര സീറ്റ് കിട്ടി ?

നിതീഷ് : മോദിജി, വെറും രണ്ടു സീറ്റുകളാണ് എനിക്കു കിട്ടിയത്…………….

മോദി : ങേ എനിക്കും രണ്ടു സീറ്റാണ് കിട്ടിയത്. വഡോദരയിലും വാരണാസിയിലും. ഇനി താങ്കള്‍ എന്തു ചെയ്യാന്‍ പോകുന്നു നീതിഷ്ജി ?

നിതീഷ് : ഞാന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ പോകുന്നു.

മോദി : ഞാനും മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ പോകുന്നു.

നിതീഷ് : ശവത്തില്‍ കുത്തല്ലേ മോദിജി. അത് ഗീതയില്‍ പോലും പറഞ്ഞിട്ടുണ്ടല്ലോ. ഞാനിപ്പോള്‍ ഒരു മുങ്ങുന്ന കപ്പല്‍ കൂടിയാണ്. നിങ്ങള്‍ കാരണം ആ അഴിമതിക്കാരന്‍ ലാലുജിയുമായി വരെ എനിക്കു ഇപ്പോള്‍ കൂട്ടുചേരേണ്ടി വന്നു.

 • പ്രധാനമന്ത്രി സ്ഥാനം ഒക്കെ രാജി വെച്ച് കഴിഞ്ഞു മന്‍മോഹന്‍ സിംഗ് പഞ്ചാബില്‍ എത്തി.തന്‍റെ പഴയ ചേതക് സ്കൂട്ടറുമെടുത്തു പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയി.പോകുന്നവഴി പമ്പില്‍ കയറി 50 രൂപയ്ക്ക് പെട്രോള്‍ അടിച്ചു.പക്ഷെ മാര്‍ക്കറ്റില്‍ എത്തുന്നതിനു മുന്നേ വണ്ടി വഴിയില്‍ കിടന്നു.പെട്രോളിന് 75 ആയ കാര്യം അപ്പോഴാണ്‌ പുള്ളിക്കാരന്‍ അറിയുന്നതത്രേ.10 വര്ഷം ആയിട്ട് 1ഉം 2ഉം 3ഉം വച്ച് കൂട്ടിയപ്പോള്‍ ഈ കോപ്പ് 75 ഉറുപ്പ്യ വരെ എത്തിയോ എന്ന് മന്‍മോഹന്‍ജി ആശ്ചര്യപ്പെട്ടു.കടയില്‍ നടന്നു ചെന്ന് പച്ചക്കറി മേടിച്ചു.100 രൂപ നോട്ട് കൊടുത്തു കുറച്ചു പച്ചക്കറി മേടിച്ചിട്ട് ബാക്കി കിട്ടാന്‍ വേണ്ടി നോക്കി നിന്ന മന്‍മോഹന്‍ജി യെ സബ്ജീവാല നോക്കി പേടിപ്പിച്ചു.കണക്കു പറഞ്ഞാല്‍ 4 രൂപ കൂടി അങ്ങോട്ട്‌ തരാനുണ്ടെന്നും പറഞ്ഞു.ഇതെല്ലാം കഴിഞ്ഞു വണ്ടി വഴിയില്‍ വച്ചിട്ട് ബസില്‍ കയറി.എന്തായാലും ചേതക് സ്കൂട്ടറിലെ യാത്ര മുതലാവിലെന്നു പുള്ളിക്ക് മനസ്സിലായി.ബസില്‍ കയറി മിനിമം ചാര്‍ജ് ആയ 2 രൂപ എടുത്തു കൊടുത്തപ്പോള്‍ ആണ് അദ്ദേഹം ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. മിനിമം ചാര്‍ജ് 7 ആയത്രെ.അങ്ങനെ ചില്ലറ പെറുക്കി 7 രൂപാ കൊടുത്തിട്ട് ബസ്റ്റോപ്പില്‍ നിന്ന് വിട്ടിലേക്ക്‌ നടന്ന മന്‍മോഹന്‍സിംഹത്തിനെ ഒരു ചോദ്യം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു…….

 

 

എങ്ങനെ കിട്ടീ ഈ 44 സീറ്റ്‌ എന്നത്……!!!!!!!!!!!!

 • അമ്മ കുട്ടിയോട് : നിനക്ക് മോദിയെ പോലെ പ്രധാനമന്ത്രിയാകണ്ടെ ?

    ഉം………..

പിന്നെ രാഹുലിനെ പോലെ കളിച്ചു നടക്കുന്നത് എന്തിനാണ് ?

കുട്ടി മിണ്ടുന്നില്ല.

അമ്മ : ഇപ്പോള്‍ എന്തിനാണ് മന്‍മോഹന്‍ സിങിനെ പോലെ മിണ്ടാതിരിക്കുന്നത് ?

വാ തുറന്ന്‍ സംസാരിച്ചില്ലെങ്കില്‍ കേജ്രിവാളിന് കിട്ടിയത് പോലെ നല്ല അടി കിട്ടും പറഞ്ഞേക്കാം.

 • തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാഹുലിനെ എങ്ങും കണ്ടതെയില്ല. അദ്ദേഹം ആ സമയം വിദേശത്തായിരുന്നു. അതെത്തുടര്‍ന്നു എതിരാളികള്‍ പ്രചരിപ്പിച്ച വ്യാജ പത്രവാര്‍ത്ത :

പ്രിയപ്പെട്ട രാഹുല്‍, നീ എവിടെയായിരുന്നാലും എത്രയും പെട്ടെന്ന് മടങ്ങി വരുക. നിന്നെ കാണാതെ പ്രിയങ്കയും കുട്ടികളും ഏറെ വിഷമിച്ചിരിക്കുകയാണ്. അളിയനാണെങ്കില്‍ വെള്ളമടിച്ചു നടക്കുന്നു. അതുകൊണ്ട് നീ വേഗം വരണം. ഇവിടെ നിന്നെ ആരും വഴക്കു പറയില്ല. എല്ലാ കുറ്റവും മന്‍മോഹന്‍ജി ഏറ്റെടുത്തു കഴിഞ്ഞു. എന്ന്‍ ദു:ഖാര്‍ത്തയായ അമ്മ സോണിയ

 • പാക്കിസ്ഥാനിലേക്കുള്ള ട്രെയിന്‍ ഇന്ന്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‍ പുറപ്പെടുന്നതാണ്.

ദേവഗൌഡ, യു ആര്‍ അനന്തമൂര്‍ത്തി, ചില ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ ഫസ്റ്റ് ക്ലാസ് കംപാര്‍ട്മെന്‍റില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.പാക്കിസ്ഥാനില്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി ആ രാജ്യത്തെ എങ്ങനെ കുളം തോണ്ടാം എന്നതിനെക്കുറിച്ചാണ് ദേവഗൌഡ ഇപ്പോള്‍ ആലോചിക്കുന്നത്.

രാഹുല്‍ ഗാന്ധി ജനറലിലാണ് കയറിയത്. പാവപ്പെട്ട ആരെങ്കിലും അതില്‍ ഉണ്ടെങ്കില്‍ അവരോടൊപ്പം ഭക്ഷണം കഴിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അതുവഴി പാക്കിസ്ഥാന്‍ ജനതയെ കയ്യിലെടുക്കാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദം ഇടക്ക് കേട്ടെങ്കിലും അരവിന്ദ് കേജ്രിവാളിനെ യാത്രക്കാരില്‍ ആരോ കൈവച്ചതാണെന്ന് പിന്നീട് മനസിലായി.

നവദമ്പതികള്‍ക്കായി എസ്1 ബോഗി മാറ്റിവച്ചിരിക്കുന്നു. തിവാരിയും ഭാര്യയും ദിഗ് വിജയും ഭാര്യയും എന്നിവര്‍ യാത്ര പുറപ്പെടാന്‍ അക്ഷമരായി കാത്തിരിക്കുന്നു.

 • അമ്മയും മമതയും ഒന്നിക്കണം, പ്രതിപക്ഷത്തെ നിര്‍ണ്ണായക ശക്തികളാകുകയും വേണം. എങ്കില്‍ മാത്രമേ അടുത്ത അഞ്ചു വര്‍ഷത്തേക്ക് അമ്മചേച്ചി തമാശകള്‍ നമുക്ക് പ്രചരിപ്പിക്കാന്‍ പറ്റൂ.
 • ആം ആദ്മിക്ക് സീറ്റുകളെക്കാള്‍ കൂടുതല്‍ കിട്ടിയത് അടിയാണ്. പ്രാദേശിക നേതാക്കള്‍ മുതല്‍ കേജ്രിവാള്‍ വരെയുള്ളവര്‍ മല്‍സരിച്ച് അടി വാങ്ങിച്ചു.
 • മോദിയുടെ വീട്ടില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്. സത്യത്തില്‍ അത് പ്രതിമയല്ല, അദ്ദേഹത്തെ പേടിച്ച് അനങ്ങാതിരിക്കുന്ന ജീവനുള്ള ഒരു കടുവ തന്നെയാണ്.
 • അരവിന്ദ് കേജ്രിവാളിന് പാര്‍ലമെന്‍റിലേക്ക് പോകാന്‍ സാധിച്ചില്ല. അതുകൊണ്ട് പാര്‍ലമെന്‍റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയക്കാരുള്ള തിഹാര്‍ ജയിലിലേക്ക് അദ്ദേഹം പോയി. ലോക്സഭയിലേക്ക് പോയ പലരും നാളെ അവിടെ എത്തുമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് അവര്‍ എത്തുന്നതിന് മുമ്പ് തന്‍റെ സീറ്റ് ഉറപ്പിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
 • പുതിയ അംഗങ്ങളെ പാര്‍ലമെന്‍റില്‍ എത്തിക്കാന്‍ എന്‍ഡിഎക്കു എയര്‍ബസ് വേണ്ടി വരും. യുപിഎയ്ക്ക് ഒരു ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റ് വേണം. ആകെ 72 സീറ്റുകളാണ് അതിലുള്ളത്. സാധാരണക്കാരുടെ പാര്‍ട്ടിയായ ആം ആദ്മിക്ക് ഒരു ആട്ടോറിക്ഷ മതിയാകും.
 • മോദിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. തോല്‍ക്കുന്നയാള്‍ ശേഷിക്കുന്ന കാലം പാന്‍റിന് മുകളില്‍ ജെട്ടി ഇടണം എന്നായിരുന്നു പന്തയം.

The End


Image Credit : kushalbhattacharya.files.wordpress.com

[My article originally published in British Pathram on 25.05.2014]

Leave a Comment

Your email address will not be published.