കുമാര സംഭവം: ബാര്‍വിവാദത്തിന് പിന്നാലെ സുധീരന്‍ ഗാന്ധിയുടെ ജനകീയ വിപ്ലവം

കുമാര സംഭവം: ബാര്‍വിവാദത്തിന് പിന്നാലെ സുധീരന്‍ ഗാന്ധിയുടെ ജനകീയ വിപ്ലവം 1

മല പോലെ വന്നത് എലി പോലെ പോയി എന്നു പറഞ്ഞത് പോലെയായി ബാര്‍ കോഴയുടെ അവസ്ഥ. ധനമന്ത്രി കോഴ വാങ്ങിയെന്ന് നേരത്തെ ആരോപിച്ച ബാര്‍ ഉടമ ബിജു രമേശ് ഒന്നിനും തെളിവില്ലെന്നും എല്ലാം അസോസിയേഷന്‍ ഭാരവാഹികളാണ് ചെയ്തതെന്നും മൊഴി മാറ്റി പറഞ്ഞതായാണ് ചില പത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒന്നും വിഴുങ്ങിയിട്ടില്ലെന്ന് ബിജു രമേശ് ആണയിട്ട് പറഞ്ഞെങ്കിലും അതൊന്നും ഉമ്മന്‍ ചാണ്ടിയും വിജിലന്‍സും വിശ്വസിച്ച മട്ടില്ല.

കോഴയെ ചൊല്ലി എന്തൊക്കെ കോലാഹലങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നടന്നത് ? മന്ത്രി ബാര്‍ കേസില്‍ കോഴ വാങ്ങിയെന്ന് ബിജു രമേശ്, കാരുണ്യ ലോട്ടറിയുടെ പരസ്യത്തിലല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ പോലും ഒരു കോടി രൂപ തികച്ചു കണ്ടിട്ടില്ലെന്ന് മാണി, ബിജുവിനെ കണ്ടിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി, സിബിഐയെ വിളിക്കണമെന്ന് വിഎസ്, ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ പന്ന്യന്‍, രണ്ടും വേണ്ട കോടതി നേരിട്ടു വരണമെന്ന്‍ പിണറായി എന്നിങ്ങനെ തലക്കെട്ടുകള്‍ പത്രങ്ങള്‍ മാറി മാറി നിരത്തി. എല്ലാത്തിനും പിന്നില്‍ മുഖ്യന്‍റെ കറുത്ത കരങ്ങളാണെന്ന നഗ്ന സത്യം ഒരു അന്വേഷണ ഏജന്‍സിയുടെയും സഹായമില്ലാതെ ഇതിനിടയില്‍ പിസി കണ്ടെത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് സ്കോട് ലന്‍റ് യാര്‍ഡിന്‍റെ ട്രെയിനിങ് കിട്ടിയിട്ടുണ്ടെന്ന് ന്യായമായും സംശയിക്കണം.

മന്ത്രിക്ക് പണം കൊടുത്തത് നേരില്‍ കണ്ടില്ലെന്നെ ബിജു പറഞ്ഞിട്ടുള്ളൂ, മാണി എന്ന മന്ത്രിയെയോ മദ്ധ്യ തിരുവിതാംകൂര്‍ മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയോ അറിയില്ലെന്ന് പറഞ്ഞിട്ടില്ല. ഭാഗ്യം. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന കേരള കോണ്‍ഗ്രസ്സിന് അതൊരു തീരാ കളങ്കമാകുമായിരുന്നു. ഇന്നലത്തെ സംഭവവികാസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ പിസിയെ പോലെ കുമാരനും ഒരു സംശയം, ഇതെല്ലാം ചെയ്യിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയല്ലേയെന്ന് ? അതുപക്ഷേ മാണിയെ കുടുക്കാനല്ല. ആരോപണം വന്നപാടെ സിബിഐ എന്നും പറഞ്ഞ് ആദ്യം ചാടി വീണത് പതിവ് പോലെ സിപിഎമ്മിലെ മുടിയനായ കാരണവരാണ്. നാട്ടില്‍ എന്തു നടന്നാലും സിബിഐയെ വിളിക്കണമെന്ന്‍ പറയുന്നത് അദ്ദേഹത്തിന്‍റെ പതിവ് പല്ലവിയാണ്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിക്ക് സേതുരാമയ്യര്‍ ഒഴിച്ച് വേറൊരു സിബിഐക്കാരനെയും വിശ്വാസമില്ല എന്നത് വേറെ കാര്യം. ചുമ്മാതല്ല അയ്യര്‍ക്ക് ഒരു കസേരയും കൊടുത്ത് കൈരളി ചാനലില്‍ കൊണ്ടിരുത്തിയത്.

വിഎസിന്‍റെ ആഗ്രഹം പിണറായി സഖാവ് മുളയിലേ നുള്ളിക്കളഞ്ഞു. എന്നിട്ട് ഒരിക്കലും നടക്കാത്ത ഒരു ആവശ്യവും മുന്നോട്ടു വച്ചു. പ്രത്യേക പോലീസ് സംഘത്തിന്‍റെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമത്രേ. ലാവ്ലിന്‍ കേസില്‍ വിഎസോ ടിപി കേസില്‍ രമയോ പോലും ഇങ്ങനെയൊരു ആവശ്യം മുന്നോട്ടു വച്ചിട്ടില്ല. കോടതിയെ കൊണ്ടുവരാന്‍ ആവശ്യമെങ്കില്‍ പാര്‍ട്ടി ഇടപെടല്‍ നടത്താമെന്നും അദ്ദേഹം വാക്ക് കൊടുത്തു. പക്ഷേ ഏത് വിധത്തിലാണ് ഇടപെടല്‍ നടത്തുക എന്നു മാത്രം സഖാവ് പറഞ്ഞില്ല. ഏതായാലും സിപിഎം കോടതിയെ കൊണ്ടുവരുന്നതും കാത്ത് സാക്ഷാല്‍ പിസി കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കുകയാണെന്നാണ് അനന്തപുരത്തു നിന്നുള്ള വര്‍ത്തമാനം.

അന്വേഷണത്തെ കുറിച്ച് പറഞ്ഞ് വിഎസും പിണറായിയും പന്ന്യനും എസ്ആര്‍പിയുമൊക്കെ അടി തുടങ്ങിയപ്പോഴേക്കും ബിജുവും കൂട്ടുകാരനും മൊഴി മാറ്റിക്കളഞ്ഞു. മാണിക്ക് ആരും പണം കൊടുത്തിട്ടില്ലത്രേ. എല്ലാം മദ്യലഹരിയില്‍ പറഞ്ഞതാണെന്നും അതുകൊണ്ട് മാപ്പാക്കണമെന്നും പറഞ്ഞ് ഫോണും ഓഫ് ചെയ്ത് അരൂരിലെ ബാര്‍ ഉടമ തീര്‍ഥാടനത്തിന് പോയി എന്നാണ് കേള്‍ക്കുന്നത്. ഒരു മദ്യം ഉണ്ടാക്കിയ പ്രശ്നം ! വെറുതെയല്ല മദ്യം നിരോധിക്കണമെന്നും പറഞ്ഞ് സുധീരന്‍ ഗാന്ധി വാശി പിടിച്ചത്. മദ്യപിച്ചു കഴിഞ്ഞാല്‍ ഇല്ലാത്തത് കാണുമെന്നും പറയാന്‍ പാടില്ലാത്തത് പറയുമെന്നും ബാര്‍ ഉടമകള്‍ തന്നെ തെളിയിച്ചു. എല്‍ഡിഎഫില്‍ ചക്കളത്തി പോര് മൂര്‍ഛിച്ചതാണ് വിവാദത്തിന്‍റെ ബാക്കി പത്രം. പാര്‍ട്ടിക്ക് നിരക്കാത്തത് പറഞ്ഞ വിഎസിനെ ശാസിക്കാനും ഇടയുണ്ട്. ശാസനകള്‍ ഏറ്റു വാങ്ങാന്‍ അച്ചുമ്മാവന്‍റെ ജീവിതം പിന്നെയും ബാക്കി എന്ന്‍ അഭിനവ മിമിക്രി പാണന്‍മാര്‍ പാടി നടക്കുന്നത് വെറുതെയല്ല. എല്ലാം മുഖ്യന്‍റെ വേലയായിരുന്നുവെന്ന് കുമാരന്‍ സംശയിക്കുന്നത് അതുകൊണ്ടാണ്. എല്‍ഡിഎഫ് നേതാക്കളെ വിശേഷിച്ച് വിഎസിനെയും പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തെയും തമ്മില്‍ തല്ലിക്കാനുള്ള അടവ്. അത് ശരിയാണെങ്കില്‍ ഉമ്മച്ചന്‍റെ മാത്രമല്ല, ചെന്നിത്തല പോലീസിന്‍റെയും കുഞ്ഞാലിക്കുട്ടി സാഹിബിന്‍റെയും സാക്ഷാല്‍ മാണിച്ചായന്‍റെയും കറുത്ത കരങ്ങള്‍ ഇതിന് പിന്നിലുണ്ട്.

…………………………………………………………..

ബാറുകള്‍ പൂട്ടിച്ച ചാരിതാര്‍ഥ്യത്തോടെ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ ഇപ്പോള്‍ ജനപക്ഷ യാത്രയെന്ന പേരില്‍ വടക്ക്തെക്ക് നടക്കുകയാണ്. കാസര്‍ഗോഡ് നിന്ന്‍ തുടങ്ങിയ യാത്ര മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉത്ഘാടനം ചെയ്തത്. സമാപന സമ്മേളനം തിരുവനന്തപുരത്ത് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്യും. അദ്ദേഹത്തിന്‍റെ പതിവ് സ്റ്റേജ് ഷോയും കുട്ടികളെ കയ്യിലെടുക്കല്‍, ചെരുപ്പ് കണ്ടുപിടിക്കല്‍ എന്നിങ്ങനെയുള്ള വിനോദ പരിപാടികളും തദവസരത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ജനകീയ വിഷരഹിത പച്ചക്കറികൃഷിക്കുള്ള വിത്തുകളും യാത്ര വേളയില്‍ കെപിസിസി വിതരണം ചെയ്യുന്നുണ്ട്. മോദിയുടെ ശുചിത്വ വിപ്ലവവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഇങ്ങനെയൊരു ഉദ്യമവുമായി ഇറങ്ങിത്തിരിച്ചതെന്നും സുധീരന്‍ ആണയിടുന്നുണ്ട്. എന്നാല്‍ കെപിസിസിക്ക് നല്ല ബുദ്ധി തോന്നിക്കാന്‍ തന്‍റെ കുടുംബം തകര്‍ക്കണമായിരുന്നോ എന്നാണ് നടന്‍ ദിലീപ് ചോദിക്കുന്നത്. മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്താന്‍ തിരുമാനിച്ചതും തുടര്‍ന്നു ആ ദാമ്പത്യം തകര്‍ന്നതും ഇന്ന്‍ ചരിത്രം. 

[My article published in British Pathram on 08.11.2014]

Leave a Comment

Your email address will not be published. Required fields are marked *