ലോകത്തിലെ ഏറ്റവും വലിയ മതം ഏതാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഫുട്ബോള്‍. അമേരിക്കയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ഏഷ്യയെയുമൊക്കെ ഇത്രമാത്രം പ്രചോദിപ്പിച്ച ഒരു കളി വേറെയുണ്ടാവില്ല. ബ്രസീലും അര്‍ജന്റീനയും എവിടെയാണെന്ന് അറിയാത്തവര്‍ പോലും പെലെയുടെയും മറഡോണയുടെയും ബാറ്റിസ്റ്റ്യൂട്ടയുടെയും റൊമാരിയോയുടെയും കളികള്‍ കണ്ട് ആവേശം കൊണ്ടു. റൊണാള്‍ഡോയുടെയും നെയ്മറുടെയും പരുക്കുകളില്‍ കണ്ണീരൊഴുക്കി. അങ്ങ് ടോക്കിയോയിലെ വന്‍കിട പബ്ബുകള്‍ മുതല്‍ ഇങ്ങ് കേരളത്തിലെ നാട്ടിന്‍പുറത്തെ വീടുകളില്‍ വരെ കോടിക്കണക്കിന് പേരാണ് ഇക്കഴിഞ്ഞ ലോകകപ്പ് ടിവിയില്‍ കണ്ട് ആസ്വദിച്ചത്.
കാല്‍പ്പന്ത് കളിയുടെ സൌന്ദര്യം പലപ്പോഴും സിനിമയ്ക്കും ഇതിവൃത്തമായി. ഹോളിവുഡില്‍ മാത്രം നൂറുകണക്കിനു സിനിമകളാണ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയത്. അതില്‍ ഡെന്‍സല്‍ വാഷിങ്ടണും വില്യം പാറ്റെണും ഒന്നിച്ച റിമംമ്പര്‍ ദി ടൈറ്റന്‍സ് (2000), ആന്റ്ര ബുള്ളക്കും ടോം മക്ഗ്രായും അഭിനയിച്ച ബ്ലൈന്റ് സൈഡ്, ദി (2009), ചാള്‍സ് എസ് ടറ്റന്– സീന്‍ ആസ്റ്റിന്‍ എന്നിവര്‍ അഭിനയിച്ച റൂഡി (1993), ബ്രയാന്‍സ് സോങ് (1971), ഫ്രൈഡേ നൈറ്റ് ലൈറ്റ്സ്(2004), ഫ്രെഷ്മാന്‍ ദി (1925), വീ ആര് മാര്‍ഷല്‍ (2006),എക്സ്പ്രസ് ദി (2008), റേഡിയോ (2003), ലോങെസ്റ്റ് യാഡ്സ് (1974), അനി ഗീവന് സണ്ടേ (1999), ഗ്രിഡിറോണ്‍ ഗാങ് (2006) എന്നിവയാണ് ഏറെ പ്രശസ്തമായത്.
സജീവ ഫുട്ബോളില്‍ നിന്ന് വിരമിച്ച് പതിറ്റാണ്ടുകള്‍ ആയെങ്കിലും പെലെക്കും മറഡോണക്കും ടോറസിനും പ്ലാറ്റിനിക്കും ഇന്നും ആരാധകര്‍ ഏറെയാണ്. കറുത്ത മുത്ത് എന്നറിയപ്പെടുന്ന പെലെയേ കഴിഞ്ഞ നൂറ്റാണ്ടിന്റെ കായികതാരം എന്ന പുരസ്കാരം നല്കി 1999ല്‍ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ആദരിച്ചു. ഒരു ഒളിമ്പിക്സിലും പങ്കെടുക്കാത്ത ആളാണ് അദ്ദേഹം എന്നതാണ് ഏറ്റവും കൌതുകകരം. മറഡോണയാണെങ്കില് അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ദൈവത്തിന്റെ അവതാരമാണ്. 1986 ലോകകപ്പില്‍ അദ്ദേഹം വിഖ്യാതമായ ‘ദൈവത്തിന്റെ കൈ‘ ഗോളടിച്ചതോടെയാണ് അദ്ദേഹം അമാനുഷികതയുടെ പ്രതിപുരുഷനായി മാറിയത്. ഇന്നും ലോകമെങ്ങുമുള്ള കളിപ്രേമികള്‍ക്ക് ഇവര്‍ കഴിഞ്ഞേ മറ്റൊരാളുള്ളൂ. ബുഷിനെയും ഒബാമയെയും ഹിറ്റ്ലറെയുമല്ലാതെ പുറം നാട്ടിലെ ഒരാളെയും അറിയാത്ത ഇന്ത്യയിലെ നിരക്ഷരകുക്ഷികള് പോലും മറഡോണയെയും പെലെയേയും ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം മറഡോണ കേരളത്തില്‍ വന്നപ്പോള്‍ ആ ആവേശം കണ്ടതാണ്. മറുപടിയായി പെലെയേ കൊണ്ടുവരാന്‍ ബ്രസീല്‍ ആരാധകര്‍ ആഗ്രഹിച്ചെങ്കിലും ശ്രമം ഇതുവരെ ഫലവത്തായിട്ടില്ല.
തെക്കേ അമേരിക്കയുടെ രാഷ്ട്രീയം അറിയാത്തവര്‍ പോലും അവിടത്തെ ഫുട്ബോള്‍ ശക്തികളെ നെഞ്ചോടു ചേര്‍ക്കുന്നു. സന്ദേശം എന്ന സിനിമയില്‍ ‘ പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുത്. അതെനിക്കിഷ്ടമല്ല‘ എന്നു പറഞ്ഞ ശ്രീനിവാസനിലെ കമ്മ്യൂണിസ്റ്റുകാരന്റെ അതേ വീറും വാശിയോടെ ഇഷ്ട ടീമിന് വേണ്ടി വാതുവെയ്ക്കുന്നവരും ഫ്ലക്സ് വയ്ക്കുന്നവരും നമ്മുടെ നാട്ടില്‍ ഏറെയാണ്. ഏത് പാതിരാത്രിയിലും ഉറക്കമിളച്ച് കളി കാണുന്ന അവര്‍ കപ്പ് നേടാനുള്ള പ്രാര്‍ഥനക്കിടയില്‍ മറ്റെന്തും മറക്കുന്നു. ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ക്രിക്കറ്റ് മല്‍സരങ്ങളുടെ സമയത്ത് ആരും ഫ്ലക്സോ ബാനറുകളോ ഉയര്‍ത്താറില്ല എന്നത് ശ്രദ്ധേയമാണ്. നിഷ്ക്കളങ്കമായ ഗ്രാമീണ മനസ്സാണ് കാല്‍പ്പന്ത് കിരീടത്തിന്റെ പേരിലുള്ള ഫ്ലക്സ് യുദ്ധത്തില്‍ പ്രതിഫലിക്കുന്നത്. ഒരേ വീട്ടിലുള്ളവരും അടുത്ത സുഹൃത്തുക്കളും പോലും എങ്ങോ കിടക്കുന്ന ബ്രസീലിനും സ്പെയിനിനും അര്ജന്റീനക്കും നൈജീരിയക്കും പോര്‍ച്ചുഗലിനും മുതല്‍ ഇത്തിരിക്കുഞ്ഞന് കോസ്റ്റാറിക്കയ്ക്ക് വേണ്ടി വരെ ചേരി തിരിഞ്ഞു ജയ് വിളിക്കുന്നു.
സാധാരണക്കാരുടെ പ്രാണനാണെങ്കിലും കളിമേലാളന്മാരുടെ അജണ്ടയിലെ പുറമ്പോക്കിലാണ് ഫുട്ബോളിന്റെ സ്ഥാനം. ക്രിക്കറ്റ് എന്ന പണക്കൊഴുപ്പിന്റെ ചൂതാട്ടത്തിന് പിന്നാലേ അഭിരമിക്കുന്ന അവര്‍ കാല്‍പ്പന്ത് പോലുള്ള മറ്റ് ചില കളികളും ലോകത്തുണ്ടെന്ന് അറിഞ്ഞിട്ടു കൂടിയില്ല. കാരണം അവിടെ സ്പോണ്‍സര്‍മാരെ കിട്ടാനും എണ്ണം പറഞ്ഞു പരസ്യ സ്ലോട്ടുകള്‍ വില്‍ക്കാനും സാധ്യത കുറവാണ്. ഒരു ദിവസം മുഴുവന്‍ നീളുന്ന ക്രിക്കറ്റില്‍ ഓരോ ഓവറും കഴിയുമ്പോള്‍ ടിവി സ്ക്രീനിലൂടെ ലക്ഷങ്ങളുടെ പരസ്യങ്ങളാണ് കാണികളിലെത്തുന്നത്. എന്നാല്‍ ഓരോ മിനിറ്റിനും ഹൃദയമിടിപ്പിന്റെ വേഗതയുള്ള ഫുട്ബോളില്‍ അതിനൊന്നും അവസരമില്ലാത്തത് കളിക്കളത്തിലെ പ്രാപ്പിടിയന്മാരെ അകറ്റി നിര്‍ത്തുന്നു. ക്രിക്കറ്റിനെക്കാളുപരി കുത്തക പരസ്യങ്ങളെ സ്നേഹിക്കുന്ന അവര്‍ ഫുട്ബോളിനെ വെറുത്തില്ലെങ്കിലാണ് അത്ഭുതം.
ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം, ജനാധിപത്യത്തിന്റെ ശ്രീകോവില്‍, ഏറ്റവും വലിയ ഉപഭോക്തൃ വിപണി, ഏഷ്യയിലെ വന്‍ശക്തി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള കായിക വിനോദത്തിന്റെ കാര്യത്തില്‍ 154-)o സ്ഥാനത്താണ്. അയല്‍ക്കാര്‍ പോലുമറിയാത്ത കോസ്റ്റാറിക്ക, അള്‍ജീരിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങള്‍ മുന്‍പന്തിയിലുണ്ട്. ഭൂട്ടാനും, ശ്രീലങ്കയും ഫിജിയുമൊക്കെ ആ പട്ടികയില്‍ എന്ന് ഇടം പിടിക്കും എന്നേ ഇനി അറിയാനുള്ളൂ. ജപ്പാനും കൊറിയക്കും പിന്നാലേ ചൈനയും താമസിയാതെ ലോകകപ്പിന്റെ ഭാഗമായേക്കും. അപ്പോഴും മറ്റു ടീമുകള്‍ക്ക് വേണ്ടി കയ്യടിക്കാനായിരിക്കും നമ്മള് ഭാരതീയരുടെ നിയോഗം.
2222ലെ ലോകകപ്പ് മുന്നില്‍ കണ്ട് ഭാവിയുടെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കേന്ദ്ര കായിക വകുപ്പും ഫുട്ബോള്‍ അസോസിയേഷനും അടിയന്തിരമായി ശ്രമിക്കണം. കളിക്കുന്നത് ഫുട്ബോളാണോ അതോ വോളിബോളാണോ എന്ന് തിരിച്ചറിയാനാവാത്ത സംഘടനയിലെ താപ്പാനകളെ മാറ്റിനിര്‍ത്തി അനുഭവ സമ്പത്തുള്ളവരെ ആ സ്ഥാനത്തിരുത്തുന്നതാണ് നല്ലത്. പ്രതിരോധം, റെയില്‍വേ, ആരോഗ്യം എന്നിങ്ങനെ വലിയ വലിയ കാര്യങ്ങളെക്കുറിച്ച് തലപുകയ്ക്കുന്ന നരേന്ദ്ര മോദി ഈ ചെറിയ കാര്യത്തിന് വേണ്ടിയും അല്പം സമയം മാറ്റി വയ്ക്കണം. ഇല്ലെങ്കില്‍ കാനറികളെയും അര്‍ജന്റീനയെയും കേരളത്തിന്റെ അത്ര വലിപ്പം പോലുമില്ലാത്ത ആഫ്രിക്കയിലെ ഏതോ ഒരു രാജ്യത്തെയും കടന്ന് നാളെ പാക്കിസ്ഥാന് വേണ്ടിയും ഞങ്ങള്‍ കയ്യടിക്കുന്നത് താങ്കള്‍ കാണേണ്ടി വരും. ക്രിക്കറ്റില്‍ പാക്കിസ്ഥാനെ തകര്‍ന്നു തരിപ്പണമാക്കാന്‍ ആക്രോശിക്കുന്നവര്‍ പ്രതിഷേധ പ്രകടനവുമായി അപ്പോള്‍ മുന്നില്‍ വരരുതെന്ന് മാത്രം. ഇത് ഒരു അപേക്ഷയാണ്. അഥവാ സുരേഷ് ഗോപി ഒരു സിനിമയില്‍ പറഞ്ഞത് പോലെ ‘രോദനം‘ ആണ്.
The End