ദി ഗ്രേറ്റ് ഫാദര്‍ – സിനിമ റിവ്യു

great father movie

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളില്‍ എത്തി. മെഗാസ്റ്റാര്‍ ആരാധകര്‍ സിനിമയുടെ റിലീസിംഗ് ശരിക്കും ആഘോഷമാക്കി. പുലി മുരുകന്‍റെയും കബാലിയുടെയും സംസ്ഥാനത്തെ ആദ്യ ദിന റിക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ സിനിമ 4.31 കോടി രൂപ കളക്റ്റ് ചെയ്തെന്ന് നിര്‍മാതാക്കളില്‍ ഒരാളായ പ്രിഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 

മമ്മൂട്ടിയുടെ താരപ്രഭ കൊണ്ടും സ്റ്റൈലിഷ് ലുക്ക് കൊണ്ടും സമ്പന്നമാണ് ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം. ഡേവിഡ് നൈനാന്‍ നഗരത്തിലെ അറിയപ്പെടുന്ന ഒരു ബില്‍ഡറാണ്. ഭാര്യ ഡോ. മിഷലും മകള്‍ സാറയും അടങ്ങിയതാണ് അയാളുടെ കുടുംബം. അയാള്‍ക്ക് മുംബെയില്‍ ഒരു കറുത്ത ഭൂതകാലം ഉണ്ടായിരുന്നു എന്ന സത്യം പുറത്താര്‍ക്കും അറിയില്ല. നാട്ടിലെത്തി സ്വസ്ഥമായ കുടുംബ ജീവിതം നയിക്കാന്‍ തുടങ്ങിയ ഡേവിഡ് വളരെ വേഗം കൊച്ചിയിലെ വമ്പന്‍ ബില്‍ഡര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. അങ്ങനെ നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴാണ് സാറയ്ക്ക് ഞെട്ടിക്കുന്ന ഒരനുഭവമുണ്ടായത്. അതോടെ നായകന്‍ കുറ്റവാളികളെ തേടി യാത്ര തിരിക്കുന്നു. 

ബിഗ്‌ ബി പോലെ മറ്റൊരു ഹൈ വോള്‍ട്ടേജ് ത്രില്ലര്‍ പ്രതിക്ഷിച്ചാണ് തിയറ്ററില്‍ പോകുന്നതെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടി വരും. ഡേവിഡ് നൈനാന്‍ ആലോചിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുന്ന, എന്നാല്‍ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒരു വ്യക്തിയാണ്. ഒരു സ്ത്രീ പീഡനക്കേസിലെ ഇരയെ സമൂഹം എങ്ങനെയാണ് കാണുന്നതെന്ന് ഇയാള്‍ക്ക് വ്യക്തമായ ബോധമുണ്ട്. മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, പ്രത്യേകിച്ച് അവസാന രംഗത്ത് വില്ലനുമായി നടത്തുന്ന ഏറ്റുമുട്ടല്‍, ശ്രദ്ധേയമാണ് ഗ്രേറ്റ് ഫാദര്‍. 

Also Read മമ്മൂട്ടിയും ന്യൂ ജനറേഷന്‍ സിനിമകളും

ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനെ അവതരിപ്പിച്ച ആര്യ നായകന് തുല്യം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വ്യത്യസ്ഥമായ മാനറിസം കൊണ്ടും ചടുലമായ അഭിനയം കൊണ്ടും അദ്ദേഹം പല രംഗങ്ങളിലും കയ്യടി നേടുന്നുണ്ട്. പക്ഷേ നായിക വേഷത്തിലെത്തിയ സ്നേഹ തീര്‍ത്തും നിരാശപ്പെടുത്തി. മേയ്ക്കപ്പ് ഇട്ടു നടക്കാനല്ലാതെ അവര്‍ക്ക് സിനിമയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് തന്നെ പറയാം. രാത്രി ഭക്ഷണം കഴിക്കുമ്പോഴും എന്തിന് മകള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും അമിതമായി മേയ്ക്കപ്പിട്ടു അവര്‍ വരുന്നത് ആസ്വാദനത്തിന് ചെറുതല്ലാത്ത കല്ലുകടിയുണ്ടാക്കുന്നുണ്ട്. വിഭിന്നമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തെ അനിഖ ഉജ്ജ്വലമാക്കി. കഥ തുടരുന്നു, മിരുതന്‍, ഭാസ്ക്കര്‍ ദി റാസ്ക്കല്‍ എന്നിങ്ങനെയുള്ള സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്ത അനിഖയ്ക്ക് ഗ്രേറ്റ് ഫാദര്‍ കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കും എന്നതില്‍ സംശയമില്ല. 

സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച ഹനീഫ് അദേനി തന്‍റെ വരവറിയിച്ചു. ടൈറ്റില്‍ കാര്‍ഡ് മുതല്‍ തന്നെ അദ്ദേഹത്തിന്‍റെ പാടവം നമുക്ക് അറിയാന്‍ സാധിക്കും. തോട്ടത്തില്‍ പെണ്‍കുട്ടി മരിച്ചു കിടക്കുന്ന രംഗത്തിലും തുടക്കത്തിലെ പോലിസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിലും മമ്മൂട്ടി തോക്ക് പിടിച്ച് മഴയത്ത് നില്‍ക്കുന്ന രംഗത്തിലും തുടങ്ങി ക്ലൈമാക്സില്‍ വരെ പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥമായ ഒരു ദൃശ്യാനുഭവം പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ക്ലാസും മാസും ഒത്തുചേര്‍ന്ന സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യപൂര്‍വ്വം കാണാവുന്ന സിനിമയാണ് ദി ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന് വേഗത പോരെന്ന് ചിലര്‍ പരാതി പറയുമെങ്കിലും സമകാലീന ജീവിതത്തില്‍ പ്രസക്തമായ ഒരു വിഷയമാണ് അത് കൈകാര്യം ചെയ്യുന്നതെന്ന് ഏവരും സമ്മതിക്കും. സമാനമായ സാഹചര്യത്തില്‍ ഏതൊരു പിതാവും ചെയ്യാന്‍ ആഗ്രഹിക്കുന്നതേ ഡേവിഡ് നൈനാനും ചെയ്യുന്നുള്ളൂ. സിനിമയുടെ പേര് അന്വര്‍ത്ഥമാകുന്നതും അതുകൊണ്ടാണ്. ദി ഗ്രേറ്റ് ഫാദര്‍. 

The End 

Leave a Comment

Your email address will not be published. Required fields are marked *