തിരിച്ചുവരവ് ഗംഭീരമാക്കി മഞ്ജു വാര്യര്‍

തിരിച്ചുവരവ് ഗംഭീരമാക്കി മഞ്ജു വാര്യര്‍ 1

ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമ്മളെല്ലാം നേരിട്ട അല്ലെങ്കില്‍ നേരിടേണ്ട ചോദ്യമാണിത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട് ഈ റോഷന്‍ ആന്‍റ്രൂസ് ചിത്രം.

മഞ്ജു വാര്യര്‍ക്ക് ഇതിലും നല്ല ഒരു തിരിച്ചുവരവ് കിട്ടാനില്ല. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ വേഷം അവര്‍ മനോഹരമാക്കിയിരിക്കുന്നു. സ്വല്‍പ്പം പൊങ്ങച്ചക്കാരിയായ വീട്ടമ്മയുടെ വേഷം മഞ്ജു വളരെ തന്‍മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

നിരുപമ രാജീവ് സെക്രറ്റേറിയറ്റിലെ ക്ലര്‍ക്കാണ്. ഭര്‍ത്താവ് രാജീവും (കുഞ്ചാക്കോ ബോബന്‍) മകള്‍ ലച്ചു എന്നു വിളിക്കുന്ന ലക്ഷ്മി(അമൃത അനില്‍)യുമാണ് അവരുടെ ലോകം. വിവാഹിതയായ ഏതൊരു സ്ത്രീയെയും പോലെ ആദ്യം ഭര്‍ത്താവിന് വേണ്ടിയും പിന്നീട് മകള്‍ക്ക് വേണ്ടിയും നിരുപമ തന്‍റെ ഇഷ്ടങ്ങള്‍ മാറ്റി വച്ചു. അവരുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നതിനൊപ്പം വീടിന് മുകളില്‍ അത്യാവശ്യം പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിനും ആ വീട്ടമ്മ സമയം കണ്ടെത്തി. ആകാശവാണിയില്‍ ജോലി ചെയ്യുന്ന രാജീവിനെ സംബന്ധിച്ച് അവളുടെ പതിവ് ദിനചര്യകള്‍ അറുബോറായാണ് തോന്നിയത്.

തിരിച്ചുവരവ് ഗംഭീരമാക്കി മഞ്ജു വാര്യര്‍ 2

രാജീവിന്‍റെയും മകളുടെയും സങ്കല്‍പ്പങ്ങള്‍ക്കൊത്തുയരാന്‍ പലപ്പോഴും നിരുപമയ്ക്ക് കഴിഞ്ഞില്ല. കോളേജ് കാലം മുതല്‍ സുഹൃത്തായ സൂസന്‍ (കനിഹ) പലപ്പോഴും അവള്‍ക്ക് താങ്ങാകുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായ ചിലത് നിരുപമയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതോടെ അവള്‍ തന്‍റെ ശക്തിയും ദൌര്‍ബല്യവും തിരിച്ചറിയുന്നു. സാധാരണ വീട്ടമ്മയില്‍ നിന്ന്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ കെല്‍പ്പുള്ള സ്ത്രീയായി നിരുപമ മാറുകയാണ്.

രാഷ്ട്രപതിയോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരുപമയ്ക്ക് കിട്ടുന്നു. അതില്‍ സന്തോഷിക്കുന്നുണ്ടെങ്കിലും അധികം വൈകാതെ തന്നെ ഒറ്റപ്പെടലിന്‍റെ വേദന അവള്‍ തിരിച്ചറിയുന്നു. ആ സാഹചര്യത്തെ നിരുപമ വളരെ സമചിത്തതയോടെ കൈകാര്യം ചെയ്യുമ്പോള്‍ ഹൌ ഓള്‍ഡ് ആര്‍ യു നല്ല ഒരു സ്ത്രീപക്ഷ സിനിമയാകുന്നു.

2014ല്‍ ഇറങ്ങിയ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ് ഇത്. മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍റ്രൂസ്ബോബിസഞ്ജയ് ടീം ഒന്നിച്ച ചിത്രം തീര്‍ച്ചയായും പ്രതീക്ഷകള്‍ തെറ്റിച്ചില്ല. റോഷന്‍റെ സംവിധാനവും ബോബിസഞ്ജയ് ദ്വയങ്ങളുടെ തിരക്കഥയും സിനിമയെ സൂപ്പര്‍ ഹിറ്റാക്കാന്‍ പോന്നതാണ്. കുഞ്ചാക്കോ ബോബന്‍, അമൃത അനില്‍, ലാലു അലക്സ്, മുത്തുമണി, കുഞ്ചന്‍, തെസ്നി ഖാന്‍ തുടങ്ങിയവരെല്ലാം വേഷങ്ങള്‍ ഭംഗിയാക്കി. ഗോപി സുന്ദറിന്‍റെ ഗാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. ചിത്രത്തിന്‍റെ ദൃശ്യഭംഗി എടുത്തു പറയേണ്ടതാണ്. നല്ല കാഴ്ചാനുഭവമാണ് ഹൌ ഓള്‍ഡ് ആര്‍ യു പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Skyrocket Your Website Speed with 

HostArmada!

Now with 75% Discount!