പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍

പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍ 1

പൂര്‍ണ്ണമായി ചികില്‍സിച്ചു മാറ്റാന്‍ കഴിയാത്ത മാറാവ്യാധിയാണ് പ്രമേഹം. പലരും കരുതുന്നത് പോലെ ഇത് ഒരു നിസാര രോഗമല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ അത്യന്തം അപകടകാരിയായി മാറുന്ന അസുഖമാണ് പ്രമേഹമെന്ന് വൈദ്യശാസ്ത്രം തന്നെ പറയുന്നുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹ രോഗിക്ക് തന്‍റെ അസുഖത്തെ കീഴ്പ്പെടുത്താന്‍ സാധിക്കും. പ്രമേഹം നിയന്ത്രണത്തില്‍ വരുത്താന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

1)  എന്നും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. സമയം തെറ്റിയുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

2)  ഹോട്ടല്‍ ഭക്ഷണവും ബേക്കറി, പാക്കറ്റ് പലഹാരങ്ങളും കഴിവതും ഒഴിവാക്കുക. വളരെ ചെറുപ്പത്തില്‍ തന്നെ ഇത്തരം ഭക്ഷണം കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍ 2

3)  ചിട്ടയായ വ്യായാമം പ്രമേഹത്തിന്‍റെ ശത്രുവാണ്. എന്നും രാവിലെയും വൈകിട്ടും അര മണിക്കൂറെങ്കിലും നടക്കാന്‍ ശ്രമിക്കുക. അതിനു ശേഷം ഒരു കപ്പ് ഓട്ട്സ് കഴിക്കുന്നതും നല്ലതാണ്.

4)  ന്യൂഡില്‍സ് പോലുള്ള കൃത്രിമ ഭക്ഷണങ്ങളും ന്യൂ ജനറേഷന്‍ ഭക്ഷ്യ എണ്ണകളും പ്രമേഹ സാധ്യത കൂട്ടും. പൊറോട്ടയും മൈദ ഉല്‍പ്പന്നങ്ങളും വര്‍ജ്ജിക്കുക.

5) ഫൈബര്‍ അടങ്ങിയ ആഹാര സാധനങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക. ഉള്ളി, ബീന്‍സ്, ചെറുപയര്‍, പാവക്ക, പപ്പായ, പേരക്ക, ബ്രൊക്കോളി എന്നിവ കഴിക്കുന്നത് ഷുഗര്‍ നിയന്ത്രിക്കുന്നതിനൊപ്പം ശരീരഭാരം കുറക്കാനും സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍ 3

6)  ശരീരത്തിലെ ജലാംശം പെട്ടെന്ന് കുറയുക, അമിതമായ ദാഹം, ക്ഷീണം, കാഴ്ചക്കുറവ് തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ സഹായം തേടുക.

7)  നെല്ലിക്ക, മഞ്ഞള്‍, ഉലുവ, വേപ്പ്, കരിങ്ങാലി എന്നിവയോ അതിന്‍റെ ഉപോല്‍പ്പന്നങ്ങളോ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

8)  മുരിങ്ങക്ക, തവിടുള്ള ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക. നാരുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഒരു ഡോക്ടറുടെ ഫലം ചെയ്യും. പക്ഷേ അരിയാഹാരം, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ബീഫ്, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കുകയോ പരമാവധി കുറക്കുകയോ ചെയ്യുക.

9)  ഗോതമ്പ് ഉല്‍പന്നങ്ങള്‍ കൂടുതലായി കഴിക്കുക. തൈര് പൂര്‍ണ്ണമായും ഒഴിവാക്കണം.

10)   പ്രോട്ടിനുകളാല്‍ സമ്പന്നമാണ് നമ്മുടെ മല്‍സ്യങ്ങള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും മീന്‍ കഴിക്കാന്‍ ശ്രമിക്കുക. ഒമേഗ 3 ആസിഡുകള്‍ അടങ്ങിയ അവ കൊളസ്ട്രോള്‍ കുറക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.     11)  പരസ്യത്തില്‍ കാണുന്ന മരുന്നുകളെ വിശ്വസിക്കരുത്. അവ അപകട സാധ്യത വര്‍ദ്ധിപ്പിക്കും. എപ്പോഴും വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ മാത്രം സേവനം തേടുക. മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.

12)  ഗ്രീന്‍ ടീ, ഓട്ട്സ്, റാഗി ഉല്‍പന്നങ്ങള്‍ എന്നിവ ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

13) പ്രമേഹ രോഗികളുടെ കാര്യത്തില്‍ പാദ സംരക്ഷണം മുഖ്യമാണ്. പാദങ്ങളില്‍ മുറിവോ ചതവോ ഉണ്ടാകാതെ സൂക്ഷിക്കണം. മൃദുവായ ചെരുപ്പുകള്‍ ധരിക്കാനും കാലുകള്‍ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിയ്ക്കുക.

14) ധാരാളം വെള്ളം കുടിക്കുക. സോഡ, കൂള്‍ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക.

Leave a Comment

Your email address will not be published. Required fields are marked *