ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ഇനി എളുപ്പത്തില്‍ ഡിലേറ്റ് ചെയ്യാം

ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ഇനി എളുപ്പത്തില്‍ ഡിലേറ്റ് ചെയ്യാം 1

 

ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍- ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട്, മൈ സ്പേസ്,ഗൂഗിള്‍- ഡിലേറ്റ് ചെയ്യുക എന്നത് പലപ്പോഴും ശ്രമകരമാണ്. സമയനഷ്ടം കൂടിയോര്‍ക്കുമ്പോള്‍ പലരും അതിനു മെനക്കെടാറില്ല. എന്നാല്‍ അത്തരം അക്കൌണ്ടുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചാല്‍ അതിലെ സ്വകാര്യ വിവരങ്ങള്‍ ആരുടെയൊക്കെ കയ്യിലെത്തുമെന്ന് പറയാനാവില്ല. ഇപ്പോള്‍ ഇതാ Justdelete.me എന്ന വെബ്സൈറ്റ് അതിനൊരു പോംവഴി കണ്ടെത്തിയിരിക്കുന്നു.

റോബ് ലൂയിസും ഡിസൈനര്‍ എഡ് പൂളും ചേര്‍ന്ന്, കഴിഞ്ഞയാഴ്ച്ച, അവതരിപ്പിച്ച ജസ്റ്റ്ഡിലേറ്റ്.മീയില്‍ ഇന്ന്‍ നിലവിലുള്ള പ്രശസ്തമായ വെബ് സര്‍വീസുകളുടെയെല്ലാം അക്കൌണ്ട് ഡിലേറ്റ് ചെയ്യാനുള്ള ലിങ്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 16 വെബ്സൈറ്റ് ലിങ്കുകളുമായി പ്രവര്‍ത്തനം തുടങ്ങിയ ജസ്റ്റ് ഡിലേറ്റ്. മിയില്‍ ഇപ്പോള്‍ നൂറ്റമ്പതിലേറെ സൈറ്റുകളുണ്ട്. ബന്ധപ്പെട്ട വെബ്സൈറ്റുകളുടെ അക്കൌണ്ട് ഇല്ലാതാക്കാനുള്ള ബുദ്ധിമുട്ടിനെ അടിസ്ഥാനമാക്കി അവയെ “ഈസി”, “മീഡിയം” , “ഹാര്‍ഡ്”, “ഇംപോസ്സിബിള്‍” എന്നിങ്ങനെ തരം തിരിച്ചിട്ടുമുണ്ട്.

ഗൂഗിള്‍, ഡ്രോപ്ബോക്സ്, ഫോര്‍സ്ക്വയര്‍ എന്നിവയിലെ അക്കൌണ്ടുകള്‍ ഇല്ലാതാക്കുന്നത് താരതമ്യേന എളുപ്പമായതു കൊണ്ട് അവയെ ” ഈസീ” വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സ് ആപ്പ്, ലൈവ് ജേര്‍ണല്‍ എന്നിവ മീഡിയം വിഭാഗത്തിലും ആമസോണ്‍, സ്കൈപ്പ് എന്നിവ “ഹാര്‍ഡ്” വിഭാഗത്തിലും പിന്‍റെറെസ്റ്റ്, വേര്‍ഡ്പ്രസ്സ് എന്നിവ “ഇംപോസ്സിബിള്‍” വിഭാഗത്തിലുമാണ്. ജസ്റ്റ്ഡിലേറ്റ്.മീയില്‍ കയറി ബന്ധപ്പെട്ട സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവയുടെ അക്കൌണ്ട് ഡിലേഷന്‍ പേജില്‍ എത്താം. സൈറ്റിന്‍റെ ഗൂഗിള്‍ ക്രോം എക്സ്റ്റെന്‍ഷന്‍ ഗൂഗിള്‍ സ്റ്റോറില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്തും ഈ സേവനം ഉപയോഗിക്കാം.

സൈറ്റിന്‍റെ ജനപ്രീതി ഓരോ ദിവസവും കൂടുകയാണെന്നും ആദ്യ ആഴ്ചയില്‍ തന്നെ 5,00,000 ത്തില്‍ പരം പേജ് വ്യൂവാണ് അതിനു കിട്ടിയതെന്നും എഡ് പൂള്‍ അവകാശപ്പെട്ടു.