സെമിയില്‍ ഇന്ത്യ ആസ്ത്രേലിയയെ കീഴടക്കുമോ ?


cricket-155965_960_720

 

മാര്‍ച്ച് 26നു നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിന് വേണ്ടി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഇന്ത്യന്‍ ആരാധകര്‍. തുടര്‍ച്ചയായി ഏഴു കളികള്‍ ജയിച്ച ധോണിയും സംഘവും എട്ടാമങ്കത്തില്‍ ആതിഥേയര്‍ക്ക് മുന്നില്‍ കലമുടയ്ക്കരുതേ എന്ന പ്രാര്‍ഥനയിലാണ് അവര്‍. ആദ്യം ബാറ്റ് ചെയ്താല്‍ ടീം മുന്നൂറിന് മുകളിലുള്ള സ്കോര്‍ കണ്ടെത്തുമെന്നും സ്പിന്നിന് മുന്‍തൂക്കം നല്‍കുന്ന പിച്ചില്‍ എതിരാളികളെ ചെറിയ സ്കോറില്‍ ഒതുക്കുമെന്നും അവര്‍ കരുതുന്നു. അടുത്ത വ്യാഴാഴ്ച സിഡ്നിയിലാണ് ഇന്ത്യആസ്ത്രേലിയ സെമി.

സ്പിന്‍ പിച്ചില്‍ ഇന്ത്യ ആധിപത്യം നേടുമെന്നാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്‍റെ പ്രവചനം. അശ്വിന്‍റെയും ജഡേജയുടെയും ബൌളിങ് മികവിനെ പ്രകീര്‍ത്തിച്ച അദ്ദേഹം ഒരു മികച്ച സ്പിന്നര്‍ ടീമിലില്ലാത്തത് ആതിഥേയര്‍ക്ക് തിരിച്ചടിയാകുമെന്നും അഭിപ്രായപ്പെട്ടു. സിഡ്നിയില്‍ വച്ച് നടന്ന ശ്രീലങ്കയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയെ തുണച്ചത് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്. നല്ല രീതിയില്‍ പന്തെറിഞ്ഞ അദ്ദേഹം വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. മിസ്ബയുടെ പ്രവചനം തള്ളിക്കളഞ്ഞ ഓസീസ് ക്യാപ്റ്റന്‍ ക്ലാര്‍ക്ക് സിഡ്നി പിച്ച് ഫാസ്റ്റ് ബൌളിങ്ങിനെ തുണയ്ക്കുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. എങ്കിലും ത്രിരാഷ്ട്ര കപ്പ് മുതല്‍ രാജ്യത്തു ചെലവഴിക്കുന്ന ഇന്ത്യ സാഹചര്യങ്ങളോട് ഇണങ്ങി ചേര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ വ്യാഴാഴ്ചത്തെ മല്‍സരത്തെ ഫൈനല്‍ പോരാട്ടമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ലോകകപ്പ് ചരിത്രം ഇന്ത്യക്കു ഒട്ടും അനുകൂലമല്ല എന്നതാണു സത്യം. പത്തു തവണയാണ് ഇരു ടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയത്. ഏഴു പ്രാവശ്യം ഓസീസ് ജയിച്ചു, രണ്ടു വട്ടം ഇന്ത്യയും. ഇന്ത്യ ആദ്യ ലോകകപ്പ് നേടിയ 1983ല്‍ രണ്ടു വട്ടമാണ് ഇരുവരും ഏറ്റുമുട്ടിയത്. ആദ്യമല്‍സരം 162 റണ്‍സിന് ആസ്ത്രേലിയ ജയിച്ചപ്പോള്‍ കപിലിന്‍റെ ചെകുത്താന്‍മാര്‍ രണ്ടാം മല്‍സരം 118 റണ്‍സിനു ജയിച്ചു. 1987ലും സമാനമായ ഫലമുണ്ടായി. ചെന്നെയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ആസ്ത്രേലിയ ഒരു റണ്ണിന് ജയിച്ചപ്പോള്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം പോരാട്ടത്തില്‍ 56 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. 1992 മുതല്‍ 2003 വരെ നടന്ന ലോകകപ്പുകളില്‍ ഇരുവരും അഞ്ചു പ്രാവശ്യം ഏറ്റുമുട്ടിയെങ്കിലും ഒരിക്കല്‍ പോലും ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. എന്നാല്‍ 2011 ലോകകപ്പില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു ഓസീസിനെ തകര്‍ത്തു. കഴിഞ്ഞ ലോകകപ്പിലെ മടക്ക ടിക്കറ്റിന് ആസ്ത്രേലിയ ഇക്കുറി പകരം വീട്ടുമോ ? അതോ ഇന്ത്യ സ്വന്തം നാട്ടിലെ വിജയം ഇവിടെയും ആവര്‍ത്തിക്കുമോ ? ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരു ടീമുകളുടെയും ആരാധകര്‍.

മുന്‍ കാലങ്ങളില്‍ ലീഗ് മല്‍സരം മുതല്‍ ക്വാര്‍ട്ടറിലും ഫൈനലിലും വരെ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും സെമിയില്‍ ആദ്യമായാണ് ഇന്ത്യഓസീസ് പോരാട്ടം നടക്കുന്നത്. സെമി ഫൈനലില്‍ ഒരിക്കലും തോറ്റിട്ടില്ല എന്ന അപൂര്‍വമായ റെക്കോര്‍ഡും ആതിഥേയര്‍ക്ക് ആത്മവിശ്വാസം നല്‍കും. 1999ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സെമി പോരാട്ടം സമനിലയില്‍ കലാശിച്ചത് മാത്രമാണ് ഇതിനൊരപവാദമായുള്ളത്. പക്ഷേ മുന്‍ മല്‍സരത്തിലെ ജയം മുതലാക്കി ഫൈനലില്‍ കടന്ന കങ്കാരുക്കള്‍ കപ്പും കൊണ്ടാണ് അന്ന്‍ മടങ്ങിയത്. ആ കിരീട നേട്ടം പിന്നീട് നടന്ന രണ്ടു ലോകകപ്പുകളിലും അവര്‍ ആവര്‍ത്തിച്ചു.

ആസ്ത്രേലിയക്കെതിരെ സെമിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ബാറ്റ്സ്മാന്‍മാരുടെയും ബൌളര്‍മാരുടെയും മിന്നുന്ന ഫോമാണ് ഇന്ത്യക്കു ഏറ്റവുമധികം പ്രതീക്ഷ നല്‍കുക. ഒരു ബാറ്റ്സ്മാന്‍ പരാജയപ്പെടുമ്പോള്‍ മറ്റൊരാള്‍ തിളങ്ങുന്നതാണ് കഴിഞ്ഞ എല്ലാ മല്‍സരങ്ങളിലും കണ്ടത്. പാക്കിസ്ഥാനെതിരെ വിരാട്ട് കോഹ്ലി സെഞ്ചുറി നേടിയപ്പോള്‍ ശിഖര്‍ ധവാനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആക്രമത്തെ നയിച്ചത്. അയര്‍ലന്‍റിനെതിരെയും ധവാന്‍ നേട്ടമാവര്‍ത്തിച്ചപ്പോള്‍ സിംബാബ് വേയെ തകര്‍ത്തത് സുരേഷ് റെയ്നയുടെ ഇന്നിങ്സാണ്. ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ രോഹിത് ശര്‍മ്മ തിളങ്ങി. മറ്റ് ബാറ്റ്സ്മാന്മാര്‍ അവര്‍ക്ക് നല്ല രീതിയില്‍ പിന്തുണ നല്‍കുക കൂടി ചെയ്തപ്പോള്‍ മികച്ച സ്കോര്‍ ഇന്ത്യക്കു അപ്രാപ്യമായില്ല.

മുഹമ്മദ് സമി, അശ്വിന്‍, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, മോഹിത് ശര്‍മ്മ എന്നിവരടങ്ങിയ ഇന്ത്യയുടെ ബൌളിങ് നിര ഏത് വലിയ ടീമിനെയും വിറപ്പിക്കാന്‍ പോന്നതാണെന്ന് ഇതിനകം പലവട്ടം തെളിയിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ ഏഴു മല്‍സരങ്ങളില്‍ എതിരാളികളെ ആള്‍ ഔട്ടാക്കിയെന്ന പെരുമ ഇപ്പോള്‍ ടീം ഇന്ത്യക്കു മാത്രം സ്വന്തമാണ്. സമി 16 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മറുവശത്ത് ആസ്ത്രേലിയന്‍ നിരയും ശക്തമാണ്. ന്യൂസിലന്‍റിനോട് മാത്രമാണ് അവര്‍ ടൂര്‍ണമെന്‍റില്‍ തോറ്റത്. അതും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ചതിന് ശേഷം മാത്രം. കഴിഞ്ഞ ഇരുപത്തഞ്ച് മല്‍സരങ്ങളില്‍ കേവലം രണ്ടു പ്രാവശ്യമാണ് കങ്കാരുക്കള്‍ തോല്‍വിയറിഞ്ഞത് എന്നറിയുമ്പോള്‍ ടീമിന്‍റെ ആള്‍റൌണ്ട് മികവ് വ്യക്തമാകും. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ് വെല്‍ എന്നിവര്‍ നയിക്കുന്ന അവരുടെ ബാറ്റിങ് നിര ഏത് ബൌളിങ് വൈഭവത്തോടും കിട പിടിക്കാന്‍ പോന്നതാണ്. ആദ്യം ബാറ്റ് ചെയ്താല്‍ മുന്നൂറിന് മേല്‍ സ്കോര്‍ കണ്ടെത്താനും അതല്ല മറിച്ചാണെങ്കില്‍ എതിരാളികളെ ഇരുന്നൂറില്‍ താഴെ സ്കോറില്‍ ഒതുക്കാനും ഓസീസിന് ഇന്ന്‍ നിഷ്പ്രയാസം സാധിയ്ക്കും. മിച്ചല്‍ സ്റ്റാര്‍ക്കും, ജോണ്‍സണും മാര്‍ഷും വാട്ട്സനുമാണ് ബൌളിങ്ങില്‍ ആതിഥേയരുടെ കുന്തമുനകള്‍. അതോടൊപ്പം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിയ്ക്കാന്‍ കഴിയുന്നതിന്‍റെ ആനുകൂല്യം കൂടിയാകുമ്പോള്‍ സെമിയില്‍ ജയിക്കാന്‍ ഇന്ത്യ ഏറെ പാടുപെടുമെന്നുറപ്പ്. സമ്മര്‍ദത്തെ അതിജീവിച്ച് എത്ര കണ്ട് മുന്നോട്ട് പോകാം എന്നതിനെ ആശ്രയിച്ചിരിക്കും ഇനി ലോകകപ്പിലെ ഇന്ത്യയുടെ ഭാവി.

The End

[My article published in British Pathram]