ശ്രീശാന്ത് തുടക്കമിട്ട ഒത്തുകളി വിവാദത്തില്‍ ഇനി ആരൊക്കെ കുടുങ്ങും ?

 

ശ്രീശാന്ത് ഒത്തുകളിയില്‍ കുടുങ്ങി എന്നറിഞ്ഞപ്പോള്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് കേരളത്തില്‍ വന്‍ കോലാഹലമാണ് നടന്നത്. ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്ന മട്ടില്‍ രായ്ക്കു രാമാനം സര്‍ക്കാര്‍ പരസ്യ ചിത്രത്തില്‍ നിന്നു പോലും അദേഹത്തെ ഒഴിവാക്കി. നിരവധി വിജിലന്‍സ് കേസുകള്‍ നേരിടുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പോലും കോഴക്കളിയുടെ പേരില്‍ ശ്രീശാന്തിനെ കൈവിട്ടു. ശ്രീശാന്തിനെ അത്യാഗ്രഹി എന്ന്‍ ബിസിസിഐ പ്രസിഡണ്ട് വരെ വിശേഷിപ്പിച്ചു. എന്നാല്‍ ശ്രീശാന്ത് തുറന്നുവിട്ട ഒത്തുകളി ഭൂതം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത്. അതിന്‍റെ അലയൊലികള്‍ ബിസിസിഐ അധ്യക്ഷനും ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമസ്ഥനുമായ എന്‍. ശ്രീനിവാസന്‍റെ കുടുംബത്തില്‍ വരെ എത്തിക്കഴിഞ്ഞു.

ഗുസ്തി വീരന്‍ ധാരാസിംഗിന്‍റെ മകനും ബോളിവുഡ് താരവുമായ വിന്ദു ധാരാസിംഗിനെ പോലീസ് പിടികൂടിയതാണ് ശ്രീനിവാസന് തിരിച്ചടിയായത്. വര്‍ഷങ്ങളായി വാതുവെയ്പ്പ് രംഗത്ത് സജീവമാണ് വിന്ദു. ചെന്നൈ സൂപ്പര്‍ കിംഗ്സുമായി വളരെ അടുത്ത ബന്ധമായിരുന്നു അദേഹത്തിനുണ്ടായിരുന്നത്. എന്‍. ശ്രീനിവാസന്‍റെ മരുമകനും കിംഗ്സിന്‍റെ സി‌ഇ‌ഒ യുമായ ഗുരുനാഥ് മെയ്യപ്പനെ ദിവസം മുപ്പതിലേറെ തവണ വിന്ദു ഫോണില്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം ഒളിവിലാണ്. മെയ്യപ്പന്‍ വാതുവെയ്പ്പിലൂടെ ഒരു കോടിയില്‍ പരം രൂപ നേടിയിട്ടുണ്ടെന്ന് വിന്ദു പോലീസിന് മൊഴി നല്‍കി. ഒരു കളിയില്‍ പത്തു ലക്ഷം മുതല്‍ ഒരു കോടി വരെയാണ് മെയ്യപ്പന്‍ വാതു വെച്ചിരുന്നതെന്നും വിന്ദു വെളിപ്പെടുത്തി. ചെന്നൈസൂപ്പര്‍കിംഗ്സിലെ ഒരു സീനിയര്‍ താരം ഉള്‍പ്പടെ മൂന്നു താരങ്ങള്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആ സീനിയര്‍ താരം ധോണിയാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഞെട്ടലോടെ ചോദിക്കുന്നത്. അങ്ങനെയാവരുതേ എന്നവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വാതുവെയ്പ്പുകാര്‍ ധോണിക്കും ഹര്‍ഭജനും ഹമ്മര്‍ കാര്‍ സമ്മാനമായി നല്‍കിയ കാര്യം നേരത്തെ ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു.

 

       

        ധോണിയുടെ ഭാര്യ സാക്ഷിയുടെ അടുത്തിരുന്ന് കളി കാണുന്ന വിന്ദുവിന്‍റെ ചിത്രം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ആരോപണങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ ധോണി തള്ളിക്കളഞ്ഞു. അതിനിടയില്‍ മെയ്യപ്പന്‍ ഒത്തുകളിക്കാരനാണെന്ന ആരോപണവുമായി എന്‍.ശ്രീനിവാസന്‍റെ മകന്‍ അശ്വിന്‍ രംഗത്തു വന്നത് വാര്‍ത്ത കൂടുതല്‍ ചൂടു പിടിപ്പിച്ചു. മെയ്യപ്പന്‍ ഒത്തുകളിയിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് അശ്വിന്‍ സ്ഥിരീകരിച്ചത്. ചെന്നൈ സൂപ്പര്‍കിംഗ്സ് നിരവധി കളികളില്‍ ഒത്തുകളിച്ചിട്ടുണ്ടെന്ന സംശയം ഇതോടെബലപ്പെടുകയാണ്. എന്നാല്‍ മെയ്യപ്പന്‍ സൂപ്പര്‍കിംഗ്സിന്‍റെ സി‌ഇ‌ഒ ആണെന്ന വാര്‍ത്ത ടീമിന്‍റെസ്പോണ്‍സര്‍മാരായ ഇന്ത്യസീമന്‍റ്സ് ഒരു പത്രക്കുറിപ്പില്‍ നിഷേധിച്ചു. പ്രത്യേകിച്ച് യാതൊരു അധികാരവുമില്ലാത്ത ഓണററി അംഗം മാത്രമായിരുന്നു അദേഹമെന്ന് അവര്‍ വ്യക്തമാക്കി. മരുമകന്‍ ഒത്തുകളിയില്‍ കുടുങ്ങിയതോടെ എന്‍.ശ്രീനിവാസന്‍ ബിസിസിഐ മേധാവിയായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം രാജിവെയ്ക്കണമെന്നും ശരദ് പവാര്‍ മുംബെയില്‍ ആവശ്യപ്പെട്ടു.

ഐപിഎല്‍ തുടങ്ങിയ കാലം മുതലേ ഒത്തുകളിയെ കുറിച്ചുള്ള ആരോപണങ്ങളും സജീവമായിരുന്നു. ടീം ഉടമകളും കളിക്കാരും ചേര്‍ന്ന് ഫൈനല്‍ മല്‍സരങ്ങള്‍ പോലും ഒത്തുകളിച്ചിട്ടുണ്ടെന്ന സംശയവും ശക്തമാണ്. അതുപോലെ തന്നെയാണ് ടീം ഉടമകളുടെ കാര്യവും. ഷാരൂഖും ശില്‍പ ഷെട്ടിയും അംബാനിയും ഉള്‍പ്പടെ പുറമെ കാണുന്നവര്‍ തന്നെയാണോ യഥാര്‍ത്ഥ ടീം ഉടമകളെന്ന് ബിസിസിഐക്കു പോലും നിശ്ചയമില്ല. ചുരുക്കത്തില്‍ ആര്‍ക്കും ഒരു നിയന്ത്രണവുമില്ലാത്ത , പണം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ചൂതാട്ടക്കളി മാത്രമാണ് ഐപിഎല്‍. ഓരോ ഐപിഎല്‍ സീസണിലും ഉടമകളും സ്പോണ്‍സര്‍മാരും ചേര്‍ന്ന് എത്ര കോടി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പോലും അറിയുന്നില്ല. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നു സാരം.

ഒത്തുകളിയില്‍ മടുത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഈ സീസണോടു കൂടി ഐപിഎല്‍ വിടുമെന്ന് സൂചനയുണ്ട്. ഇപ്പോഴത്തെ സീസണില്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്നു തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് നഷ്ടപ്പെടുമെന്ന ഭീതിയെ തുടര്‍ന്നു ഐപിഎല്‍ സ്പോണ്‍സര്‍മാരായ പെപ്സി ടൂര്‍ണമെന്‍റില്‍ നിന്നു പിന്‍മാറിയേക്കും. ബിസിസിഐ യുമായുള്ള അഞ്ചു വര്‍ഷത്തെ കരാര്‍ കഴിഞ്ഞ വര്‍ഷമാണ് പെപ്സി ഒപ്പിട്ടത്. ഐപിഎല്ലില്‍ ഒത്തുകളിക്ക് കൂട്ടുനിന്ന പാക്ക് അമ്പയര്‍ ആസാദ് റൌഫിനെ ഐസിസി ഇതിനകം വിലക്കിയിട്ടുണ്ട്.

ശ്രീശാന്ത് അറസ്റ്റിലായപ്പോള്‍ ചിലരെങ്കിലും അദേഹത്തെ കോഴക്കളിയിലെ നത്തോലി എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ നത്തോലി ഒരു ചെറിയ മീനല്ലെന്ന് ഇപ്പോള്‍ പലരും തിരിച്ചറിയുന്നുണ്ട്. ആദ്യം, പിടിപ്പുക്കേടിന്‍റെ പര്യായമായിരുന്ന ഡല്‍ഹി പോലീസിന്‍റെ മുഖം മിനുക്കാന്‍ അദ്ദേഹം സഹായിച്ചു. പിന്നീട്, കല്‍ക്കരിക്കേസില്‍ പെട്ട് നട്ടം തിരിയുകയായിരുന്ന യുപിഎ സര്‍ക്കാരില്‍ നിന്നു ശ്രദ്ധ തിരിക്കാനും ശ്രീ ഒരു നിമിത്തമായി. ഇപ്പോള്‍, അദ്ദേഹം തുടക്കമിട്ട ഒത്തുകളി വിവാദത്തില്‍ പെട്ട് സാക്ഷാല്‍ ബിസിസിഐ അദ്ധ്യക്ഷന്‍റെ കസേരക്ക് വരെ ഇളക്കം തട്ടുന്നു. നത്തോലി ഒരു ചെറിയ മീനല്ലെന്ന് നമുക്കിപ്പോള്‍ നിസ്സംശയം പറയാം. അതൊരു വലിയൊരു പരല്‍ മീനാണ്, അല്ല തിമിംഗലം തന്നെയാണ്…………….

 

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *