ഐറ്റെം ഡാന്‍സും മലയാള സിനിമയും

ഐറ്റെം ഡാന്‍സും മലയാള സിനിമയും 1

 കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് ഐറ്റം നൃത്ത രംഗങ്ങള്‍ . അന്യ ഭാഷകളില്‍ നേരത്തെ തന്നെ ഈ പ്രവണത തുടങ്ങിയിരുന്നുവെങ്കിലും കുറെ കൂടി കഴിഞ്ഞാണ് മലയാളത്തില്‍ ഈ പുതിയ തരംഗം വേരുറപ്പിച്ചത്.  പക്ഷേ പിന്നീട് വ്യക്തമായ കഥയില്ലാത്ത സൂപ്പര്‍ താരങ്ങളുടെയുള്‍പ്പടെ പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഒഴിച്ചു കൂടാനാവാത്തതായി. ഒരു നൃത്ത രംഗത്തില്‍ അഭിനയിക്കാന്‍ മാത്രമായി അന്യഭാഷാ സിനിമകളിലെ നടിമാര്‍ നമ്മുടെ കൊച്ചു മലയാള സിനിമയിലേക്ക് വിരുന്നു വന്നു.

ഒരു വിധത്തില്‍ പറഞ്ഞാല്‍ ഷാജി കൈലാസ്- രഞ്ജിത് ടീം ഒരുക്കിയ നരസിംഹം  സിനിമയിലെ ഗാന രംഗമാണ് യുവാക്കളെ ത്രസിപ്പിക്കുന്ന ഐറ്റം നൃത്തങ്ങള്‍ മലയാളക്കരയില്‍  വ്യാപിക്കാന്‍ കാരണമായത്. സിനിമയുടെ തകര്‍പ്പന്‍ വിജയത്തോടെ അത്തരം ഗാനങ്ങള്‍ മറ്റ് സിനിമകളിലും വ്യാപകമായി പകര്‍ത്തപ്പെട്ടു. പക്ഷേ അപ്പോഴും നല്ല കഥാ തന്തുക്കളുള്ള സിനിമകള്‍ ഈ പുതിയ അശ്ലീല പ്രവണതയില്‍ നിന്നു മാറി നിന്നു. കൂടുതലും ആക്ഷന്‍ സിനിമ സംവിധായകരും അന്ധമായി അന്യ ഭാഷാ സിനിമകളെ അനുകരിക്കാന്‍ ഇഷ്ടപ്പെട്ടവരുമാണ് ഇതിന്‍റെ പുറകെ പോയത്. ഇത്രയൊക്കെ കസര്‍ത്തുക്കള്‍ കാണിച്ചിട്ടും വ്യക്തമായ കഥയുടെ ചട്ടക്കൂടില്ലാത്ത അത്തരം സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നു വീണു. എന്നിട്ടും പാഠം പഠിക്കാത്ത നമ്മുടെ നിര്‍മാതാക്കളും സംവിധായകരും താരങ്ങളുമെല്ലാം സ്ത്രീയെ കേവലം വില്‍പനചരക്കാക്കുന്ന  ഇത്തരം മൂന്നാം കിട കച്ചവട ഗാനരംഗങ്ങള്‍ക്ക് പുറകെ പോകുകയാണ്.

ഐറ്റെം ഡാന്‍സും മലയാള സിനിമയും 2

 ഇതില്‍ ഏറ്റവും  അല്‍ഭുതകരമായി തോന്നുന്നത് അല്‍പം  പ്രശസ്തിക്കും പണത്തിനും വേണ്ടി  എങ്ങനെയും  അഭിനയിക്കാന്‍ തയാറാകുന്ന നമ്മുടെ നായികമാരുടെ മനസ്ഥിതിയാണ്. എങ്ങനെയും ശ്രദിക്കപ്പെടണം എന്ന ചിന്ത മാത്രമാണ് അവരില്‍ പലര്‍ക്കും. പക്ഷേ   ഇവരെക്കാളൊക്കെ  ശ്രദ്ധിക്കപ്പെട്ടവരായിരുന്നു നമ്മുടെ മുന്‍ കാല നടിമാര്‍. ശോഭനയെയും രേവതിയെയും പോലുള്ള അക്കാലത്തെ പല നടിമാര്‍ക്കും ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ നായികമാരെക്കാള്‍ ജന മനസ്സുകളില്‍ ഇപ്പൊഴും നല്ല സ്ഥാനമുണ്ട്. അത് കാലത്തെ അതിജീവിച്ച നല്ല നല്ല കഥാപാത്രങ്ങളെ അവര്‍  അവതരിപ്പിച്ചത് കൊണ്ടാണ്.  അങ്ങനെയുള്ള സിനിമകള്‍ കണ്ടപ്പോള്‍ ‍ അതിലെ കഥാപാത്രങ്ങളെ   തങ്ങളുടെ വീട്ടിലെ   ഒരംഗത്തെ പോലെ എല്ലാവരും കരുതി.  ആ സ്നേഹമാണ് അന്നത്തെ നടിമാരോട് നമ്മള്‍   പ്രേക്ഷകര്‍ ഇന്നും കാണിക്കുന്നത്.

  ഇന്നത്തെ എല്ലാ നായികമാരും അങ്ങനെയാണെന്നല്ല പറഞ്ഞത്. കുറച്ചു പേര്‍ മാത്രം കുറുക്കു വഴികളിലൂടെ  ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇതൊക്കെ കാണാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന ന്യൂനപക്ഷം പ്രേക്ഷകരും നമുക്കിടയിലുണ്ട്. എന്നാല്‍ പ്രശസ്ത നോവലിസ്റ്റായ  ശോഭാ ഡേ പണ്ട് പറഞ്ഞത് പോലെ , ഒരു അശ്ലീല മാസികയുടെ മുഖ ചിത്രമായി ഒരു പെണ്‍ കുട്ടി വരുമ്പോള്‍ അത് വാങ്ങിക്കാനും രസിക്കാനും ഇഷ്ടപ്പെടുന്ന  ഒരു പാടു പേരുണ്ടാവും. പക്ഷേ അങ്ങനെയൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടു വരാന്‍ ആരും തയാറാകില്ല. കാരണം സ്വാഭാവികമായും അവളെ സ്വന്തം വീട്ടിലെ ഒരംഗമായി കാണാന്‍  അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവും. ……………..  കണ്ടാസ്വദിക്കും എന്നല്ലാതെ കൂടുംബത്ത് കേറ്റില്ല എന്നര്‍ഥം.