സ്ത്രീകള്‍ ജീന്‍സിട്ടാല്‍ എന്താണ് കുഴപ്പം ?

സ്ത്രീകള്‍ ജീന്‍സിട്ടാല്‍ എന്താണ് കുഴപ്പം ? 1

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ഗായകന്‍ കെ ജെ യേശുദാസ് നടത്തിയ പ്രസ്താവനക്കെതിരെ സദാചാര പോലീസിന്‍റെ പുതിയ ലാവണമായ സോഷ്യല്‍ മീഡിയയും സ്ത്രീപക്ഷ എഴുത്തുകാരും രൂക്ഷമായാണ് പ്രതികരിച്ചത്. യേശുദാസിന്‍റെ കുടുംബത്തില്‍ തന്നെ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്ന് ആരോപിച്ച ചിലര്‍ അദ്ദേഹത്തിന്‍റെ മകന്‍ വിജയ് യേശുദാസും ഭാര്യയും ജീന്‍സ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോയും തെളിവായി പോസ്റ്റ് ചെയ്തു. കുടുംബം നന്നാക്കിയിട്ട് പോരേ നാട് നന്നാക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. ഗന്ധര്‍വന്‍ പുരുഷന്മാരിലെ ചില മനോരോഗികളുടെ വക്താവായി മാറുന്നതിലുള്ള രോഷമാണ് മറ്റ് കുറേപ്പേര്‍ പങ്ക് വച്ചത്.

ഗായകന്‍ എന്നതിലുപരി പല സാമൂഹിക പ്രശ്നങ്ങളിലും ശക്തമായ ഇടപെടല്‍ നടത്തുന്നയാളാണ് യേശുദാസ്. മദ്യത്തിനും ഹര്‍ത്താല്‍ പോലുള്ള സമരമുറകള്‍ക്കുമെതിരെ അദ്ദേഹം നടത്തിയ വിമര്‍ശനം നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരീക്ഷണ സ്വഭാവമുള്ള സമാന അഭിപ്രായമാണ് അദ്ദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് നടത്തിയത്. സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്നും മറച്ചു പിടിക്കേണ്ടതെല്ലാം മറച്ചു പിടിക്കണമെന്നുമായിരുന്നു യേശുദാസ് പറഞ്ഞതിന്‍റെ ഉള്ളടക്കം. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പല അതിക്രമങ്ങള്‍ക്കും കാരണമെന്ന നിരീക്ഷണവും അദ്ദേഹം നടത്തി.

സ്ത്രീയായാലും പുരുഷനായാലും ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രമാണ് ജീന്‍സ്. പുരുഷന്മാര്‍ ധരിച്ചോട്ടെ, പക്ഷേ സ്ത്രീകള്‍ അത് ഒഴിവാക്കണമെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. കാരണം അത് ആണുങ്ങളില്‍ പ്രലോഭനം ജനിപ്പിക്കുമത്രേ. അത് വഴിവിട്ട പല ചിന്തകളും അവരില്‍ ഉണര്‍ത്തുകയും ഒടുവില്‍ കാര്യങ്ങള്‍ പീഡനത്തില്‍ എത്തുകയും ചെയ്യും. എന്നാല്‍ അടുത്ത കാലത്ത് നടന്ന പീഡന പരമ്പരകളിലെ എത്ര ഇരകള്‍ ജീന്‍സ് ധരിച്ചിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. മുംബെയിലും മംഗലാപുരത്തും യുപിയിലും തുടങ്ങി നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നു വരെ കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ത്തകളില്‍ ഇടം പിടിച്ച പെണ്‍കുട്ടികളെല്ലാം താഴെക്കിടയില്‍ നിന്നുള്ളവരായിരുന്നു. ജീന്‍സ് പോയിട്ട് ചുരിദാര്‍ പോലും ധരിക്കാത്തവര്‍. എന്നിട്ടും അവര്‍ ദാരുണമായ പീഡനങ്ങള്‍ക്കിരയായി. ഒറീസയില്‍ നിന്ന്‍ കാമുകനെ കാണാനായി കേരളത്തില്‍ എത്തിയ പെണ്‍കുട്ടിയെ ലോറിയില്‍ കയറ്റി വിജനമായ പ്രദേശത്ത് കൊണ്ടുപോയി കാമമോഹം തീര്‍ത്തവരാണ് മലയാളികള്‍. അപ്പോള്‍ വസ്ത്രം ഒരിക്കലും ഒരു പീഡനഹേതുവല്ല. അങ്ങനെയായിരുന്നുവെങ്കില്‍ നഗരത്തിരക്കുകളിലും അല്ലാതെയും അസമയത്തും നമ്മള്‍ കണ്ടുമുട്ടുന്ന അല്‍പവസ്ത്രധാരിണികളായ പെണ്‍കുട്ടികളില്‍ എത്രയോ പേര്‍ പീഡനത്തിനിരയാകുമായിരുന്നു.

നമ്മുടെ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളുടെ ഇഷ്ട വേഷം ഒരുകാലത്ത് ഫുള്‍ പാവാടയും ബ്ലൌസുമായിരുന്നു. പിന്നീടത് ചുരിദാറിലേക്ക് വഴിമാറി. അതും മാന്യമായ വേഷം തന്നെയാണ്. എന്നാല്‍ മെട്രോ സംസ്കാരം തലയ്ക്ക് പിടിച്ച പട്ടണങ്ങളിലെ കോളേജ് വിദ്യാര്‍ഥിനികള്‍ സ്ലീവ് ലസ് ചുരിദാറിലേക്കും മിനി സ്കേര്‍ട്ടിലേക്കും മാറിയത് വളരെ പെട്ടെന്നാണ്. തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ തൃഷയും കരീനയും പ്രിയങ്കയും ധരിക്കുന്ന വേഷങ്ങള്‍ പലര്‍ക്കും പ്രചോദനമാകുകയും അത് അതിവേഗം കാമ്പസിന്‍റെ സിരകളിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നു. എന്നാല്‍ നടിമാര്‍ സര്‍വ്വവിധ സുരക്ഷാ സന്നാഹങ്ങളോടെയാണ് ജീവിക്കുന്നതെന്നും അത് സാധാരണക്കാരായ തങ്ങള്‍ക്ക് അപ്രാപ്യമാണെന്നും പലരും ഓര്‍ത്തില്ല. പ്രസ്തുത പറിച്ചുനടലുകള്‍ വഴി ആര്‍ക്കെങ്കിലും എന്തെങ്കിലും കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന്‍ വ്യക്തമല്ലെങ്കിലും സൌമ്യതയാണ് എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനമെന്ന് കുറെപേരെങ്കിലും പഠിച്ചിട്ടുണ്ടാവണം.

സാരിയാണ് സ്ത്രീകളുടെ ഏറ്റവും കുലീനമായ വസ്ത്രമായി പൊതുവേ വിലയിരുത്തപ്പെടുന്നത്. വിവാഹശേഷം ഭാര്യയെ പ്രസ്തുത വേഷത്തില്‍ തളച്ചിടുന്ന ഭര്‍ത്താക്കന്‍മാര്‍ ആധുനിക യുഗത്തിലും കുറവല്ല. എന്നാല്‍ സാരി അത്ര നല്ല വേഷമല്ല എന്നാണ് വിമര്‍ശക പക്ഷം. അത് അവളുടെ ശരീര സൌന്ദര്യം എടുത്തുകാട്ടുകയും അരക്കെട്ട് പോലുള്ള ഭാഗങ്ങളെ പ്രദര്‍ശന വസ്തുവാക്കുകയും ചെയ്യുന്നു എന്ന്‍ പറയുന്നവരും ഒട്ടും കുറവല്ല. ചുരിദാറിനും സമാനമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് സ്ത്രീകളുടെ ഏറ്റവും സെക്സിയായ വേഷമായാണ് കപട സദാചാര വാദികള്‍ ചൂണ്ടിക്കാട്ടിയത്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ജീന്‍സും പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നു. ചുരുക്കത്തില്‍ പഴയ ഫുള്‍ പാവാടയും ബ്ലൌസും അല്ലെങ്കില്‍ പര്‍ദ്ദ. ഇത് രണ്ടുമൊഴിച്ച് ബാക്കിയെല്ലാം പുരുഷന്മാരില്‍ അരുതാത്ത ചിന്തകള്‍ ഉണര്‍ത്തുന്നു എന്നു പറയേണ്ടി വരും. പാവം സ്ത്രീകള്‍. അവര്‍ ഇനി ഏത് വേഷം ധരിക്കും ?

ആധുനികതയുടെയും ഫാഷന്‍റെയും പേരില്‍ വസ്ത്രങ്ങളില്‍ വികലമായ പരീക്ഷണങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ എല്ലായിടത്തുമുണ്ട് എന്നതില്‍ സംശയമില്ല. സ്കേര്‍ട്ടിന്‍റെ ഇറക്കം കുറക്കുന്നതും ബ്ലൌസിന്‍റെ ഇറക്കം കൂട്ടുന്നതും പരിഷ്ക്കാരത്തിന്‍റെ ലക്ഷണമായി അവര്‍ കരുതുന്നു. എതിര്‍ക്കുന്നവരെ പഴമക്കാര്‍ എന്നു പറഞ്ഞു പുച്ഛിച്ച് തള്ളുന്നു. സത്യത്തില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതാണോ പരിഷ്ക്കാരത്തിന്‍റെ അളവുകോല്‍ ? അങ്ങനെ ചെയ്യുന്നവരെ ഫാഷന്‍ ഷോകളിലും ചാനലുകളിലും കണ്ടു രസിക്കാമെങ്കിലും യഥാര്‍ത്ഥ ജീവിതം വെള്ളിവെളിച്ചമില്ലാത്ത മേഖലകളില്‍ കൂടിയാണ് കടന്നു പോകുന്നത്. അവിടെ കാഥികന്‍റെ ഭാവനകള്‍ക്കപ്പുറത്തുള്ള പല ദുര്‍ഘടങ്ങളും ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്. ശ്രദ്ധിച്ചാല്‍ നന്ന്‍. ജീന്‍സ് എന്നല്ല മാന്യമായ ഏത് വേഷവും സ്ത്രീകള്‍ക്ക് ധരിക്കാമെങ്കിലും മോഡലുകളെ കടത്തിവെട്ടുന്ന ഫാഷന്‍ പരീക്ഷണങ്ങള്‍ ചിലപ്പോള്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും.

യേശുദാസ് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ അതിന്‍റെ പേരില്‍ അദ്ദേഹത്തെ മറ്റൊരു ക്രിസ്തുവാക്കുന്നതോ അല്ലെങ്കില്‍ കുരിശില്‍ തറയ്ക്കുന്നതോ ശരിയല്ല. പര്‍ദ്ദ ധരിക്കാത്തതിന്‍റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് നസ്രിയ നസീമിനെതിരെയും അന്‍സിബയ്ക്കുമെതിരെ പടവാളെടുത്ത് ഉറഞ്ഞു ത്തുള്ളിയ സോഷ്യല്‍ മീഡിയ കോമരങ്ങള്‍ തന്നെയാണ് ദാസിനെതിരെയും അരുള്‍വാക്കുകള്‍ പറയുന്നത് എന്നതാണു വിചിത്രം.

[ My article published in KVartha on 04/10/2014]

Leave a Comment

Your email address will not be published. Required fields are marked *