പ്രണയം, മാനഭംഗം, പ്രതികാരം എന്ന പതിവ് മസാലക്കൂട്ടിലൊതുങ്ങുന്നു ഏറെ കൊട്ടിഘോഷിച്ചെത്തിയ കാബില്‍ എന്ന ചിത്രം. ഒരു വ്യത്യസ്ഥതക്ക് വേണ്ടി സഞ്ജയ് ഗുപ്ത ഇവിടെ അന്ധതയെ കൂട്ടു പിടിച്ചിട്ടുണ്ടെന്ന് മാത്രം.
റോഷന് ഭട്നാഗര്‍ എന്ന ഹൃതിക് റോഷന് അവതരിപ്പിക്കുന്ന നായക കഥാപാത്രം ജന്മനാ അന്ധനാണ്. ഒരു റസ്റ്റോറന്റില്‍ വച്ച് കണ്ടുമുട്ടുന്ന സുപ്രിയ (യാമി ഗൌതം) എന്ന അന്ധയായ പിയാനിസ്റ്റുമായി അയാള്‍ പ്രണയത്തിലാകുന്നു. അനാഥരായ ഇരുവരും സുഹൃത്തുക്കളുടെ ആശിര്‍വാദത്തോടെ വിവാഹിതരാകുന്നു. പിന്നീട് അവരുടെ ജീവിതത്തിലേക്ക് വില്ലന്‍ കഥാപാത്രങ്ങള്‍ വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
ഹൃതിക് റോഷന്റെ മാസ്മരിക പ്രകടനമാണ് കാബിലിന്റെ ഒരേ ഒരു സവിശേഷത. നായകന് ഒഴിച്ച് എടുത്തു പറയാന്‍ ഒരു താര സാന്നിധ്യം പോലും ഇല്ല എന്നത് ഈ ബിഗ് ബഡ്ജറ്റ് സിനിമയുടെ ഏറ്റവും വലിയ പോരായ്മയാണ് . കഥയിലെ ഇഴച്ചിലും കെട്ടുറപ്പില്ലായ്മയും പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ മടുപ്പിക്കും.
മോഹന്‍ലാല്‍ സമാന വേഷത്തിലെത്തിയ ഒപ്പവുമായി കാബിലിനെ ആരെങ്കിലും താരതമ്യപ്പെടുത്തിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. സാങ്കേതിക വിദ്യയിലും മുടക്കു മുതലിലും ബോളിവുഡ് മലയാള സിനിമയേക്കാള്‍ ബഹുദൂരം മുന്നിലാണെങ്കിലും ആ തികവ് ഈ ചിത്രത്തില്‍ കാണാനില്ല. അടുത്തകാലത്ത് നായകന് അന്ധ വേഷത്തിലെത്തിയ ഇരു ചിത്രങ്ങളെയും താരതമ്യം ചെയ്താല്‍ ഒപ്പം തന്നെയാണ് മികച്ചത്. ചുരുക്കത്തില്‍ നല്ല കഥ നോക്കി അഭിനയിക്കാന്‍ ഹൃതിക് റോഷന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുന്നു കാബില്‍ എന്ന സിനിമ.
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് രാകേഷ് റോഷനാണ്.