കൊമ്പന്‍റെ മദം പൊട്ടലിന് ആരാണ് ഉത്തരവാദി ?

NuSMUqu

മന്ത്രി ഇബ്രാഹിം കുഞ്ഞിനെ നിയമസഭയില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ച കൊമ്പനെ തളയ്ക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസമാണ് ശൂന്യ വേളയില്‍ പത്തനാപുരം ഗണേഷ് എന്ന കൊമ്പന്‍ മന്ത്രിയെ കുത്തി വീഴ്ത്താന്‍ ശ്രമിച്ചത്. മന്ത്രിയും പരിവാരങ്ങളും തന്നേ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത ആന വകുപ്പില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും വിമര്‍ശിച്ചു. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മറ്റൊരു മന്ത്രിയെ കൂടി ഗണേഷ് ലക്ഷ്യമിട്ടെങ്കിലും തക്ക സമയത്ത് ചെയര്‍ ഇടപ്പെട്ടതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ആനയെ മയക്കുവെടി വച്ച് തളച്ച സി പി മുഹമ്മദ് ആള്‍ക്കൂട്ടത്തില്‍ നിന്ന്‍ മാറ്റി അതിനെ തളയ്ക്കുവാനും ഉത്തരവിട്ടു.

സംഭവ സമയത്ത് ഗണേഷിന്‍റെ കൊട്ടാരക്കര സ്വദേശിയായ പാപ്പാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. നിയമസഭയ്ക്കകത്ത് തനിക്ക് പ്രവേശനം ഇല്ലാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന് പാപ്പാന്‍ ബാലകൃഷ്ണന്‍ പിന്നീട് വെളിപ്പെടുത്തി. പാപ്പാന്‍റെ ശ്രദ്ധക്കുറവ് കൊണ്ടാണ് ആന അക്രമാസക്തനായതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തിയെങ്കിലും ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആനയെ പോറ്റുന്നത് താനല്ലെന്നും പുതുപ്പള്ളി സ്വദേശിയായ ഒരു ഉമ്മച്ചനാണ് അത് ചെയ്യുന്നതെന്നും അതുകൊണ്ട് അയാളാണ് സംഭവത്തിന് ഉത്തരവാദിയെന്നും ബാലകൃഷ്ണന്‍ സമര്‍ഥിച്ചു.

ഗണേഷിനെ വളര്‍ത്തി ഒരു നിലയിലെത്തിച്ചത് ഈ ഞാനാണ്. പക്ഷേ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ലിഫ് ഹൌസില്‍ നിന്ന്‍ പട്ടയും ശര്‍ക്കരയും കിട്ടാതെ വരുമ്പോള്‍ മാത്രമാണ് അവന്‍ എന്‍റെ അടുത്ത് വരുന്നത്. അത് കിട്ടിക്കഴിഞ്ഞാലോ, അവന് ഈ ഒന്നാം പാപ്പാനെ വേണ്ട. വീണ്ടും ഉമ്മച്ചന്‍റെ അടുത്തേക്ക് ഓടും. എന്തൊക്കെയോ വകുപ്പുകള്‍ കൊടുക്കാമെന്ന് പറഞ്ഞു ഇത്ര നാള്‍ കൊതിപ്പിച്ച ഉമ്മച്ചനാണ് അവനെ ഈ അവസ്ഥയിലെത്തിച്ചത്. അതുകൊണ്ട് നിയമസഭയില്‍ അവന്‍ കാണിച്ച മദപ്പാടിനും ഉത്തരവാദി അയാള്‍ മാത്രമാണ്.’ ബാലകൃഷ്ണന്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മദപ്പാട് മാറുന്നത് വരെ ഗണേഷിനെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിന്ന്‍ ഒഴിവാക്കാനാണ് യുഡിഎഫ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനു പരുക്കൊന്നും എല്‍ക്കാത്തത് കൊണ്ട് ആനക്കെതിരെ നടപടി ആവശ്യപ്പെടില്ലെന്ന് മുസ്ലിം ലീഗ് നേരത്തെ പറഞ്ഞിരുന്നു. എങ്കിലും പരിപാവനമായ സഭയ്ക്കുള്ളില്‍ വച്ച് കൊമ്പന്‍ ചെയ്തത് ഗുരുതരമായ കൃത്യ വിലോപം തന്നെയാണെന്ന് യോഗം വിലയിരുത്തി. ആനയുടെ ഉടമയും ഒന്നാം പാപ്പാനുമായ ബാലകൃഷ്ണനെതിരെ കൂടി നടപടി വേണമെന്ന്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ് ഭൂമിയുടെ പുറമ്പോക്കില്‍ കുടില്‍ കെട്ടി പാര്‍ക്കുന്ന അദ്ദേഹത്തെ വെറുതെ വിടാമെന്ന സുധീരന്‍റെ നിര്‍ദേശമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്.

ഗണേഷിനെതിരായ നടപടി യുഡിഎഫ് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരമായ മനോഭാവത്തിന് തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കൊമ്പന് ഓരോന്ന്‍ നല്‍കാമെന്ന് പറഞ്ഞു കൊതിപ്പിക്കുകയും അവസാനം തള്ളിക്കളയുകയും ചെയ്ത മുഖ്യനാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് അച്ചുമ്മാവന്‍ ചൂണ്ടിക്കാട്ടി. ഗണേഷിനെ എല്‍ഡിഎഫ് ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. യുഡിഎഫിനെ പോലെ തങ്ങള്‍ വഞ്ചിക്കില്ലെന്നും മൃഗങ്ങളോട് അഗാധമായ സ്നേഹമാണ് മുന്നണിക്കുള്ളതെന്നും എകെജി ഭവന്‍ ഗണേഷിനോടു പറഞ്ഞതായി സൂചനയുണ്ട്. കാര്യങ്ങള്‍ ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ അടുത്ത നിയമസഭാ ഉത്സവത്തിന് ഗണേഷായിരിക്കും പത്തനാപുരത്ത് എല്‍ഡിഎഫ് തിടമ്പ് എഴുന്നള്ളിക്കുക.

അതിനിടയില്‍ മാണിക്കെതിരായ കോഴ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഭരണപക്ഷം പെയ്മെന്‍റ് സീറ്റ് വിഷയം ഉയര്‍ത്തുന്നതിനെ സിപിഐ അപലപിച്ചു. സര്‍ക്കാര്‍ ലേലം നടപടികള്‍ പോലെ സുതാര്യമായാണ് തിരുവനന്തപുരം സീറ്റ് തങ്ങള്‍ വില്‍പനയ്ക്ക് വച്ചതെന്നും ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്തയാള്‍ക്കാണ് അത് കൊടുത്തതെന്നും പാര്‍ട്ടിയുടെ സെയില്‍സ് വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന ഒരു നേതാവ് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ പോലും ചുളു വിലയ്ക്ക് വില്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും വില്‍ക്കാന്‍ കഴിയാത്ത നാടായി കേരളം അധപതിച്ചിരിക്കുന്നുവെന്ന്‍ അദ്ദേഹം വിമര്‍ശിച്ചു. പത്തനാപുരത്ത് ഗണേഷിനെ എഴുന്നള്ളിപ്പിക്കാനുള്ള നീക്കത്തിനെതിരെയും പാര്‍ട്ടി രംഗത്തു വന്നിട്ടുണ്ട്. കാലങ്ങളായി പ്രദേശത്ത് എല്‍ഡിഎഫ് തിടമ്പെഴുന്നള്ളിക്കുന്നത് തങ്ങളാണെന്നും ആ കീഴ്വഴക്കത്തിന് മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്നും സിപിഐയുടെ ഒരു പ്രാദേശിക നേതാവ് പറഞ്ഞു. നീക്കവുമായി മുന്നണി മുന്നോട്ട് പോയാല്‍ ഉത്സവം കലക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. വിവിധ പ്രദേശങ്ങളില്‍ ഉത്സവം കലക്കി പരിചയമുള്ള മംഗലശേരി നീലകണ്ഠനെ പോലുള്ളവരെ അതിനായി രംഗത്തിറക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.

[My article published in British Pathram on 15.12.2014]


Image Credit: The Hindu

 

Leave a Comment

Your email address will not be published.