സെക്രട്ടേറിയറ്റ് ഉപരോധം കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെയും സര്‍ക്കാരിന്റെയും അടുത്ത തലവേദന തുടങ്ങി. അതുപക്ഷേ വി.എസില്‍ നിന്നോ പിണറായിയില്‍ നിന്നോ അല്ല, മറിച്ച് യു.ഡി.എഫിന്റെ സ്വന്തം ചീഫ് വിപ്പ് പി.സി ജോര്ജ്ജില് നിന്നാണ്. എല്‍.ഡി.എഫ് പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അദ്ദേഹം സര്‍ക്കാറിനെതിരെ ഉന്നയിക്കുന്നത്. എ ഗ്രൂപ്പ്- പിസി പോരിനെ ഐ ഗ്രൂപ്പ് മനസ്സറിഞ്ഞ് പ്രോല്‍സാഹിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ ഗ്യാലറിയിലിരുന്ന് കയ്യടിക്കുകയല്ലാതെ പ്രതിപക്ഷത്തിന് കാര്യമായൊന്നും ചെയ്യാനുമില്ല. ഇന്ന് പിസി ജോര്‍ജ്ജ് പറയുന്നത് നാളെ പ്രതിപക്ഷം പറയും എന്ന നിലയില്‍ വരെ എത്തിനില്‍ക്കുന്നു സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍. അതിനിടയില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി സ്വന്തം സഹപ്രവര്‍ത്തകനെ നിയന്ത്രിക്കാന്‍ കഴിയാത്ത കെ.എം മാണി ഒരാഴ്ച്ചയായുള്ള യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും പറഞ്ഞ് അപഹാസ്യനായി.. ജോര്‍ജ്ജിനെക്കാള്‍ വലിയ ദുരന്തമൊന്നും ഇനി വരാനില്ല എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ചിന്തിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല.
നില്ക്കുന്ന മുന്നണിക്കും പ്രധാന പാര്‍ട്ടിക്കും തലവേദനയുണ്ടാക്കി ഒറ്റയാള്‍ പോരാളിയായി നില്ക്കുന്ന പിസിയുടെ പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദ്യം സ്വന്തം നേതാവായിരുന്ന പിജെ ജോസഫിനും പിന്നീട് സിപിഎമ്മിനും ഒരുപാട് സ്വൈര്യക്കേട് ഉണ്ടാക്കിയതിന് ശേഷമാണ് അദ്ദേഹം മാണിയുടെ കേരള കോണ്‍ഗ്രസ്സില്‍ ലയിച്ചത്. ഒടുവില്‍ ജോസഫും അതേ പാര്‍ട്ടിയില്‍ എത്തിയെങ്കിലും ഇരുവരും പരസ്പരം കണ്ടാല്‍ കീരിയും പാമ്പും പോലെയാണ് എന്നത് പരസ്യമായ രഹസ്യമാണ്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വന്നപ്പോള്‍ അതില്‍ ചേരാന്‍ ആഗ്രഹിച്ച പിസിക്ക് പക്ഷേ ചീഫ് വിപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇപ്പോള്‍ പറയുന്ന ചീഫ് (പാര)വെപ്പിന്റെ ജോലി അദ്ദേഹം അങ്ങനെയാണ് തുടങ്ങിയത്. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിധി പ്രസ്താവിച്ച വിജിലന്‍സ് ജഡ്ജി ഹനീഫയെ വിമര്‍ശിക്കുകയും തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കുകയും ചെയ്ത പിസി ജോര്‍ജ്ജ് ആദ്യമേ തന്നെ വിവാദപുസ്തകത്തിലെ തന്റെ അക്കൌണ്ട് തുറന്നു. സെല്‍വരാജിന്റെ രാജിയും തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പ് വിജയവുമാണ് കേരള കോണ്‍ഗ്രസ്സിലെ ഈ ഒറ്റയാന്റെ കിരീടത്തില്‍ പിന്നീട് പൊന്‍ തൂവലായി മാറിയത്.
പത്തനാപുരത്തെ പൊതുയോഗത്തില്‍ വെച്ച് പിസിയും ഗണേഷ്കുമാറും ചേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും മറ്റ് എല്‍.ഡി.എഫ് നേതാക്കളെയും ആക്ഷേപിച്ചെങ്കിലും വിവാദം ഗണേഷിന്റെ ക്ഷമാപണത്തില്‍ മാത്രമൊതുങ്ങി. പൂഞ്ഞാറിന്റെ കൊമ്പനെ തളക്കാന്‍ മാത്രം ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസ്സോ വളര്‍ന്നിട്ടില്ലെന്ന് വാക്കുകള്‍ കൊണ്ടും ശരീര ഭാഷ കൊണ്ടും ജോര്‍ജ്ജ് പറയാതെ പറഞ്ഞു. അദ്ദേഹത്തിന് മൂക്കുകയറിടാന്‍ മുന്നണി നേതൃത്വം ആലോചിച്ചത് തുടര്‍ന്നുള്ള നെല്ലിയാമ്പതി വിവാദത്തോടെയാണ്. പ്രശ്നത്തില്‍ ഇടപെട്ട അദ്ദേഹം കോണ്‍ഗ്രസിന്റെ ഹരിത എം.എല്‍.എ മാരെയും മന്ത്രി ഗണേശ് കുമാറിനെയും വ്യക്തിപരമായി ആക്ഷേപിക്കാനും മറന്നില്ല. പിന്നീട് ഗണേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ ആളിക്കത്തിച്ച പിസി മന്ത്രിയുടെ ദാമ്പത്യ തകര്‍ച്ചക്കും സ്ഥാനനഷ്ടത്തിനും വഴിയൊരുക്കി. ഒരര്‍ഥത്തില്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തിരുന്ന് വി.എസിനും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്ന് പിണറായിക്കും കഴിയാത്തത് ഭരണമുന്നണിയുടെ ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് പിസി ജോര്‍ജ്ജ് ചെയ്തു എന്നു പറയാം. കെ.ആര് ഗൌരിയമ്മ മുതല്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വരെയുള്ളവര്‍ പലപ്പോഴായി അദ്ദേഹത്തിന്റെ ഇരകളായി.
സോളാര്‍ വിവാദം ആളിക്കത്തിച്ചതിലും അദ്ദേഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. സിപിഎം പോലും ശ്രദ്ധിക്കാത്ത കുറ്റങ്ങള്‍ തിരുവഞ്ചൂറിനുമേല് ചാര്‍ത്തിക്കൊടുത്ത അദ്ദേഹം പലപ്പോഴും ഭരണ മുന്നണിയിലെ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നതിനും കാരണക്കാരനായി. എല്ലാം കഴിഞ്ഞ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ തിരിയുകയും ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് തങ്ങളുടെ സ്വതസിദ്ധമായ സഹന സമരം കൈവെടിയാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഒരുപാട് വൈകി വന്ന വിവേകം.
ചീമുട്ടയെറിയുന്നതും കരിഓയില്‍ അഭിഷേകം നടത്തുന്നതും ശരിയായ പ്രതിഷേധ മുറകളല്ലെങ്കിലും അതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്. ഇവിടെ കേശവേന്ദ്ര കുമാറിനെ പോലുള്ള സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ തല്ക്കാലം നമുക്ക് മറക്കാം. അഭിപ്രായ വ്യത്യാസങ്ങള്‍ വെച്ചു പുലര്‍ത്തുമ്പോഴും വിവിധ പാര്‍ട്ടികളിലെ ബഹുമാന്യരായ നേതാക്കള്‍ക്കെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ ആരും നടത്തിയിട്ടില്ല. കാരണം ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരാളെ എതിര്‍ക്കാനും മാന്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനും എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരുടെ കാര്യത്തില്‍ ഇതാവില്ല സ്ഥിതി. യു.ഡി.എഫിലായാലും എല്‍.ഡി.എഫിലായാലും അങ്ങനെയുള്ളവര്‍ക്കെതിരെ ഇത്തരം മൂന്നാംകിട മുറകള്‍ സ്വാഭാവികമാണ്. അത് സത്യം വിളിച്ചുപറയുമ്പോഴുള്ള കൊഞ്ഞനം കുത്തലായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ അവര്‍ വി.എം സുധീരനെ പോലുള്ളവരെ നോക്കുക. അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ ആരും ഇന്നുവരെ ഘോരാവോ ചെയ്തിട്ടില്ല, ചെരുപ്പ് മാല അണിയിച്ചിട്ടുമില്ല. കാരണം സത്യത്തെ എല്ലാവരും മാനിക്കുന്നു. സത്യവും വിടുവായത്തവും രണ്ടാണ്.