കാറ്റിലും കോളിലും പെട്ടുലയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ; മറ്റൊരു കടല്‍ ദുരന്തം ആസന്നം

കാറ്റിലും കോളിലും പെട്ടുലയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ; മറ്റൊരു കടല്‍ ദുരന്തം ആസന്നം 1

അധികാരത്തിലേറി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, കാറ്റിലും കോളിലുംപ്പെട്ട  കപ്പല്‍ പോലെ   ആടിയുലയുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. അതിന്‍റെ കപ്പിത്താനായ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ ദിശാബോധം   ഉണ്ടെങ്കിലും നൌകയെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുന്നില്ല. അതോടൊപ്പം, സര്‍ക്കാരിനെ  തങ്ങളുടെ  സ്വന്തം  വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്ന സഹ കപ്പിത്താന്‍മാര്‍ കൂടി ചേരുമ്പോള്‍ കാറ്റിന്‍റെ ഗതിയനുസരിച്ച് എങ്ങോട്ടെന്നില്ലാതെ ഒഴുകുകയാണ്  കേരളത്തിന്‍റെ ഔദ്യോഗിക  പായ്ക്കപ്പല്‍.

ആദ്യ വട്ടം മുഖ്യമന്ത്രിയായപ്പോള്‍ ധീരമായ പല തീരുമാനങ്ങളും എടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിരുന്നു. കെ. കരുണാകരന്‍ തന്‍റെ  ഗ്രൂപ്പില്‍ നിന്നു നിര്‍ദേശിച്ച മന്ത്രിമാരുടെ പേരുകള്‍ വെട്ടി തിരുത്തിക്കൊണ്ടാണ് അദ്ദേഹം ഭരണത്തിലേക്ക് ചുവട് വെച്ചത്. പകരം അതേ ഗ്രൂപ്പുകാരായ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങളെയും കയ്യിലെടുത്തു. തുടര്‍ന്നും അദ്ദേഹം എടുത്ത ധീരമായ  ചില നടപടികള്‍ കാരണമാണ് കരുണാകരന്‍ പാര്‍ട്ടി വിട്ട് പുറത്തു പോയത്.  ചങ്കൂറ്റമുള്ള, നല്ല തീരുമാനങ്ങള്‍ അതിവേഗം എടുക്കുന്ന  ഒരു നേതാവിനെ പ്രവര്‍ത്തകര്‍ വളരെ കാലത്തിനു ശേഷം അന്ന് ഉമ്മന്‍ ചാണ്ടിയില്‍ കണ്ടു.

പരമ സാത്വികനായ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു മുഖ്യന് കൂട്ടായി അക്കാലത്ത് കെ.പി.സി.സി   പ്രസിഡണ്ട് കസേരയില്‍ ഉണ്ടായിരുന്നത്. അതിന്‍റെയൊപ്പം യു.ഡി.എഫിന് നിയമസഭയിലുള്ള മൃഗീയ ഭൂരിപക്ഷം കൂടിയായപ്പോള്‍ കാര്യങ്ങളെല്ലാം ഉമ്മന്‍ ചാണ്ടി നിശ്ചയിച്ച വഴിക്ക് നീങ്ങി. എന്നാല്‍ അഞ്ചു  വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അധികാര കസേരയില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമല്ലെന്ന് അദേഹത്തിന് അറിയാം.

കാറ്റിലും കോളിലും പെട്ടുലയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ; മറ്റൊരു കടല്‍ ദുരന്തം ആസന്നം 2

പഴയത് പോലെ വന്‍ ഭൂരിപക്ഷമില്ല, കൂടെയുള്ള രണ്ടോ മൂന്നോ എം.എല്‍.എമാര്‍ വിചാരിച്ചാല്‍ നിലം പൊത്താവുന്നത്ര ദുര്‍ബലമാണ് സര്‍ക്കാരിന്‍റെ അടിത്തറ. അതും പോരാഞ്ഞ്, ഏതു നിമിഷവും   മുഖ്യമന്ത്രിയാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന രമേഷ് ചെന്നിത്തലയും വയലാര്‍ രവിയും അടങ്ങുന്ന പാര്‍ട്ടിക്കകത്തെ പോരാളികള്‍ വേറെയും. ഭരണത്തില്‍ വന്ന്‍ ഇപ്പോള്‍ രണ്ടു വര്‍ഷം പിന്നിടുന്നു. പക്ഷേ സ്വന്തം പാളയത്തിലെ പ്രശ്ങ്ങളില്‍പ്പെട്ട് , സര്‍ക്കാരിനെ വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ട് നയിക്കാന്‍ ഇനിയും ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല.

പ്രതിപക്ഷത്തെക്കാള്‍ സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്നത് യു.ഡി.എഫിനകത്തെ തന്നെ ചില വ്യക്തികളോ പാര്‍ട്ടികളോ ആണ്. പി.സി ജോര്‍ജും ഗണേഷ് കുമാര്‍ പ്രശ്നവുമൊക്കെ മുന്നണിക്കുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സ് എമ്മും തമ്മിലുള്ള ചക്കളത്തി പോരും സമുദായ സംഘടനകളുടെ ഇഷ്ടക്കേടും ഇതിന് പുറമേയാണ്. കേവലം രണ്ടു സീറ്റിന്‍റെ മാത്രം ഭൂരിപക്ഷമുള്ളതു കൊണ്ട് എല്ലാംനിസ്സഹായതയോടെ നോക്കി നില്‍ക്കാനെ ഉമ്മന്‍ ചാണ്ടിക്ക് കഴിയുന്നുള്ളൂ.

കൊച്ചി മെട്രോയെക്കാളും, സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളെക്കാളും , ജനങ്ങളും  മാധ്യമങ്ങളുംആഘോഷിക്കുന്നത് മുന്നണിക്കകത്തെ ഈ തമ്മില്‍ തല്ല് തന്നെയാണ്. ചുരുക്കത്തില്‍, ജീവനക്കാര്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച്, നടുക്കടലില്‍ പാതി വഴിക്ക് ദിശ തെറ്റി അലയുകയാണ് യു.ഡി.എഫിന്‍റെ പായ്ക്കപ്പല്‍. കപ്പിത്താന്‍ അതിനെ നേര്‍വഴിക്ക് നയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, കൂടെയുള്ളവര്‍  അവരുടെ ചുമതലകള്‍ ശരിയായി നിര്‍വഹിക്കാത്തിടത്തോളം മറ്റൊരു കടല്‍ ദുരന്തമാണ് സമീപ ഭാവിയില്‍ ഉണ്ടാവുക. അതിന്‍റെ അലയൊലിയില്‍ നിന്ന് പക്ഷേ ആര്‍ക്കും രക്ഷപ്പെടാനാവില്ല. കാരണം  ജനം ചില സമയത്ത് കടല്‍ പോലെയാണ്. ഏത് വന്‍ കോട്ടയും അവര്‍ തകര്‍ത്തു കളയും………………………………….

Leave a Comment

Your email address will not be published.