കോണ്‍ഗ്രസ്സിന് വിനയാകുന്ന പെണ്‍വിഷയം; സരിത മുതല്‍ മെഹര്‍ വരെ

കോണ്‍ഗ്രസ്സിന് വിനയാകുന്ന പെണ്‍വിഷയം; സരിത മുതല്‍ മെഹര്‍ വരെ 1

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ സ്ത്രീ ശാപം അഥവാ പെണ്‍ വിഷയം തങ്ങള്‍ക്ക് വിനയാകുമോ എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നത്. സരിത-ശാലു ദ്വയങ്ങള്‍ തുടങ്ങി വച്ച വിവാദങ്ങള്‍ ഏറ്റവും ഒടുവില്‍ ശ്വേതയും കടന്ന്‍ പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറില്‍ എത്തി നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെട്ട സന്തോഷത്തില്‍ നിന്ന യുഡിഎഫിന് ഈ പെണ്‍പട ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ജനവികാരം ഉണര്‍ത്തുന്നതില്‍ പ്രതിപക്ഷത്തെക്കാള്‍ കൂടുതല്‍ വിജയിച്ചത് തന്നെ ഇവരാണെന്ന് പറയാം. ആ വികാരം പോളിങ് ബൂത്ത് വരെ എത്തിക്കുന്നതില്‍ പിണറായിയും കൂട്ടരും വിജയിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന്‍റെ നില പരുങ്ങലിലാകും.

സരിതയും ശാലുവുമായുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ അടുപ്പം അവരുടെ സിറ്റിങ് സീറ്റുകളില്‍ പാര്‍ട്ടിക്ക് വിനയാകുമെന്ന് രാഹുല്‍ ഗാന്ധി മുന്‍കയ്യെടുത്ത് നടത്തിയ ഒരു അനൌദ്യോഗിക സര്‍വ്വേയില്‍ തെളിഞ്ഞതായി അടുത്ത കാലത്ത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുപോലെ തന്നെയാണ് കൊല്ലത്ത് ശ്വേത മേനോന്‍ ഉയര്‍ത്തിയ വിവാദ കൊടുങ്കാറ്റും. നടി പിന്നീട് കേസില്‍ നിന്നു പിന്മാറിയെങ്കിലും മണ്ഡലത്തിലെ സിറ്റിങ് എംപി കൂടിയായ പീതാമ്പര കുറുപ്പിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമെന്നും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുമെന്നും ഉറപ്പാണ്.

സ്വന്തം ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ കഴിഞ്ഞ ദിവസം സുനന്ദ പുഷ്കര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. തന്‍റെ ഭര്‍ത്താവിന് ഒരു പാക്കിസ്ഥാനി യുവതിയുമായി അടുപ്പമുണ്ടെന്നും അവര്‍ ഐഎസ്ഐ ഏജന്‍റാണെന്നും ആരോപിച്ച സുനന്ദ “ഈ മനുഷ്യന്‍റെ ഒരുപാട് തെറ്റു കുറ്റങ്ങള്‍ ഞാന്‍ ഏറ്റെടുത്തെന്നും ഇനി അത് വയ്യെന്നും” പിന്നീട് കൂട്ടിച്ചേര്‍ത്തു.തരൂരുമായുള്ള വിവാഹ ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും താന്‍ വിവാഹ മോചനത്തിനൊരുങ്ങുകയാണെന്നും നേരത്തെ അവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ തരൂരും സുനന്ദയും വിവാഹ മോചന വാര്‍ത്ത സംയുക്തമായി നിഷേധിച്ചെങ്കിലും മെഹറിനെയും തരൂരിനെയും ചേര്‍ത്ത് ഉന്നയിച്ച ആരോപണങ്ങള്‍ സുനന്ദ ഇതുവരെ നിഷേധിച്ചിട്ടില്ല.

കോണ്‍ഗ്രസ്സിന് വിനയാകുന്ന പെണ്‍വിഷയം; സരിത മുതല്‍ മെഹര്‍ വരെ 2

തരൂരിനെ ചുറ്റിപ്പറ്റിയുള്ള പുതിയ ട്വിറ്റര്‍ വിവാദങ്ങള്‍ ഏതായാലും എല്‍ഡിഎഫിനു പ്രതീക്ഷ നല്‍കുന്നുണ്ട്.അദ്ദേഹം തിരുവനന്തപുരത്തു നിന്ന്‍ ഏകപക്ഷീയമായി വിജയിക്കുമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ സീറ്റിന്‍റെ കാര്യം തന്നെ സംശയത്തിലാണ്. തരൂരിന് ട്വിറ്ററും സുനന്ദയും വിനയാകുന്നത് ഇതാദ്യമല്ല.ഐപിഎല്‍ വിവാദ സമയത്ത് സുനന്ദയുമായുള്ള ബന്ധവും കൊച്ചി ടീമുമായുള്ള അടുപ്പവുമാണ് അദേഹത്തിന്‍റെ മന്ത്രിസ്ഥാനം തെറിപ്പിച്ചതെങ്കില്‍ പിന്നീട് കന്നുകാലി ക്ലാസ് പ്രയോഗത്തിലൂടെ ട്വിറ്ററും പാരയായി.

കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത് വട്ടം അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന് അവര്‍ക്ക് ഏറ്റവുമധികം പ്രതീക്ഷയുള്ള സംസ്ഥാനമായ കേരളത്തിലെ നേതാക്കളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ തലവേദനയാകുമെന്നുറപ്പ്.തെലങ്കാന പ്രശ്നത്തിലൂടെ ആന്ധ്രയിലും വ്യക്തമായ കൂട്ടുകെട്ടില്ലാത്തതിനാല്‍ തമിഴ്നാട്ടിലും പ്രതീക്ഷ നഷ്ടപ്പെട്ട പാര്‍ട്ടിക്ക് ഇവിടെ പരമാവധി സീറ്റ് ജയിക്കണമെന്നുണ്ട്.ആം ആദ്മിയുടെ ജനപിന്തുണ കാരണം ഡല്‍ഹിയിലെയും യുപിയിലെയും കാര്യങ്ങളില്‍ അത്ര ഉറപ്പുമില്ല.അതുകൊണ്ട് വിവാദങ്ങള്‍ അതിജീവിച്ച് തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ അത്രയെങ്കിലും സീറ്റുകള്‍ നേടിയെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശിനും കഴിഞ്ഞില്ലെങ്കില്‍ അടുത്ത പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ്സിന് വെറും കാഴ്ചക്കാരായി ഇരിക്കേണ്ടി വരും.

Leave a Comment

Your email address will not be published.