സിപിഎമ്മില്‍ സംഭവിക്കുന്നതെന്ത് ?

സിപിഎമ്മില്‍ സംഭവിക്കുന്നതെന്ത് ? 1

    മുമ്പെങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സംസ്ഥാനത്തെ സിപിഎം നേതൃത്വം കടന്നു പോകുന്നത്. നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് എക്കാലത്തും പാര്‍ട്ടിയെ വേട്ടയാടിയിരുന്നുവെങ്കിലും അടുത്ത കാലം വരെ അതൊന്നും പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയിലെ വിഭാഗീയതയും അതു വഴിയുള്ള അഭിപ്രായ പ്രകടനങ്ങളും ഏറെക്കുറെ പരസ്യമായിട്ടു തന്നെയാണ്. കോണ്‍ഗ്രസിനെക്കാള്‍ വലിയ തലവേദന പാര്‍ട്ടിയിലെ എതിര്‍ പക്ഷമാണെന്ന് ഔദ്യോഗിക പക്ഷവും വിഎസ് അനുകൂലികളും ഒരുപോലെ കരുതുന്നു. രാജ്യത്തെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയില്‍ ഇന്ന്‍ സംഭവിക്കുന്നതെന്താണ് ?

സംസ്ഥാനം മുഴുവന്‍ ഉറ്റു നോക്കുന്ന ടിപി വധക്കേസിലെ വിധി നാളെ വരാനിരിക്കെ വിഎസ് ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. ടിപി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന പഴയ തന്‍റെ പഴയ പ്രസ്താവന ആവര്‍ത്തിച്ച അദ്ദേഹം ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും തനിക്കും വ്യത്യസ്ഥ നിലപാടുകളാണെന്ന് പറയാതെ പറഞ്ഞു. അല്ലെങ്കില്‍ തന്നെ സിപിഎമ്മിലെ ഒരു വിഭാഗത്തെ അഴിമതിയും കൊലപാതകവും നടത്തുന്നവരായും മറുവിഭാഗത്തെ അതിനെ എതിര്‍ക്കുന്നവരായുമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്.

ഇഎംഎസിന്‍റെയും നായനാരുടെയും കാലത്ത് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ എകെജി സെന്‍ററിന്‍റെ നാലു ചുവരുകള്‍ക്ക് പുറത്തു പോയിരുന്നില്ല.അതിനായി കണ്ണിലെണ്ണയൊഴിച്ച് അവസാനം നിരാശരാകേണ്ടി വന്ന മാധ്യമങ്ങള്‍ക്ക് പക്ഷേ വിഎസും പിണറായിയും നേതൃത്വത്തിലേക്ക് വന്നതോടെ ചാകരയായി. മറുവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും അതുവഴി സ്വയം വലുതാകാനും ഇരു കൂട്ടരും ഒരുപോലെ മല്‍സരിച്ചു. സംസ്ഥാന കമ്മിറ്റി മുതല്‍ പിബി വരെയുള്ള യോഗങ്ങളില്‍ നടപടികള്‍ തീര്‍ത്തു നേതാക്കള്‍ പുറത്തുവരുന്നതിന് മുമ്പായി അതിലെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ അറിയുന്നത് പതിവുകാഴ്ചയായി.

സിപിഎമ്മില്‍ സംഭവിക്കുന്നതെന്ത് ? 2

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏറ്റെടുത്തു നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെട്ടത് യുഡിഎഫിനൊപ്പം വിഎസിനെയും ഉള്ളിന്‍റെ ഉള്ളില്‍ സന്തോഷിപ്പിക്കുന്നുണ്ട്. അതില്‍ മിക്ക സമരങ്ങളിലും പങ്കെടുത്തെന്നു വരുത്തുക മാത്രമാണ് പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹം ചെയ്തത്. രാപ്പകല്‍ സമരത്തിലൂടെയാണ് ഇടതുപക്ഷം സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കും വരെ അനിശ്ചിത കാലത്തേക്ക് നടത്തുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും 14 ജില്ലാകേന്ദ്രങ്ങളില്‍ നടത്തിവന്ന സമരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചു. തലസ്ഥാനത്ത് തുടങ്ങാനിരിക്കുന്ന അനിശ്ചിത കാല സെക്രട്ടേറിയറ്റ് ഉപരോധമാണ് അന്ന് കാരണമായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്. പക്ഷേ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ ആ സമരത്തിന്‍റെ ഗതിയും മറിച്ചായില്ല. ഉമ്മന്‍ ചാണ്ടി നേരത്തെ ഉറപ്പു നല്‍കിയ ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രഖ്യാപനം ആവര്‍ത്തിച്ചപ്പോള്‍ സഖാക്കള്‍ പെട്ടിയും കിടക്കയുമെടുത്ത് നാട്ടിലേക്കു മടങ്ങാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കുറിയും സമരം വന്‍ വിജയമാണെന്ന വാദഗതിയാണ് എല്‍ഡിഎഫ് നേതാക്കളെല്ലാവരും ഉയര്‍ത്തിയത്.

രാജി വയ്ക്കും വരെ മുഖ്യമന്ത്രിയെ വഴി തടയുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും അതും വേണ്ടത്ര ഫലം കണ്ടില്ല. കണ്ണൂരിലെ കല്ലേറോടെ ഉമ്മന്‍ ചാണ്ടിയിലെ രാഷ്ട്രീയ തന്ത്രജ്ഞ്ജന്‍ കാര്യങ്ങള്‍ തനിക്കനുകൂലമായി മാറ്റിയെടുത്തു.എങ്കില്‍ ക്ലിഫ് ഹൌസ് ഉപരോധിക്കുമെന്നായി സിപിഎം. അതുവഴി മുഖ്യമന്ത്രിയുടെ ഒരു യാത്ര പോലും മുടങ്ങിയില്ലെങ്കിലും നാട്ടുകാര്‍ വലഞ്ഞതോടെ സന്ധ്യ എന്ന വീട്ടമ്മയുടെ രൂപത്തിലെത്തിയ പ്രതിഷേധം ഒരിക്കല്‍ കൂടി പാര്‍ട്ടിയെ തോല്‍പ്പിച്ചു. ഉപരോധം തിരിച്ചടിച്ചതോടെ ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ പേരില്‍ തടിതപ്പിയ മുന്നണി നേതൃത്വം ഗ്യാസ് വിലവര്‍ധനക്കെതിരായ അനിശ്ചിത കാല നിരാഹാരം പ്രഖ്യാപിച്ചെങ്കിലും അതും അവസാനം ദുരന്ത പര്യവസായിയായി മാറി.

സിപിഎമ്മില്‍ സംഭവിക്കുന്നതെന്ത് ? 3

ഡല്‍ഹിയിലിരുന്ന മന്‍മോഹന്‍ സിംഗ് തങ്ങളുടെ നിരാഹാര സമരം കണ്ടാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതെന്ന് നേതൃത്വം അവകാശപ്പെട്ടെങ്കിലും അത് കടുത്ത സിപിഎം അണികള്‍ പോലും വിശ്വസിച്ച മട്ടില്ല. ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇതായിരുന്നില്ല സ്ഥിതി. സമരങ്ങള്‍ ഏറ്റെടുക്കാനും അത് വിജയിപ്പിക്കാനും അന്ന്‍ പാര്‍ട്ടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സമരം വിജയമാണെന്ന് സ്ഥാപിക്കാനുള്ള കാരണങ്ങള്‍ നിരത്തേണ്ട ഗതികേടും അവര്‍ക്കില്ലായിരുന്നു.

കേരളത്തില്‍ മാത്രമല്ല ബംഗാളിലും ഇന്ന്‍ പാര്‍ട്ടിയുടെ സ്ഥിതി വ്യത്യസ്തമല്ല. മമത അധികാരത്തില്‍ വന്നതിനു ശേഷം അക്രമവും അരാജകത്വവും വ്യാപകമായെങ്കിലും യോജിച്ച പ്രക്ഷോഭം നടത്താനോ അതിന് ശക്തമായ നേതൃത്വം നല്‍കാനോ മുന്നണിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ബുദ്ധദേവിന്‍റെ അഭാവത്തില്‍ മികച്ച ഒരു നേതാവിനെ കണ്ടെത്താനാവാത്തതും പാര്‍ട്ടിക്ക് തലവേദനയാണ്.

നേതൃപരമായ പ്രതിസന്ധികളും പോരായ്മകളും പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് സിപിഎമ്മിനെ മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനത്തെ ആകമാനം ബാധിക്കും. എതിരാളികളോടുള്ള അപ്രീതി മൂലം ഒരു പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂടിയേക്കാമെങ്കിലും അണികളുടെ അപ്രീതിയും അമര്‍ഷവും തടുത്തു നിര്‍ത്തുക എളുപ്പമല്ല. അത് പിന്നെയും വര്‍ദ്ധിച്ചാല്‍ ആകപ്പാടെയുള്ള മൂന്ന്‍ സംസ്ഥാനങ്ങളില്‍ നിന്നുകൂടി പാര്‍ട്ടി തൂത്തെറിയപ്പെടും.

Leave a Comment

Your email address will not be published.