നാളെയാണ് നാളെ നാളെ

kerala politics funny

ഇത് ഏതെങ്കിലും ലോട്ടറിയുടെ പരസ്യ വാചകമല്ല. സംസ്ഥാന മന്ത്രിസഭയുടെ പുന: സംഘടനയുടെ കാര്യമാണ്. മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും, ചിലര്‍ക്ക് സ്ഥാന നഷ്ടമുണ്ടാകും, ഗണേഷ് കുമാര്‍ മന്ത്രിയാകും എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. അതു വിശ്വസിച്ച് ഗണേശും പിള്ളയും മന്ത്രിക്കുപ്പായം തുന്നി കാത്തിരുന്നത് മാത്രം മെച്ചം. ഇതുവരെ ഒന്നും സംഭവിച്ചില്ല.

വനവും സിനിമയുമൊക്കെയായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന ഗണേശിനെ വലിച്ചു താഴെയിറക്കാന്‍ പ്രതിപക്ഷത്തെക്കാള്‍ സ്വന്തം അച്ഛന്‍ തന്നെയാണ് ഉത്സാഹം കാണിച്ചത്. മുഖ്യമന്ത്രിക്ക് പലവട്ടം കത്തയച്ചു, ഫലിക്കാതെ വന്നപ്പോള്‍ പരസ്യമായി ഭീഷണിപ്പെടുത്തി. ഒടുവില്‍ യാമിനി വിവാദത്തെ തുടര്‍ന്നു മന്ത്രിക്ക് ഗത്യന്തരമില്ലാതെ സ്ഥാനമൊഴിയേണ്ടി വന്നു. അതോടെ പിള്ളയ്ക്കും മനം മാറ്റമുണ്ടായി. ഗണേശിനെ തിരിച്ചെടുക്കണമെന്നായി അപ്പോള്‍ അദ്ദേഹത്തിന്‍റെ ആവശ്യം.

ഇടക്കിടെ പുറത്താക്കാനും തിരിച്ചെടുക്കാനും ഇതെന്താ പ്രൈമറി സ്കൂളാണോ എന്ന്‍ ഭാഗ്യത്തിന് ഉമ്മന്‍ ചാണ്ടി ചോദിച്ചില്ല. തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ, പരിഗണിക്കാം എന്നു മാത്രം പറഞ്ഞു. സരിത നാടു മുഴുവന്‍ ഇളക്കിമറിക്കുമ്പോള്‍ വെറുതെയെന്തിനാ മറ്റൊരു പൊല്ലാപ്പെടുത്ത് തലയില്‍ വയ്ക്കുന്നതെന്ന് പാവം ചിന്തിച്ചിട്ടുണ്ടാകണം. ഒപ്പം കുട്ടികളുടെ കരച്ചില്‍ മാറ്റാന്‍ കോലുമിട്ടായി വാങ്ങിക്കൊടുക്കുന്നത് പോലെ മുന്നോക്ക ജാതി വികസന കമ്മീഷന്‍റെ ചെയര്‍മാന്‍ സ്ഥാനവും പിള്ളയ്ക്ക് വച്ചുകൊടുത്തു. അതോടെ ആ കരച്ചില്‍ തല്‍ക്കാലത്തേയ്ക്ക് അടങ്ങി.

നല്ല വരനെ കിട്ടാന്‍ പെണ്‍കുട്ടികള്‍ തിങ്കളാഴ്ച വ്രതം നോക്കുന്നത് പോലെ പൂജയും വഴിപാടുകളുമൊക്കെയായി ഗണേശും മന്ത്രിസഭാ പ്രവേശനം എന്ന ആ ശുഭ ദിവസത്തിന് വേണ്ടി കാത്തിരുന്നു. ഐശ്വര്യത്തിന് യാതൊരു കുറവും ഉണ്ടാകരുതെന്ന് കരുതിയാവണം ഇതിനിടയില്‍ രണ്ടാമതൊരു കല്യാണവും കഴിച്ചു. ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നുവന്നാല്‍ ഭാഗ്യമുണ്ടാകുമെന്ന വിശ്വാസം പണ്ടു മുതലേയുണ്ടല്ലോ. അതിനിടയില്‍ ലോക്സഭാ തിരഞ്ഞെടുപ്പും കഴിഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു.

kerala politics funny

സ്വാഭാവികമായും നേരത്തെ പറഞ്ഞതനുസരിച്ച് മന്ത്രിസഭ പുന: സംഘടനാ ഉടനെ ഉണ്ടാകേണ്ടതാണ്. പക്ഷേ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിച്ചത് സ്ഥാനമോഹികള്‍ക്ക് വിനയായി. ഗണേശിനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനു പകരമായി ഐ ഗ്രൂപ്പിലെ ഒരാള്‍ക്ക് സ്ഥാന നഷ്ടമുണ്ടാകുമെന്ന സൂചന നല്‍കി.

സര്‍ക്കാരിന് ഇപ്പോള്‍ അനുവദനീയമായ പരമാവധി അംഗബലമുണ്ട്. ഒരാളെ പുതുതായി ഉള്‍പ്പെടുത്തണമെങ്കില്‍ നിലവിലുള്ള ആരെയെങ്കിലും ഒഴിവാക്കിയേ തീരൂ. കെപിസിസി പ്രസിഡന്‍റ് ആയിരുന്ന രമേശ് ചെന്നിത്തലയെ ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രണ്ടാമനായി അടുത്തിടെയാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. തിരുവഞ്ചൂരില്‍ നിന്ന്‍ ആഭ്യന്തരമെടുത്ത് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.

ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് അറിഞ്ഞപ്പോള്‍ ഐയും സടകുടഞ്ഞെഴുന്നേറ്റു. രമേശിന്‍റെ മന്ത്രിസ്ഥാനത്തിന് പകരമായി തങ്ങള്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം വിട്ടുകൊടുത്തെന്ന വാദം അവര്‍ ഉയര്‍ത്തിയെങ്കിലും അത് വിലപോയില്ല. പുന: സംഘടന ഗ്രൂപ്പിന് തിരിച്ചടിയാകും എന്നുറപ്പായതോടെ ആരെയും പുതുതായി ഉള്‍പ്പെടുത്തേണ്ട എന്ന കര്‍ശന നിലപാടിലേക്ക് അവര്‍ നീങ്ങി.

നിലവിലുള്ള മന്ത്രിസഭയെ വച്ചാണ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്നും അതിനാല്‍ അവരില്‍ ആരെയെങ്കിലും മാറ്റുന്നത് ദോഷം ചെയ്യുമെന്നും ഐ ഗ്രൂപ്പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. ഗണേശിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന് ഏറെ കളങ്കമുണ്ടാക്കിയെന്നും വീണ്ടും അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനും മാറ്റത്തോട് മുഖം തിരിച്ചതോടെ പിള്ള സരിതയെ കൂട്ടുപിടിച്ചു. സരിതയുടെ മൊഴിയുടെ പൂര്‍ണ്ണ രൂപം തന്‍റെ കൈവശമുണ്ടെന്നും ഗണേശിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് പുറത്തുവിടുമെന്നുമായി അദ്ദേഹത്തിന്‍റെ ഭീഷണി. ആ മൊഴിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ചില പ്രമുഖ വ്യക്തികളുടെ പേരും ഉണ്ടത്രേ. അതോടെ അവര്‍ രാജി വയ്ക്കേണ്ടി വരും.

ഗണേശ് വിഷയത്തില്‍ പൊതുവേ അനുഭാവ നിലപാട് പുലര്‍ത്തിയിരുന്ന ഉമ്മന്‍ ചാണ്ടിയെ പിള്ളയുടെ ഈ പ്രസ്താവന ചൊടിപ്പിച്ചു. എങ്കില്‍ ആ മൊഴി പുറത്തു വിടട്ടെ, അഴിച്ചുപണിയെക്കുറിച്ച് പിന്നീട് ആലോചിക്കാം എന്നായി അദ്ദേഹം. ഇതിനിടയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത കൂടി പ്രകടിപ്പിച്ചതോടെ മുന്നണിയിലെ ചക്കളത്തി പോരാട്ടം രൂക്ഷമായി. അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരു കൂട്ടരും അതിന്‍റെ ആവശ്യമില്ലെന്ന്‍ മറുഭാഗവും വാദമുന്നയിച്ചു.

ഗണേശിനെ ഉള്‍പ്പെടുത്തണോ കാര്‍ത്തികേയനെ ഉള്‍പ്പെടുത്തണോ അതോടെ രണ്ടു പേരെയും പുറത്തു നിര്‍ത്തണോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ തല പുകയ്ക്കുന്നത്. രണ്ടുപേരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ പകരം രണ്ടാളുകളെ മന്ത്രിസഭയില്‍ നിന്ന്‍ ഒഴിവാക്കേണ്ടതുണ്ട്.

ഗ്രൂപ്പ് സമവാക്യവും ജാതി സംതുലിതാവസ്ഥയും പരിഗണിച്ച് ആരെ ഒഴിവാക്കും എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെയും സുധീരന്‍റെയും മുന്നിലുള്ള ചോദ്യം. ഫലത്തില്‍ കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിസഭാ പ്രവേശനം അനന്തമായി നീളുകയാണ്. ‘നാളെയാണ് നാളെ നാളെഎന്ന്‍ ഏതെങ്കിലും ലോട്ടറി വില്‍പ്പനക്കാരന്‍ വിളിച്ചു പറഞ്ഞാല്‍ അത് തന്നേ കുറിച്ചാണോ എന്ന്‍ ഗണേശ് കുമാര്‍ ധരിക്കാനും സാധ്യതയുണ്ട്.

 

The End 

[ My article originally published in British Pathram on Aug 10, 2014]

Leave a Comment

Your email address will not be published. Required fields are marked *