വല്യേട്ടന്‍

വല്യേട്ടന്‍ 1

സീന്‍ ഒന്ന് 

പഴയ ഒരു തറവാടിന്റെ പൂമുഖം. ചാരുകസേരയില്‍ ഇരുന്ന് ആരോ ദേശാഭിമാനി വായിക്കുന്നു. പത്രം മുഖത്തിന്‌ നേരെ പിടിച്ചിരിക്കുന്നത് കണ്ട് ആള്‍ ആരാണെന്ന് മനസിലാകുന്നില്ല. പിന്നിലെ ചുവരില്‍ 1982ലെ കലണ്ടര്‍ തൂങ്ങുന്നു. മുകളില്‍ മാര്‍ക്സിന്‍റെയും ലെനിന്റെയും ചെഗുവേരയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍. വാതിലിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന നിറം മങ്ങിത്തുടങ്ങിയ ബോര്‍ഡില്‍ നിന്ന് വീട്ടുപേര് വായിച്ചെടുക്കാം. എകെജി മന്ദിരം.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചാരുകസേരയില്‍ ഇരുന്ന ആള്‍ പത്രം മടക്കി ആരാണ് വരുന്നതെന്നറിയാന്‍ പുറത്തേയ്ക്ക് നോക്കി. അപ്പോഴാണ്‌ ആ മുഖം നമ്മള്‍ കാണുന്നത്. ശങ്കരന്‍. എഴുപതിനടുത്ത് പ്രായം. മെലിഞ്ഞ രൂപം. കണ്ണട വച്ചിട്ടുണ്ട്. ഷര്‍ട്ട് ധരിക്കാത്തത് കൊണ്ട് പൂണൂല്‍ വ്യക്തമായി കാണാം.

ഗേറ്റ് കടന്ന് വരുന്നയാളെ തിരിച്ചറിഞ്ഞതോടെ ശങ്കരന്‍ വീണ്ടും പത്ര വായനയിലേക്ക് മടങ്ങി. പത്രം പഴയപടി മുഖത്തിന്‌ നേരെ പിടിച്ച് കസേരയില്‍ ചാഞ്ഞു കിടന്നു. തൊട്ടടുത്തായി ഒരു മുരടനക്കം കേട്ടപ്പോള്‍ അദ്ദേഹം മുഖം കൊടുക്കാതെ ഇങ്ങനെ ചോദിച്ചു,

എന്താ പത്മാ ? നിനക്ക് ഈ വഴിയൊക്കെ അറിയ്യോ ?

വന്നത് നിസ്സാരക്കാരനല്ല. പത്മലോചനന്‍. അമ്പതിന് മുകളില്‍ പ്രായം. ഇരുവരും തായ്വഴിയില്‍ ബന്ധുക്കളാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പത്മലോചനന്റെ അച്ഛന്‍ ഗോവിന്ദനും ശങ്കരനും ജ്യേഷ്ടാനുജന്മാരായി വരും. എണ്‍പത് പിന്നിട്ട ഗോവിന്ദന്‍ പ്രായാധിക്യം മൂലം ഇപ്പോള്‍ വീട് വിട്ട് അധികം പുറത്തിറങ്ങാറില്ല.

ബന്ധുക്കളാണെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ഇരു വീട്ടുകാരും തമ്മില്‍ അത്ര നല്ല രസത്തിലായിരുന്നില്ല. തറവാട് നിയന്ത്രിച്ചിരുന്ന കാരണവര്‍ ഗോവിന്ദനോടുള്ള അഭിപ്രായ വ്യത്യാസം മൂലം ശങ്കരന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഔദ്യോഗിക പക്ഷത്തിന് ശത്രുക്കളായ കോണ്‍ഗ്രസ് കുടുംബവുമായി രഹസ്യ ബന്ധമുണ്ടെന്നാരോപിച്ച മറുവിഭാഗം അതിന് തങ്ങളെ കിട്ടില്ലെന്ന് പ്രഖ്യാപിച്ച് പടിയിറങ്ങുകയായിരുന്നു. ഗോവിന്ദനും കൂട്ടരും ശത്രുപക്ഷത്തെ ഇന്ദിര കുടുംബവുമായി ബാന്ധവത്തില്‍ ഏര്‍പ്പെട്ടെങ്കിലും അത് അധിക കാലം നീണ്ടു നിന്നില്ല. എല്ലാം അവസാനിപ്പിച്ച് അവര്‍ തിരിച്ചു വന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു. തറവാടിന്റെ മുഖ ശ്രീയായിരുന്ന പത്രം മുതല്‍ നെടും തൂണായിരുന്ന അണികളെ വരെ ശങ്കരന്‍ വിഭാഗം കൊണ്ടു പോയി. അതുവരെ സര്‍വ്വ പ്രതാപിയായി തറവാട് ഭരിച്ചിരുന്ന വല്ല്യേട്ടന് പഴയ കുടുംബത്തിലെ ചെറിയേട്ടനായി ഒതുങ്ങേണ്ടി വന്നു. എകെജി മന്ദിരം നാട്ടിലെ ഏത് പ്രശ്നത്തിനും തീര്‍പ്പ്‌ കല്‍പ്പിക്കുന്ന അവസാന വാക്കായി മാറിയതോടെ ശങ്കരനും സഹോദരന്മാരായ നായനാരും ആനന്ദനും എതിരാളികളില്ലാതെയായി.

ചെറിയച്ഛനെന്താ അങ്ങനെ ചോദിച്ചത് ? അച്ഛന്‍ കഴിഞ്ഞയാഴ്ച്ച കൂടി കൂടിയാലോചനാ യോഗത്തിന് ഇവിടെ വന്നതല്ലേ ? : പത്മലോചനന്‍ ഭവ്യതയോടെ പറഞ്ഞു.

അത് കഴിഞ്ഞിട്ട് ഇപ്പൊ മാസം രണ്ടായില്ലേ പത്മാ ? അതിനിടയില്‍ ഇവിടെ എന്തൊക്കെ നടന്നു ? : പത്രം താഴ്ത്തി കസേരയില്‍ മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് ശങ്കരന്‍ ചോദിച്ചു.

പാലക്കാടും കാസര്‍ഗോഡുമൊക്കെ അടുത്തിടെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അറിഞ്ഞിരുന്നോ ? : തെല്ല് പരിഹാസത്തോടെ അദ്ദേഹം ചോദിച്ചപ്പോള്‍ പത്മലോചനന്‍ മുഖം കുനിച്ചു.

എന്ത് പറ്റി പത്മാ ? പഴയതൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുന്നില്ല അല്ലെ ? : ചില വാര്‍ഡുകളില്‍ ഗോവിന്ദന്‍ വിഭാഗവും ഇന്ദിര വിഭാഗവും സഖ്യമായാണ് മത്സരിച്ചത്. പക്ഷെ ജനം കയ്യൊഴിഞ്ഞു. അതാണ്‌ ശങ്കരന്‍ സൂചിപ്പിച്ചത്.

അത് ഞാനോ അച്ഛനോ അറിഞ്ഞതല്ല. അവിടത്തെ ആളുകളാണ് എല്ലാം ചെയ്തത്. വിവരം അറിഞ്ഞതിന് ശേഷം അച്ഛന്‍ ആകെ ദേഷ്യത്തിലാണ്. ഈ നിമിഷം വരെ ജലപാനം ചെയ്തിട്ടില്ല. അച്ഛന്റെ ശുണ്‍ഠി ചെറിയച്ഛനറിയാമല്ലോ ? പ്രായം ചെന്നെങ്കിലും ഒന്നിനും ഒരു മാറ്റവുമില്ല. ആകെ പേടിയാകുന്നു. : പത്മന്‍ പറഞ്ഞത് കേട്ടപ്പോള്‍ കാരണവര്‍ ലേശം തണുത്തു.

ഉം. നീ അതൊന്നും ആലോചിക്കണ്ട. നീ പിന്നാമ്പുറത്ത് ചെല്ല്. അവിടെ ചെറിയമ്മയുണ്ടാകും. : അദ്ദേഹം സൌമ്യനായി പറഞ്ഞു. അനന്തരം അകത്തേയ്ക്ക് നോക്കി നീട്ടി വിളിച്ചു,

താതിക്കുട്ടീ,

(ഒരു സ്ത്രീ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. ചെറുപ്പക്കാരിയാണ്.)

ദാണ്ടെ പത്മന്‍ വന്നിരിക്കുന്നു. നീ അമ്മയോട് പറഞ്ഞ് പഴങ്കഞ്ഞിയോ, എന്താണെന്ന് വച്ചാല്‍ തെക്കിനിയില്‍ എടുത്ത്  വയ്ക്ക്…….

(സ്ത്രീ രൂപം അകത്തേയ്ക്കും പത്മലോചനന്‍ പിന്നാമ്പുറത്തെയ്ക്കും പോകുന്നതോടെ ശങ്കരന്‍ വീണ്ടും പത്ര വായനയിലേക്ക് മടങ്ങുന്നു)


സീന്‍ രണ്ട്

മേശയില്‍ അങ്ങിങ്ങായി അന്നത്തെ പത്രങ്ങള്‍ ചിതറിക്കിടക്കുന്നു. എല്ലാത്തിലും ഒരേ മുഖം, ഒരേ വാര്‍ത്ത. എല്‍ഡിഎഫ് അധികാരത്തില്‍, നായനാര്‍ മുഖ്യമന്ത്രി. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള പത്രങ്ങള്‍ തലക്കെട്ടുകളിലൂടെ വിളിച്ചു പറയുന്നത് അത് മാത്രമാണ്.

പുറത്ത് കാര്‍ വന്ന് നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ പ്രകാശന്‍ പത്രം താഴെ വച്ച് എഴുന്നേറ്റു. അപ്പോഴേക്കും കാറില്‍ നിന്നിറങ്ങിയ മാണിക്യനും രാഘവനും അയാളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

പത്മലോചനന്‍റെ മകനാണ് പ്രകാശന്‍. മാണിക്യന്‍ എകെജി മന്ദിരത്തിന്‍റെ പുതിയ ട്രഷറര്‍, രാഘവന്‍ മുന്നണി കണ്‍വീനര്‍.

പ്രകാശന്‍ വന്നിട്ട് കുറേ നേരമായോ ? ഞങ്ങള്‍ ലേശം വൈകി. ആറ്റിങ്ങലില്‍ ഒരു പരിപാടിയുണ്ടായിരുന്നേ……….. : രാഘവന്‍ പറഞ്ഞു.

എന്താ പെട്ടെന്ന് കാണണമെന്ന് പറഞ്ഞത് ? വൈകിട്ട് മീറ്റിങ്ങുള്ളതല്ലേ ? എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ പറയാമല്ലോ ? : അദ്ദേഹം തുടര്‍ന്ന് ചോദിച്ചു.

അല്ല, അതിന് മുമ്പ് കാര്യങ്ങള്‍ ഒന്നു തിരുമാനിച്ചുറപ്പിച്ചു വയ്ക്കുന്നത് നല്ലതാണല്ലോ ? വല്ല്യേട്ടനെ നേരില്‍ കണ്ട് സംസാരിക്കാനാ സ്റ്റേറ്റ് കമ്മിറ്റി എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്. : പ്രകാശന്‍ പറഞ്ഞു.

അത് കേട്ട പാടെ മാണിക്യന്‍ ചിരിച്ചു,

എന്ത് സ്റ്റേറ്റ് കമ്മിറ്റി ? നിങ്ങള് നാലഞ്ചാളു കൂടി എന്തെങ്കിലും തിരുമാനിച്ചാല്‍ അതിനെ സ്റ്റേറ്റ് കമ്മിറ്റി എന്നൊക്കെ വിളിക്കാന്‍ പറ്റുമോ ? : പറഞ്ഞു തീരും മുമ്പേ രാഘവന്‍ ട്രഷററെ വിലക്കി. പിന്നെ അയാള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അപ്പോഴേക്കും പ്രകാശന്‍റെ മുഖഭാവം മാറിയിരുന്നു.

Read കുമുദവല്ലി കണ്ട കനവ് 2

നീ പറ പ്രകാശാ, എന്താ വിഷയം ? ആനന്ദേട്ടന്‍ കൂടി ഇങ്ങോട്ട് വരാനുള്ളതായിരുന്നു. പക്ഷെ നാളെ സത്യപ്രതിജ്ഞയല്ലേ ? അതിന്‍റെ ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് പെട്ടെന്ന് പോകേണ്ടി വന്നു. : രാഘവന്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു.

മന്ത്രിമാരുടെ എണ്ണവും വകുപ്പുമൊക്കെ നേരത്തെ പറഞ്ഞു വയ്ക്കുന്നത് നല്ലതാണല്ലോ. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കൂടുതലുള്ളത് കൊണ്ട് മറ്റ് പദവികളിലും ആനുപാതികമായ വ്യത്യാസമുണ്ടാകണം. അക്കാര്യങ്ങളിലൊക്കെ മുന്നണി യോഗത്തിന് മുമ്പായി നമ്മുക്കിടയില്‍ ഒരു ധാരണ ഉണ്ടാകണമല്ലോ. : പ്രകാശന്‍ പറഞ്ഞു.

സീറ്റ് നിങ്ങള്‍ക്ക് മാത്രമല്ലല്ലോ നമുക്കെല്ലാവര്‍ക്കും കൂടിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസ് പുറത്തായതും നമ്മള്‍ അധികാരത്തിലെത്തിയതും. ഏതായാലും എല്ലാ ഘടകങ്ങളും പരിഗണിച്ചു കൊണ്ടുള്ള ന്യായമായ തിരുമാനം വൈകുന്നേരത്തെ മീറ്റിങ്ങിലുണ്ടാകും. അവിടെ നിങ്ങള്‍ക്ക് പറയാനുള്ളത് പറയുക. : രാഘവന്‍ ആധികാരികമായി പറഞ്ഞു.

വല്യേട്ടന്‍ ഞങ്ങളില്‍ നിന്ന് റവന്യു ഏറ്റെടുക്കാന്‍ പോകുകയാണെന്ന ശ്രുതി കൂടി ഇടയ്ക്ക് കേട്ടു. അതുകൊണ്ടാ തിരക്കിട്ട് കാണാമെന്നു വച്ചത്. ഞങ്ങളത് സമ്മതിക്കില്ല…………. : പ്രകാശന്‍ കട്ടായം പോലെ പറഞ്ഞു.

എന്താ പ്രകാശാ, ഒരു ഭീഷണിയുടെ സ്വരം ? പഴയതൊന്നും മറക്കണ്ട നീയ്. നിന്റപ്പന്‍ തെക്കിനിയുടെ ഒരു മൂലയില്‍ ചമ്രം പടഞ്ഞിരുന്നു പഴങ്കഞ്ഞി കുടിക്കുന്ന ചിത്രം ഇന്നും എന്‍റെ മനസിലുണ്ട്. എല്ലാം അമ്മാവന്‍റെ വലിയ മനസ്……….. ഇപ്പൊ നീ കാര്യക്കാരനാകാന്‍ നോക്കുന്നു. കുറച്ചു നാളായി ഞങ്ങള്‍ പലതും കണ്ടില്ല, കേട്ടില്ല എന്ന് വയ്ക്കുകയാ……….. : മാണിക്യന്‍ ദേഷ്യം കൊണ്ട് വിറച്ചു.

മാണിക്യാ, നീയൊന്നടങ്ങ്‌. പുറത്ത് പത്രക്കാരുണ്ട് : രാഘവന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും അയാള്‍ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു.

നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ആയിക്കോ ? ഇതെങ്ങാനും ആനന്ദേട്ടന്‍ അറിഞ്ഞാലുണ്ടല്ലോ. ഇപ്പൊ തന്നെ വാലിന്മേല്‍ തീ പിടിച്ച പോലെയാ അദ്ദേഹം നടക്കുന്നത്. കൊട്ടാരത്തില്‍ വിപ്ലവമാണെന്ന് കൂടിയറിഞ്ഞാല്‍ കൊട്ടാരം തന്നെ തല തിരിച്ചു വച്ചു കളയും അങ്ങേര്. ഞാന്‍ പോട്ടെ, എനിക്ക് കുറച്ചു നോട്ട്സ് തയ്യാറാക്കാനുണ്ട്. : മാണിക്യന്‍ ഫ്രെയിമില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നു.

പ്രകാശന്‍ അപമാനിതനും കുപിതനുമായി ഇരിക്കുന്നു. ലാന്‍ഡ് ഫോണ്‍ ശബ്ധിച്ചപ്പോള്‍ രാഘവന്‍ തിരിഞ്ഞ് റിസീവര്‍ കയ്യിലെടുക്കുന്നു. –

ഹലോ, 

Leave a Comment

Your email address will not be published. Required fields are marked *