വന്‍മതിലിന്‍റെ നാട്ടില്‍

വന്‍മതിലിന്‍റെ നാട്ടില്‍ 1

അടുത്തുള്ള സബ്‌വേ സ്റ്റേഷന്‍ കവാടത്തില്‍ പൊടുന്നനേ രൂപപ്പെട്ട തിരക്ക് ഏതോ ട്രെയിന്‍ കടന്നു പോയ കാര്യം വിളിച്ചു പറഞ്ഞു.

ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ അടുത്തുള്ള ചൈനിസ് റസ്റ്റോറന്‍റിന്‍റെ ചില്ലുക്കൂട്ടില്‍ കിടന്നിഴയുന്ന പലതരം പാമ്പുകളെ അവര്‍ കണ്ടു. അവ ഓരോന്നിന്‍റെയും ഗുണഗണങ്ങള്‍ ചുംഗ് അയാള്‍ക്ക് വിവരിച്ചു കൊടുത്തു.

താരതമ്യേന തിരക്ക് കുറഞ്ഞ ഒരു ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അവള്‍ യാത്ര പറഞ്ഞ് കാറില്‍ നിന്നിറങ്ങി. 

ഇവിടെ അടുത്താണോ നിന്‍റെ ഫ്ലാറ്റ് ? : തല ജനലില്‍ നിന്ന് പുറത്തേക്കിട്ട് ചുറ്റും നോക്കിക്കൊണ്ട് കിരണ്‍ ചോദിച്ചു. 

അല്ല. അതിവിടെ നിന്ന് കുറച്ചു ദൂരമുണ്ട്. വാന്‍ഷുവോവിലാണ്. കുപ്രസിദ്ധമായ ദിയു മാര്‍ക്കറ്റ് കഴിഞ്ഞു വേണം അങ്ങോട്ട്‌ പോകാന്‍. കുറ്റവാളികളുടെ കേന്ദ്രമാണ്. ഈ രാജ്യത്ത് നിയമവിരുദ്ധമായതെന്തും ഇപ്പോള്‍ അവിടെ വാങ്ങാന്‍ കിട്ടും. അസമയത്തുള്ള റിസ്ക്ക് ഒഴിവാക്കാനായി വൈകി വരുന്ന സമയങ്ങളില്‍ ഞാന്‍ അടുത്തുള്ള ഹോസ്റ്റലിലാണ് താമസിക്കാറ്. : അല്‍പ്പം അകലെയുള്ള ബഹുനില കെട്ടിടത്തിലേക്ക് നോക്കിക്കൊണ്ട് ലീ ചുംഗ് പറഞ്ഞു. അവള്‍ യാത്ര പറഞ്ഞ് പോയപ്പോള്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു.  

രാവേറെയായെങ്കിലും ബീജിംഗ് പകല്‍ നേരത്തേക്കാള്‍ സജീവമാണെന്ന് കിരണിന് തോന്നി. യാത്രികരും വാഹനങ്ങളും നിറഞ്ഞൊഴുകുന്ന തെരുവുകള്‍. ചെറു തെരുവുകളില്‍ കച്ചവടക്കാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും കോലാഹലങ്ങള്‍. വീഥികളെ പ്രകാശത്തില്‍ മുക്കിയ കൃത്രിമ ദീപങ്ങള്‍ സൂര്യന്‍റെ അഭാവം മറയ്ക്കാന്‍ മത്സരിച്ചു.


ഹോട്ടലിലെത്തി, മുറിയിലേക്ക് പോകാനായി ലിഫ്റ്റിനു നേരെ നടക്കുമ്പോഴാണ് വാഷിങ്ങ്ടണില്‍ നിന്ന് രണ്ടു വട്ടം തന്നേ വിളിച്ച കാര്യം കിരണ്‍ അറിഞ്ഞത്. ഒരു മാര്‍ട്ടിനാണ് വിളിച്ചത്. എഫ്.ബി. ഏജന്‍റ്. പരിചയക്കാരനാണ്‌. അയാള്‍ തന്‍റെ യാത്രയുടെയും താമസിക്കുന്ന ഹോട്ടലിന്‍റെയും വിവരങ്ങള്‍ എങ്ങനെയാണ് അറിഞ്ഞതെന്നോര്‍ത്ത് കിരണിന് അത്ഭുതപ്പെട്ടു. 

ജാനറ്റിനെ സംബന്ധിച്ച് കിരണ്‍ നേരത്തെ പറഞ്ഞതെല്ലാം കള്ളമായിരുന്നു. പെന്‍റഗണില്‍ നിന്ന് വിലപ്പെട്ട സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോയെന്നു സംശയിക്കുന്ന ജാനറ്റിനെ അന്വേഷണത്തിന്‍റെ ഭാഗമായി തിരികെയെത്തിക്കാനാണ് അവരുടെ സുഹൃത്ത് കൂടിയായ കിരണ്‍ നിയോഗിക്കപ്പെട്ടത്. അവര്‍ രാജ്യം വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ചാരവൃത്തിയിലെ ഒരു നിര്‍ണ്ണായക കണ്ണി ന്യൂയോര്‍ക്ക് പോലിസിന്‍റെ പിടിയിലായത്. പക്ഷെ അപ്പോഴേക്കും ജാനറ്റ് തന്ത്രപ്രധാനമായ രേഖകളുമായി ഏറ്റവും സുരക്ഷിത അകലത്തിലെത്തിയിരുന്നു.

ചൈനിസ് സര്‍ക്കാരാണ് ചോര്‍ത്തലിന് പിന്നിലെന്നാണ് എഫ്ബിഐ സംശയിക്കുന്നത്. പക്ഷെ വ്യക്തമായ തെളിവില്ലാത്തത് കൊണ്ട് ജാനറ്റിന്‍റെ അടുത്ത സുഹൃത്തും അവള്‍ ജോലി ചെയ്തിരുന്ന ലാബിന്‍റെ ഡയറക്ടറും ഏജന്‍സിയുടെ ഇന്‍ഫോര്‍മറുമൊക്കെയായ കിരണിനെയാണ്  സത്യം കണ്ടെത്താനായി അന്വേഷകര്‍ ആശ്രയിച്ചത്.

മിസ്‌ ലീ ചുംഗില്‍ നിന്ന് സത്യം മറച്ചു വയ്ക്കേണ്ടി വന്നതില്‍ കിരണിന് പക്ഷെ കുറ്റബോധമൊന്നും തോന്നിയില്ല.

മുറിയില്‍ ചെന്ന് കുളിച്ച് വേഷം മാറി, നഗരം മുഴുവന്‍ കാണാവുന്ന ഗ്ലാസ് ചുവരുകള്‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് ടേബിളിലുള്ള ഗ്ലാസിലേക്ക് സ്കോച്ച് വിസ്ക്കി പകരുമ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. മാര്‍ട്ടിനാണ്. കിരണ്‍ റിസീവര്‍ കാതോടു ചേര്‍ത്തുഹലോ……………..


പോലീസ് സൂപ്രണ്ട് സണ്ണി ബീജിങ്ങിലുള്ള മകളോടൊപ്പം അവധിക്കാലം ചെലവഴിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. റിട്ടയര്‍ ചെയ്യാന്‍ അയാള്‍ക്ക് ഇനി രണ്ടു മാസം കൂടിയേ ഉള്ളൂ. അന്വേഷണ മികവ് കൊണ്ടും കുശാഗ്ര ബുദ്ധി കൊണ്ടും പേരു കേട്ടിരുന്ന സണ്ണിക്ക് അടുത്തിടെ കഷ്ടകാലമാണ്. കസ്റ്റഡിയില്‍ നിന്ന് രണ്ടു ഗുണ്ടകള്‍ ചാടിപ്പോയതോടെ കഴിവുകെട്ട ഉദ്യോഗസ്ഥന്‍ എന്ന ദുഷ്പേരും അയാള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ സമ്പാദിച്ചു. വിരമിക്കുന്നതിന് മുമ്പ് ഏതെങ്കിലും ഒരു നല്ല കേസ് തെളിയിക്കണമെന്നും സത്പേര് വീണ്ടെടുക്കണമെന്നുമാണ് സണ്ണിയുടെ ഇപ്പോഴത്തെ ഏക ആഗ്രഹം. 

ചൈനിസ് ഡെയ്ലി പത്രം വായിക്കുന്നതിനിടയില്‍ അയാളുടെ കണ്ണുകള്‍ പലപ്പോഴും അടുത്ത ബര്‍ത്തിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷനിലും സ്ത്രീയിലും ഉടക്കി. സ്ത്രീ ചൈനക്കാരിയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെയറിയാം. പുരുഷന്‍ പക്ഷെ ഏഷ്യന്‍ വംശജനാണ്. അയാളെ ഇതിനു മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് സണ്ണി ഓര്‍ത്തു. 

കുറച്ചു കഴിഞ്ഞപ്പോള്‍ യുവതി എഴുന്നേറ്റ് ബാത്ത്റൂമിന് നേരെ പോകുന്നത് കണ്ടു. അധികം വൈകാതെ ചെറുപ്പക്കാരനും അവളെ അനുഗമിച്ചു. കമ്പാര്‍ട്ട്മെന്‍റില്‍ തിരക്ക് നന്നേ കുറവാണ്. 

ഒരു സ്റ്റേഷന്‍ അടുത്തപ്പോള്‍ മടങ്ങി വന്ന ഏഷ്യക്കാരന്‍ ധൃതിയില്‍ ബാഗുമെടുത്ത് വാതിലിന് നേരെ നീങ്ങി. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങിയ അയാള്‍ ആരുടേയും കണ്ണില്‍ പെടാതെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നു. യുവതിയെ പക്ഷെ എങ്ങും കണ്ടില്ല. അവരുടെ ബാഗ് അനാഥമായി സീറ്റില്‍ തന്നെയുണ്ട്.

പോലിസ് ബുദ്ധിയില്‍ എന്തോ പന്തികേട് മണത്ത സണ്ണി ചാടിയെഴുന്നേറ്റ് സ്റ്റേഷന്‍റെ പേര് നോക്കി– ലൈ ഷുയി ! അയാള്‍ ഉടനെ ബാത്ത് റൂമിന് നേരെ ഓടി. അത് പുറത്തു നിന്ന് ലോക്ക് ചെയ്തിരുന്നു. സണ്ണി വാതില്‍ തള്ളി തുറന്നു. യുവതി ബോധം കെട്ടു കിടക്കുകയാണ്. ഗാര്‍ഡിന്‍റെ സഹായത്തോടെ അവളെ കോരിയെടുത്ത് സണ്ണി പുറത്തേക്കിറങ്ങി.


പട്ടണത്തില്‍ നിന്ന് കുറച്ചു മാറി, പൈന്‍ മരങ്ങള്‍ അതിരിടുന്ന ഒരു ഉള്‍നാടന്‍ പ്രദേശത്തെ ഒറ്റപ്പെട്ട പഴയ ഇരുനില വീടിന് മുന്നില്‍ കറുത്ത കാര്‍ നിന്നു.

മിനിട്ടുകള്‍ക്കകം വീടിന്‍റെ സ്വീകരണ മുറിയില്‍ നിന്ന് പകയും നിരാശയും നിറഞ്ഞ ഒരു സ്ത്രീ ശബ്ദം ഉയര്‍ന്നു കേട്ടു.

നീ എന്തിനാ വന്നത് ? എന്നെ തിരിച്ചു കൊണ്ടു പോകാനോ അതോ എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാനോ ? : ജാനറ്റിന്‍റെ വാക്കുകള്‍ ചുവരില്‍ തട്ടിത്തെറിച്ചു. അതു കേള്‍ക്കാന്‍ കണ്ണില്‍ കുടിലതയും ക്രൌര്യവുമായി നിന്ന ഒരുകാലത്തെ അവരുടെ സുഹൃത്തല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല.

ചുവര്‍ ചിത്രങ്ങളില്‍ തളയ്ക്കപ്പെട്ട സെന്‍ ഭരണകാലത്തെ ധീര യോദ്ധാക്കള്‍ ശത്രു രാജ്യത്തെ പടയാളിയെ കണ്ടത് പോലെ കിരണിനെ തുറിച്ചു നോക്കി. ജാക്കറ്റിനുള്ളില്‍ റിവോള്‍വര്‍ ഒളിപ്പിച്ചുനിന്ന അയാളെ ആക്രമിക്കാന്‍ അവര്‍ വെമ്പല്‍ കൊണ്ടു.

അവളുടെ ചോദ്യത്തിന് മറുപടിയായി കിരണ്‍ ചിരിച്ചു : എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍…….. എല്ലാത്തിനും പിന്നില്‍ ഞാനാണെന്ന് പിന്നെ തെളിവൊന്നും ഉണ്ടാകില്ലല്ലോ. പത്ത് ബില്യണ്‍ ഡോളറിന് പകരം ശത്രു രാജ്യത്തിന് വിലപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ജാനറ്റ് എന്ന യുവതി ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. അതിനു പെന്‍റഗണിലെ വിശ്വസ്ഥനും പ്രഗത്ഭനുമായ ഗവേഷകനെന്ന് പേരെടുത്ത പാവം ഡേവിഡ് ജോണ്‍ എന്തു പിഴച്ചു ?

അതേക്കുറിച്ച് എന്തെങ്കിലും അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇപ്പോഴത്തെ ഈ കള്ള പാസ്പോര്‍ട്ടില്‍ ഞാന്‍ രാജ്യം വിട്ടിരിക്കും. പിന്നെ ഞാന്‍ ചൈനയില്‍ എത്തി എന്നതിന് ഒരു തെളിവും ഉണ്ടാകില്ല. ഏതോ ഒരു കിരണ്‍ ഇസ്താംബൂളില്‍ നിന്ന് ഇവിടെ വന്നു പോയതിന് ആര്‍ക്കും എന്നെ ഒന്നും ചെയ്യാനാവില്ല.

തന്‍റെ താടിരോമങ്ങളില്‍ കയ്യോടിച്ചുകൊണ്ട് അയാള്‍ നിന്ന നില്‍പ്പില്‍ ഒന്നു കറങ്ങി. ഓരോ പദ്ധതിയും താന്‍ ആസൂത്രണം ചെയ്തത് പോലെ നടക്കുന്നതിലുള്ള സന്തോഷം അയാളുടെ ഓരോ ചലനത്തിലും പ്രകടമായിരുന്നു.


ചൈനിസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ ഒരു ഇടനിലക്കാരി മാത്രമായിരുന്നു ജാനറ്റ്. തിരശീലയ്ക്ക് പിന്നില്‍ നിന്ന് ഡേവിഡ് ജോണ്‍ എന്ന പെന്‍റഗണിന്‍റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥന്‍ കളിച്ച കളിയില്‍ പക്ഷെ കുടുങ്ങിയത് ജാനറ്റ് മാത്രമാണ്. ചില കണ്ണികള്‍ കഴിഞ്ഞ ദിവസം പോലിസ് പിടിയിലായെങ്കിലും അവരുമായി കിരണ്‍ എന്ന പേരില്‍ നാം അറിയുന്ന യഥാര്‍ത്ഥ ഡേവിഡിന് നേരിട്ട് യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. ജാനറ്റും അവരുമൊക്കെ ഡേവിഡും ചൈനയിലെ ഉന്നതനും തമ്മില്‍ രഹസ്യമായി ഉറപ്പിച്ച ഇടപാടിലെ പുറംലോകം അറിയുന്ന കണ്ണികള്‍ മാത്രമായിരുന്നു. പക്ഷെ ജാനറ്റിലെത്തുന്ന എതൊരന്വേഷണവും തന്നേ വെളിച്ചത്ത് കൊണ്ടുവരുമെന്ന് ഡേവിഡിന് ഉറപ്പായിരുന്നു. 

ഇന്നലെ എഫ്ബിഐയില്‍ നിന്ന് ഫോണ്‍ വന്നെന്ന് കേട്ടപ്പോള്‍ ഡേവിഡ് ശരിക്കും പകച്ചു. രഹസ്യങ്ങളെല്ലാം പൊളിഞ്ഞോ എന്നാണ് ആദ്യം തോന്നിയത്.

പക്ഷെ വിളിച്ചത് മറ്റൊരു മാര്‍ട്ടിനാണ്. ഫിലാഡെല്‍ഫിയയിലെ ഒരു മയക്കുമരുന്ന് കടത്തുകാരന്‍. സുഹൃത്താണ്. തുര്‍ക്കി വഴി ചൈനയിലേക്ക് കടക്കാനുള്ള പാസ്പോര്‍ട്ട് സംഘടിപ്പിച്ചു തന്നത് കക്ഷിയാണ്. ബീജിംഗിലെ ഹോട്ടല്‍ മുറി വരെ ചെന്നെത്തുന്ന വിപുലമായ അധോലോക ശൃംഖലയാണ് അയാളുടെ കൂടെയുള്ളതെന്നറിഞ്ഞപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. ടെക്സാസില്‍ ജോലിയും കുടുംബവുമായി കഴിയുന്ന സഹോദരി വഴി എഫ്ബിഐ താമസിയാതെ ജാനറ്റിലെത്തുമെന്ന വിലപ്പെട്ട വിവരമാണ് അയാള്‍ ഡേവിഡിന് കൈമാറിയത്. 

പ്രാദേശിക ഭാഷ വശമില്ലാത്തത് കൊണ്ടും സ്ഥലത്തെ അനധികൃത ആയുധ കച്ചവടക്കാരെ കണ്ടെത്താനുമായിട്ടാണ് ഡേവിഡിന് ബീജിംഗിലെത്തിയപ്പോള്‍ ഗൈഡിനെ ആശ്രയിക്കേണ്ടി വന്നത്. തലേന്ന് കാഴ്ചകള്‍ കണ്ട് മടങ്ങുന്ന വഴി യാദൃശ്ചികമായി ചുംഗില്‍ നിന്ന് കിട്ടിയ സൂചനകളില്‍ നിന്ന് അയാള്‍ അങ്ങനെയൊരു കേന്ദ്രം കണ്ടെത്തുകയും ചെയ്തു. അവിടെ നിന്നാണ് അയാള്‍ കയ്യിലുള്ള തോക്ക് സ്വന്തമാക്കിയത്. 

ലൈഷുയിയിലേക്കുള്ള യാത്രാ മദ്ധ്യേ ലീ ചുംഗിനെ ഒഴിവാക്കാന്‍ ഡേവിഡ് പല രീതിയില്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ജാനറ്റിനെ കാണുമ്പോള്‍ അവള്‍ കൂടെയുണ്ടാകുന്നത് അപകടമാണെന്ന് അയാള്‍ക്കുറപ്പായിരുന്നു. അങ്ങനെയാണ് ചുംഗ് ട്രെയിനിലെ ബാത്ത്റൂമിനകത്ത് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് വീണത്. അപ്രതിക്ഷിതമായ തന്‍റെ പെരുമാറ്റത്തിലും ആക്രമണത്തിലും അവള്‍ ശരിക്ക് പകച്ചു പോയി. 

യൂ ആര്‍ മൈ സ്വീറ്റ് ഹാര്‍ട്ട് : ജാനറ്റിന്‍റെ അടുത്തേക്ക് വന്ന ഡേവിഡ് അവളെ ചുംബിക്കാവുന്ന അകലത്തിലേക്ക് മുഖം അടുപ്പിച്ചു. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. 

ബട്ട് ദിസ്‌ ഈസ് ദി ടൈം ഓഫ് ഫെയര്‍വെല്‍…………. : അത്രയും പറഞ്ഞ് അയാള്‍ പൊടുന്നനെ റിവോള്‍വര്‍ പുറത്തെടുത്തു. അത് ജാനറ്റിന്‍റെ അരക്കെട്ടിനു നേരെ ചൂണ്ടുമ്പോഴേക്ക് അവള്‍ അടുത്തുണ്ടായിരുന്ന ഫെംഗ് ഷുയി പ്രതിമ കയ്യിലെടുത്തതും അടിച്ചതും ഒരുമിച്ചായിരുന്നു. ഒരു അലര്‍ച്ചയോടെ ഡേവിഡ് പുറകോട്ട് മലച്ചു. അയാളുടെ ഇടത്തെ ചെവിക്ക് മുകളിലായി തലഭാഗം പൊട്ടി ചോരച്ചാലുകള്‍ ഒലിച്ചിറങ്ങി. 

About The Author

Leave a Comment

Your email address will not be published. Required fields are marked *