ലണ്ടനില്‍ നിന്ന് ടെഹ്റാനിലേക്കുള്ള ഒരു ലാപ്ടോപ്പിന്‍റെ സംഭവബഹുലമായ യാത്ര

ലണ്ടനില്‍ നിന്ന് ടെഹ്റാനിലേക്കുള്ള ഒരു ലാപ്ടോപ്പിന്‍റെ സംഭവബഹുലമായ യാത്ര 1

ഇതൊരു കെട്ടു കഥയോ സ്വപ്നമോ അല്ല. നൂറു ശതമാനം സത്യമായ കാര്യം…………..  മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലണ്ടനില്‍ നിന്നു രണ്ടു മാസം മുമ്പ് മോഷണം പോയ ലാപ്ടോപ്പ് , ഇറാന്‍ വരെ   പോയി തിരികെ പഴയ ഉടമസ്ഥന്‍റെ അടുത്തേക്ക് വന്ന കഥ. പോലീസും ഇന്‍റര്‍പോളും കയ്യൊഴിഞ്ഞിട്ടും , ലാപ്ടോപ്പില്‍ പണ്ടെപ്പോഴോ ഇന്‍സ്റ്റാള്‍  ചെയ്ത ഒരു സോഫ്ട് വെയര്‍ ആണ് ഡോം ഡെല്‍ ടോര്‍ത്തോ എന്ന 41 കാരന്‍ ഗ്രാഫിക് ഡിസൈനറുടെ സഹായത്തിനെത്തിയത്.

കഥ തുടങ്ങുന്നത് ഫെബ്രുവരിയില്‍ വടക്കന്‍ ലണ്ടനിലെ ഹോളോവേ റോഡിലുള്ള ഡോമിന്‍റെ വീട്ടില്‍ നിന്ന് അദേഹത്തിന്‍റെ  മാക്ബുക്ക് പ്രോ മോഷണം പോകുന്നതോടെയാണ്. ഒരു ആനിമേഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു  ഡോം.

ഒരു മാസത്തിനു ശേഷം, 3000 മൈലുകള്‍ക്കപ്പുറത്ത് നിന്ന് ലാപ്ടോപ്പ് സ്വയം അതിന്‍റെ പുതിയ ഉടമസ്ഥരുടെ ചിത്രമെടുത്ത് ഡോമിന് അയച്ചു കൊടുക്കുന്നതു വരെ അതിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മോഷണം പോയാല്‍ വെബ് ക്യാം വഴി ചിത്രങ്ങളെടുത്ത് യഥാര്‍ത്ഥ ഉടമസ്ഥന് അയച്ചു കൊടുക്കുന്ന സോഫ്റ്റ് വെയര്‍ ഡോം  നേരത്തെ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. മുമ്പ് വീട്ടില്‍ നിന്ന് പല വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടെങ്കിലും പിന്നീട് യാതൊരു വിവരവും ലഭിക്കാത്തതാണ് ഡോമിനെ ഇങ്ങനെ ഒരു സാഹസത്തിന് പ്രേരിപ്പിച്ചത്.

ചിത്രങ്ങളോടൊപ്പം ആപ്ലിക്കേഷന്‍ അയച്ച  ഭൂമിശാസ്ത്ര വിവരങ്ങളില്‍ നിന്ന്  തന്‍റെ ലാപ്ടോപ്പ് ഇപ്പോള്‍ ടെഹ്റാനിലാണ് ഉള്ളതെന്നും അവിടത്തെ ഒരു കുടുംബമാണ് അത് ഉപയോഗിക്കുന്നതെന്നും ഡോം മനസിലാക്കി. ഒരു ചെറുപ്പക്കാരിയായ സ്ത്രീയും പ്രായം ചെന്ന ഒരു പുരുഷനുമാണ്  പ്രധാനമായും ലാപ്ടോപ്പ് ഉപയോഗിച്ചത്.  അവരുടെ വിവിധ തരത്തിലുള്ള ഫോട്ടോകള്,‍ സോഫ്ട് വെയര്‍ വഴി , പലപ്പോഴായി ഡോമിന് ലഭിച്ചു.

 

ലണ്ടനില്‍ നിന്ന് ടെഹ്റാനിലേക്കുള്ള ഒരു ലാപ്ടോപ്പിന്‍റെ സംഭവബഹുലമായ യാത്ര 2

ലണ്ടനില്‍ നിന്ന് ടെഹ്റാനിലേക്കുള്ള ഒരു ലാപ്ടോപ്പിന്‍റെ സംഭവബഹുലമായ യാത്ര 3

 

ഡോം പോലീസിന് പരാതി നല്‍കിയെങ്കിലും അത് തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. തുടര്‍ന്നു ഡോം പ്രമുഖ ബ്ലോഗിങ് സൈറ്റായ ടംബ്ലറില്‍ ലാപ്ടോപ്പ് ഇന്‍ ഇറാന്‍ എന്ന പേരില്‍ ഒരു  ബ്ലോഗ് തുടങ്ങി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. അത് ഓണ്‍ലൈനില്‍ തരംഗമാകുകയും ലോകം മുഴുവന്‍ ചിത്രങ്ങള്‍ പ്രചരിക്കുകയുമായിരുന്നു. അത് യാദൃശ്ചികമായി കണ്ട്  അസ്വസ്ഥരായ  ഇറാന്‍കാരായ പുതിയ ഉടമസ്ഥര്‍ ഡോമിനെ ബന്ധപ്പെടുകയും തങ്ങളുടെ ചിത്രം ബ്ലോഗ്ഗില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ യഥാര്‍ഥത്തില്‍ മോഷ്ടാക്കളായിരുന്നില്ല, ഏതോ സെക്കണ്ട് ഹാന്‍ഡ് ഷോറൂമില്‍ നിന്ന് ലാപ്ടോപ്പ് വാങ്ങുകയായിരുന്നു അവര്‍. സത്യാവസ്ഥ അറിഞ്ഞ ഡോം ചിത്രങ്ങള്‍ നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പതിനായിരങ്ങള്‍ അപ്പോഴേക്കും അത് കണ്ടു കഴിഞ്ഞിരുന്നു.

ടെഹ്റാനിലെ കുടുംബം ഡോമിന് ലാപ്ടോപ്പ് തിരികെ നല്കാന്‍ തയാറായെങ്കിലും അദ്ദേഹം അത് നിരസിച്ചു. തെറ്റിദ്ധാരണയുടെ പേരിലാണെങ്കിലും ആ കുടുംബത്തിന്‍റെ സ്വകാര്യത നഷ്ടപ്പെടുത്തിയതിന് തന്‍റെ ക്ഷമാപണമായി ആ ലാപ്പ് അവര്‍ തന്നെ സൂക്ഷിക്കട്ടെ എന്നാണ് ഡോമിന്‍റെ തീരുമാനം.

ലണ്ടനില്‍ നിന്ന് മോഷണം പോയ വസ്തു എങ്ങനെ ഇറാനില്‍ എത്തി എന്ന ദുരൂഹത നിലനില്‍ക്കുമ്പോഴും അതോടൊപ്പം നഷ്ടമായ ഡോമിന്‍റെ ഐ പാഡിനെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

 

2 thoughts on “ലണ്ടനില്‍ നിന്ന് ടെഹ്റാനിലേക്കുള്ള ഒരു ലാപ്ടോപ്പിന്‍റെ സംഭവബഹുലമായ യാത്ര”

Leave a Comment

Your email address will not be published. Required fields are marked *