ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ

ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമ 1

മലയാളത്തിന്‍റെ അനുഗ്രഹീത എഴുത്തുകാരന്‍ വിട വാങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. 1999 ജൂണ്‍ 28നാണ് ലോഹിതദാസ് എന്ന കുടുംബകഥകളുടെ അമരക്കാരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞത്. ആ ശൂന്യത ഇന്നും സിനിമാ ലോകത്ത് പ്രകടമാണ്. അദ്ദേഹം എഴുതി നിര്‍ത്തിയത് എവിടെയോ അവിടെയാണ് മലയാള സിനിമ ഇന്നും നില്‍ക്കുന്നത്.

നാട്ടിന്‍പുറത്തെ നന്മയും കുടുംബ ബന്ധങ്ങളുടെ ഭദ്രതയും ചാലിച്ചെഴുതിയവയായിരുന്നു ലോഹിതദാസിന്‍റെ ഓരോ കഥകളും. നമ്മള്‍ കണ്ടു മറന്നവരെയോ അല്ലെങ്കില്‍ കണ്ടിട്ടും കാണാതെ പോയവരെയോ ഒക്കെയാണ് അദ്ദേഹം കഥാപാത്രങ്ങളാക്കിയത്. കിരീടത്തിലെ സേതുവിനെയും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിനെയും വാല്‍സല്യത്തിലെ രാഘവന്‍ നായരെയുമൊക്കെ നമ്മള്‍ പലപ്പോഴും ജീവിതത്തില്‍ കണ്ടിട്ടുണ്ട്. അവരെ ചില്ലറ മേമ്പൊടികളോടെ ലോഹിതദാസ് വെള്ളിത്തിരയിലേക്ക് പറിച്ചു നട്ടെങ്കിലും പതിവ് സിനിമാകഥകളിലെ അതിഭാവുകത്വം അവര്‍ക്കില്ലായിരുന്നു. ജീവിതത്തിലെ കറുത്ത യാഥാര്‍ഥ്യങ്ങളോട് പട വെട്ടിയ അവര്‍ക്ക് പക്ഷേ അവസാനം വിധിയോട് കീഴടങ്ങേണ്ടി വന്നു.

അശ്ലീല ചുവയുള്ള സംഭാഷണങ്ങളോ ദ്വയാര്‍ഥ പ്രയോഗങ്ങളോ ലോഹിതദാസ് ഒരിയ്ക്കലും തന്‍റെ സിനിമകളില്‍ ഉപയോഗിച്ചില്ല. മൂന്നാം കിട പഴത്തൊലി തമാശകളെയും അദ്ദേഹം തന്‍റെ സിനിമകളില്‍ നിന്ന്‍ മാറ്റിനിര്‍ത്തി. അത്തരം രംഗങ്ങള്‍ ചേര്‍ക്കുന്നത് വഴി കിട്ടുന്ന ആള്‍ക്കൂട്ടത്തെ ലോഹിതദാസ് വേണ്ടെന്നു വച്ചു. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ മാത്രം തന്‍റെ ചിത്രങള്‍ കണ്ടാല്‍ മതി എന്ന്‍ അതുവഴി അദ്ദേഹം ശഠിച്ചു. മറ്റ് എഴുത്തുകാരെ പോലെ സ്ത്രീകളെ അബലകളായോ ലൈംഗികോപകരണങ്ങളായോ കാണാന്‍ ലോഹിതദാസ് ഒരിയ്ക്കലും താല്‍പര്യപ്പെട്ടില്ല. മുക്തി, ഭരതം, കസ്തൂരിമാന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കന്മദം, ചകോരം, എഴുതാപ്പുറങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ഒട്ടനവധി സിനിമകളില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ കാണാം.

നാടകകാരനായിരുന്ന ലോഹിതദാസിനെ തിലകനാണ് സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെ തുടക്കമിട്ട ലോഹിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മൃഗയ, കിരീടം, അമരം, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, തൂവല്‍ക്കൊട്ടാരം, ജാതകം, മഹായാനം, സസ്നേഹം, ധനം,ആധാരം, വെങ്കലം തുടങ്ങി 35 സിനിമകളാണ് പിന്നീട് ആ തൂലികയില്‍ നിന്ന്‍ പിറന്നത്. ഭൂതക്കണ്ണാടിയിലൂടെ സംവിധായകന്‍റെ മേലങ്കിയണിഞ്ഞ അദ്ദേഹത്തിന് പക്ഷേ ആ മേഖലയില്‍ വേണ്ടത്ര തിളങ്ങാനായില്ല. ഓര്‍മച്ചെപ്പ്, കന്മദം, ജോക്കര്‍, നിവേദ്യം എന്നിങ്ങനെ 12 സിനിമകള്‍ ലോഹിതദാസ് സംവിധാനം ചെയ്തു.

ak lohithadas

മമ്മൂട്ടി എന്ന പേര് കേട്ടാല്‍ പലരുടേയും മനസില്‍ തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിന്‍റെയും അമരത്തിലെ അച്ചൂട്ടിയുടെയും വാല്‍സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരുടെയും രൂപമാണ് ആദ്യം എത്തുന്നത്. മോഹന്‍ലാലിനെ സംബന്ധിച്ചാണെങ്കില്‍ കിരീടത്തിലെ സേതുമാധവനെ കഴിഞ്ഞേ മറ്റൊരു വേഷമുള്ളൂ. ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്‍റെ റോളാണ് അദ്ദേഹത്തിന് ആദ്യമായി ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത്. അതിനു മുമ്പ് കിരീടത്തിലെ പ്രകടനം അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ജ്യൂറിയുടെ പ്രത്യേക പ്രശംസയും നേടിക്കൊടുത്തു. ജയറാമിന് ജാതകം, മാലയോഗം, തൂവല്‍ക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയ സിനിമകളില്‍ മികച്ച വേഷങ്ങള്‍ സമ്മാനിച്ച ലോഹി ദിലീപ്, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിങ്ങനെ ഒരുപാട് പേരെ മലയാള സിനിമയുടെ മുന്‍നിരയിലേക്കും നയിച്ചു.

ഇന്നത്തെ സിനിമകളുടെ വിജയത്തിന് അനിവാര്യമായ അമാനുഷികതയും തട്ടുപൊളിപ്പന്‍ ഗാനങ്ങളും ലോഹിതദാസ് ഒരിയ്ക്കലും തന്‍റെ സിനിമകളിലേക്ക് പകര്‍ത്തിയില്ല. കിരീടത്തിലെ അവസാന രംഗത്ത് വില്ലന്‍ സേതുവിനെ തല്ലിച്ചതയ്ക്കുന്നതിനെ മോഹന്‍ലാലിന്‍റെ താരപദവി ചൂണ്ടിക്കാട്ടി പലരും എതിര്‍ത്തെങ്കിലും ലോഹി വഴങ്ങിയില്ല. തന്‍റെ നായകന്‍ താരമല്ലെന്നും അയാള്‍ ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും പറഞ്ഞ അദ്ദേഹം തന്‍റെ വാദത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ അദ്ദേഹത്തിന്‍റെ നിഗമനം സത്യമായി. കിരീടത്തിന്‍റെ ഉജ്ജ്വല വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് അതിന്‍റെ ക്ലൈമാക്സ് രംഗമാണ്. സിനിമയുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം ജനക്കൂട്ടത്തിന്‍റെ പള്‍സ് അറിയാന്‍ ലോഹിതദാസിന് അപാരമായ കഴിവുണ്ടായിരുന്നു. വാല്‍സല്യം, പാഥേയം, ഉദ്യാനപാലകന്‍, അരയന്നങ്ങളുടെ വീട് എന്നിവയിലും സര്‍വ്വതംഗ പരിത്യാഗികളായ നായകന്മാരെ നമുക്ക് കാണാം. നായകന്‍ എല്ലാം ഇട്ടെറിഞ്ഞു പോകുമ്പോഴും ലോഹിതദാസ് പ്രേക്ഷകരെ തന്‍റെ കൂടെ മുറുകെ കൂട്ടി.

ചക്രം സിനിമ മുടങ്ങിയപ്പോള്‍ ലോഹിതദാസ് തന്നേ തന്നെയാണ് പഴിച്ചത്. നായകനെ അമാനുഷികനാക്കാന്‍ തനിക്കറിയില്ലെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ കഥാപാത്രങ്ങളെ എന്നും മണ്ണിനോട് ചേര്‍ത്തുപിടിച്ചു. ലോഹിതദാസിന്‍റെ സിനിമകള്‍ കാണുന്ന ആരും അതൊക്കെ യഥാര്‍ഥത്തില്‍ നടക്കുന്ന കാര്യങ്ങളാണോ എന്ന്‍ സംശയിക്കാറില്ല. അത്രയ്ക്ക് ജീവിതഗന്ധിയാണ് ആ തൂലികയില്‍ പിറക്കുന്ന ഓരോ വേഷവും ഓരോ സംഭാഷണവും. മലയാളം വിട്ട് മറ്റൊരു സംസ്കാരത്തിലേക്ക് തന്‍റെ കഥകളെ അദ്ദേഹം ഒരിയ്ക്കലും പറിച്ചു നട്ടതുമില്ല. അതുതന്നെയാണ് അവസാന കാലത്ത് ആ എഴുത്തുകാരന് വിനയായതും. കസ്തൂരിമാന്‍ ആകസ്മികമായി തമിഴില്‍ നിര്‍മ്മിക്കേണ്ടി വന്ന ലോഹിതദാസിന് സിനിമ ഉണ്ടാക്കിയ ബാധ്യത താങ്ങാനായില്ല. അതിന്‍റെ പേരില്‍ തന്‍റെ സ്വപ്ന സൌധം കൈവിടുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം ആകെ തകര്‍ന്നു. പക്ഷേ ആ വിയോഗത്തോടെ തകര്‍ന്നത് മലയാള സിനിമ കൂടിയാണ്. ദൈവികതലം വിട്ട് സാധാരണക്കാരിലേക്ക് ഇറങ്ങിവന്ന സേതുവിനെയും അച്ചൂട്ടിയെയും ഭാനുവിനെയും പോലുള്ളവരെ വെള്ളിത്തിരയ്ക്ക് അന്യമായി.

 

The End

[My article published in British pathram]

 

 

 

 

Leave a Comment

Your email address will not be published. Required fields are marked *