ചില തുണ്ട് കഥകള്‍- ഭാഗം ഏഴ്

ലക്ഷപ്രഭു

പള്ളിക്കടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് അശോകന് ആ ബാഗ് കിട്ടിയത്. തുറന്ന് നോക്കിയപ്പോള്‍ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍.

കൂടുതലൊന്നും ആലോചിക്കാതെ സ്ഥലം കാലിയാക്കിയ അയാള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അംഗീകൃതവും അല്ലാത്തതുമായ വഴികളിലൂടെ ആ നോട്ടുകെട്ടുകളെ വെളുപ്പിച്ച് കുട്ടപ്പനാക്കി. ലോട്ടറി കച്ചവടവും അല്ലറ ചില്ലറ സ്ഥലമിടപാടുകളും ഉണ്ടായിരുന്നത് കൊണ്ട് അയാള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. 

വയസ് നാല്‍പ്പത് കഴിഞ്ഞെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം അവിവാഹിതനായി തുടരുകയായിരുന്ന അശോകന്‍ ഇഷ്ടപ്പെട്ട പെണ്ണിനോട് മനസ്സില്‍ ഒളിപ്പിച്ചിരുന്ന സ്നേഹം തുറന്ന് പറയാനും മടിച്ചില്ല. അവളുടെ സമ്മതം കൂടി കിട്ടിയതോടെ അയാള്‍ വീട് പുതുക്കി പണിയാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിനായി വാസുദേവന്‍ മേസ്ത്രിക്ക് അഡ്വാന്‍സും കൊടുത്തു മടങ്ങുമ്പോഴാണ് ഒരു പോലിസ് ജീപ്പ് അയാള്‍ക്ക് മുന്നില്‍ സഡന്‍ ബ്രേക്കിട്ടത്. വന്നത് കേരള പോലിസല്ലെന്നും കര്‍ണ്ണാടകയാണെന്നും കണ്ണടച്ച് തുറക്കും മുമ്പ് അശോകന് മനസിലായി.

കാസര്‍ഗോഡ്‌ ടു ബെല്ലാരി, മംഗളൂരു ടു മൈസൂര്‍ റൂട്ടില്‍ പൊലിസിന്‍റെ ഷട്ടില്‍ സര്‍വിസിന്‍റെ ഭാഗമായതോടെ അയാള്‍ക്ക് ഒരു കാര്യം മനസിലായി. ദക്ഷിണ കന്നഡയിലെ ഏതോ ഒരു വലിയ നേതാവിനെ കൊലപ്പെടുത്തിയതിന് പകരമായി കൊട്ടേഷന്‍ സംഘത്തിന് കൈമാറിയ പണമാണ് അന്ന് അയാള്‍ക്ക് കിട്ടിയത്. പോലിസ് പിടിയിലാകുമെന്ന് കണ്ട് അവര്‍ ആരെങ്കിലും ഒളിപ്പിച്ചു വച്ചതായിരിക്കും അത്.  പക്ഷെ നോട്ടിന്‍റെ നമ്പര്‍ പിന്തുടര്‍ന്ന് പോലിസ് എത്തിയത് അശോകനിലേക്കായിരുന്നു എന്ന് മാത്രം. അയാള്‍ക്ക് നേരത്തെ അല്ലറ ചില്ലറ തട്ടിപ്പുകള്‍ ഉണ്ടായിരുന്നു എന്നു കൂടി അറിഞ്ഞതോടെ പോലിസ് പിന്നെയൊന്നുമാലോചിച്ചില്ല.

കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചവര്‍ രാജ്യം വിടുകയും കൊലപ്പെടുത്തിയവര്‍ ഇരുട്ടിലുമായതോടെ പോലിസ് സംരംക്ഷണത്തിലായി അശോകന്‍റെ ജീവിതം. കൂടെക്കൂടെയുള്ള കന്നഡ നാട്ടിലെ യാത്രകളെ കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള ആലോചനയിലാണ് ഇപ്പോള്‍ അദ്ദേഹം.

The End


ഒരേ മുഖം

ദേശസാല്‍ക്കൃത ബാങ്കിലെ തിരക്കിനിടയിലാണ് നോട്ട് മാറാനായി ക്യൂവില്‍ നില്‍ക്കുന്ന ആ വൃദ്ധയെ അയാള്‍ ശ്രദ്ധിച്ചത്.

എവിടെയോ കണ്ടു മറന്ന മുഖം. നല്ല ഐശ്വര്യമുണ്ട്. എണ്‍പതിന് മുകളില്‍ പ്രായം കാണും. ക്യൂ പതുക്കെയാണ് നീങ്ങുന്നതെങ്കിലും അതിന്‍റെ അസ്വസ്ഥതയൊന്നും ആ മുഖത്ത് കാണാനില്ല. പകരം എന്തോ വലിയ കാര്യം ചെയ്യുന്ന സംതൃപ്തിയാണ്.

അവര്‍ തന്നേ കണ്ടിട്ടില്ല. ഇനി അഥവാ കണ്ടാലും തിരിച്ചറിയണമെന്നുമില്ല. പെട്ടെന്നാണ് അടുത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന സുഹൃത്ത് പ്രകാശന്‍ അയാളെ തട്ടി വിളിച്ചത്.

ദാസാ, നീ നല്ലയാളാ. അമ്മയെ തിരിച്ചു കൊണ്ടുവന്നെന്ന് രാവിലെ ജംക്ഷനില്‍ വച്ച്  കണ്ടപ്പോഴും നീ പറഞ്ഞില്ലല്ലോ. ക്യൂവില്‍ നില്‍ക്കുന്നത് കണ്ടപ്പോഴാ ഞാനറിഞ്ഞത്. മുരിങ്ങൂരിലെ ഏതോ വൃദ്ധ സദനത്തിലല്ലായിരുന്നോ അവര് ? ഇനി സ്ഥിരമായിട്ട് ഇവിടെ കാണുമോ ? : വൃദ്ധയെ നോക്കി പ്രകാശന്‍ ചോദിച്ചു. അപ്പോഴാണ്‌ ദാസന്‍ ആ മുഖം തിരിച്ചറിഞ്ഞത്. അമ്മ.

ചാനല്‍ റിപ്പോര്‍ട്ടറായ തന്‍റെ പെങ്ങള്‍ വാസുകിയായിരിക്കും ആരോരുമറിയാതെ അമ്മയെ കടത്തിക്കൊണ്ടു വന്നതെന്ന് അയാള്‍ക്ക് തോന്നി.ബാങ്കില്‍ നേരിട്ട് വന്ന് മെനക്കെടുകയും വേണ്ട, മുതിര്‍ന്ന പൌരയായത് കൊണ്ട് കാര്യങ്ങള്‍ പെട്ടെന്ന് നടക്കുകയും ചെയ്യും

രംഗം കൂടുതല്‍ വഷളാകുന്നതിനു മുമ്പ് ദാസന്‍ പതുക്കെ വലിഞ്ഞു. അപ്പോള്‍ പുതിയ പരിഷ്ക്കാരത്തിന്‍റെ പേരില്‍ മുതിര്‍ന്ന പൌരന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിയിലൂടെ വാസുകിയുടെ ശബ്ദത്തില്‍ അയാള്‍ക്ക് പിന്നില്‍ മുഴങ്ങി.

The End

Also Read  അജ്ഞാതന്‍ – കഥ


പ്രമാണി

റാവുത്തര്‍ വടക്കന്‍ മലബാറില്‍ അത്യാവശ്യം അറിയപ്പെടുന്ന ഒരു സമ്പന്നനാണ്. അയാളുടെ വീടിന്‍റെ പത്തായത്തിലും നിലവറയിലുമൊക്കെ പൂത്ത കാശാണെന്ന് നാട്ടില്‍ കൊച്ചു കുട്ടികള്‍ പോലും പറഞ്ഞ് നടക്കുന്നുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ, കെട്ട്യോന്‍ അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കാത്തവനാണെന്ന് ഭാര്യ റംലത്ത് ബീവി പോലും രഹസ്യമായി സമ്മതിക്കും. 

ആവശ്യക്കാര്‍ക്ക് ഏത് സമയത്തും അയാളെ സമിപിക്കാം. എന്നാല്‍ ആളും തരവും നോക്കി മാത്രമേ റാവുത്തര്‍ പണം കൊടുക്കൂ.

ജോസഫേ, ഇപ്പൊ കാശിന് കുറച്ചു ബുദ്ധിമുട്ടാണ്. നീ പോയിട്ട് അടുത്തയാഴ്ച വാ. ഞാനൊന്ന് നോക്കട്ടെ. 

:  എന്നായിരിക്കും ചിലപ്പോള്‍ പറയുക. അങ്ങനെ പറഞ്ഞാല്‍ പിന്നെ അയാള്‍ ആ വഴിക്ക് പോകണമെന്നില്ല. പണം തരാന്‍ താല്പര്യമില്ല എന്നാണ് അതിന്‍റെ അര്‍ത്ഥമെന്ന് വരുന്നവന്‍ മനസിലാക്കിക്കൊള്ളണം.

എന്നാല്‍ ആളെ ബോധിച്ചാലോ, ഇങ്ങനെയായിരിക്കും പറയുക.

ജോസഫേ, നീ പോയി പുരയിടത്തിന്‍റെ പ്രമാണമോ പണ്ടങ്ങളോ, എന്താണെന്ന് വച്ചാല്‍ കൊണ്ടു വാ. ങാ പിന്നെ, നൂറ്റിക്ക് പത്താണ് പലിശ എന്ന കാര്യം മറക്കണ്ട കേട്ടോ.

അതോടെ കടം വാങ്ങുന്നവന്‍റെ കാര്യം കട്ടപൊകയാകും. റാവുത്തരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നത് സിംഹത്തിന്‍റെ വായില്‍ തല വച്ച് കൊടുക്കുന്നത് പോലെയാണെന്ന ഒരു പറച്ചില്‍ തന്നെയുണ്ട് നാട്ടില്‍. പക്ഷെ എന്ത് ഫലം ? സര്‍ക്കാരിന്‍റെ കുബേര വന്നിട്ടും റാവുത്തരുടെ രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞില്ല. അത്രയ്ക്കുണ്ട്  മേലാവിലുള്ള അയാളുടെ പിടിപാട്. പതിനേഴാമത്തെ വയസില്‍ സ്വന്തം ഉമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടയാളാണ് കക്ഷിയെന്നും ഇപ്പോഴും ഉമ്മയ്ക്കോ മറ്റ് കൂടപ്പിറപ്പുകള്‍ക്കോ അയാളെ കൊണ്ട് കാല്‍ കാശിന് പ്രയോജനമില്ലെന്നുമൊക്കെ നാട്ടുകാര്‍ ആരും കേള്‍ക്കാതെ പായാരം പറയുമെങ്കിലും ആ പണക്കൊഴുപ്പിനെ സകലരും ഭയന്നു പോന്നു. ഒരു വിളിപ്പാട് അകലെയാണ് കുടുംബ വീടെങ്കിലും ആ സംസര്‍ഗ്ഗം റാവുത്തര്‍ പണ്ടേ ഒഴിവാക്കിയതാണ്. അതുകൊണ്ടു തന്നെ ഇരുവീടുകള്‍ തമ്മില്‍ പോക്കുവരവുമില്ല. 

പിടിച്ചെടുത്ത പ്രമാണങ്ങളും മറ്റ് സ്വത്തുവകകളുമൊക്കെയായി റാവുത്തരുടെ സാമ്രാജ്യം വികസിച്ചു വരുമ്പോഴാണ് അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് വെള്ളിടി വെട്ടിയത്. സാധുവായിരുന്നതെല്ലാം കണ്ണടച്ച് തുറക്കും മുമ്പ് അസാധുവായി. നോട്ടുകെട്ടുകള്‍ കുമിഞ്ഞു കൂടിയതോടെ ആ പഴയ ഇരുനില വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റുകാര്‍ വിരുന്നെത്താന്‍ തുടങ്ങി. ഒരു മേമ്പൊടിക്ക് പോലീസും ഇന്‍കം ടാക്സും കൂടി കൂടെ കൂടിയതോടെ റഹ്മത്ത് മന്‍സില്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഒരു കേന്ദ്രമായി മാറി.

കേസും ശിക്ഷയും കഴിഞ്ഞ് റാവുത്തര്‍ മടങ്ങി വരുന്നതും കാത്ത് റംലത്ത് അയാളുടെ പ്രായമായ ഉമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം ആ പഴയ കുടുംബ വീട്ടില്‍ കഴിയുകയാണ് ഇപ്പോള്‍. അന്ന് ഉമ്മയുടെ കെട്ടുതാലിയും പൊട്ടിച്ച് അയാള്‍ ഓടിയത് ഈ വീട്ടു മുറ്റത്ത് നിന്നാണ്. അതിനുശേഷം കുടുംബത്തിലേക്കുള്ള അയാളുടെ ആദ്യത്തെ വരവാണ്.

The End

തുടര്‍ന്ന് വായിക്കുക


Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *