ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് -കഥ

   പതിവു പോലെ പാര്‍ട്ടി ഓഫീസിലേക്ക് പോകാനിറങ്ങിയ സുഗുണന്‍റെ അടുത്തേക്ക് ഭാര്യ ജാനകി ഓടി വന്നു. അവളുടെ ഭാവം കണ്ടപ്പോള്‍ എന്തോ ഞെട്ടിക്കുന്ന വാര്‍ത്തയും കൊണ്ടാണ് വരുന്നതെന്ന് അയാള്‍ക്കു തോന്നി. അലക്കി തേച്ച കുപ്പായത്തിന്‍റെ ബട്ടണ്‍സ് ഇടുന്നതിനിടയില്‍ അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കുകയും ചോദ്യഭാവത്തില്‍ മൂളുകയും ചെയ്തു.

സുഗുണേട്ടന്‍ അറിഞ്ഞില്ലേ, ശാരദ ടീച്ചറുടെ മകളുടെ കല്ല്യാണമാണ് വരുന്ന വെള്ളിയാഴ്ച. ഈ കോളനിയില്‍ എല്ലാവരെയും അവര്‍ വിളിച്ചു. നമ്മളോട് മാത്രം ഒരു വാക്ക് പറഞ്ഞില്ല : ജാനകി വിഷമത്തോടെ പറഞ്ഞു. കയ്യിലിരുന്ന ചട്ടുകം കൊണ്ട് അവള്‍ വായുവില്‍ ചിത്രം വരച്ചു. അടുക്കളയില്‍ ദോശ ചൂടുന്നതിനിടയില്‍ മതിലിനപ്പുറത്ത് നിന്ന്‍ കിട്ടിയ ന്യൂസാണെന്ന്‍ സുഗുണന് മനസിലായി.

സുഗുണന്‍റെയും ജാനകിയുടെയും പഴയ അയല്‍ക്കാരാണ് ശാരദ ടീച്ചറും കുടുംബവും. ഭര്‍ത്താവ് നേരത്തെ മരിച്ച ടീച്ചര്‍ക്ക് പ്ലസ്ടുവിലും എട്ടാം തരത്തിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളാണ് ഉണ്ടായിരുന്നത്. ഇരു വീട്ടുകാരും തമ്മില്‍ അന്ന്‍ ചില അതിര്‍ത്തി പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അത് പോലീസ് കേസ് വരെയാകുകയും ചെയ്തു.

രാഷ്ട്രീയത്തിലുള്ള തന്‍റെ സ്വാധീനം വച്ച് സുഗുണന്‍ കേസ് തനിക്കനുകൂലമാക്കി. സഹായിക്കാനോ വാദിക്കാനോ ആരും ഇല്ലാതെ പോയ ടീച്ചര്‍ക്ക് നീതി നഷ്ടപ്പെട്ടു. അധികം വൈകാതെ അവരും കുടുംബവും വീടു മാറി പോകുകയും ചെയ്തു.

നിന്നോടിത് ആരാ പറഞ്ഞത് ? : സുഗുണന്‍ ആകാംക്ഷയോടെ ജാനകിയുടെ മുഖത്തേക്ക് നോക്കി.

അപ്പുറത്തെ ദമയന്തി ചേച്ചി. ഇന്നലെ ടീച്ചറും മോളും വന്ന്‍ അവരെയൊക്കെ കല്യാണം വിളിച്ചത്രേ. വരുന്ന വെള്ളിയാഴ്ച കോപ്പറേറ്റീവ് ബാങ്കിനടുത്തുള്ള സുമംഗലി ആഡിറ്റോറിയത്തില്‍ വച്ചാ കല്യാണം. പഴയ വിരോധം വച്ച് നമ്മളെ മാത്രം വിളിച്ചില്ല. ആകെ നാണക്കേടായി. : ജാനകി പറഞ്ഞതു കേട്ടപ്പോള്‍ സുഗുണന്‍റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു.

എന്നു വച്ച് ? ഞാന്‍ ഈ നാട്ടിലെ പ്രമുഖനായ ഒരു നേതാവല്ലേ ? അങ്ങനെയുള്ള എന്നോട് അവര്‍ ഈ കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. പഴയ സംഭവങ്ങളുടെ പേരില്‍ നമ്മളോട് മാപ്പ് പറഞ്ഞ്, എല്ലാം പൊറുത്ത് കല്യാണത്തിന് പങ്കെടുക്കണം എന്നു പറയാനുള്ള സാമാന്യമായ ഒരു മര്യാദ പോലും അവര്‍ കാണിച്ചില്ല. ഇവര്‍ എവിടത്തെ സ്കൂള്‍ ടീച്ചറാണ് ? ഒരു ഏല്‍സി സെക്രട്ടറി ആരാണെന്ന് കാണിച്ചു കൊടുക്കാം ഞാന്‍. ഒന്നുമല്ലെങ്കിലും ഈ പഞ്ചായത്ത് ഭരിക്കുന്നത് എന്‍റെ പാര്‍ട്ടിയല്ലേ ? ആ തള്ളയെയും മക്കളെയും കൊണ്ട് ഞാന്‍ നക്ഷത്രമെണ്ണിക്കും. ഈ സുഗുണനോടാ കളി ? : അയാള്‍ ദേഷ്യം കൊണ്ട് വിറച്ചു. ജാനകിയുടെ മുഖം സ്വല്‍പ്പം തെളിഞ്ഞു.

നാട്ടിലെ പ്രമാണിമാര്‍ പല തെമ്മാടിത്തരങ്ങളും ചെയ്യും. അതൊക്കെ മറന്ന്‍ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് സാധാരണ ജനങ്ങളുടെ കടമയാണ്. ഉത്തരേന്ത്യയില്‍ നോക്കണം, അവിടത്തെ നേതാക്കന്മാര്‍ എന്തൊക്കെ കുറ്റകൃത്യങ്ങളാണ് ചെയ്യുന്നത് ? പിടിച്ചുപറി, ബലാല്‍സംഗം, കൊലപാതകം, ഭൂമി കയ്യേറ്റം. എന്നിട്ട് അതൊക്കെ പൊറുത്ത് ജനം അവരെ തന്നെ വീണ്ടും വീണ്ടും ജയിപ്പിക്കുന്നില്ലേ ? : മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് സുഗുണന്‍ മൊഴിഞ്ഞു. അയാള്‍ പറഞ്ഞത് ശരി വയ്ക്കുന്ന മട്ടില്‍ ജാനകി തലയാട്ടി.

Also Read  ഇരട്ടക്കുട്ടികളുടെ അച്ഛന്‍

ഇവിടെ ഞാന്‍ അവരുടെ കുറച്ചു സ്ഥലം വളച്ചെടുത്തു എന്നാണല്ലോ ആരോപണം. ശരിയാണ്. ഇരുപത്തിനാല് മണിക്കൂറും ജനസേവനം നടത്തുന്ന എന്നെ പോലൊരു പൊതു പ്രവര്‍ത്തകന് കുറച്ചു ഭൂമി കയ്യേറാന്‍ പോലും സ്വാതന്ത്രമില്ലെങ്കില്‍ ഇതെന്തൊരു ജനാധിപത്യ രാജ്യമാണ് ? : നടപ്പ് നിര്‍ത്തി അയാള്‍ അടുത്തുള്ള മരക്കസേരയില്‍ ഇരുന്നു.

ഇതിന് നമുക്കെന്തെങ്കിലും ചെയ്യണം സുഗുണേട്ടാ, അല്ലെങ്കില്‍ നമ്മുടെ സ്റ്റാറ്റസ്…………….: ദോശക്കല്ലില്‍ ഇടാന്‍ വച്ചിരുന്ന എണ്ണ എരിതീയില്‍ ഒഴിച്ചുകൊണ്ട് ജാനകി അയാളെ വിടാതെ പിടിച്ചു. അത് ശരിയാണെന്ന് സുഗുണന്‍ എന്ന രാഷ്ട്രീയക്കാരനും തോന്നി.

പെട്ടെന്നെന്തോ ഓര്‍ത്തത് പോലെ അയാള്‍ ലാന്‍ഡ് ഫോണ്‍ തന്‍റെയടുത്തേക്ക് വലിച്ചടുപ്പിച്ചു. എന്നിട്ട് റിസീവര്‍ കയ്യിലെടുത്ത് ആരുടെയോ നമ്പര്‍ ഡയല്‍ ധൃതിയില്‍ ചെയ്തു.

ഹലോ, ജില്ലാ സെക്രട്ടറിയല്ലേ ? അടുത്ത വെള്ളിയാഴ്ച ഈ രാമങ്കുഴി പഞ്ചായത്തില്‍ ഒരു ഹര്‍ത്താല്‍ വേണം. ഒരു അത്യാവശ്യമുണ്ട്. കാരണമൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. പോലീസ് മര്‍ദ്ദനമെന്നോ വിലക്കയറ്റമെന്നോ അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ മതി. ആളുകള്‍ വിശ്വസിച്ചോളും.

അതൊന്നും പറഞ്ഞാല്‍ പറ്റില്ല…………….. എന്ത് ? വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. അതുകൊണ്ട് ഒരു പഞ്ചായത്തില്‍ മാത്രമായി എങ്ങനെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നോ ? അങ്ങനെയാണെങ്കില്‍ ജില്ലാ തലത്തില്‍ നടത്താം, അതുമല്ലെങ്കില്‍ സംസ്ഥാന തലത്തില്‍. എന്തായാലും അന്ന് ഈ പഞ്ചായത്തില്‍ ഒരു ഹര്‍ത്താല്‍ വേണം……….. ഒന്നുമല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തകന്മാരെ കൊണ്ട് പോലീസിനെ നാല് കല്ലെറിയാം. അതോടെ അവര്‍ തിരിച്ചടിക്കും. പിന്നെ പ്രശ്നമില്ലല്ലോ, പോലീസിന്‍റെ അതിക്രമം എന്നു കാണിച്ച് ഹര്‍ത്താല്‍ നടത്താം.

പക്ഷേ ഇക്കാര്യം തലേന്ന്‍ വൈകി മാത്രം പുറത്തു വിട്ടാല്‍ മതി. ഒറ്റയൊരുത്തനും തയ്യാറെടുപ്പിനുള്ള അവസരം കൊടുക്കരുത്. : ശത്രുവിനെ ഒതുക്കിയ സന്തോഷത്തോടെ റിസീവര്‍ താഴെ വച്ച് സുഗുണന്‍ ഭാര്യക്കു നേരെ തിരിഞ്ഞു.

നീ ഹാപ്പിയല്ലേ ? : എല്ലാം കേട്ട് പ്രസന്നമായ ഭാവത്തോടെ നിന്ന ജാനകിയോട് അയാള്‍ ചോദിച്ചു. ചിരിച്ചുകൊണ്ട് അവള്‍ തലയാട്ടി.

അപ്പോ അന്ന്‍ ഹര്‍ത്താലാണോ ? അദ്ദേഹം സമ്മതിച്ചോ ? : സന്തോഷം കൊണ്ട് മതി മറക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.

പിന്നെ സമ്മതിക്കാതെ ? ഈ സുഗുണനെ കുറിച്ച് നീ എന്താ വിചാരിച്ചിരിക്കുന്നത് ? ഞാന്‍ അന്നീ നാട്ടില്‍ ജനജീവിതം സ്തംഭിപ്പിക്കും. ഒരുത്തനും കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടില്ല. പിന്നെയല്ലേ കല്യാണം ? ഉപദ്രവിക്കരുതെന്നും പറഞ്ഞ് ആ തള്ളയും മക്കളും വന്ന്‍ കരഞ്ഞീ കാല്‍ പിടിക്കുന്നത് കാണാം നിനക്ക് : സുഗുണന്‍ പൊട്ടിച്ചിരിച്ചു. ഭര്‍ത്താവിന്‍റെ ഏത് സുഖത്തിലും ദു:ഖത്തിലും പങ്കാളിയാകേണ്ട ജാനകി എന്ന ഇവിടത്തെ ഭാര്യയും അയാളുടെ ആ ചിരിയില്‍ പങ്കു ചേര്‍ന്നു.

ഇങ്ങനെയാണ് ചില ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത്.

The End

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *