സാക്ഷി- കഥ

Sakshi malayalam story

ആഗ്ര ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന സെക്ടര്‍ 81 പ്രത്യേക സിബിഐ കോടതിയും പരിസരവും അസാധാരണമായ തിരക്കില്‍ വീര്‍പ്പുമുട്ടിയ ദിവസമായിരുന്നു അത്.

എല്ലാം മുന്‍ കൂട്ടി കണ്ട് മേഖലയില്‍ നേരത്തെ തന്നെ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട രാജ്ഘട്ട് അഴിമതി കേസിന്‍റെ സാക്ഷി വിസ്താരത്തിന്‍റെ അവസാന ദിവസമായ അന്ന്‍ കോടതിയിലെ ഓരോ സംഭവവികാസങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ വാര്‍ത്താ ചാനലുകളും മറ്റ് മുഖ്യധാരാ മാധ്യമങ്ങളും മല്‍സരിച്ചപ്പോള്‍ എല്ലാവരെയും നിയന്ത്രിക്കാന്‍ പ്രത്യേക സേന നന്നേ പാടുപെട്ടു.

മാസങ്ങളായി ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്ന കേസ് പെട്ടെന്ന് അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ന്നത് ഒരു സാക്ഷിയുടെ വരവോടെയാണ്. അയാളുടെ അപ്രതീക്ഷിതമായ വരവ് എല്ലാവരിലും ഞെട്ടലും അമ്പരപ്പുമുളവാക്കി. . അസംഭവ്യം എന്നു പറഞ്ഞ് ചിലര്‍ വാര്‍ത്തയെ ചിരിച്ചു തള്ളിയപ്പോള്‍ മറ്റു ചിലര്‍ എല്ലാം കണ്ട് മനസ്സാ സന്തോഷിച്ചു. അയാള്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് രാഷ്ട്രീയ മാധ്യമ വിദഗ്ധര്‍ ദിവസങ്ങളോളം ചാനല്‍ മുറികളില്‍ മെനക്കെട്ടിരുന്ന് ചര്‍ച്ച ചെയ്തു.

രാജ്യം മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന ആ ദിവസം പക്ഷേ അയാള്‍ പതിവ് പോലെ ശാന്തനായാണ് കാണപ്പെട്ടത്.

അടച്ചിട്ട കോടതി മുറിയിലെ തിങ്ങി നിറഞ്ഞ കസേരകളെയും നിയമ വിദഗ്ധരെയും പോലീസ് മേധാവികളെയും ജഡ്ജിക്ക് പിന്നിലുള്ള പതിവ് ചുവര്‍ ചിത്രത്തെയും സാക്ഷി നിര്‍ത്തി ആ വൃദ്ധന്‍ കൂട്ടില്‍ കയറി.

കാലമേറെ കഴിഞ്ഞെങ്കിലും കണ്ണുകളിലെ തിളക്കവും ചലനങ്ങളിലെ ഊര്‍ജസ്വലതയും അയാളില്‍ അപ്പോഴും ബാക്കിയാണെന്ന് കേസിന്‍റെ വിധിയെഴുതാന്‍ വിധിക്കപ്പെട്ട ജഡ്ജ് ഷക്കീല്‍ അഹമ്മദിന് തോന്നി.

പതിവ് സത്യ വാചകത്തിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ ബാലഗോപാല്‍ അയാളുടെ അടുത്തേക്ക് ചെന്നു.

എന്താ നിങ്ങളുടെ പേര് ? : പഴയ പാലക്കാടന്‍ കമ്മ്യൂണിസ്റ്റ് കേളുണ്ണി നായരുടെ സീമന്ത പുത്രന്‍റെ ചോദ്യം കേട്ട് വൃദ്ധന്‍ അറിയാതെ ചിരിച്ചു.

അതിന്‍റെ ഉത്തരം മാലോകര്‍ക്കെല്ലാം അറിയാമല്ലോ എന്ന ഭാവത്തില്‍ ചേംബറില്‍ തൂങ്ങുന്ന ചുവര്‍ചിത്രത്തിനെ ഒന്നു നോക്കിക്കൊണ്ട് സാക്ഷി പറഞ്ഞു:

മോഹന്‍ ദാസ്…………… ഗാന്ധി എന്നെല്ലാവരും വിളിക്കും………………….. : മൃദുവും എന്നാല്‍ ഇടറിയതുമായ ആ ശബ്ദം പക്ഷേ ആ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു പ്രകമ്പനം തന്നെയുണ്ടാക്കി.അവിശ്വസനീയമായ എന്തോ കണ്ടത് പോലെ പലരും അയാളെ തുറിച്ചു നോക്കി.

മധ്യപ്രദേശിലെ അശോക് നഗറിലും ഉത്തര്‍പ്രദേശിലെ ലളിത് പൂരിലുമായി പരന്നു കിടക്കുന്ന രാജ്ഘട്ട് ഡാമാണ് കേസിന്‍റെ കേന്ദ്ര ബിന്ദു. ഡാമിന്‍റെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ പാത നിര്‍മ്മിക്കാന്‍ ഏതാനും വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നെടുത്ത തീരുമാനം തുടര്‍ന്നുള്ള വിവാദ രാജ്ഘട്ട് അഴിമതി കേസിനും കൊലപാതക പരമ്പരകള്‍ക്കുമാണ് വഴി വച്ചത്.

രണ്ടു സംസ്ഥാനങ്ങളിലെയും പ്രമുഖ നേതാക്കളും മന്ത്രിമാരും ബിനാമികളായ കെആര്‍കെ ഗ്രൂപ്പിനാണ് പദ്ധതിയുടെ കരാര്‍ ലഭിച്ചത്. പിഡബ്ല്യുഡി എഞ്ചിനിയര്‍ രാം ചരണിനെ സംശയാസ്പദമായ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതാണ് സംഭവത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടു വന്നത്. റോഡ് പണിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന അദ്ദേഹം കുടുംബ പ്രശ്നങ്ങള്‍ മൂലം ഡാമില്‍ ചാടി മരിച്ചു എന്നാണ് തുടക്കത്തില്‍ പ്രചരിപ്പിക്കപ്പെട്ടതെങ്കിലും സത്യം അങ്ങനെയല്ലെന്ന് താമസിയാതെ വ്യക്തമായി. കമ്പനി നിലവാരം കുറഞ്ഞ സാധന സാമഗ്രികള്‍ ഉപയോഗിച്ചതും വ്യാജ ബില്ലുകള്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതുമാണ് നിഷ്ഠൂര കൊലപാതകത്തിന് കാരണമായതെന്ന് രാം ചരണിന്‍റെ തന്നെ ഡയറിക്കുറിപ്പുകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു.

Also Read  പേയ്മെന്‍റ് സീറ്റ്

കുറ്റകൃത്യം തെളിയിക്കാന്‍ മുന്നിട്ടിറങ്ങിയ രാമിന്‍റെ സുഹൃത്ത് കൂടിയായ എസ്പി കിഷന്‍ ലാലിനും വിവരാവകാശ പ്രവര്‍ത്തക ശോഭ തിവാരിക്കും ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നു. കടലാസില്‍ മാത്രം നിലവിലുള്ള കമ്പനികളുടെ പേരില്‍ പ്രമുഖ നേതാക്കള്‍ വന്‍ തുക കോഴ പറ്റിയിട്ടുണ്ടെന്ന വാര്‍ത്ത ഇരു സംസ്ഥാനങ്ങളിലും കോളിളക്കമുണ്ടാക്കി. എന്നാല്‍ അധികം താമസിയാതെ വിവരം പുറത്തു കൊണ്ടു വന്ന ശോഭ കൊല്ലപ്പെടുകയും കിഷന്‍ ലാല്‍ ഒരു കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലാവുകയും ചെയ്തതോടെ മാഫിയ ലോബിയുടെ സംസ്ഥാനത്തെ അപ്രമാദിത്വം ഒരിക്കല്‍ കൂടി വ്യക്തമായി.

കേസില്‍ ഇടപ്പെട്ട ലക്നൌ ഹൈക്കോടതി തുടര്‍ന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഒട്ടനവധി വിവാദങ്ങള്‍ക്ക് ശേഷം പ്രത്യേക സിബിഐ സംഘം മുന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ലോക്പാല്‍ ശര്‍മ, കെആര്‍കെ ഗ്രൂപ് മേധാവി കിരണ്‍ റാവു ത്രിപാഠി, മധ്യ പ്രദേശ് മുന്‍ മന്ത്രിയും രാജ്യസഭ എംപിയുമായ അര്‍ഷദ് ഖാന്‍, നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട കുറ്റപത്രം സമര്‍പ്പിച്ചു.

ഒബ്ജെക്ഷന്‍ യുവര്‍ ഓണര്‍…………… : പ്രതിഭാഗം അഭിഭാഷകന്‍ രാജേഷ് ചൌഹാന്‍റെ വാക്കുകള്‍ ഒരു നിമിഷം സകലരെയും ഞെട്ടിച്ചു.

മഹാത്മജി എന്ന് നമ്മളെല്ലാവരും വിളിക്കുന്ന ബഹുമാന്യനായ രാഷ്ട്രപിതാവ് 1948 ജനുവരി 31നു കൊല്ലപ്പെട്ട കാര്യം ലോകത്തിന് മുഴുവന്‍ അറിയാം. ഇത് എന്‍റെ കക്ഷികളെ മനപൂര്‍വം കുടുക്കാന്‍ ഗാന്ധി വേഷം കിട്ടി വന്ന ഏതോ ഫ്രോഡാണ്. അതിനാല്‍ ഈ സാക്ഷി വിസ്താരം അനുവദിക്കരുത്. : മുടിയെല്ലാം ഏറെക്കുറെ നരച്ച എന്നാല്‍ ചായം പൂശി അനുദിനം ചെറുപ്പക്കാരനാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഉത്തരേന്ത്യന്‍ ഭയ്യമാരുടെ കണ്ണിലുണ്ണി കൂടിയായ ആ ക്രിമിനല്‍ ലോയര്‍ വാദിച്ചു.

മിസ്റ്റര്‍ ഡിഫന്‍സ് ലോയര്‍, ബഹുമാന്യനായ രാഷ്ട്രപിതാവ് തന്‍റെ ഡിഎന്‍എ റിപ്പോര്‍ട്ടും ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷ്കര്‍ഷിച്ചിട്ടുള്ള വിവിധ ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഇവിടെ സമര്‍പ്പിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഈ സാക്ഷി വിസ്താരത്തിന് കോടതി അനുമതി നല്‍കിയതെന്ന കാര്യം വിസ്മരിക്കരുത് : ബാലഗോപാല്‍ സ്വല്പം പരുഷമായി തന്നെ എതിര്‍വിഭാഗത്തെ ഓര്‍മിപ്പിച്ചു.

ഒബ്ജക്ഷന്‍ ഓവര്‍ റൂള്‍ഡ് : കോടതിയുടെ വാക്കുകള്‍ ചൌഹാനെ പുറകോട്ടു വലിച്ചു.

തുടര്‍ന്നു വായിക്കുക

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *