പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടി

meji98h

ഞാനും കൂട്ടുകാരും കോളേജ് ജീവിതം ആസ്വദിച്ചു നടക്കുന്നതിനിടക്കാണ് ഇടിത്തീ പോലെ ആ നിമിഷം എന്‍റെ മേല്‍ പതിച്ചത്. അന്ന്‍ ഞങ്ങള്‍ ഡിഗ്രി രണ്ടാം വര്‍ഷമാണ്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, സാലിഷ്, ഫൈസല്‍, ജോജി, അജേഷ് എന്നിങ്ങനെ കുറച്ചുപേര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാങ് തന്നെയായിരുന്നു. സിനിമാ തിയറ്ററുകളിലും ഉല്‍സവപറമ്പുകളിലും സഹപാഠികളുടെ വീടുകളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളിലുമൊക്കെയായി കോളേജ് ദിനങ്ങള്‍ ചിലവഴിച്ചു നടക്കുമ്പോഴാണ് ആദ്യ വര്‍ഷ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് വന്നത്. അതോടെ ഞങ്ങളുടെ ആഘോഷങ്ങളുടെ നിറവും രസവും കെട്ടു. കാരണം ടിപ്പു സുല്‍ത്താന്‍, പഴശ്ശിരാജ എന്നിങ്ങനെയുള്ള ധീര യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന മാതിരി ഞങ്ങളും ഇംഗ്ലീഷ് എന്ന മഹാ മാരിക്ക് മുന്നില്‍ ആയുധം വച്ചു കീഴടങ്ങിയിരുന്നു.

ജയിക്കാന്‍ വേണ്ടത് മുപ്പത്തഞ്ച് മാര്‍ക്കാണെങ്കിലും എനിക്കു മുപ്പത്തൊന്നേയുള്ളൂ. മറ്റുള്ളവര്‍ക്ക് അതിലും കുറവ്. കോളേജിലെ മിക്കവരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. പലരും ഒന്നോ അതിലധികമോ വിഷയങ്ങളില്‍ തോറ്റിട്ടുണ്ട്. തോറ്റതിനെക്കാളുപരി ആ വിഷയത്തിലെ കടുകട്ടിയായ പാഠഭാഗങ്ങള്‍ വീണ്ടും പഠിക്കണമല്ലോ എന്ന ചിന്തയാണ് എന്നെ വിഷമിപ്പിച്ചത്.

ആദ്യ വര്‍ഷം ഇംഗ്ലീഷില്‍ രണ്ടു പുസ്തകങ്ങളാണ് പഠിക്കാനുണ്ടായിരുന്നത്. ആര്‍ട്ട്സ് ഓഫ് പ്രോസും പെറ്റല്‍സ് ഓഫ് പ്രോസും. ആദ്യ പുസ്തകം താരതമ്യേന ഭേദമാണെങ്കിലും രണ്ടാമത്തേത് അങ്ങനെയല്ല. അതിന്‍റെ ക്ലാസില്‍ ഞാനും സുഹൃത്തുക്കളും പലപ്പോഴും കയറാറേയില്ലായിരുന്നു. ആറ്റത്തിന്‍റെ വിഘടനാ തത്ത്വങ്ങളും നെഹ്റുവിന്‍റെ ആണവനയവും പഠിക്കുന്നതിന് പകരം ആ സമയത്ത് പട്ടണത്തില്‍ റിലീസാകുന്ന മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉശിരന്‍ പടങ്ങള്‍ കാണുവാനോ അല്ലെങ്കില്‍ തൊട്ടടുടുത്തുള്ള അച്ചായന്‍റെ കടയിലെ ചൂട് ഉള്ളിവട കഴിക്കാനോ ഒക്കെയാണ് ഞങ്ങള്‍ താല്‍പര്യപ്പെട്ടത്.

അന്ന് കറങ്ങി നടന്നതിന്‍റെയോ അതുമല്ലെങ്കില്‍ ക്ലാസിലുണ്ടായിട്ടും പഠനത്തില്‍ ശ്രദ്ധിക്കാതെ പൂജ്യം വെട്ടി കളിച്ചതിന്‍റെയോ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് എനിക്കു തോന്നി. ഏതായാലും ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കൊടുവില്‍ ഞാന്‍ ആ കടുത്ത തീരുമാനമെടുത്തു. തോറ്റ വിഷയം ഇംപ്രൂവ് ചെയ്യുന്നില്ല. അതില്‍ കുറവ് വന്ന മാര്‍ക്ക് കൂടി ചേര്‍ത്ത് രണ്ടാം വര്‍ഷ ഇംഗ്ലീഷില്‍ കൂടുതല്‍ വാങ്ങിക്കാം. ഒന്നാം വര്‍ഷ ഇംഗ്ലീഷിന് അത് ലാസ്റ്റ് ചാന്‍സാണെന്നും അതിനു ശേഷം പുതിയ പുസ്തകങ്ങള്‍ പഠിക്കേണ്ടി വരുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞെങ്കിലും ഞാന്‍ വകവച്ചില്ല.

“ നീ ഏതായാലും ഫസ്റ്റ് ഇയറിന്‍റെ കൂടി ചേര്‍ത്ത് ഫീസ് അടക്ക്. എഴുതണോ വേണ്ടയോ എന്ന്‍ പിന്നീടാലോചിക്കാം………..” പരീക്ഷ ഫീസ് അടക്കുന്നതിന്‍റെ തലേന്ന്‍ സാലിഷ് എന്നോടു പറഞ്ഞു.

അഹങ്കാരം. അല്ലാതെന്താ ? ഞാന്‍ അത് കേട്ടതായി പോലും നടിച്ചില്ല, ഫീസുമടച്ചില്ല. കാരണം പെറ്റല്‍സ് ഓഫ് പ്രോസിനെ ഞാന്‍ അത്രമാത്രം വെറുത്തിരുന്നു. തോറ്റാലും വേണ്ടില്ല, ഞാന്‍ ആ വിഷയം പഠിക്കില്ല എന്ന വാശിയും ആ തീരുമാനത്തിനു ബലം നല്‍കി. 

“ മനോജ്, നീ കാണിച്ചത് മണ്ടത്തരമാണ്. ഈ വര്‍ഷത്തെ ഇംഗ്ലീഷ് എങ്ങാനും ടഫായാല്‍ പിന്നെ രണ്ടും കൂടി ചേര്‍ത്ത് സെപ്തംബറില്‍ എഴുതേണ്ടി വരും. അത് മെനക്കേടാണ്. ” പരീക്ഷ തുടങ്ങുന്നതിന് മുമ്പായി ഒരു ദിവസം ഫൈസല്‍ പറഞ്ഞത് എന്‍റെ ആത്മവിശ്വാസം ചെറുതായി ചോര്‍ത്തിക്കളഞ്ഞു. കാരണം ഞാനൊഴിച്ച് ബാക്കിയെല്ലാവരും തോറ്റ വിഷയം വീണ്ടുമെഴുതുന്നുണ്ട്.

അങ്ങനെ പരീക്ഷ തുടങ്ങി. രണ്ടാം വര്‍ഷ പരീക്ഷകളുടെ ഇടക്കാണ് ആദ്യ വര്‍ഷ പരീക്ഷകള്‍ നടക്കുന്നത്. ഒരു ദിവസം ആദ്യ വര്‍ഷത്തെ ഇംഗ്ലിഷും തൊട്ടടുത്ത ദിവസം രണ്ടാം വര്‍ഷത്തെ ഇംഗ്ലിഷും എന്ന മട്ടിലായിരുന്നു അക്കൊല്ലത്തെ പരീക്ഷാക്രമം. 

Read  എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ?

രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷക്കായി കോളേജിലെത്തിയ എന്നെ സുഹൃത്തുക്കളുടെ ചിരിച്ച മുഖമാണ് എതിരേറ്റത്.

“ എടാ, ഇന്നലത്തെ ഇംഗ്ലീഷ് വളരെ എളുപ്പമായിരുന്നു. പ്രതീക്ഷിച്ച ചോദ്യങ്ങള്‍ തന്നെ. പോരാത്തതിന് എക്സാം സൂപ്പര്‍വൈസേഴ്സ് എല്ലാം പഞ്ച പാവം. ഞങ്ങളെല്ലാം പുസ്തകം തുറന്നു വച്ചെഴുതി. ഇത് എഴുതാതിരുന്നത് നിനക്ക് വലിയ നഷ്ടം തന്നെയാണ്. “ അജേഷ് എന്നെ കണ്ട മാത്രയില്‍ ആവേശത്തോടെ പറഞ്ഞു.

കണക്കുകൂട്ടല്‍ തെറ്റിയോ എന്ന്‍ എനിക്കും സംശയം തോന്നി. അന്നത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ കൂടുതല്‍ വിഷമ വൃത്തത്തിലുമായി. കാരണം പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍ നടന്നത്. ഏറെ നാള്‍ ഉറക്കമിളച്ചു പഠിച്ച പലതും ചോദിക്കാത്തതും പാഠ്യക്രമത്തിന് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ ഏറെ വന്നതും എന്നെ നിരാശപ്പെടുത്തി. പക്ഷേ അപ്പോഴും ഒരു ചെറിയ ആത്മവിശ്വാസം എന്നില്‍ ബാക്കിയായിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം പിച്ചാത്തി പരമുവിന്‍റെ രൂപത്തില്‍ എന്‍റെ മുന്നിലെത്തിയ ഭീഷണി എല്ലാം തകര്‍ത്തു കളഞ്ഞു.

തുടര്‍ന്നു വായിക്കുക 

Leave a Comment

Your email address will not be published. Required fields are marked *

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!