പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടി

malayalam short story writers

      പരീക്ഷാ ഹാള്‍ വിട്ട് പുറത്തിറങ്ങുമ്പോള്‍ പ്രത്യേകിച്ച് ആരെയും കണ്ടില്ല. ബസ് സ്റ്റോപ്പിലെ തിരക്കില്‍ നിന്നു മാറി ഒരു മൂലയില്‍ നില്‍ക്കുമ്പോഴാണ് സാലിഷ് തന്‍റെ പഴഞ്ചന്‍ സൈക്കിളും ചവിട്ടിക്കൊണ്ട് വരുന്നത് കണ്ടത്.

“ നിന്‍റെ അഹങ്കാരമാണ് എല്ലാത്തിനും കാരണം. ഞാന്‍ നിന്നോട് അന്നേ പറഞ്ഞതാണ്. ” എന്‍റെ മനസ് വായിച്ചത് പോലെ സാലിഷ് പറഞ്ഞു. തലേന്നത്തെ പരീക്ഷ വിജയകരമായി എഴുതിയതിന്‍റെ ആവേശമാണ് അവന്‍റെ വാക്കുകളില്‍ നിഴലിക്കുന്നതെന്ന് എനിക്കു മനസിലായി. സ്വതവേ നിരീശ്വര വാദിയാണ് അവന്‍. ഇപ്പോള്‍ പക്ഷേ മനുഷ്യപറ്റുമില്ലേ എന്നു ഒരുവേള ഞാന്‍ സംശയിച്ചു.

“ഇനി അടുത്ത സെപ്തംബറില്‍ രണ്ടും കൂടി എഴുതിക്കോ. ഏതായാലും ഞങ്ങളാരും കൂട്ടുണ്ടാവില്ല. തനിച്ചെഴുതിയാല്‍ മതി. എങ്ങനെ വന്നാലും ഒരു എഴുപത് മാര്‍ക്കെങ്കിലും എനിക്ക് ഇന്നലത്തെ എക്സാമിനുണ്ടാകും. നിന്‍റെ കാര്യം ഗോപി! “നെറ്റിയില്‍ ഗോപി വരച്ച് സാലിഷ് എന്നെ നോക്കി ചിരിച്ചു.

അത് എന്‍റെ കൂട്ടുകാരനല്ല, മറിച്ച് ഉല്‍സവ പറമ്പുകളില്‍ ആള്‍ക്കാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന പിച്ചാത്തി പരമുവാണെന്ന് എനിക്കു തോന്നി. അവന്‍റെ- പരുക്കന്‍ രൂപ ഭാവങ്ങള്‍, ചവിട്ടിക്കൊണ്ടുവന്ന ശകടത്തിന്‍റെ അവസ്ഥ- ഇവ രണ്ടും എന്നെ ഒരുപോലെ ഭയപ്പെടുത്തി. ബെല്ലും ബ്രേക്കുമില്ലാത്ത അവന്‍റെ നാവും സൈക്കിളും ഇരട്ട പെറ്റതാണെന്ന തോന്നലും എന്‍റെ മനസില്‍ അറിയാതെ വന്നു.

എങ്ങനെ അവന്‍റെ മുന്നില്‍ നിന്നു രക്ഷപ്പെടുമെന്ന് ആലോചിക്കുമ്പോഴാണ് ഒരാശ്വാസം പോലെ ആള്‍ക്കാരെ കുത്തി നിറച്ച് ഒരാന വണ്ടി വരുന്നത് കണ്ടത്. അല്‍പം മുമ്പു വരെ ഇരിക്കാന്‍ സീറ്റില്ലാത്തതിന്‍റെ പേരില്‍ ബസില്‍ കയറാതിരുന്ന ഞാന്‍ പിച്ചാത്തി പരമുവിന്‍റെ കോടാലിപിടിയന്‍ നാവില്‍ നിന്നു രക്ഷപ്പെടാനായി മാത്രം ആ നിമിഷം ഫുട്ബോഡില്‍ തൂങ്ങി സംഭവ സ്ഥലത്തു നിന്നു യാത്ര തിരിച്ചു.

 Read  പേയ്മെന്‍റ് സീറ്റ്

ഇനി ഒരു ഇടവേളയാണ്. ഇത് പരസ്യ സംപ്രേക്ഷണത്തിനു വേണ്ടിയല്ല. മറിച്ച് യൂണിവേഴ്സിറ്റി നിയമപ്രകാരം മാര്‍ക്ക് ലിസ്റ്റ് വരാനായി ന്യായമായി എടുക്കുന്ന ഏകദേശം പത്ത് മാസത്തോളം നീളുന്ന കാലയളവിന് വേണ്ടിയാണ്. വേറൊരാര്‍ഥത്തില്‍ ഇതിനെ മാര്‍ക്ക് ലിസ്റ്റിന്‍റെ ഗര്‍ഭകാലം എന്നും വിശേഷിപ്പിക്കാം.

ആദ്യ ദിവസമായതു കൊണ്ട് അന്ന് കോളേജ് ഓഫീസില്‍ മാര്‍ക്ക് ലിസ്റ്റ് വാങ്ങാന്‍ നല്ല തിരക്കുണ്ടായിരുന്നു. പതിവുപോലെ ഞങ്ങള്‍ അഞ്ചു പേരും ഒരുമിച്ചാണ് വന്നത്. ഞാനൊഴിച്ച് ബാക്കിയെല്ലാവരും നല്ല ഉല്‍സാഹത്തിലുമാണ്. ജയിക്കുമെന്ന തോന്നലുണ്ടെങ്കിലും എന്തോ ഒരു അനിശ്ചിതത്വം എന്‍റെ ചലനങ്ങളില്‍അപ്പോഴും നിറഞ്ഞു നിന്നു.

ജോജിയുടെ ഒരു പരിചയക്കാരന്‍ ഓഫീസില്‍ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങള്‍ വേഗം നടന്നു.  ക്യൂവില്‍ അധിക നേരം നിക്കുന്നതിന് മുമ്പ് മാര്‍ക്ക് ലിസ്റ്റ് കിട്ടി.

പക്ഷേ അത് വാങ്ങുമ്പോഴും എന്‍റെ കൈകള്‍ വിറച്ചു കൊണ്ടിരുന്നു. മറ്റ് കുട്ടികളുടെ ബഹളത്തിനിടക്കും എന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം വളരെ ഉയര്‍ന്നു കേട്ടു.

യൂണിവേഴ്സിറ്റിയുടെ മുദ്ര പതിച്ച താന്താങ്ങളുടെ കടലാസുകളിലേക്ക് നോക്കിയ ഞങ്ങളെല്ലാവരും ഒരേ സമയം ഞെട്ടി.

ഞാനൊഴിച്ച് ബാക്കിയെല്ലാവരും ഇംഗ്ലീഷിന് തോറ്റു !!!

എനിക്ക് രണ്ടാം വര്‍ഷത്തെ ആംഗലേയത്തിന് അമ്പതിനടുത്ത് മാര്‍ക്കുണ്ട്. പക്ഷേ ബാക്കിയെല്ലാവര്‍ക്കും രണ്ടു വര്‍ഷത്തെയും ആംഗലേയ പരീക്ഷകള്‍ക്ക് മുപ്പതില്‍ താഴെ മാര്‍ക്കേയുള്ളൂ. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായി ഞാന്‍. ഒരു വശത്ത് ജയിച്ച സന്തോഷം, മറുവശത്ത് വന്‍ മാര്‍ജിനില്‍ ജയിക്കും എന്നു കരുതിയ കൂട്ടുകാരുടെ തോല്‍വി. രണ്ടിനുമിടയില്‍ വേര്‍ത്തിരിച്ചറിയാനാവാത്ത ഏതോ നൂല്‍പാലത്തിലായിരുന്നു ഞങ്ങള്‍ അഞ്ചംഗ സംഘം അപ്പോള്‍.

മടങ്ങി വരുമ്പോള്‍ ഞങ്ങളെല്ലാവരും പല വഴിക്കായി. എന്‍റെ വീടിനടുത്തുള്ള ഒരു ബന്ധുവീട്ടില്‍ പോകാനുള്ളതുകൊണ്ട് ഞാനും സാലിഷും ഒരുമിച്ചാണ് തിരിച്ചത്. ബസ്സിറങ്ങിയതിന് ശേഷം ആളൊഴിഞ്ഞ ഒരു പാതയും യക്ഷിക്കാവും കടന്നുവേണം എന്‍റെ വീട്ടിലേക്ക് തിരിയാന്‍. ആ പരിസരത്ത് സാധാരണ ആരുമുണ്ടാവില്ല. പക്ഷേ കുറുക്കു വഴിയാണ്. അല്ലെങ്കില്‍ ഒരു രണ്ടു കിലോമീറ്റര്‍ ചുറ്റി പോകണം.

ആ വഴിയില്‍ പകുതിയെത്തിയപ്പോഴാണ് സാലിഷ് എന്‍റെയൊപ്പമില്ലെന്ന് ശ്രദ്ധിച്ചത്. അവന്‍ അല്‍പം പുറകിലായി കരിയിലകളില്‍ ചവിട്ടിനിന്ന് അരയില്‍ നിന്ന്‍ എന്തോ എടുക്കുകയാണ്. കൌതുകത്തോടെ ഞാന്‍ നോക്കുന്നത് കണ്ട അവന്‍ പെട്ടെന്ന് അരയില്‍ നിന്ന്‍ ആ സാധനം വലിച്ചൂരിയെടുത്തു.

കത്തി !

പരമുവിന്‍റെ കയ്യിലുണ്ടെന്ന് നാട്ടുകാര്‍ പറയാറുള്ള കത്തിയുടെ അത്ര വരില്ലെങ്കിലും ഈ മടക്കു കത്തിക്ക് സാമാന്യം നല്ല മൂര്‍ച്ചയുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ തുരുമ്പിച്ചതാണ്.

എന്താണ് അവന്‍റെ ഉദ്ദേശ്യമെന്ന്‍ മനസിലായില്ലെങ്കിലും ഭയന്ന്‍ ഞാന്‍ രണ്ടു ചുവട് പുറകോട്ടു മാറി. പരീക്ഷയില്‍ തോറ്റതിന്‍റെ പ്രതികാരമായിരിക്കും അവന്‍റെ മനസ്സിലെന്ന് ഞാന്‍ ഊഹിച്ചു. ഒരാര്‍ത്ത നാദം പുറത്തേക്ക് വരാതെ എന്‍റെ തൊണ്ടയില്‍ തന്നെ കുരുങ്ങി. ആ ആളൊഴിഞ്ഞ വഴിയിലൂടെ വരാന്‍ തോന്നിയ നിമിഷത്തെ വേദനയോടെ ഞാന്‍ പഴിച്ചു.

എന്‍റെ മനസ്സ് വായിച്ചിട്ടാണൊ എന്തോ ഒരു ചെറിയ ചമ്മലോടെ സാലിഷ് ചിരിച്ചു.

“അതേ, തുരുമ്പിച്ച പുരാവസ്തുവാണ്……….. പാക്ക് മുറിക്കാന്‍ കൊള്ളാം. വല്ല്യമ്മയുടെയാ. അബദ്ധത്തില്‍ എന്‍റെ കയ്യില്‍ വന്നു. ഇത് കണ്ടാല്‍ ചെറിയച്ഛന്‍റെ കുട്ടികള്‍ കളിയാക്കും. അതുകൊണ്ട് ഇതു വേണ്ട. “ അത്രയും പറഞ്ഞ് അവന്‍ ആ കത്തി അടുത്തുള്ള കാട്ടിലേക്ക് വലിച്ചെറിഞ്ഞു.

അത് കണ്ടപ്പോള്‍ ഞാനും അറിയാതെ ചിരിച്ചു പോയി. പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടിക്ക് മൂര്‍ച്ച ലവലേശമില്ലെന്ന് അപ്പോള്‍ എനിക്കു തോന്നി.

ആദ്യ പേജിലേക്ക് പോകാം 


[This story is first published on June 5, 2017]

Leave a Comment

Your email address will not be published. Required fields are marked *