ചിരിക്കും ദൈവങ്ങള്‍ – കഥ

സരോവരം എന്ന ആ പടുകൂറ്റന്‍ വീടിന്‍റെ പൂജാമുറിയില്‍ നിന്ന്‍ ഉച്ചത്തിലുള്ള മന്ത്രോചാരണങ്ങളും മണിയടിയൊച്ചയും ഏറെ നേരമായി ഉയര്‍ന്നു കേള്‍ക്കാം.

രവീന്ദ്രന്‍ എന്ന നഗരത്തിലെ അറിയപ്പെടുന്ന ബ്ലേഡ് ബിസിനസുകാരനെ അറിയുന്ന എല്ലാവര്‍ക്കും ആ ശബ്ദ കോലാഹലങ്ങള്‍ പരിചിതമാണ്. എന്നും കാലത്ത് കുളി കഴിഞ്ഞു വന്നാല്‍ ഒരു മണിക്കൂര്‍ നേരം ഭഗവാന് പൂജ ചെയ്യണം എന്നത് വര്‍ഷങ്ങളായുള്ള അയാളുടെ ശീലവും നിര്‍ബന്ധവുമാണ്.

പൂജ കഴിഞ്ഞ് അയാള്‍ പുറത്തു വരുന്നതും കാത്ത് ഒരു വൃദ്ധ വാതില്‍ക്കല്‍ തന്നെ നിലയുറപ്പിച്ചെങ്കിലും അതിലെ നടന്നു പോയ ജോലിക്കാരോ രവീന്ദ്രന്‍റെ ഭാര്യയോ അവരെ തടഞ്ഞില്ല, കണ്ട ഭാവം പോലും കാണിച്ചില്ല.

അകത്തെ മണിയടിയൊച്ച നിലച്ചപ്പോള്‍ പൂജ കഴിഞ്ഞു എന്ന്‍ വൃദ്ധക്ക് മനസിലായി. വാതില്‍ തുറന്ന്‍ പുറത്തു വന്ന അയാള്‍ എന്തോ ആവശ്യം ഉണര്‍ത്തിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സ്ത്രീയെ കണ്ട് ചോദ്യ ഭാവത്തില്‍ നോക്കി.

നെറ്റി മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഭസ്മക്കുറി. മുകള്‍വശം തുറന്നു കിടക്കുന്ന ജുബ്ബയുടെ വിടവില്‍ കൂടി കഴുത്തില്‍ കിടക്കുന്ന ഒന്നിലധികം രുദ്രാക്ഷ മാലകള്‍ കാണാം. ഏതൊക്കെയോ സ്വാമിമാര്‍ പൂജിച്ചു കൊടുത്ത രക്ഷകളും മോതിരങ്ങളും കൈകള്‍ അലങ്കരിക്കുന്നു. ആകപ്പാടെ ഒരു കടുത്ത വിശ്വാസിയുടെ മട്ട്.

മോനേ, രണ്ടു ദിവസമായി എനിക്കു വല്ലാത്ത കാലു വേദനയാണ്. ഇന്നലെ അതുകൊണ്ട് ഒരുപോള കണ്ണടച്ചിട്ടില്ല. മരുന്ന്‍ മേടിക്കാന്‍ ഒരു നൂറു രൂപ കിട്ടിയിരുന്നെങ്കില്‍…………… : അവര്‍ യാചനാ സ്വരത്തില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയല്ലേ തള്ളേ, സുഖമില്ല എന്നു പറഞ്ഞപ്പോള്‍ മരുന്ന്‍ വാങ്ങിച്ചു തന്നത് ? അതെല്ലാം നിങ്ങള്‍ ഒറ്റയടിക്ക് കുടിച്ചു തീര്‍ത്തോ ?കൂടെക്കൂടെ മരുന്നും മന്ത്രവുമെന്നു പറഞ്ഞ് മുടക്കാന്‍ ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല. രാവിലെ തന്നെ എന്‍റെ കയ്യില്‍ നിന്ന്‍ വാങ്ങിക്കണ്ട എന്നുണ്ടെങ്കില്‍ അപ്പുറത്തെങ്ങാനും പോയി ചുരുണ്ടു കൂടിക്കോ, ഇല്ലെങ്കില്‍ പെറ്റ തള്ളയാണെന്നും ഞാന്‍ നോക്കില്ല…………. : വലതു കൈ ഉയര്‍ത്തിക്കൊണ്ട് അയാള്‍ ആക്രോശിച്ചു. വൃദ്ധ നിറഞ്ഞ കണ്ണുകളോടെ പതുക്കെ അകത്തേക്ക് നടന്നു.

അതിനിടയിലാണ് പുറത്ത് ഒരു ടാറ്റ സുമോ നിര്‍ത്തിയ ശബ്ദം കേട്ടത്. അതിന്‍റെ ബ്രേക്കിന്‍റെ ശബ്ദം കേട്ടതും രവീന്ദ്രന്‍റെ മുഖം തെളിഞ്ഞു.

ഡ്രൈവര്‍ എന്നു തോന്നിപ്പിച്ച ഒരാള്‍ അകത്തേക്കു വന്നു. രവീന്ദ്രനെ കണ്ടതും ഏല്‍പ്പിച്ച ഉദ്യമം വിജയിച്ചു എന്നര്‍ഥത്തില്‍ അയാള്‍ തലയാട്ടി. അയാളോട് പുറത്തേക്ക് പോകാന്‍ ആംഗ്യം കാണിച്ചുകൊണ്ട് രവീന്ദ്രന്‍ ചിരിയോടെ വൃദ്ധ പോയ വഴിയേ തിരിഞ്ഞു.

കേട്ടല്ലോ, കിഴവനെ ആന്ധ്രയിലെ ഏതോ ഒരു കുഗ്രാമത്തില്‍ കൊണ്ടു തള്ളിയീട്ടാ മൊയ്തീന്‍ വന്നിരിക്കുന്നത്. പല്ലു കൊഴിഞ്ഞെങ്കിലും ഇപ്പൊഴും പോലീസുകാരനാണെന്നായിരുന്നു നിങ്ങളുടെ കേട്ട്യോന്‍റെ ചിന്ത. ആ ആളാ ഇപ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കണ്ട തെലുങ്കന്‍മാരുടെ മുന്നില്‍ കയ്യും നീട്ടി നടക്കുന്നത്. ആ അവസ്ഥ നിങ്ങള്‍ക്ക് വരണ്ടെങ്കില്‍ ഞാന്‍ പറയുന്നത് കണ്ടും കേട്ടും മര്യാദക്ക് ഇവിടെ നിന്നോളണം. അപ്പോ പണ്ട് അവിടെ ഉരുളി കമിഴ്ത്തിയതാണ് അല്ലെങ്കില്‍ ഇവിടെ യാഗം നടത്തിയതാണ് തുടങ്ങിയ സെന്‍റിമെന്‍റ്സൊന്നും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്. പറഞ്ഞേക്കാം :

അയാളുടെ വാക്കുകള്‍ ചാട്ടുളി പോലെ ഇടനെഞ്ചിലേക്ക് തുളച്ചു കയറിയെങ്കിലും നിസ്സഹായതയോടേയും വേദനയോടെയും കണ്ണീരടക്കാനാകാതെ വൃദ്ധ അകത്തേക്ക് പിന്‍വലിഞ്ഞു.

Also Read  എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത്  ? – കഥ

പുറത്തെങ്ങോട്ടോ പോകാനായി ഒരുങ്ങി സ്റ്റെയര്‍കേയ്സിന്‍റെ പടികള്‍ ഇറങ്ങിവരുന്ന ഭാര്യയെയും മകളേയും അപ്പോഴാണ് രവീന്ദ്രന്‍ കണ്ടത്. ഏഴും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളാണ് ദമ്പതികള്‍ക്ക്. മൂത്തത് പെണ്‍കുട്ടിയാണ്.

നിങ്ങളിതെങ്ങോട്ടാ ഒരുങ്ങിക്കെട്ടി രാവിലെ ? നിന്‍റെ അച്ഛന് പിന്നെയും അസുഖം കൂടിയോ ? : അയാള്‍ ചോദിച്ചു.

രവിയേട്ടന്‍ മറന്നോ ? വെള്ളിയാഴ്ചയല്ലേ ചേട്ടന്‍റെ ബയോപ്സി റിപ്പോര്‍ട്ട് വരുന്നത് ? കുറച്ചു ദിവസമായി എനിക്ക് അതിന്‍റെ ടെന്‍ഷനാണ്. അതുകൊണ്ട് കഴിയുന്നത്ര നേരത്തെ അമ്പലത്തിലേക്ക് പോകാമെന്ന് വച്ചു. രാജുവിനാണെങ്കില്‍ അസുഖത്തിന് ഒരു കുറവുമില്ല. പറഞ്ഞ വഴിപാടുകളൊക്കെ ചെയ്താല്‍ മനസ്സൊന്നു ശാന്തമാകും : മകള്‍ അപര്‍ണയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ജയന്തി പറഞ്ഞു.

മകന്‍റെ പേര് കേട്ടതും രവീന്ദ്രന്‍റെ മുഖം മ്ലാനമായി. നട്ടെല്ലിന്‍റെ തകരാര്‍ മൂലം ജന്മനാ കിടപ്പിലാണ് അവന്‍. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇപ്പോള്‍ കുറച്ചു നാളായി തൃശൂരിനടുത്തുള്ള ഒരു ആയുര്‍വേദ ഡോക്ടറുടെ ചികില്‍സയിലാണ് രാജ് കൃഷ്ണന്‍.

ചോറ്റാനിക്കരയില്‍ ഗുരുതിയുണ്ട്. തിരിച്ചു വരുന്ന വഴി ഗുരുവായൂര് വിശേഷാല്‍ പൂജയും കഴിപ്പിക്കണം. രവിയേട്ടന്‍ വേഗം എത്തില്ലേ ? : തയ്യാറാക്കി വച്ച ബാഗ് അകത്തേക്ക് വന്ന ഡ്രൈവറുടെ കയ്യില്‍ കൊടുത്തുകൊണ്ട് അവര്‍ തുടര്‍ന്നു പറഞ്ഞു.രവീന്ദ്രന്‍ തലയാട്ടി.

അച്ഛന്‍ ഞങ്ങളുടെ കൂടെ വരുന്നില്ലേ ? : അപര്‍ണയുടെ ചോദ്യത്തിന് വരുമെന്നോ ഇല്ലെന്നോ തിരിച്ചറിയാനാവാത്ത അര്‍ഥത്തില്‍ രവീന്ദ്രന്‍ തലയാട്ടി.

അച്ഛന്‍ എത്തിക്കോളും. നമുക്ക് പോകാം………………മോന്‍ ഇപ്പോ നല്ല ഉറക്കത്തിലാണ്. അവനെ നോക്കാനായി ഞാന്‍ ഒരു ഹോം നഴ്സിനെ വച്ചിട്ടുണ്ട്. അവരിപ്പോ ഇങ്ങെത്തും……………..രവിയേട്ടന്‍ എവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ അവര്‍ വന്നിട്ടേ പോകാവൂ : അത്രയും പറഞ്ഞ് ജയന്തി മകളേയും കൂട്ടി പുറത്തേക്ക് നടന്നു.

മുഖത്തും മനസിലും മകനെക്കുറിച്ചുള്ള വേദനകള്‍ നിറഞ്ഞപ്പോള്‍ രവീന്ദ്രന്‍ അറിയാതെ പൂജാമുറിയിലേക്ക് നടന്നു.അവിടെ അസഖ്യം ദൈവങ്ങളുടെ എണ്ണമറ്റ ചിത്രങ്ങള്‍ അയാള്‍ക്ക് ചുറ്റും വലയം തീര്‍ത്തു. എന്തിനോ വേണ്ടി നിറഞ്ഞ അയാളുടെ ചോരക്കണ്ണുകളെ നോക്കി അവയിലെ മുഖങ്ങള്‍ പൊട്ടി പൊട്ടി ചിരിച്ചു.

The End

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

2 Comments

  1. Anonymous

    കൊള്ളാം സ്വന്തം മാതാപിതാക്കളെ നോക്കാതെ ദൈവത്തെ എത്ര വിളിച്ചാലും വിളി കേള്‍ക്കില്ല ദൈവം . നല്ല അവതരണം . സ്നേഹത്തോടെ പ്രവാഹിനി

Leave a Reply

Your email address will not be published. Required fields are marked *