ആനന്ദം.
ജൂണ്‍ മാസത്തിലെ ഒരു ഞായറാഴ്ചയായിരുന്നു അത്. കേബിള്‍ ടിവി ഉടമയായ മുരളീധരന്റെ ഏക മകന് പന്ത്രണ്ട് വയസുകാരന് ജഗന്റെ പിറന്നാളായിരുന്നു അന്ന്.
വിശേഷ ദിവസമായത് കൊണ്ട് അവന് പ്രിയപ്പെട്ടതെല്ലാം അത്താഴത്തിനായി വീട്ടുകാര്‍ ഒരുക്കി. അവധിയായത് കൊണ്ട് അയല്‍വാസിയായ എന്‍ജിനിയര്‍ അലക്സാണ്ടറുടെ കുടുംബത്തെയും അവര്‍ ഭക്ഷണത്തിനായി കാലേ ക്കൂട്ടി ക്ഷണിച്ചിരുന്നു.
വിശപ്പിന്റെ വിളി വന്നതോടെ അതിഥികളും ആതിഥേയരും തീന്മേശയ്ക്ക് ചുറ്റും നിരന്ന് ഇഷ്ട വിഭവങ്ങള്‍ക്കായി വട്ടം കൂട്ടുമ്പോഴാണ് അപ്രതിക്ഷിതമായി ചിലര്‍ വീട്ടിലേക്ക് ഇരച്ചു കയറിയത്. അനുവാദമില്ലാതെ കടന്നു വന്ന അപരിചിതരായ ആളുകളെ കണ്ട് എല്ലാവരും പകച്ചു പോയി.
നിങ്ങളൊക്കെ ആരാ ? എന്താ വേണ്ടത് ? : സമനില വീണ്ടെടുത്ത ഗൃഹനാഥന് ചാടിയെഴുന്നേറ്റ് ചോദിച്ചു. പക്ഷേ അത് കേട്ട ഭാവം നടിക്കാത്ത ആഗതര്‍ തീന്മേശയില് നിരത്തി വച്ച ഓരോരോ പാത്രങ്ങളായി തുറന്നു നോക്കി. അവരുടെ നീക്കങ്ങള്‍ സിനിമയില്‍ കണ്ടു മടുത്ത ഇന്‍കം ടാക്സ് റെയ്ഡ് രംഗങ്ങളെ അനുസ്മരിപ്പിച്ചു.
അക്രമികളെ തടയാന്‍ ശ്രമിച്ച അലക്സാണ്ടറെ അവര്‍ തോക്ക് ചൂണ്ടി നിശബ്ധനാക്കി. ആഘോഷരാവില്‍ സംഭവിക്കുന്നതെന്തെന്നറിയാതെ കുട്ടികള്‍ ഉള്‍പ്പടെയുള്ള സ്ത്രീജനങ്ങള്‍ ഭീതിയോടെ പരസ്പരം നോക്കി.
എന്താ ഇത്? : ഒരു പാത്രത്തിന്റെ അടപ്പ് തുറന്നു നോക്കി അപരിചിതരില്‍ ഒരാള്‍ മുരളീധരനോട് ചോദിച്ചു.
അത് ബീഫ് ഫ്രൈയാണ്. മോന് വലിയ ഇഷ്ടമാണ് : ഗൃഹനാഥന് പറഞ്ഞു.
സ്വന്തം അമ്മയെ ഭക്ഷിക്കുന്നോടാ, പന്നീ : എന്ന് ചോദിച്ച് ചോദ്യകര്‍ത്താവ് അടുത്തിരുന്ന ജഗന്റെ തലക്കിട്ട് കിഴുക്കി. ഒന്നും മനസിലാകാതെ ചെറുക്കന് കരയാന്‍ തുടങ്ങിയപ്പോള്‍ അച്ഛന് ചാടിയെഴുന്നേറ്റു.
എന്റെ വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കുന്നോടാ ? ഞാനിപ്പോ പോലിസിനെ വിളിക്കും. : അയാള്‍ സംഘത്തിനു നേരെ ആക്രോശിച്ചു.
നീ വിളിക്കടാ. ഞങ്ങളെക്കാള്‍ വലിയ ഏത് പോലീസാ ഈ നാട്ടിലുള്ളതെന്നു ഞങ്ങളൊന്നു കാണട്ടെ. : ഒരാള്‍ മുരളീധരനെ പിടിച്ച് പുറകിലേക്ക് തള്ളി. ശക്തിയോടെയുള്ള തള്ളലില്‍ പിന്നിലേക്ക് മലച്ച അയാള്‍ കസേരയില്‍ തട്ടി വീഴാതിരിക്കാന്‍ തീന്മേശയില് പിടിച്ചു.
ഇതെന്താ സാധനം? : അപ്പോഴേക്കും വേറൊരു പാത്രം തുറന്ന രണ്ടാമന്റെ ചോദ്യമെത്തി.
മീന്‍കറിയാണ്. ഫ്രൈയുമുണ്ട്. : അടുത്തുള്ള പാത്രം കൂടി തുറന്ന അയാള്‍ ഉത്തരം സ്വയം വിളിച്ചു പറഞ്ഞു.
കൂര്‍മ്മം. കൃഷ്ണാ, ഇവര്‍ നിരീശ്വരവാദികളാണെന്നാ തോന്നുന്നത്. കണ്ടില്ലേ ഗോമാതാവിനെയും മത്സ്യത്തെയും പാകപ്പെടുത്തി വച്ചിരിക്കുന്നത്. : കൂട്ടത്തില്‍ താടിക്കാരനായ ഒരാള്‍ വീട്ടുകാരെ നോക്കിക്കൊണ്ട് നേതാവെന്ന് തോന്നിപ്പിച്ച ആളോട് പറഞ്ഞു.
ആരായാലെന്താ ? നീ ഇപ്പൊ പത്രമൊന്നും വായിക്കാറില്ലേടാ ? ടിവി വച്ചിട്ടുണ്ടല്ലോ. രാവിലെ മുതലുള്ള വാര്‍ത്തയില്‍ എന്താ പറഞ്ഞത് ? : പുറകിലെ ഹാളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടിവിയിലേക്ക് നോക്കി കൃഷ്ണന് വീട്ടുകാരനോട് ചോദിച്ചു.
മുരളീധരന് ഒന്നും പറയാതെ ദേഷ്യത്തോടെ ചോദ്യകര്‍ത്താവിനെയും സഹായികളെയും മാറി മാറി നോക്കി.
നമ്മള് എന്തൊക്കെ കഴിക്കാം, കഴിക്കാന്‍ പാടില്ല എന്ന് കാണിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ കുറിച്ച് രാവിലെ മുതല്‍ എല്ലാ ചാനലുകളും പറയുന്നുണ്ടല്ലോ. അപ്പോള്‍ ഇത് അഹങ്കാരമാണ്. ഈ രാജ്യത്തെ നിയമ വ്യവസ്ഥയെ അനുസരിക്കില്ല എന്ന ഒരു ധ്വനിയുണ്ട് അതില്‍. : തീന്മേശയ്ക്ക് ചുറ്റും ഇരിക്കുന്നവരോടായി താടിക്കാരന് മൊഴിഞ്ഞു. അപ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങള്‍ കണ്ടപ്പോള്‍ തദ്സമയം ടിവിയില്‍ തെളിഞ്ഞ ആദിമ മനുഷ്യനാണെന്ന് ജഗന് ഒരുവേള തോന്നി. ചരിത്ര ഡോക്യുമെന്ററിയിലെ കാട്ടുവാസിയുടെ വേഷവും ശൂലവും ജഗന് കല്പ്പിച്ചു കൊടുത്തപ്പോള്‍ താടിക്കാരന് അവര്‍ക്ക് ചുറ്റും ഉറഞ്ഞു തുള്ളി.
ബീഫും മീനുമൊക്കെ വെളിയില്‍ കുഴി കുത്തി കളഞ്ഞേക്ക്. ആരും കഴിക്കണ്ട: കൃഷ്ണന് കല്പ്പിച്ചതും സഹായികള്‍ പാത്രങ്ങളെടുത്ത് പുറത്തേയ്ക്ക് നീങ്ങിയതും ഒന്നിച്ചായിരുന്നു.
എന്തൊരു അക്രമമാണിത്? കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കുഴി കുത്തി കളയാനോ ? അപ്പോള്‍ ഞങ്ങളെന്ത് കഴിക്കും? : തിളച്ചു മറിയുന്ന രോഷത്തോടെ ഗൃഹനാഥ ചോദിച്ചപ്പോള്‍ കൃഷ്ണന് ചിരിച്ചു. അയാള്‍ നോക്കിയപ്പോള്‍ അത് പ്രതിക്ഷിച്ച പോലെ നിന്ന താടിക്കാരന് ഓടിവന്ന് കുറച്ച് പുല്ലും വൈക്കോലും അവര്‍ക്ക് മുന്നില്‍ വിതറി.
വിശന്ന വയറുമായി ഇരിക്കുകയായിരുന്ന മനുഷ്യര്‍ പുല്ലും വൈക്കോലും അകത്താക്കിയതോടെ രൂപാന്തരം വന്ന് വിശുദ്ധ പശുക്കളായി മാറി. അവയെ കണ്ടപ്പോള്‍ പൂജിക്കാനായി ഭക്തര്‍ ഓടിയടുത്തെങ്കിലും ഭയന്ന് പോയ അവ അടുത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടിവി ചാനലിലെ ഡോക്യുമെന്ററിയിലേക്ക് ഓടിക്കയറി. പക്ഷേ ആരാധന തലയ്ക്ക് പിടിച്ച ഭക്തര്‍ വിടാതെ പിന്നാലെ കൂടിയതോടെ പശുക്കള്‍ വിശാലമായ പുല്‍മേടുകളും കാടുകളും താണ്ടിയുള്ള പ്രയാണം തുടര്‍ന്നു. ലോകം വീണ്ടും ആദിമ ലോകത്തിലേക്ക് കൂപ്പു കുത്തി.
The End