ശ്രദ്ധാഞ്ജലി

ശ്രദ്ധാഞ്ജലി 1

 

സമയം ചെല്ലും തോറും പ്രകാശന്‍ കൂടുതല്‍ അസ്വസ്ഥനായി. മാഷ് ഇതുവരെ എഴുന്നേറ്റിട്ടില്ല. പത്രങ്ങളും ചാനലുകളും പുറത്തു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്നായി.

വെളുപ്പിന് ആറു മണിക്ക് വാര്‍ത്ത വന്നതു മുതല്‍ നേരിട്ടും ഫോണിലൂടെയുമുള്ള ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തു.എല്ലാവര്‍ക്കും അറിയേണ്ടത് മാഷ് എന്തു പറയുന്നു, അവസാനമായി കാണാന്‍ അദ്ദേഹം പോകുമോ എന്നൊക്കെയാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനെന്തു പറയാനാണ് ? കഴിഞ്ഞ ഇരുപതിനാല് വര്‍ഷമായി ഒരു നിഴല്‍ പോലെ കൂടെയുണ്ടെങ്കിലും ആ മനസിലെന്താണെന്ന് അയാള്‍ക്ക് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അക്കാര്യത്തില്‍ മാഷിന്‍റെ ഭാര്യ സരോജിനി ടീച്ചറും താനും ഒരുപോലെയാണെന്ന് പ്രകാശന് തോന്നി.

കോഴിക്കോട് കോര്‍പ്പറേഷനിലെ മുന്‍ മേയറും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമാണ് പ്രകാശന്‍ “മാഷ്” എന്നു മാത്രം വിളിക്കുന്ന പികെ ഗോപിനാഥന്‍. പഴയ ഹൈസ്കൂള്‍ അദ്ധ്യാപകന്‍. നിരീശ്വരവാദി. എഴുപതിനുമേല്‍ പ്രായം. രണ്ടു വട്ടം എംഎല്‍എ. മൂന്നു വര്‍ഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ഇടക്ക് ഒരു കേസില്‍ പെട്ട് മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും ഒഴിയേണ്ടി വന്നു.അതിനെല്ലാം മുമ്പ് മാഷ് ബാലുശേരി ഏരിയ സെക്രട്ടറി ആയിരുന്ന കാലത്താണ് പ്രകാശന്‍ അദ്ദേഹത്തിന്‍റെ കൂടെ കൂടിയത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞെങ്കിലും ആ ബന്ധത്തിന് ഇനിയും ഒരു ഉടവും തട്ടിയിട്ടില്ല. സ്വന്തം മക്കളില്‍ നിന്ന്‍ മാഷ് പ്രകാശനെ വേര്‍തിരിച്ചു കണ്ടിട്ടുമില്ല.പ്രകാശന്‍റെ ഇളയ മകനെ ഊട്ടിയിലെ മുന്തിയ വിദേശ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ പോലും മുന്‍കയ്യെടുത്തത് ഗോപിനാഥന്‍ മാഷാണ്.

കോര്‍പ്പറേഷന്‍ സ്റ്റാന്‍റിങ് കൌണ്‍സില്‍ ചെയര്‍മാനും മാഷിന്‍റെ രാഷ്ട്രീയ എതിരാളിയുമായിരുന്ന വേണുഗോപാലന്‍ നായരുടെ മരണമാണ് ഇപ്പോഴത്തെ വിഷയം. ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നു പുലര്‍ച്ചെയാണ് അന്തരിച്ചത്. അദ്ദേഹവുമായുള്ള മാഷിന്‍റെ അകല്‍ച്ചക്കും ശത്രുതയ്ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റവല്യൂഷണറി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്ന ഇരുവരും 1981ലെ തിരഞ്ഞെടുപ്പ് കാലത്താണ് അകന്നത്. ആ കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നായര്‍ പാര്‍ട്ടി വിടുകയും ശത്രുപക്ഷത്ത് ചേരുകയുമായിരുന്നു.

ആത്മാര്‍ഥ സുഹൃത്താണ് തന്നെ ചതിച്ചതെന്ന് വിശ്വസിച്ച നായര്‍ പിന്നീട് മാഷിന്‍റെ കടുത്ത വിമര്‍ശകനും ശത്രുവുമായി. മാഷും വെറുതെയിരുന്നില്ല. കഴിഞ്ഞ രണ്ടു വട്ടം കോര്‍പ്പറേഷന്‍ സ്റ്റാന്‍റിങ് കൌണ്‍സില്‍ ചെയര്‍മാനായ പഴയ സതീര്‍ഥ്യനെ പലവിധ കേസുകളുമായാണ് അദ്ദേഹം നേരിട്ടത്. അഴിമതി,അനധികൃത സ്വത്ത് സമ്പാദനം എന്നിവയും അതില്‍ പെടും. ഇടക്ക് നിയമസഭയിലേക്ക് മല്‍സരിച്ച വേണുഗോപാലന്‍ നായരെ അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തു. പക്ഷേ ഇതൊന്നുമല്ല, അടുത്തിടെ ചെന്നെയില്‍ നടന്ന ഒരു വാഹനാപകടത്തില്‍ മകന്‍ മരിച്ചതാണ് നായരെ ഏറ്റവുമധികം തളര്‍ത്തിയത്. അവിടെ ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹത്തിന്‍റെ മകന്‍ ഗോപികൃഷ്ണന്‍.

മകന്‍റെ മരണത്തോടെ ആകെ തകര്‍ന്നുപോയ അദ്ദേഹം ഏറെ സമയമെടുത്തു പൊതു രംഗത്തേക്ക് തിരിച്ചുവരാന്‍. പക്ഷേ അപ്പോഴേക്കും ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ആ ശരീരത്തില്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. ഭാര്യയും കോയമ്പത്തൂരില്‍ പഠിക്കുന്ന ഒരു മകളും അദ്ദേഹത്തിനുണ്ട്.

റിട്ട. ജസ്റ്റിസ് ജോസഫ് വടക്കന്‍റെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മാഷ് തിരിച്ചെത്തിയത്. എന്തു സംഭവിച്ചാലും രാവിലെ എട്ടു മണിക്ക് മുമ്പ് വിളിക്കരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു. പോരാത്തതിന് അടുത്തിടെയായി ഷുഗറും കുറച്ചു കൂടുതലാണ്. അതുകൊണ്ടു കൂടിയാണ് വിളിക്കാന്‍ മടിച്ചത്. അല്ലെങ്കിലും ഉറക്കത്തില്‍ വിളിച്ചുണര്‍ത്തുന്നത് മാഷിന് പണ്ടേ ഇഷ്ടമല്ല. കൃത്യ സമയത്ത് തനിയെ എഴുന്നേല്‍ക്കും. ആ പതിവ് ഇതുവരെ തെറ്റിയിട്ടുമില്ല.

അതേ, ഇപ്പൊഴും ആ കൃത്യനിഷ്ഠ തെറ്റിയില്ല. മുറിയില്‍ നിന്ന്‍ അനക്കം കേട്ടു. മാഷ് എഴുന്നേറ്റു എന്ന് പ്രകാശന് മനസിലായി. അയാള്‍ നേരത്തെ എടുത്തു വച്ചിരുന്ന ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി മാഷിന്‍റെ മുറിയിലേക്ക് നടന്നു. അതാണ് ശീലം. ടീച്ചര്‍ സ്ഥലത്തില്ലാത്തത് കൊണ്ട് അയാള്‍ തന്നെ വേണം എല്ലാം ചെയ്യാന്‍. ഡ്രൈവിങ്ങും പ്രൈവറ്റ് സെക്രട്ടറി ജോലിയും മാത്രമല്ല അത്യാവശ്യം അടുക്കള പണിയും അയാള്‍ക്ക് വശമുണ്ട്. പോരാത്തതിന് പ്രധാന പണികളൊക്കെ ചെയ്യാന്‍ നാരായണിയമ്മയുമുണ്ട്. ടീച്ചറുടെ പരിചയത്തിലുള്ള സ്ത്രീയാണ്. അറുപതിന് മേല്‍ പ്രായം. നാല് ആണ്‍മക്കളുണ്ടെങ്കിലും ആരും തള്ളയെ തിരിഞ്ഞു നോക്കാറില്ല. ജീവിച്ചു പൊയ്ക്കൊട്ടെ എന്നു വിചാരിച്ചാണ് ടീച്ചര്‍ അവരെ ഇവിടെ നിര്‍ത്തിയത്.

അപ്പോഴേക്കും മാഷ് മുഖം കഴുകി ബാത്ത്റൂമില്‍ നിന്നു പുറത്തേക്ക് വന്നു. പ്രകാശന്‍ കൊടുത്ത കാപ്പി പതുക്കെ കുടിച്ചുകൊണ്ട് അയാള്‍ ഹാളിലേക്ക് നടന്നു.

“മാഷെ, നായര്‍ സാര്‍ മരിച്ചു, ഇന്നു പുലര്‍ച്ചെ………….മാഷിന്‍റെ കമന്‍റെടുക്കാന്‍ ചാനലുകാര് പുറത്തു നിക്കുന്നുണ്ട്. രാജന്‍ സാറുള്‍പ്പടെ പലരും തലസ്ഥാനത്തു നിന്നു വിളിക്കുകയും ചെയ്തു. മാഷ് തിരിച്ചു വിളിക്കുമെന്ന് ഞാന്‍ പറഞ്ഞു. “: പ്രകാശന്‍ പുറകെ വന്ന്‍ പറഞ്ഞു. മാഷ് ഒന്നു ഞെട്ടിയോ എന്ന്‍ അയാള്‍ക്ക് സംശയം തോന്നി. പക്ഷേ പെട്ടെന്ന് തന്നെ അയാള്‍ മുഖഭാവം മറച്ചു.

“പന്ത്രണ്ടു മണിയോടെ ഇവിടെ കൊണ്ടുവരുമെന്നാ അറിഞ്ഞത്. മാഷ് പോകുമോ എന്നു പലരും ചോദിച്ചു. ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.” : പ്രകാശന്‍ ഭയ ഭക്തി ബഹുമാനങ്ങളോടെ തുടര്‍ന്നു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാനായി പോകുന്ന പ്രത്യേക പ്രതിനിധി സംഘം ഗോപിനാഥന്‍ മാഷിന്‍റെ നേതൃത്വത്തില്‍ രാവിലെ പത്തു മണിയോടെയാണ് യാത്ര തിരിക്കുന്നത്. നായരുടെ മകന്‍ മരിച്ചപ്പോഴും മാഷ് ഇതുപോലെ ഡല്‍ഹിയിലായിരുന്നല്ലോ എന്ന്‍ പ്രകാശന്‍ അപ്പോള്‍ ഓര്‍ത്തു. അന്ന്‍ അദ്ദേഹം മരണാനന്തര ചടങ്ങില്‍ പങ്കെടുത്തില്ല.

“അതൊക്കെ അവിടെയിരിക്കട്ടെ. പത്രക്കാരോടു പറയേണ്ട മാറ്റര്‍ നീ റെഡിയാക്കിയിട്ടുണ്ടോ ?” : മാഷ് ഒഴിഞ്ഞ ഗ്ലാസ് പ്രകാശന്‍റെ കയ്യില്‍ കൊടുത്തുകൊണ്ട് ചോദിച്ചു.

“ഉവ്വ്”: അയാള്‍ പോക്കറ്റില്‍ നിന്ന്‍ ഒരു കടലാസെടുത്ത് മാഷിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. നീട്ടിക്കഴിഞ്ഞപ്പോഴാണ് മാഷ് കണ്ണട വച്ചില്ലല്ലോ എന്നയാള്‍ ഓര്‍ത്തത്. അതെടുക്കാനായി പ്രകാശന്‍ മുറിയിലേക്ക് വേഗം നടന്നു. (Continue Reading….)