കാമില്ലയുടെ രണ്ടാം വരവ്

കാമില്ലയുടെ രണ്ടാം വരവ് 1

സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഒരു സായാഹ്നത്തില്‍, നെടുമ്പാശ്ശേരിയില്‍ വന്നുനിന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ നിന്നിറങ്ങി, കസ്റ്റംസ് ക്ലിയറന്‍സും കഴിഞ്ഞ് എയര്‍പോര്‍ട്ട് വിടുമ്പോഴും, ഹോട്ടലിലെക്കുള്ള യാത്രാ മദ്ധ്യേ, ടാക്സി ട്രാഫിക്‌ ജാമില്‍ പെട്ട് നില്‍ക്കുമ്പോഴും, പിന്നീട് ഡ്രൈവര്‍ പരിചയപ്പെടുത്തിയ കോണ്ടിനെന്‍റല്‍ പ്ലാസയില്‍ റൂമെടുക്കുമ്പോഴും കാമില്ലയുടെ മനസ്സ് പതിവില്ലാത്ത വിധം അസ്വസ്ഥമായിരുന്നു……………
ദേവദത്തന്‍ തന്നെ ഒഴിവാക്കി എവിടെയാണ് ഒളിച്ചത് ?

ഇന്നലെ രാവിലെ വിളിക്കാമെന്ന് പറഞ്ഞിരുന്നു. അതുണ്ടായില്ല. എയര്‍പോര്‍ട്ടില്‍ കാണുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ……… വരുന്ന വിവരം നേരത്തെ അറിയിച്ചതാണല്ലോ…….. എന്നിട്ടും……………….

ഹോട്ടല്‍ ബോയ്‌ തുറന്ന് കൊടുത്ത156-)o നമ്പര്‍ മുറിയില്‍ കടന്ന്, വാതിലടച്ച് എ സി യും ഓണ്‍ ചെയ്ത് ബെഡില്‍ അമരുമ്പോള്‍ അവള്‍ക്ക് രണ്ടാഴ്ച മുമ്പ് താന്‍ അയച്ച കത്താണ് എല്ലാ കുഴപ്പവും ഉണ്ടാക്കിയത് എന്നാണു തോന്നിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യാത്രക്കിടയില്‍ മുംബെയില്‍ വെച്ച് ദേവദത്തനെ പരിചയപ്പെട്ടത് അവള്‍ ഓര്‍ത്തു. അന്ന് അയാള്‍ അവിടത്തെ ഒരു ഏജന്‍റ് വഴി കാര്‍പെന്‍റര്‍ ജോലിക്കായി ഗള്‍ഫിലേക്ക് പോകാന്‍ വന്നതാണ്.പക്ഷേ വിസ തട്ടിപ്പില്‍ പെട്ട് ആ യാത്ര മുടങ്ങി. ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ആശാരിപ്പണി ചെയ്യുകയാണ്.

പിന്നീട് പലപ്പോഴും കത്തുകളിലൂടെ പരിചയം പുതുക്കുകയും വിശേഷങ്ങള്‍ പങ്കു വെക്കുകയും ചെയ്തു. അങ്ങനെയാണ് ജന്മം കൊണ്ട് മലയാളിയായ തന്നെ മൂന്നാമത്തെ വയസില്‍, സ്പെയിനില്‍ നിന്ന്‍ ദൈവ ദൂതന്മാരെ പോലെ വന്ന്‍ ഇപ്പോഴത്തെ അച്ഛനമ്മമ്മാര്‍ ദത്തെടുത്ത അനാഥാലയം കാണണമെന്നും കഴിയുമെങ്കില്‍ വേരുകള്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും കഴിഞ്ഞ കത്തില്‍ ആവശ്യപ്പെട്ടത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ദത്തനും പറഞ്ഞു. ആ അനാഥാലയത്തിന്‍റെ ശാഖ അയാളുടെ തൊട്ടടുത്തുള്ള പട്ടണത്തില്‍ ഉണ്ടെന്നും അങ്ങനെ എല്ലാം എളുപ്പത്തില്‍ കണ്ടെത്താമെന്നും അയാള്‍ വാഗ്ദാനം ചെയ്തു. അതിനു ശേഷമുള്ള ഒരു ഇ-മെയിലില്‍ ഒരു പ്രമുഖ പത്രത്തിന്‍റെ പ്രാദേശിക ലേഖകനായ തന്‍റെ ഒരു സുഹൃത്തിന്‍റെ സഹായത്തോടെ പത്രത്തിലും ഒരു വാര്‍ത്ത കൊടുക്കുന്ന കാര്യവും ദേവദത്തന്‍ സൂചിപ്പിച്ചു. പക്ഷേ പിന്നീട് അയാളുടെ ഭാഗത്തു നിന്ന്‍ ഫോണ്‍ വിളിയോ കത്തോ ഉണ്ടായില്ല. വരുന്ന തിയതി നേരത്തെ അറിയിച്ചതു കൊണ്ട് അയാള്‍ എയര്‍പോര്‍ട്ടില്‍ വന്ന്‍ ഞെട്ടിക്കുമെന്നു വിചാരിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.

Read  എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ?

ഇനി മകന്‍ വിദേശി വനിതയുടെ കൂടെ പോയിക്കളഞ്ഞാലോ എന്നുപേടിച്ച് വീട്ടുകാര്‍ അയാളെ തടഞ്ഞതാണോ ?……… അതിനും സാധ്യതയുണ്ട്. പോരാത്തതിന് ആള് കുറച്ചു പേടിത്തൊണ്ടനുമാണ്. ഇപ്പോഴത്തെ കാലത്ത് ഒരു ആണും പെണ്ണും തമ്മില്‍ തുറന്നിടപ്പെടുന്നത് അത്ര വല്ല്യ തെറ്റൊന്നുമല്ല. പക്ഷേ ഭാരതീയരുടെ കാഴ്ചപ്പാട് ഇനിയും മാറിയിട്ടില്ല. ഏതായാലും അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റില്ല………. നാളെ നാട്ടില്‍ ചെന്ന്‍ അയാളെ കയ്യോടെ പിടികൂടണം…………..———– കാമില്ല മനസ്സിലുറപ്പിച്ചു.

അടുത്ത ദിവസം രാവിലെ വീടിനു മുമ്പില്‍ ഒരു മദാമ്മ വന്നു നില്‍ക്കുന്നു എന്ന് അടുത്ത വീട്ടിലെ കുട്ടി വന്നു പറഞ്ഞപ്പോള്‍ ദേവദത്തന്‍റെ അമ്മയ്ക്ക് ആദ്യം തമാശയായാണ് തോന്നിയത്. നേരില്‍ കണ്ടപ്പോഴും വിദേശിയായി തോന്നിയില്ല. എന്നാല്‍ അപ്പുറത്തെ മിക്കി പൂച്ചയുടെ പോലുള്ള കണ്ണുകളും ചെമ്പിച്ച മുടിയിഴകളും കണ്ടപ്പോള്‍ അതിശയം തോന്നി. ദേവദത്തനെ തിരക്കിയപ്പോള്‍ ആദ്യം ഞെട്ടലാണുണ്ടായത്. മകന്‍ കൂട്ടുകാരിയായ ഒരു മദാമ്മയെ കുറിച്ച് പറയാറുണ്ടായിരുന്നത് പെട്ടെന്നോര്‍ത്തു.

ഒരു വിദേശ വനിത അയല്‍പക്കത്ത് വന്ന വിവരമറിഞ്ഞ് പരിസരത്തുള്ളവരെല്ലാം വന്നു. അവരെല്ലാം ഒരു മദാമ്മയെ ഇത്ര അടുത്ത് ആദ്യമായാണ് കാണുന്നത്.എല്ലാവരും ഒരു കൌതുക വസ്തുവിനെ പോലെയാണ് തന്നേ കാണുന്നതെന്ന് കാമില്ലയ്ക്ക് മനസ്സിലായി. അല്‍പ സമയത്തിനകം ചുറ്റുമുള്ള വേലിക്കലും റോഡ് വക്കത്തും കുറെ പേര്‍ നിരന്നു. അവിടെ നിന്നു നോക്കിയതല്ലാതെ ആരും അടുത്തേക്കു വന്നില്ല. എല്ലാവരും ഇംഗ്ലീഷ് ഭാഷയെ ഭയപ്പെടുന്നവരാണെന്ന് കാമില്ലക്ക് തോന്നി.
അമ്മയുടെ ക്ഷണം സ്വീകരിച്ച് വീടിനകത്തേക്ക് കയറിയ കാമില്ല അവിടത്തെ പരിമിതമായ സൌകര്യങ്ങള്‍ കണ്ട് അത്ഭുതപെട്ടു. ആ കുടുംബം എങ്ങനെയാണ് പരിമിതമായ സൌകര്യങ്ങളില്‍ ആ കൊച്ചു വീട്ടില്‍ കഴിയുന്നതെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക്അത്ഭുതം തോന്നി. അപ്പോഴേക്കും ദേവദത്തനും സ്ഥലത്തെത്തി. അയാളുടെ മുഖ ഭാവത്തില്‍ നിന്ന് അയാള്‍ തന്നേ അവിടെ പ്രതീക്ഷിച്ചില്ലെന്ന് കാമില്ലക്ക് മനസിലായി.

പകച്ചുകൊണ്ടു നിന്ന ദേവനോട് അവള്‍ ചോദിച്ചു:

“ഐ വെയ്ടെഡ് ഫോര്‍ യു ഫോര്‍ എ ലോങ്ങ്‌ ടൈം ഇന്‍ ദ എയര്‍പോര്‍ട്ട്. വൈ യു ഡിഡിന്‍റ്കം ടു റിസീവ് മീ ?”

മറുപടി പറയാനാവാതെ ദേവദത്തന്‍ വിറച്ചു. സ്നേഹാലയം സൂപ്രണ്ട് തങ്കമ്മ ജോസഫിന്‍റെ ചിത്രമാണ് അപ്പോള്‍ അയാളുടെ മുന്നില്‍ തെളിഞ്ഞത്.

“ഹി ആള്‍റെഡി കോണ്ടാക്ടെഡ് മീ വിത്ത്‌ ആള്‍ യുവര്‍ ഡീറ്റയില്‍സ്.ബട്ട്‌ ഐ ആം ഹെല്‍പ് ലെസ്സ്…………….. “: തങ്കമ്മ മാഡം താഴെക്കിറങ്ങാന്‍ തുടങ്ങിയ കട്ടി ഫ്രെയിമുള്ള തന്‍റെ കണ്ണട നേരെയാക്കിക്കൊണ്ട് പറഞ്ഞു: “ഞങ്ങളുടെ തന്നെ വേറൊരു സ്ഥാപനത്തിലാണ് കാമില്ല വളര്‍ന്നത് മൂന്നുവയസ്സു വരെ……………. അതിനു ശേഷം സ്പെയിനില്‍ നിന്നു വന്ന ഇപ്പോഴത്തെ പേരന്‍റസ് നിയമ പ്രകാരം ദത്തെടുക്കുകയായിരുന്നു.കാമില്ല അയച്ചുതന്ന വിവരങ്ങള്‍വെച്ച് ഞാന്‍ പഴയ റെക്കോര്‍ഡുകള്‍ പരിശോധിച്ചു. പക്ഷെ ആ പഴയ സ്ഥാപനമോ അതിന്‍റെ അന്നത്തെ ചുമതലക്കാരോ ഇന്നില്ല……………..”

അവര്‍ക്ക് അമ്പതിന് മേല്‍ പ്രായമുണ്ടാകുമെന്ന് കാമില്ലയ്ക്ക് തോന്നി.മുടി അങ്ങിങ്ങായി നരച്ചെങ്കിലും അവര്‍ ഇപ്പോഴും സുന്ദരിയാണെന്ന് അവള്‍ ഓര്‍ത്തു. ദേവദത്തന്‍ എല്ലാം കേട്ടു കൊണ്ട്, നിശബ്ദനായി, എന്നാല്‍ എല്ലാം അറിയാവുന്നവനെ പോലെ അവളുടെ അടുത്തിരുന്നു.

തങ്കമ്മ മാഡത്തിന്‍റെ വാക്കുകള്‍കേട്ടപ്പോള്‍ കാമില്ലയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യവും നിരാശയും തോന്നി.മൈലുകള്‍ താണ്ടി ഇത്രയും കഷ്ടപ്പെട്ട് വന്നത് വെറുതെയാകുമോ എന്നവള്‍ ഭയപ്പെട്ടു. അവളുടെ മുഖത്തെ നിരാശ കണ്ടപ്പോള്‍ തങ്കമ്മ മാഡം തുടര്‍ന്നു പറഞ്ഞു: “ദത്തനെ എനിക്ക് നേരത്തെ അറിയാം………… അതുകൊണ്ട്എല്ലാ വിവരങ്ങളെല്ലാം കാണിച്ച് കാമില്ലയ്ക്ക് മെയില്‍ അയക്കണം എന്ന് ഞാന്‍ ഇയാളോട് പറഞ്ഞിരുന്നു. ഒരു പക്ഷെ, തിരക്കിനിടയില്‍ കാമില്ല അത് കണ്ടീട്ടുണ്ടാവില്ല.”

ലാപ്ടോപ്‌ തകരാറിലായതുകൊണ്ട് ഒരാഴ്ചയായി മെയിലൊന്നും ചെക്ക് ചെയ്തില്ലല്ലോ എന്ന് കാമില്ല പെട്ടെന്നോര്‍ത്തു.വെറുതെ ദത്തനെ തെറ്റിദ്ധരിച്ചതില്‍ അവള്‍ക്കു കുറ്റബോധം തോന്നി. ഇമെയില്‍ അയക്കുന്നതിന് പകരം ഫോണ്‍ വിളിച്ചാല്‍ മതിയായിരുന്നു എന്ന് ദേവദത്തന് അപ്പോള്‍ തോന്നി. പക്ഷേ എല്ലാം വിശദമായി പറയാന്‍ ഇമെയില്‍ ആണ് കൂടുതല്‍ നല്ലത് എന്നു തോന്നിയതു കൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തത്.

പുറത്ത് മഴ ചെറുതായി ചാറാന്‍ തുടങ്ങിയിരുന്നു. കാല വര്‍ഷത്തിന്‍റെ ആരംഭം. പക്ഷെ ആ മഴയുടെ തണുപ്പിനും കാമില്ലയുടെ നെഞ്ചിലെ നെരിപ്പോടിന്‍റെ കനല്‍ അണയ്ക്കാന്‍ കഴിയില്ലെന്ന് അറിയാവുന്ന തങ്കമ്മ മാഡം കസേരയില്‍ നിന്നെഴുന്നേറ്റ് അടുത്തുള്ള ഷെല്ഫ് തുറന്ന് ഒരു പഴയ ഡയറി എടുത്തു: “ഇത് സ്നേഹാലയത്തിന്‍റെ അന്നത്തെ ചുമതലക്കാരിയായിരുന്ന സിസ്റ്റര്‍ തെരെസയുടെ ഓര്‍മക്കുറിപ്പുകളാണ്. ഇതില്‍ അന്നത്തെ കാര്യങ്ങളൊക്കെ സിസ്റ്റര്‍ വിശദമായി എഴുതിയിട്ടുണ്ട്. ഇതനുസരിച്ച് കാമില്ലയുടെ യഥാര്‍ത്ഥ മുത്തശ്ശന്‍ തന്നെയാണ് കാമില്ലയ്ക്ക് രണ്ടു മാസം പ്രായമുള്ളപ്പോള്‍, സ്നേഹാലയത്തില്‍ ഏല്‍പ്പിച്ചിട്ട് പോയത്. പേരു പോലും വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ കൊല്ലൂര്‍ നിന്ന് തീര്‍ഥാടനം കഴിഞ്ഞു മടങ്ങുന്ന വഴി, മംഗലാപുരത്ത് വെച്ച് ഒരു കാര്‍ ആക്സിഡന്‍റില്‍ അദ്ദേഹവും കുടുംബാംഗങ്ങളും മരിക്കുകയും ചെയ്തു. പത്രത്തിലെ ഫോട്ടോ കണ്ടാണ് സിസ്റ്റര്‍ അദേഹത്തെ തിരിച്ചറിഞ്ഞത്.”

കാമില്ലയുടെ മുഖത്തെ നടുക്കം അടുത്തിരുന്ന ദത്തനും കണ്ടു. ഒരു വിദ്യുത് പ്രവാഹം ഏറ്റത് പോലെ അവള്‍ തരിച്ചിരുന്നു.ഇടക്കിടെ മുഖത്തേക്ക് പാറി വീഴുന്ന തന്‍റെ ചെമ്പിച്ച മുടി പുറകിലേക്ക് മാടി ഒതുക്കിക്കൊണ്ട് അവസാനം അവള്‍ ചോദിച്ചു :     “എല്ലാവരും ? അപ്പോള്‍…………….?”

“എല്ലാവരും എന്ന് പറഞ്ഞാല്‍, നിന്‍റെ അമ്മയും അവരുടെ കുടുംബവും.നിന്‍റെ പിതാവിനെ കുറിച്ച് ഒരു വിവരവും ഞങ്ങളുടെ കയ്യിലില്ല. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. നിന്‍റെ പേരന്‍റ്സിന്‍റേത് രണ്ടു വീട്ടുകാരുടെയും അംഗീകാരമില്ലാത്ത, നിയമത്തിന്‍റെ കെട്ടുപാടുകളൊന്നും ഇല്ലാത്ത ഒരു പ്രണയ ബന്ധമായിരുന്നു…………. നിന്‍റെ അമ്മ തൃപ്പൂണിത്തുറയിലെ പേരുകേട്ട ഒരു നമ്പൂതിരി ഇല്ലത്തിലെ ഏക പെണ്‍തരിയും നിന്‍റെ പിതാവ് ഒരു മുസ്ലീമുമായിരുന്നു………………” തങ്കമ്മ മാഡം പറഞ്ഞു നിര്‍ത്തി.

കാമില്ല ഞെട്ടിത്തരിച്ച് കസേരയില്‍ നിന്ന്‍ ചാടിയെഴുന്നേറ്റു.അവളുടെ മാറ്റം കണ്ടപ്പോള്‍ ദേവദത്തനും ഒന്നു പകച്ചു. അല്പം മുമ്പ് വരെ തന്‍റെ കണ്‍മുന്നിലുണ്ടായിരുന്ന തങ്കമ്മ മാഡത്തെ അപ്പോള്‍ കാമില്ല കണ്ടതെയില്ല. മറിച്ച് ചുവരില്‍ തൂങ്ങുന്ന യേശു ക്രിസ്തുവിന്‍റെ ചിത്രം മാത്രമാണ് അവളുടെ കണ്ണില്‍ പെട്ടത്.

“ഓ ! മൈ ജീസസ് !! ഞാന്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ ആണ്………………. കാമില്ല ജോണ്‍സ് മിഖായേല്‍………………….”

തന്‍റെ കഴുത്തില്‍, കറുത്ത ജാക്കറ്റിനുള്ളില്‍ കിടന്ന തിളങ്ങുന്ന കൊന്ത മാല പുറത്തെടുത്ത് അതിന്‍റെ കുരിശില്‍ മുത്തിക്കൊണ്ട് ആഹ്ലാദത്തോടെ അവള്‍ പറഞ്ഞു………………

അപ്പോള്‍ പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു………………………

മതങ്ങളുടെ വേലിക്കെട്ടുകളില്ലാത്ത തന്‍റെ ജന്‍മത്തെ കുറിച്ചോര്‍ത്തപ്പോള്‍ താന്‍ ആ പഴയ കോണ്‍ഗ്രീറ്റ് കെട്ടിടത്തിന്‍റെ ചട്ടക്കൂടുകള്‍ക്ക് ഉള്ളിലല്ല മറിച്ച് പുറത്ത് മഴ നനയുകയാണെന്ന് അവള്‍ക്ക് തോന്നി.

തങ്കമ്മ മാഡത്തിന്‍റെ വാക്കുകളും, ദത്തന്‍ തടഞ്ഞതും, കാര്യമാക്കാതെ മറ്റൊരു ലോകത്തിലായ അവള്‍ കൈ വിരിച്ച് മഴ നനഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. നല്ല തെളിഞ്ഞ മഴവെള്ളം ദേഹത്തു കൂടി ഒഴുകിയിറങ്ങുമ്പോള്‍ അതിര്‍ത്തികള്‍ തകര്‍ത്ത് വ്യത്യസ്തങ്ങളായ സംസ്കാരങ്ങളും മതങ്ങളും ഒന്നാകുന്നത് അവള്‍ അകക്കണ്ണില്‍ കണ്ടു.

The End

Leave a Comment

Your email address will not be published. Required fields are marked *